Saturday 06 July 2019 03:26 PM IST

ജിൻഷ ബഷീർ ലോകം ചുറ്റിക്കാണുന്നു! പത്തു പൈസ ചെലവില്ലാതെ

Baiju Govind

Sub Editor Manorama Traveller

jinsha

ആണ്ടിലൊരു യാത്രയ്ക്ക് പണമൊപ്പിക്കാൻ കഷ്ടപ്പെടുന്നവരുടെ നാട്ടിൽ ഓരോ യാത്രയും സമ്പാദ്യമാക്കി മാറ്റുകയാണ് ജിൻഷ ബഷീർ. ക്യാമറയിൽ പതിഞ്ഞതു മറ്റുള്ളവരെ കാണിക്കാനുള്ള തീരുമാനമാണു ജിൻഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഫേസ്ബുക് പേജിൽ ലൈക്കുകളുടെ എണ്ണം എൺപത്തയ്യായിരം കടന്നപ്പോൾ ജിൻഷ ഉറപ്പിച്ചു, ‘‘എൻജിനീയറെക്കാൾ വരുമാനമുള്ള ജോലിയാണു വ്ലോഗിങ്’’.

തിരുവല്ലയ്ക്കടുത്തു ചാരുംമൂട് ഗ്രാമത്തിൽ വളർന്ന ജിൻഷ ബഷീറിനു വ്ളോഗിങ്ങിൽ പതിനൊന്നു മാസത്തെ പരിചയമേയുള്ളൂ. എന്നാൽ ഫേസ് ബുക്കിൽ കുടിയിരുന്നിട്ടു പത്തു വർഷം കഴിഞ്ഞവരെക്കാൾ ഫോളേവേഴ്സുണ്ട് ഇരുപത്തെട്ടുക്കാരിക്ക്. എൻജിനീയറിങ് പൂർത്തിയാക്കി ഐടി കമ്പനിയിൽ ജോലിക്കു കയറിയ ജിൻഷ യാദൃച്ഛികമായാണു വ്ളോഗറായത്. ആ സംഭവം ഇങ്ങനെ:

ഫൈസലും ജിൻഷയും അടൂരിലെ പെട്രോ ൾ പമ്പിൽ കയറിയപ്പോൾ ഒരു ബൈക്ക് യാത്രികനും ജോലിക്കാരനുമായി തർക്കം. അടിച്ച പെട്രോളിന്റെ അളവു കുറവാണെന്ന് ഇരുചക്ര വാഹനക്കാരൻ. മീറ്റർ നോക്കി ഉറപ്പു വരുത്തണമെന്നു ജോലിക്കാരൻ. വാസ്തവം തിരി ക്കിയ ഫൈസലിനോട് പമ്പിലെ മറ്റൊരു ജോലിക്കാരൻ വലിയൊരു രഹസ്യം വെളിപ്പെടുത്തി: ‘അഞ്ചോ പത്തോ രൂപ കൂട്ടി പെട്രോൾ അടിക്കുക. ഉദാഹണത്തിന് നൂറ്റിപ്പത്ത്, ഇരുനൂറ്റി ഇരുപത്, ആയിരത്തി പതിനഞ്ച്. അപ്പോൾ കൃത്യം അളവു കിട്ടും’.

jinsha-6

ചില പെട്രോൾ ബങ്കുകൾ സോഫ്റ്റ്‌വെയറി ൽ തുക സെറ്റ് ചെയ്ത് അളവു കുറച്ച് തട്ടിപ്പു നടത്തുന്നതിനെ കുറിച്ചാണ് അയാൾ പറഞ്ഞത്. ഈ സംഭവം ആളുകളെ അറിയിക്കാനായി ജിൻഷ ഒരു വിഡിയോ റെക്കോർഡ് ചെയ്തു. തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ സ്ഥിരം സംഖ്യയിൽ നിന്നു മാറി അഞ്ചോ പത്തോ രൂപ കൂടുതൽ മുടക്കി പെട്രോൾ നിറയ്ക്കാൻ നിർദേശിക്കുന്ന വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ജിൻഷയും ഭർത്താവ് ഫൈസലും മാത്രം അംഗങ്ങളായി ആരംഭിച്ച ഫേസ് ബുക്ക് പേജിൽ ഒറ്റദിവസത്തിനുള്ളിൽ 5000 ലൈക്ക്.

