കേരളത്തിലെ പാചകവിദഗ്ധർ ഇന്നുവരെ കോപ്പിയടിച്ചിട്ടില്ലാത്ത ലോകപ്രശസ്ത വിഭവമാണു ഹോട്ട് ഡോഗ്. അമേരിക്ക സന്ദർശിക്കുന്ന വിദേശികൾ നിർബന്ധമായും കഴിക്കേണ്ട വിഭവങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു ഹോട്ട് ഡോഗ്. ബണ്ണിന്റെ നടുപിളർന്ന് നീളത്തിൽ ഇറച്ചിക്കഷണം വച്ചു തയാറാക്കുന്ന വിഭവമാണു ഹോട്ട് ഡോഗ്. പക്ഷേ, പേരിൽ ഡോഗ് ഉള്ളതിനാൽ നായയുമായി ഇതിനെന്തോ ബന്ധമുണ്ടെന്നു പലരും തെറ്റിദ്ധരിച്ചു. ഹോട്ട് ഡോഗ് ഉണ്ടായ കഥ അറിയാത്തവരാണ് അമേരിക്കക്കാർക്ക് പ്രിയപ്പെട്ട വിഭവത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയത്.
ഹോട്ട് ഡോഗ് ഉണ്ടായ കഥ
1856 ലെ ഒരു സംഭവം പറയാം. അമേരിക്കയിൽ ആഭ്യന്തര കലാപം നടക്കുന്ന കാലം. ന്യൂയോർക്കിലെ കോനി ഐലൻഡിൽ ഉന്തുവണ്ടിയുമായി ഒരാൾ കച്ചവടത്തിനിറങ്ങി. ചാൾസ് എൽ ഫെൽട്മാൻ എന്നായിരുന്നു അയാളുടെ പേര്. ചാൾസിന്റെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ കുലത്തൊഴിലാണു പലഹാര നിർമാണം. അവരുടെ കുടുംബത്തിന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ബേക്കറി ഉണ്ടായിരുന്നു. ജർമനിയിൽ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ ജീവിക്കാനുള്ള മോഹവുമായി ചാൾസ് അമേരിക്കയിലേക്കു കുടിയേറി. ചാൾസ് വന്നു കയറിയ സമയത്ത് അമേരിക്കയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. വൻകരയിൽ ആഭ്യന്തരകലാപം നടക്കുകയായിരുന്നു. പ്രശ്നങ്ങളില്ലാത്ത സ്ഥലം തിരഞ്ഞിറങ്ങിയ ചാൾസ് ഒടുവിൽ കോനി ഐലൻഡിൽ എത്തിച്ചേർന്നു. ന്യൂയോർക്ക് നിവാസികൾ വെയിൽ കായാനിറങ്ങുന്ന കടൽത്തീരമാണു കോനി ഐലൻഡ്. ആളുകൾക്കിടയിൽ നിലക്കടലയും മീൻ വിഭവങ്ങളുമായി ചാൾസ് കച്ചവടത്തിനിറങ്ങി. ‘കടൽത്തീരത്ത് കാറ്റുകൊള്ളാൻ വരുന്നവർക്ക് തണുത്ത സാധനങ്ങളല്ല വേണ്ടത്. ചൂടുള്ള വിഭവങ്ങളാണ് ആവശ്യം ’ ആളുകൾ ആവശ്യപ്പെട്ടു. പിറ്റേന്നു തന്നെ ചാൾസ് തന്റെ ഉന്തുവണ്ടിയിൽ കൽക്കരിയിട്ടു തീ കത്തിക്കുന്ന അടുപ്പ് ഘടിപ്പിച്ചു. അടുത്ത ദിവസം മുതൽ ചൂടുള്ള സോേസജും റൊട്ടിയും ‘ഇൻസ്റ്റന്റായി’ വിളമ്പി. ആ വിഭവത്തിനു ‘ഹോട്ട് ഡോഗ്’ എന്നു പേരിട്ടു. ഒരെണ്ണത്തിനു വില ഒരു നിക്കൽ (15 രൂപ). ബീച്ചിൽ വിശ്രമിക്കാനെത്തിയ ആളുകൾ ഹോട്ട് ഡോഗിന്റെ ആരാധകരായി മാറി. ഉന്തുവണ്ടിയിൽ കൊണ്ടു വരുന്ന സാധനം തികയാതായപ്പോൾ അയാൾ കടൽത്തീരത്ത് ചെറിയ മുറി വാടകയ്ക്കെടുത്തു. ‘ബ്രൂക്‌ലിൻ ബേക്കറി’ എന്നു കടയ്ക്കു പേരിട്ടു. പിന്നീട് സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു ചാൾസിന്റെ വളർച്ച.
