കോവിഡ് വ്യാപനത്തിൽ ഓട്ടം നിലച്ച ബസുകളിൽ ചിലത് റസ്റ്ററന്റാക്കി പുതിയ ജീവിതമാർഗം കണ്ടെത്തിയ മലയാളികളെ അനുകരിക്കുന്നു തായ്‌ലൻഡിലെ ചില ഹോട്ടൽ ഉടമകൾ. പഴയ വിമാനത്തിന്റെ ഇന്റീരിയർ റസ്റ്ററന്റാക്കി ‘എയർലൈൻ സ്റ്റൈൽ ഫൂഡ്’ കച്ചവടം ആരംഭിച്ചിരിക്കുന്നു. ബിസിനസ് ക്ലാസ് സീറ്റിലിരുന്ന് സ്പെഗറ്റിയും ബർഗറും കഴിക്കാൻ ആളുകൾ എത്തുമെന്നുള്ള പ്രതീക്ഷ തെറ്റിയില്ല. ‘പ്ലെയിൻ കഫേ’യിൽ ഭക്ഷണം കഴിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ വരുന്നുണ്ട്. ഭക്ഷണത്തിനു മുടക്കിയ തുകയിൽ ‘സൗജന്യമായി വിമാനയാത്രയുടെ ഫീൽ’ കിട്ടിയെന്നാണ് അവർ അഭിപ്രായപ്പെട്ടത്.
വിമാന യാത്രികർക്കു ഭക്ഷണം നൽകുന്ന പ്ലാസ്റ്റിക് പ്ലെയിറ്റ്. സപ്ലെയർമാരായി യൂനിഫോം ധരിച്ച എയർഹോസ്റ്റസുമാർ. റസ്റ്ററന്റിൽ പ്രവേശിക്കുന്നവർക്കു ബോർഡിങ് പാസ് നൽകും. ഭക്ഷണം കഴിക്കാനുള്ള ടോക്കനാണ് പാസ്. കോക്പിറ്റിൽ കയറി ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‘വിമാന യാത്ര മിസ് ചെയ്യുന്നു’ എന്നു പരാതിപ്പെട്ടവരെ തൃപ്തിപ്പെടുത്തുന്നു എയർബസ് എ 330 വിമാനത്തിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റ്. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, ഇക്കണോമി എന്നിങ്ങനെ തരംതിരിച്ചാണ് സീറ്റുകളുടെ ക്രമീകരണം.
എയർ ട്രാവൽ നിലച്ചപ്പോൾ നിരാശരായ ആളുകളാണ് സ്റ്റമേഴ്സിൽ ഭൂരിഭാഗവും. സ്പെഗറ്റി കാർബൊനാര, തായ് ൈസ്റ്റൽ ബീഫ് എന്നിവയാണ് മെനുവിലെ പ്രധാന ഐറ്റം. വിമാനത്തിൽ വിളമ്പുന്ന ഊണ് (മീൽ) സ്വാദ് വ്യത്യാസമില്ലാതെ വിളമ്പുന്നു. മാർച്ച് 25 നു ശേഷം ആദ്യമായാണു വിമാനത്തിന്റെ പടി ചവിട്ടിയതെന്ന് പ്ലെയിൻ കഫേയിൽ എത്തിയവർ സന്തോഷം പ്രകടിപ്പിച്ചു. അവരെ സംതൃപ്തരാക്കാൻ വിമാനത്തിൽ ‘ലഗേജ്’ വച്ചിട്ടുണ്ട്. ട്രോളി ബാഗ് കയ്യിൽ പിടിച്ച് ഫോട്ടോ എടുക്കാം. യാത്ര ചെയ്ത അനുഭവം ‘ഫ്രീ’.
കച്ചവടം വിജയിച്ചതോടെ പട്ടായ, ബാങ്കോക്ക് നഗരങ്ങളിൽ ഇതേ മാതൃകയിൽ പുതിയ റസ്റ്ററന്റുകൾ തുറന്നു. ചോൻബുരി പ്രവിശ്യയിൽ ആരംഭിച്ച പ്ലെയിൻ കഫേയിൽ ബാറാണ് ആകർഷണം. ‘പറക്കുന്ന ഫീൽ’ ഉണ്ടാക്കും വിധമാണ് ഇന്റീരിയർ. ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കിയ ‘കഫേ വിപ്ലവ’ത്തിനു സർക്കാർ പ്രോത്സാഹനം ലഭിച്ചു. പട്ടായയിൽ ഇപ്പോൾ ടൂർ ഗൈഡുമാർ എടുത്തു പറയുന്നത് എയർലൈൻസ് കഫേകളുടെ പേരാണ്. വിനോദസഞ്ചാരം സാധാരണ ഗതിയിലെത്താൻ ഒന്നര വർഷം വേണ്ടി വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
സമീപ രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധയുടെ നിരക്കു കുറവുള്ള രാജ്യമാണു തായ്‌ലാൻഡ‍്. അഞ്ചു മാസത്തിനിടെ 3400 പേർക്കാണു വൈറസ് ബാധിച്ചത്. മരണസംഖ്യ 58. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ കർക്കശമായി നടപ്പാക്കിയ നിയന്ത്രണങ്ങളാണ് രോഗവ്യാപനത്തിന്റെ തോതു കുറച്ചതെന്ന് തായ്‌ലൻഡ് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.