jinsha-4 5റോയൽ കരീബിയൻ ക്രുയിസ്ഷിപ്പ്, കൊച്ചി

തെറി വിളിച്ചവർക്കു മറുപടി

മിലിറ്ററി ജോലിക്കാരനായ ബഷീറിന്റെയും നഴ്സ് ബാരിഷയുടെയും മൂന്നു പെൺമക്കളിൽ ഇളയവളായി ഉത്തർപ്രദേശിലെ ഉത്രോളയിലാണ് ജിൻഷ ജനിച്ചത്. എട്ടാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ചാരുംമൂട് സ്ഥിരതാമസമാക്കി. ബാല്യത്തിൽ തന്നെ യാത്രയായിരുന്നു ജിൻഷയുടെ വിനോദം. പഠനകാലത്തു മൈസൂരുവിലേക്കും മധുരയിലേക്കും ടൂർ പോയി. താജ്മഹലും ആഗ്രയും കുത്തബ്മിനാറും വലിയ ചിത്രങ്ങളായി നിന്നു. ഫൈസലിനെ വിവാഹം കഴിച്ച ശേഷമുള്ള വാരാന്ത്യം വാഗമണിൽ പോയതോടെ വീണ്ടും യാത്രാമോഹം ചിറകു വിടർത്തി. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനത്തിൽ ജോലിയും യാത്രകളുമായി കഴിയുന്നതിനിടെയാണ് ജിൻഷയ്ക്ക് ഖത്തറിലെ സ്കൂളിൽ അധ്യാപക ജോലിക്കു ക്ഷണം ലഭിച്ചത്. കുട്ടികളെ പഠിപ്പിക്കുന്ന മാതൃ കയിൽ ഒരു വിഡിയോ റെക്കോർഡ് ചെയ്ത് അയയ്ക്കാൻ സ്കൂൾ മാനേജ്മെന്റ് നിർദേശിച്ചു. ഈ വിഡിയോയിൽ സംതൃപ്തി അറിയിച്ച് ഖത്തറിൽ നിന്നു മറുപടി വന്നപ്പോഴേക്കും പെട്രോൾ പമ്പിലെ വിഡിയോ ഫേസ്ബുക്കിൽ വൈറലായി കഴിഞ്ഞിരുന്നു.

ഖത്തറിലെ ജോലി ഒഴിവാക്കി വ്ലോഗിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ജിൻഷയുടെ തീരുമാനം. തൽക്കാലം വരുമാനത്തെ കുറിച്ച് ആലോചിക്കേണ്ടെന്നു ഫൈസലിന്റെ പിന്തുണ. മസിനഗുഡിയിൽ നിന്നു കല്ലട്ടി ചുരം കയറി ഊട്ടിയിലേക്ക് ആദ്യ ‘വ്ലോഗ് യാത്ര’ നടത്തി. പിന്നീട് ബന്ദിപ്പൂരിലെ ഉൾക്കാടുകളിലൂടെ സഞ്ചരിച്ചു. പ്രകൃതി ഭംഗി വിവരിക്കുന്ന യാത്രാ ദൃശ്യങ്ങൾ വൈറലായി.

jinsha-5 ശ്രീരാച ടൈഗർ സൂ, തായ്‌ലൻഡ്

സന്തോഷം തട്ടിത്തെറിപ്പിച്ചുകൊണ്ട് ചില യാളുകൾ ജീൻഷയെയും പിതാവിനെയും അ ധിക്ഷേപിച്ച് കമന്റിട്ടു. മനസ്സു മടുത്ത് പരിപാടി ഉപേക്ഷിക്കാൻ തീരുമാനിച്ച ജിൻഷയ്ക്കു ബഷീറും ഫൈസലും ധൈര്യം പകർന്നു. ‘‘ഇ പ്പോൾ പിൻതിരിഞ്ഞാൽ അതൊരു വലിയ തോ ൽവിയാകും.’’

