Friday 22 May 2020 12:48 PM IST : By T A Anwar Sadath

തൃശൂരിൽ നിന്നു കശ്മീരിലേക്ക് ഒരു ബജറ്റ് യാത്ര; റമദാൻ കാലത്തെ വ്യത്യസ്തമായ ഒരുപിടി നോമ്പ് അനുഭവങ്ങളും...

kashmir trip1

ഉത്തരേന്ത്യൻ പര്യടനം മനസ്സിൽ കൊണ്ടു നടന്ന തൃശൂർ പെരിഞ്ഞനം സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ ടി.എ. അൻവർ സാദത്തിന് അതിനുള്ള അവസരം കൈവന്നത് കഴിഞ്ഞവർഷം റമദാൻ കാലത്താണ്. തൃശൂരിൽനിന്നു കശ്മീരിലേക്ക് കഴിയുന്നത്ര റെയിൽ മാർഗം മാത്രം ഉപയോഗിച്ചും പരിമിതമായ താമസസൗകര്യങ്ങളിൽ തൃപ്തിപ്പെട്ടും ഒരു ബജറ്റ് യാത്ര. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു തിരികെ എത്തിയപ്പോൾ ആഗ്രഹിച്ച ചിത്രങ്ങൾക്കും അനുഭവങ്ങൾക്കുമൊപ്പം വ്യത്യസ്തമായ ഒരുപിടി നോമ്പ് അനുഭവങ്ങളും...

ഓർക്കാപ്പുറത്ത് വീണുകിട്ടിയ യാത്ര

kashmir trip2

ഒരുപാട് നാളായി മനസ്സിൽ സൂക്ഷിച്ച മോഹമായിരുന്നു ഉത്തരേന്ത്യൻ യാത്ര. ഒപ്പം അവിടുത്തെ ചരിത്ര നഗരികൾ മനസ്സുകൊണ്ടും ക്യാമറക്കണ്ണു കൊണ്ടും ഒപ്പിയെടുക്കണമെന്നും... അതിനുള്ള വഴി ഒരുങ്ങിയത് അപ്രതീക്ഷിതമായി ഡൽഹിയിൽ ഒരു വർക്ക് വന്നപ്പോഴാണ്. കഴിഞ്ഞ വർഷത്തെ റമദാനിലായിരുന്നു സംഭവം. നോമ്പുകാലമായതിനാൽ യാത്രയെപ്പറ്റി കേട്ടവരെല്ലാം മൂക്കത്തു വിരൽ വച്ചു! പക്ഷേ ഫൊട്ടോഗ്രഫി പിരാന്ത് ആവിശ്യത്തിൽ ഏറെയുള്ളതു കൊണ്ട് മറ്റൊന്നുമാലോചിച്ചില്ല. അദ്ധ്വാനിച്ചു കൂട്ടിയ കുറച്ചു പൈസയുമായി കിട്ടിയ അവസരത്തിൽ ചാടി പുറപ്പെട്ടു! ഇറങ്ങുമ്പോൾ ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളു. മിനിമം ചിലവിൽ മാക്സിമം സ്ഥലങ്ങൾ; ഒപ്പം കയ്യിൽ കിട്ടാൻ കൊതിച്ച ഫ്രെയിമുകൾ പകർത്തുക! കൂട്ടിന് മനപ്പൊരുത്തമുള്ള ചങ്ങായി അജ്മലും കൂടി. അങ്ങനെ രണ്ടാൾക്കുംകൂടി 12000 രൂപയ്ക്ക് 6 സംസ്ഥാനങ്ങൾ. തൃശൂർ, കോഴിക്കോട് മുതൽ ആഗ്ര, കശ്മീർ വരെ 25 ദിവസം! വേറിട്ട അനുഭവങ്ങളുടെ തിരമാലയടിച്ച ദിനങ്ങൾ - നോമ്പ് തുറക്കലും മുറിക്കലും ഓടുന്ന ട്രെയിനിൽ, മരുഭൂമിയിലെ മഴ പോലെ കണ്ടുമുട്ടിയ മലയാളി സുഹൃത്തുക്കൾ, ഊരും പേരും അറിയാത്തവർ തന്ന സ്നേഹവും സന്തോഷവും.