1871 ൽ കോനി ബീച്ചിന് അഭിമുഖമായി ചാൾസ് ഒരു ബിൽഡിങ് സ്വന്തമാക്കി. വെസ്റ്റ് 10 സ്ട്രീറ്റിലുള്ള കെട്ടിടം കരാർ വ്യവസ്ഥയിലാണ് ചാൾസ് ഏറ്റെടുത്തത്. കെട്ടിടത്തിന് ‘ഫെൽട്മാൻസ് ഓഷ്യൻ പവിലിയൻ’ എന്നു പേരിട്ടു. ഒൻപത് റസ്റ്ററന്റുകൾ, റോളർ കോസ്റ്റർ, സിനിമ തിയറ്റർ, ഹോട്ടൽ, ബീയർ ഗാർഡൻ, തുടങ്ങിയ സൗകര്യങ്ങൾ അതിലുണ്ടായിരുന്നു. പവിലിയന്റെ പ്രശസ്തി കേട്ടറിഞ്ഞ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് വില്യം ഹൊവാർഡ് ടാഫ്റ്റ് അവിടെ താമസിക്കാനെത്തി. ഫെൽട്മാന്റെ സ്ഥാപനത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ഐറ്റം ഹോട്ട് ഡോഗ് ആയിരുന്നു.
കോനി ഐലൻഡിന്റെ ചരിത്രം അറിയുന്ന മൈക്കിൾ ക്വിൻ എന്നയാൾ അടുത്തിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇത്രയും കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഹോട്ട് ഡോഗ് വിവാദം
ഹോട്ട് ഡോഗിന്റെ ഉത്ഭവം സംബന്ധിച്ചുള്ള തർക്കം അവസാനിപ്പിക്കാനായി മൈക്കിൾ ക്വിൻ നിരത്തിയ തെളിവുകൾ വൻവിവാദം സൃഷ്ടിച്ചു. അമേരിക്കയിൽ ഹോട്ട് ഡോഗ് കച്ചവടം ആരംഭിച്ചതു ചാൾസ് എൽ ഫെൽട്മാനാണെന്നു മൈക്കിൾ വാദിച്ചു. മൈക്കിളിന്റെ വാദം വലിയ ചർച്ചകൾക്കു വഴിമരുന്നിട്ടു. കാരണം, ‘നഥാൻസ്’ എന്ന സ്ഥാപനമാണ് ഇപ്പോൾ അമേരിക്കയിൽ ഹോട്ട് ഡോഗ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനം. ആദ്യമായി ഹോട്ട് ഡോഗ് അവതരിപ്പിച്ചത് നഥാൻസ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. അമേരിക്കയിലെ വൻകിട ഭക്ഷ്യ വിതരണ ശംൃഖലയാണു നഥാൻസ്. പത്തു രാജ്യങ്ങളിലായി അൻപത്തയ്യായിരം സൂപ്പർമാർക്കറ്റുകളിൽ അവർ നിർമിക്കുന്ന ഹോട്ട് ഡോഗ് വിൽക്കുന്നുണ്ട്. നാൽപതു മില്യൻ ഡോളറാണ് വാർഷിക വിറ്റുവരവ്. അതിന്റെ ഉടമ നഥാൻ ഹേൻഡ് വേർകർ എന്നയാൾ പണ്ട് ഫെൽട്മാന്റെ ബേക്കറിയിൽ ജോലിക്കാരനായിരുന്നെന്നും അവിടെ നിന്നാണു ഹോട്ട് ഡോഗ് ഉണ്ടാക്കാൻ പഠിച്ചതെന്നും മൈക്കിൾ പറഞ്ഞു. പോരേ പൂരം!