ചീത്തവാക്കുകൾ കമന്റ് ചെയ്തയാളുടെ ഫോട്ടോ സഹിതം സ്ക്രീൻ ഷോട്ട് എടുത്ത് ജിൻഷ സ്വന്തം പേജിൽ അപ്‌ലോഡ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തെറിവിളിച്ചയാളുടെ മക്കളും മരുമക്കളും ക്ഷമ യാചിച്ചു. തൊട്ടു പിന്നാലെ തെറി വിളിക്കാരന്റെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായി.

പണം അക്കൗണ്ടിലേക്ക്

ജിൻഷ ബഷീർ പരിചയപ്പെടുത്തിയ രാജ്യാന്തര വ്ലോഗുകളിൽ ആദ്യത്തേത് സിംഗപ്പുർ. തുടർന്ന് ദുബായ്, തായ്‌ലൻഡ്. സിംഗപ്പൂരിൽ കുപ്പി വെള്ളത്തിനു മുന്നൂറ്റൻപതു രൂപയാണെന്നും തായ്‌ലൻഡിൽ കടുവകൾക്കൊപ്പം സെൽഫിയെടുക്കാമെന്നും ആദ്യമായി മനസ്സിലാക്കിയ പ്രേക്ഷകർ അദ്ഭുതം പ്രകടിപ്പിച്ചു.

jinsha-2

‘‘പന്ത്രണ്ടു മാസം മഴ. ഇളം വെയിൽ. വലിയ കെട്ടിടങ്ങൾ. മനോഹരമായ പ്രകൃതി. ജീവി തത്തിൽ കണ്ടിരിക്കേണ്ട സ്ഥലമാണു സിംഗപ്പു ർ. അതേസമയം, ഗിന്നസ് റെക്കോർഡുകളുടെ നഗരമാണു ദുബായ്. കൃഷിയും അരുവിയുമുള്ള ഒരു ഗ്രാമം ദുബായിലുണ്ട്. അൽബരാരി ദി ഫാം എന്നാണു ഗ്രാമത്തിന്റെ പേര്. ഈ ഗ്രാമം അവതരിപ്പിച്ച വ്ലോഗിന് ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു.

സ്വാതന്ത്ര്യത്തിന്റെ നാടാണ് തായ്‌ലൻഡ്. ആ ഫ്രീഡം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണു വിഷയം. തായ്‌ലൻഡിൽ ഇരുനൂറു കടുവകളെ പാർപ്പിക്കുന്ന കാഴ്ച ബംഗ്ലാവുണ്ട്. ആ ന വളർത്തു കേന്ദ്രത്തിൽ സന്ദർശകർക്ക് ആനക്കുട്ടികളോടൊപ്പം ഓടി കളിക്കാം. ആയിരത്തിലേറെ മുതലകളെ വളർത്തുന്ന തടാകത്തിൽ മുതലയുടെ പുറത്തു കയറി ഫോട്ടോയെടുക്കാം. തായ്‌ലൻഡ് വ്ലോഗിൽ ഇതെല്ലാം വിഡിയോ സഹിതം ഉൾപ്പെടുത്തിയിരുന്നു.

jinsha-3 5തായ്‌ലൻഡിലെ തട്ടുകട

കൊച്ചി തുറമുഖത്ത് നങ്കുരമിട്ട റോയൽ കരീബിയന്റെ മരീനർ ഓഫ് ദി സീസ് എന്ന കപ്പൽ സന്ദർശിക്കാൻ അനുമതി ലഭിച്ചു. ആയ വ്ലോഗ് പ്രേക്ഷക ശ്രദ്ധ നേടി. ലുലുമാളിനെക്കാൾ വലുപ്പമുള്ള കപ്പലിന്റെ ഇന്റീരിയർ കൗതുകമായി.’’ ഫേസ് ബുക്കിൽ നിന്നു വരുമാനം കിട്ടിയ സാഹചര്യം ജിൻഷ വിശദീകരിച്ചു.