താജിന്റെ ഫൊട്ടോ എടുക്കാൻ പാടില്ലേ...?

kashmir trip3

ആദ്യം ചെന്നിറങ്ങിയത് ഉത്തർ പ്രദേശിലെ ആഗ്രയിൽ - പൈതൃകം ഉറങ്ങുന്ന നഗരം... മുന്നിൽ താജ്മഹലിന്റെ ഭംഗി... അതിന്റെ വ്യത്യസ്തമായ ഫ്രെമുകൾ തേടി ചെന്നെത്തിയത് മേത്തബാഗ് എന്ന താജ്മഹലിന്റെ സൺസെറ്റ് വ്യൂ പോയിന്റിലും. അവിടുന്ന് എല്ലരും പോകുന്നു ഇടം നോക്കിയല്ല ഞങ്ങൾ നീങ്ങിയത് വേറിട്ട വഴികൾ താണ്ടി ചെന്നത് താജ്മഹലിനു ചേർന്ന് യമുന നദി ഒഴുകുന്നിടത്ത്... എന്നിലുള്ള ഭ്രാന്തൻ ഉണർന്നു, ഫ്രെയിം സെറ്റ് ആക്കി, ക്ലിക്ക് ചെയ്യുന്നതിന്റെ തൊട്ട് മുന്നേ ''ഫോട്ടോ മത്ത് കീച്ചോ"! പിന്നിൽ ഫോട്ടോ എടുപ്പ് വിലക്കിക്കൊണ്ടൊരു ബാലിക! നാട്ടുകാരുടെ എതിർപ്പ് , പോലീസിനെ വിളിക്കുമെന്നുള്ള ഭീഷണി... വേലി എടുത്ത് ചാടിയ ഞങ്ങൾ കണ്ടം വഴി ഓടി…

ഓട്ടം കഴിഞ്ഞപ്പോൾ ക്ഷീണിച്ച് അവശനായി. നോമ്പുകാലമല്ലേ, നോമ്പുതുറക്കാൻ കാത്തിരുന്നു. ഇവിടെ നോമ്പുതുറക്കൽ സമയം വൈകും. നാട്ടിൽ 6:30 ആണ് എങ്കിൽ ഇവിടെ 7:10 കഴിയും ബാങ്ക് വിളിക്കാൻ, ഒടുക്കം ഏകദേശം സമയം ആയി അടുത്തു കണ്ട ആളോട്... ''ഭയ്യാ , സാംനെ കോയി മസ്ജിദ് ഹെ '' പഠിപ്പിച്ച സകല ഹിന്ദിടീച്ചർമാരെയും മനസ്സിൽ ധ്യാനിച്ചു
പള്ളിയിലേക്കുള്ള വഴിതിരക്കിയപ്പോൾ, ആൾക്കു കാര്യം മനസ്സിലായി. അവിടെ കടയിൽ ഞങ്ങളെ പിടിച്ചിരുത്തി നോമ്പ് തുറക്കാൻ കൂൾ ഡ്രിങ്ക്സ് മുതൽ പലഹാരങ്ങൾ വരെ മൂന്നിൽ നിരത്തി... അതും ഒരു രൂപ പോലും വാങ്ങാതെ! നെറ്റിയിലെ നിസ്കാര തഴമ്പും കുറിയും, കഴുത്തിലെ കൊന്തയുമെല്ലാം വെറും പുറം മോടിയാണെന്ന് തോന്നിയ നിമിഷങ്ങൾ!
മൂന്നു ദിവസത്തെ ആഗ്ര വാസം ശരിക്കുമൊരത്ഭുതമായിരുന്നു. പുലർച്ചയ്ക്കുള്ള ഇടയത്താഴം പള്ളിയിൽ! അതും ഓരോരുത്തർ വീടുകളിൽ നിന്ന് കൊണ്ടുവന്ന് ഒരു പായയിൽ ഒരുമിച്ചിരുന്ന് കഴിക്കുന്നു. ഒപ്പം അവരുടെ മക്കളെ പോലെ ഞങ്ങളേയും ഊട്ടുന്നു! ഏറ്റവും കൗതുകമെന്തെന്നാൽ 3 ദിവസവും കഴിക്കാൻ കിട്ടിയത് റൊട്ടിയും ബീഫ് കബാബും... അതും കഴിക്കുമ്പോൾ കഴുത്ത് വെട്ടുമെന്ന് നമ്മൾ കാണുകയും കേൾക്കുകയും ചെയ്ത യു പിയിൽ!

