വൻമതിൽ മാത്രമല്ല ഞങ്ങൾക്കു സ്വന്തമായൊരു ‘യമണ്ടൻ’ പാലവുമുണ്ടെന്നു ചൈന. കാടിനുള്ളിൽ രണ്ടു പാറകളെ ബന്ധിപ്പിച്ചു നിർമിച്ച ‘റുയി ബ്രിജിന്റെ’ നീളം നൂറു മീറ്റർ. ചില്ല് ഉപയോഗിച്ചു സൃഷ്ടിച്ച വളഞ്ഞ (Bendy) പാലം ചൈനയിലെ സേജിയാങ് പ്രവിശ്യയെ ലോക ശ്രദ്ധയിലേയ്ക്ക് ഉയർത്തും. സുതാര്യമായ ചില്ലുപയോഗിച്ചു തയാറാക്കിയ മൂന്നു പാലങ്ങളെ കോർത്തിണക്കി ഒരു പാലമാക്കിയാണു നിർമാണം. ‘ഡ്രോൺ’ ഉപയോഗിച്ചു പകർത്തിയ ചിത്രങ്ങൾ പാലത്തിന്റെ നിർമാതാക്കൾ നേരിട്ട വെല്ലുവിളി വ്യക്തമാക്കുന്നു.
സെജിയാങ് പ്രവിശ്യയിൽ സെൻസിയാൻജു പ്രദേശത്താണ് റുയി ബ്രിജ്. ‘അവതാർ’ അനിമേഷൻ സിനിമയിലെ സാങ്കൽപിക മലനിരയെ പോലെ യഥാർഥ മലകൾ നിറഞ്ഞ സാൻജിയാജി പാർക്കിനു സമീപ പ്രദേശമാണു സെൻസിയാൻജു. സ്റ്റീൽ നിർമിതിയിൽ വൈദഗ്ധ്യം നേടിയ ഹെ യുൻചാങ് ആണു പാലത്തിന്റെ ഡിസൈനർ. 2008ൽ ചൈന ഒളിംപിക്സിനു ‘ബേഡ് നെസ്റ്റ് േസ്റ്റഡിയം ഒരുക്കിയ സംഘത്തിലെ ഡിസൈനറാണു ഹെ യുൻചാങ്. തൊണ്ണൂറ്റൊൻപതു ഗ്ലാസ് പാനുകളാണ് പാലത്തിനായി ഉപയോഗിച്ചതെന്നു ഡിസൈനർ പറഞ്ഞു.
ചൈനയിലെ വുഹാൻ മാർക്കറ്റിലാണു കൊറോണ ഉദ്ഭവിച്ചതെന്ന് ആരോപണം ഉയർന്നപ്പോഴും ചൈനക്കാർ വൈറസിനെ ഭയപ്പെട്ടില്ലെന്നു വ്യക്തമാക്കുന്നു റിയു പാലത്തിന്റെ അൽപകാല ചരിത്രം. രണ്ടു ലക്ഷം പേരാണ് അഞ്ചു മാസത്തിനിടെ ഈ പാലം സന്ദർശിച്ചത്. സാൻജിയാജിയിൽ നിലവിലുള്ള മറ്റു ഗ്ലാസ് ബ്രിജുകളെക്കാൾ സന്ദർശകർക്ക് ഇഷ്ടം റിയു പാലമാണ്.