കോവിഡ് നിയന്ത്രണത്തിന് ഏർപ്പെടുത്തിയ ലോക്ഡൗണിനു ശേഷം ടൂറിസം കേന്ദ്രങ്ങളിൽ ഈയാഴ്ച ഏറ്റവും ഉയർന്ന ബുക്കിങ്. റിപ്പബ്ലിക് ദിനത്തിനു മുൻപുള്ള ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂന്നാറിലും വയനാടുമുള്ള ഹോട്ടലുകളിൽ മുറി കിട്ടാനില്ല. ഊട്ടിയിലും കൊടൈക്കനാലും തൊണ്ണൂറു ശതമാനം റൂമുകൾ അഡ്വാൻസ് ബുക്കിങ്. ഗോവയിൽ സീസൺ അല്ലെങ്കിലും ബീച്ചിനു സമീപത്തുള്ള ഹോം േസ്റ്റകൾ ഫുൾ. വാരാന്ത്യ ദിനങ്ങളും ചൊവ്വാഴ്ചയിലെ റിപ്പബ്ലിക് ദിനവും ഉൾപ്പെടെ മൂന്ന് അവധി ഒരുമിച്ചു വന്നതാണ് തിരക്കിനു കാരണം.
ഉത്തരാഖണ്ഡ്, ലോണാവാലാ, റിഷികേശ്, ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ബുക്കിങ് ഈയാഴ്ച നാൽപ്പതു ശതമാനം വർധിച്ചു – പ്രമുഖ ഓൺലൈൻ ബുക്കിങ് വെബ്സൈറ്റ് മേക്ക് മൈ ട്രിപ്പ് സാക്ഷ്യപ്പെടുത്തി. എട്ടു മാസത്തിനിടെ ആദ്യമായി മുപ്പതു ശതമാനം ബുക്കിങ് കൂടിയെന്ന് യാത്ര ഡോട് കോം പ്രതിനിധി. ഹൈജീനിക് സാഹചര്യങ്ങളാണ് സഞ്ചാരികൾ തിരഞ്ഞെടുക്കുന്നതെന്ന് തോമസ് കുക്ക്, ഇന്ത്യ.
ഗുൽമാർഗ്, ആൻഡമാൻ, കബനി നാഷനൽ പാർക്ക്, ഡാർജലിങ് എന്നിവിടങ്ങളിൽ ടൂറിസം മേഖല ഉണർവു പ്രകടിപ്പിച്ചെന്ന് ഇഗ്ലൂ േസ്റ്റ എക്സിക്യൂട്ടിവ് ഓഫിസർ. സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് സഞ്ചാരികൾ വീണ്ടും യാഥാർഥ്യങ്ങളിലേക്ക് തിരിച്ചെത്തിയെന്നാണ് ബുക്കിങ് ഡോട് കോം മാനെജർ റി മെഹ്റോത്ര അഭിപ്രായപ്പെട്ടത്. ലോക്ഡൗണിനെ തുടർന്നു ബിസിനസ് കുറഞ്ഞപ്പോൾ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകൾ അൻപതു ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കോവിഡ് ഭയന്ന് യാത്രികർ വീടുകളിൽ ഒതുങ്ങി. എന്നാൽ, വാക്സിൻ എത്തിയതിനു ശേഷം സഞ്ചാരികൾക്ക് ആത്മവിശ്വാസം വർധിച്ചു.