വ്ലോഗിങ് തന്ത്രം

ജിൻഷയും ഫൈസലും ദുബായിയിലേക്കു പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ ചെന്നപ്പോഴാണ് എർത്ത് ലോഞ്ച് കണ്ടത്. വിമാനം പുറപ്പെടും വരെ കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാൻ അവിടെ കയറി. രണ്ടു മണിക്കൂറിനു രണ്ടായിരം രൂപയാണു ചാർജ്. എന്നാൽ, വീസ, പ്ലാറ്റിനം, മാസ്റ്റർ കാർഡ് സ്വൈപ് ചെയ്താൽ രണ്ടു രൂപ മാത്രം! അൺ ലിമിറ്റഡ് ഭക്ഷണം, പാനീയം, കിടപ്പുമുറി, കുളി, വിശ്രമം... ബാങ്കുകൾ വിമാനത്താവളവുമായി സഹകരിച്ച് ഏർപ്പാടാക്കിയിട്ടുള്ള ‘എർത്ത് ലോഞ്ച് പ്ലാൻ’ അപ്പോൾ തന്നെ വിഡിയോയാക്കി. ഇതുപോലെ പുത്തൻ അറിവുകളുമായി നൂറോളം വിഡിയോ ജിൻഷ ബഷീറിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടു. അവയിൽ ലൈക്കുകളും കമന്റും കുമിഞ്ഞു. ഫേസ് ബുക്കിൽ നിന്നും യു ട്യൂബിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിഫലം ഒഴുകി.

jinsha-8 5സ്കൈ ഡൈവിങ് – പട്ടായ, തായ്‌ലാൻഡ്

‘‘ടൂർ കമ്പനികൾ ഞങ്ങളെ സമീപിക്കാറുണ്ട്. അവരുടെ കമ്പനി ഏർപ്പാടാക്കുന്ന ടൂർ സംഘത്തിനൊപ്പം യാത്ര ചെയ്യാൻ ക്ഷണിക്കും. യാത്രാ ചെലവും താമസസൗകര്യവും അവരുടെ ചെലവ്. ടൂർ കമ്പനിയുടെ സർവീസിനെ കുറിച്ച് വ്ളോഗിൽ പറയണം. തായ്‌ലൻഡിലേക്കു ഞങ്ങളെ കൊണ്ടു പോയ കമ്പനിക്ക് വ്ളോഗ് വന്നതിനു ശേഷം ഒട്ടേറെ യാത്രക്കാരെ കിട്ടി.

ഫേസ്ബുക്കാണ് വരുമാന മാർഗം. ലേഖനങ്ങൾ ആയിരം പേർ വായിച്ചാൽ ചെറിയ തുക ബാങ്ക് അക്കൗണ്ടിലെത്തും. പ്രതിഫലം നൽകുന്നതിൽ ഒന്നാം സ്ഥാനത്തു യു ട്യൂബാണ്. ആയിരം സബ്സ്ക്രൈബേഴ്സും നാലായിരം മിനിറ്റ് കാഴ്ചക്കാരുമുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. കാഴ്ചക്കാരുടെ എണ്ണത്തിനനുസരിച്ച് പ്രതിഫലം കൂടും. യുട്യൂബിൽ എനിക്ക് എൺപത്തേഴായിരം സബ്സ്ക്രൈബേഴ്സ് ഉ ണ്ട്.’’ വ്ളോഗിങ് പ്രഫഷനായി തിരഞ്ഞെടുത്ത ശേഷം മനസ്സിലാക്കിയ ഓൺലൈനിലെ കൈകണക്കുകൾ ജിൻഷ വിശദീകരിച്ചു.

jinsha- ഗുണ്ടൽപേട്ട്

വിദേശ യാത്രയ്ക്കുള്ള ഓഫർ ലെറ്ററുകൾ മേശപ്പുറത്ത് കാത്തിരിക്കുന്നുണ്ട്. ആദ്യം എവിടേക്കാണു പോകേണ്ടതെന്ന കാര്യത്തിൽ ചെറിയൊരു ആശയക്കുഴപ്പം നിലനിന്നിരുന്നു. ഫൈസലിന് ഇഷ്ടമുള്ള രാജ്യം സ്വിറ്റ്സർലൻഡാണ്. ദുബായ് ട്രിപ്പ് കഴിഞ്ഞ ഉടനെ യൂറോപ്പിലേക്കു പറക്കാനാണു ജിൻഷയുടെ തീരുമാനം..

jinsha-1