ajmeer


രാജസ്ഥാന്റെ ചൂട്
അവിടുന്ന് നേരെ രാജസ്ഥാനിലേക്ക് വച്ചു പിടിച്ചു. ആദ്യം അൽവാറിലേക്ക്, അവിടെ കൂട്ടുകാരായ മുബാറക്കിനും മുബഷിറിനും പിന്നെ നമ്മുടെ തങ്ങൾകുട്ടി മിദ്‌ലാജിനുമൊപ്പം ചാരിറ്റി പ്രവർത്തനങ്ങളുടെ കൂടെ ക്യാമറയും തൂക്കി ഒരു ഇറങ്ങലായിരുന്നു... അപരിചിതരായ ആളുകൾ, അറിയപ്പെടാത്ത ചെറിയ ഗ്രാമങ്ങൾ, നല്ല ഫ്രെയിമുകൾ...
കേട്ടറിഞ്ഞ രാജസ്ഥാന്റെ ചൂട് അനുഭവിച്ചറിഞ്ഞത്, അജ്മീറിലോട്ടുള്ള ട്രെയിൻ യാത്രക്കിടെയായിരുന്നു ... കേട്ടാൽ തള്ള് ആണെന്ന് തോന്നും... ഷർട്ടിന്റെ ഉള്ളിൽ നനച്ച തോർത്ത് വച്ചു തണുപ്പിച്ചായിരുന്നു യാത്ര!! അതും ആ 45° ചൂടിൽ തോർത്ത് ഉണങ്ങിക്കൊണ്ടേയിരുന്നു. കൂടെ ചൂട്കാറ്റും! ജനറൽ കമ്പാർട്ട്മെന്റിൽ വലിയ തിരക്കില്ല, ട്രെയിന്റെ വേഗതയും ഒപ്പം ചൂട് കാറ്റും നോമ്പും വാടിത്തളർന്നു കൊണ്ടുമിരുന്നു. കാത്തിരുന്ന് ഒടുവിൽ അജ്മീറെത്തി.

അജ്മീർ ദർഗ്ഗ കമ്മിറ്റി വക നൂറു രൂപയ്ക്ക് കിട്ടുന്ന റൂം കിട്ടി. അതെ നൂറു തന്നെ കേട്ട് അറിഞ്ഞപോലെ, സൗകര്യങ്ങളിൽ ഞങ്ങൾ തൃപ്തരായിരുന്നു. ക്യാമറയും ഫോണും ഒക്കെ ചാർജ് ചെയ്യാൻ ആവശ്യത്തിനു പ്ലഗ് സോക്കറ്റും, കുളിമുറിയുമാണ് ഞങ്ങൾക്ക് വേണ്ടത്. അതിനു വേണ്ടീട്ടാണ് റൂമെടുക്കുന്നത് എന്നുതന്നെ പറയാം. അങ്ങനെ അജ്മീർ ദർഗ്ഗ കാണാനിറങ്ങി... ജനസാഗരം ഒഴുകുന്ന കാഴ്ച! അവിടുത്തെ പടുകൂറ്റൻ കഞ്ഞിവയ്ക്കുന്ന ചെമ്പും എല്ലാം കാണേണ്ടതുതന്നെ.

kashmir trip6

നോമ്പുതുറയ്ക്കു ശേഷം കേട്ടറിഞ്ഞ മലയാളി ഹോട്ടൽ തേടിയായിരുന്നു നടത്തം. ഒടുവിൽ കണ്ടെത്തി പെരിന്തൽമണ്ണക്കാരി ഒരു ഇത്ത... ഇത്തയുടെ തനി നാടൻ മീൽസ്... പിന്നെ അവിടെ മുഴങ്ങി കേട്ട ഖവാലി... അപ്പോഴും ചൂട് വല്ലാണ്ട് അലട്ടിയിരിന്നു എങ്കിലും അജ്മീർ റംസാൻ രാവിനെ ഇത്രയേറെ മനോഹരമാക്കിയതു പോലെ ഇന്നേ വരെ വേറെങ്ങും അനുഭവിച്ചിട്ടില്ല...!