ഇതാണ് വാസ്തവം
1890 ആയപ്പോഴേക്കും ചാൾസ് എൽ ഫെൽട്മാൻ ന്യൂയോർക്കിൽ ഏറ്റവും സ്വാധീനമുള്ള ബിസനസുകാരനായി മാറി. ഭക്ഷണശാലയിൽ വിഭവങ്ങൾ റെഡിയാകുന്ന സമയത്തിനൊത്ത് ട്രെയിനുകളുടെ ടൈംടേബിൾ ക്രമീകരിക്കാൻ ചാൾസ് തന്റെ സ്വധീനം ഉപയോഗിച്ചു. പ്രതിദിനം നാൽപതിനായിരം ഹോട്ട് ഡോഗ് വിൽക്കുന്ന വമ്പൻ സ്ഥാപനമായി ഫെൽട്മാൻസ് പവിലിയൻ വളർന്നു. താൻ പടുത്തുയർത്തിയ ബിസിനസ് ശൃംഖല മക്കളായ ചാൾസ്, ആൽഫ്രഡ് എന്നിവരെ ഏൽപിച്ച് 1910ൽ ഫെൽട്മാൻ ഈ ലോകത്തോടു യാത്ര പറഞ്ഞു.
ഫെൽട്മാന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മക്കൾ ഹോട്ട് ഡോഗിന്റെ റോൾ കട്ടിങ്ങിന് ഒരാളെ നിയമിച്ചു. പോളണ്ടുകാരനായ ജോലിക്കാരന്റെ പേര് നഥാൻ ഹേൻഡ് വേർകർ എന്നായിരുന്നു. പിന്നീടുള്ള ഇരുപതു വർഷം ഫെൽട്മാന്റെ സ്ഥാപനം നഷ്ടത്തിന്റെ കണക്കുകൾ രേഖപ്പെടുത്തി. 1940ൽ സാമ്പത്തിക ബാധ്യത മറികടക്കാനാവാതെ ഫെൽട്മാന്റെ മക്കൾ അച്ഛന്റെ പേരിലുള്ള സ്ഥാപനം വിറ്റു. – മൈക്കിൾ ക്വിൻ പറഞ്ഞവസാനിപ്പിച്ചു.
നഥാന്റെ മകന് പറയാനുള്ളത്
നഥാൻ ഹേൻഡ് വേർകറുടെ മകൻ ലോയ്ഡ് നഥാൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ‘ഫേമസ് നഥാൻ’ എന്നാണു പുസ്തകത്തിന്റെ ടൈറ്റിൽ. അച്ഛൻ സ്ഥാപിച്ച ഹോട്ട് ഡോഗ് സാമ്രാജ്യത്തിന്റെ കഥയാണ് ലോയ്ഡ് നഥാൻ വിവരിച്ചിട്ടുള്ളത്.
എന്റെ അച്ഛൻ ഹോട്ട് ഡോഗ് പാചക വിദഗ്ധനായിരുന്നു. എന്നിട്ടും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അടുക്കളയിൽ വെറും നിലത്താണു കിടന്നുറങ്ങിയിരുന്നത്. അക്കാലത്ത് സ്വന്തമായി ബിസിനസ് ആരംഭിക്കാൻ സുഹൃത്തുക്കളിൽ പലരും അദ്ദേഹത്തെ നിർബന്ധിച്ചിരുന്നു. ഒടുവിൽ, ബാങ്കിൽ നിന്നു 300 ഡോളർ വായ്പയെടുത്ത് അച്ഛൻ ഒരു കട തുറന്നു. ഫെൽട്മാന്റെ പേരിലുള്ള കടയുടെ തൊട്ടടുത്തു തന്നെയാണ് അച്ഛൻ സ്വന്തം കട തുടങ്ങിയത്. ആളുകളെ ആകർഷിക്കാനായി ഫെൽട്മാനെക്കാൾ വില കുറച്ചാണ് അച്ഛൻ ഹോട്ട് ഡോഗ് വിറ്റത്. ഒരു മാസത്തിനുള്ളിൽ ന്യൂയോർക്കിൽ ഏറ്റവും മികച്ച ഹോട്ട് ഡോഗ് ലഭിക്കുന്ന സ്ഥാപനമെന്ന പേര് നഥാൻസ് നേടിയെടുത്തു.
നഥാൻ ഹേൻഡ് വേർകറുടെ ഭാര്യയുടെയും ഭാര്യയുടെ അമ്മയുടെയും കൈപ്പുണ്യമാണ് നഥാൻസിന്റെ വിജയമെന്നു ലോയ്ഡ് പറയുന്നു. പത്തു രാജ്യങ്ങളിലായി അൻപത്തയ്യായിരം സൂപ്പർ മാർക്കറ്റുകൾ ഇക്കാര്യം അംഗീകരിച്ചുവെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടി.
ഹോട്ട് ഡോഗ് തീറ്റ മത്സരം
2019ൽ നഥാൻസിലെ ജോലിക്കാർ അഞ്ച് അടി നീളമുള്ള ഒരു ഹോട്ട് ഡോഗ് തയാറാക്കി. ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം നേടി. 1972 മുതൽ എല്ലാ വർഷവും ജൂലൈ നാലിന് നഥാൻസിന്റെ ആഭിമുഖ്യത്തിൽ ഹോട്ട് ഡോഗ് തീറ്റ മത്സരം നടത്താറുണ്ട്. ഇക്കുറി കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഹോട്ട് ഡോഗ് തീറ്റ മത്സരത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചില്ല.
മൈക്കിൾ ക്വിൻ വിവരിച്ചതും ലോയ്ഡ് നഥാൻ തന്റെ പുസ്തകത്തിൽ പറയുന്നതും ഹോട്ട് ഡോഗിന്റെ ചരിത്രമാണ്. രണ്ടു വിദേശികൾ – ജർമൻ വംശജനായ ഫെൽട്മാൻ, പോളിഷ് വംശജൻ നഥാൻ – എന്നിവർ ചേർന്ന് അമേരിക്കക്കാരുടെ രുചിലോകം കീഴടക്കിയ ചരിത്രം. അതു മുഴുവൻ മനസ്സിലാക്കിയിട്ടും ഹോട്ട് ഡോഗിന്റെ പേരിലെ കൗതുകം ബാക്കി. പുരാതന കാലത്ത് പട്ടിയുടെ ഇറച്ചി ഉപയോഗിച്ച് സോസേജ് ഉണ്ടാക്കിയിരുന്നുവെന്നും അതിനെ തുടർന്നാണ് ഹോട്ട് ഡോഗ് എന്നു പേരുണ്ടായതെന്നും ഒരു കഥ നിലനിൽക്കുന്നു. അതു കെട്ടുകഥയാണെന്ന് ജർമനിയിലെ പുരോഗമന വാദികൾ പറയുന്നു. വളർത്തു നായ്ക്കൾ ജർമനിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹോട്ട് ഡോഗിലെ സോസേജിന് ഡാഷ്ഹണ്ട് ഇനത്തിൽപെട്ട പട്ടിയുടെ രൂപമാണെന്നും അതിനാലാണ് അങ്ങനെയൊരു പേരു വന്നതെന്നും ഫ്രാങ്ക്ഫർട്ടിലെ പഴമക്കാർ അഭിപ്രായപ്പെടുന്നു. അതെന്തായാലും, അമേരിക്കയിൽ ഹോട്ട് ഡോഗ് നിർമിക്കുന്നത് ബീഫ് ഉപയോഗിച്ചുള്ള സോസേജ് ഉപയോഗിച്ചാണ്.
ഹോട്ട് ഡോഗ് തയാറാക്കുന്ന വിധം: ‘‘പാശ്ചാത്യരുടെ ആദ്യത്തെ സ്ട്രീറ്റ് ഫൂഡാണ് ഹോട്ട് ഡോഗ്. ഹോട്ട് ഡോഗ് തയാറാക്കാൻ ബ്രയോഷ് ബൺ ഉപയോഗിക്കുന്നു. ബൺ രണ്ടു കഷ്ണങ്ങളാക്കി അതിനു നടുവിൽ യെല്ലോ മസ്റ്റാർഡ്, മയണൈസ് എന്നിവ പുരട്ടുന്നു. ഇതിൽ ശുദ്ധമായ ബീഫ് സംസ്കരിച്ചു തയാറാക്കിയ സോസേജ് വയ്ക്കുന്നു. ഗ്രിൽ ചെയ്ത് മൊരിച്ചെടുത്ത സോസേജിൽ അൽപം ഉപ്പു ചേർക്കാറുണ്ട്. ’’ - സുരേഷ് പിള്ള (കുലിനറി ഡയറക്ടർ, റാവിസ് ഹോട്ടൽസ്)