kashmir trip5

പുഷ്കറിലെ സൂര്യാസ്തമയം

kashmir trip4

അടുത്ത ദിവസം പുഷ്ക്കറിലേക്ക് ചേക്കേറി രാജസ്ഥാൻ ഫീൽ കിട്ടണമെങ്കിൽ ഇവിടെ എത്തണം രാജസ്ഥാൻ എന്ന് കേട്ടാൽ മനസ്സിലേക്ക് ഓടിവരുന്നത് ഒട്ടകവും മരുഭൂമിയും ആണ്. അത് അൽപമെങ്കിലും അനുഭവിക്കാൻ സാധിക്കും, അങ്ങനെ ഒട്ടകപുറത്ത് കേറി പുഷ്കറിലെ സൂര്യാസ്തമയം കാണാൻ കുണുങ്ങി കുണുങ്ങി നീങ്ങി. ആ മരുഭൂമിയിലുടെ ഒട്ടകപ്പുറത്തു കേറാനും വേല സ്പെഷൽ വേണ്ടി വന്നു. ആദ്യം ഒട്ടകക്കാർ നമ്മളെ ഒന്ന് എറിഞ്ഞു നോക്കും. 2000, 3000 രൂപ ഒക്കെ അവർ പറയുന്നതു കേട്ടാൽ ഞെട്ടി പോകും. പലരും അതിൽ വീഴുകയും ചെയ്യും. നമ്മൾ വിട്ടുകൊടുത്തൂട. ആ തുക പറ്റില്ല എന്ന് പറഞ്ഞു. പിന്നെ എല്ലാം ഒരു ബിസ്സിനസ് ആയതു കൊണ്ട് ഒരു സവാരി പോകാതിരിക്കാൻ അവർ ഡീലിങ്ങിൽ എത്തും. അങ്ങനെ 500 രൂപക്ക് ആണ് പുഷ്ക്കർ മോഹം പൂവണിഞ്ഞത്. കാലാവസ്ഥ നല്ല ഫ്രെയ്മുകൾ സമ്മാനിച്ചു. ചൂടിനു ഒരു മാറ്റവുമില്ല, പിന്നെ അവിടന്നു വിട്ടു ജയ്പുരിലേക്ക്…. ‌

അംബർ ഫോർട്ടിൽ
ഹവാമഹലിന്റെ ഭംഗി ആസ്വദിച്ചതും ഇതേ ചൂടിലായിരുന്നു... അതിത്തിരി തണുത്തത്, നാട്ടുകാരായ രണ്ടുപേരെ കണ്ടപ്പോഴായിരുന്നു... ബുള്ളറ്റ് എടുത്ത് ഊരുതെണ്ടാൻ ഇറങ്ങിയ നദീമും സുബ്ഹാനും. അവരു താമസിച്ചിടത്തു തന്നെ ഞങ്ങളും റൂം ബുക്ക്‌ ചെയ്തു. 300 രൂപ! ചൂട് തന്നെ അവിടെയും. ഒരു സെക്കന്റ്‌ റൂമിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥ. സഹിക്കാതെ നിവൃത്തി ഇല്ലല്ലോ. രാത്രി പുറത്തേക്ക് ഇറങ്ങി നടന്നു ഹവാമഹലിന്റെ പടം എടുത്തും, ചായ കുടിച്ചും കഴിച്ചു കൂട്ടി.
ജയ്പൂരിലെ മറ്റൊരു ആകർഷണമായ അംബർ ഫോർട്ട് കണ്ടു, അവിടുന്ന് ആഗ്രഹിച്ച പോലെ മുകളിൽ ചെന്നൊരു ഫോട്ടോ പിടിച്ചു, അവിടുന്നും കണ്ടുമുട്ടി നാട്ടിൽ നിന്നൊരു ഫ്രണ്ടിനെ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള പരിചയം ആദ്യം ആയി കാണുന്നതും അവിടുന്നു തന്നെ - ആർദ്ര മോഹൻ. മലയാളികളല്ലേ, പിന്നെ വിശേഷം പറയൽ തുടങ്ങി. ജയ്‌പൂർ ഒരുക്കിയ വിരുന്ന് ഒരുപാടുണ്,ട് പക്ഷേ ഈദിന് ഡൽഹിയിലെത്തണം. മനസ്സിൽ പതിഞ്ഞ ആ ഈദ് നമസ്കാര ചിത്രം പകർത്തണം. എല്ലാ ഈദിനും പത്രത്തിന്റെ മുൻപേജിൽ ആ ജനക്കൂട്ടം ആയിരിക്കും. സമയം കണക്കുകൂട്ടി പിറ്റേന്ന് പഞ്ചാബിലേക്ക് വണ്ടി കയറി.

Tags:
  • Manorama Traveller
  • Travel India