ഒരു പൂവ് അന്വേഷിച്ചവർക്കു പൂക്കാലം കിട്ടിയ സന്തോഷത്തിലാണു സഹാറ മരുഭൂമിയിൽ എത്തിയവർ. മണൽപ്പരപ്പിൽ മഞ്ഞിന്റെ വെളുത്ത പുതപ്പ്. ചിത്രകാരന്മാരുടെ സൃഷ്ടിയിലെ സ്വർഗം പോലെ മനോഹരം. കോവിഡിന്റെ വ്യാപനം ഭയക്കാതെ ഫൊട്ടോഗ്രഫർമാർ ആഫ്രിക്കയിലേക്കു വീസ അന്വേഷിക്കുകയാണ്, മരുഭൂമിയിലെ മഞ്ഞുവീഴ്ച കാണാൻ...
സൗദി അറേബ്യയിൽ നിന്നാണ് ഇക്കുറി മഞ്ഞു പുതച്ച മണലാരണ്യങ്ങളുടെ ഫോട്ടോ ആദ്യം വന്നത്. ഗോതമ്പിൽ പഞ്ചസാര വിതറിയ പോലെ നേർത്ത മഞ്ഞിന്റെ വര മാത്രമായിരുന്നു അത്. എന്നാൽ സഹാറ മരുഭൂമിയെ ഇക്കുറി ശൈത്യകാലം വാരിപ്പുണർന്നു. തീരത്തേയ്ക്കു തിരമാല പോലെ മണൽപ്പരപ്പിൽ മഞ്ഞിന്റെ ആവരണം. എയ്ൻ സെഫ്ര എന്ന സ്ഥലത്ത് എത്തിയ ഫൊട്ടോഗ്രഫർമാർ ക്യാമറയ്ക്കു കിട്ടിയ വിരുന്ന് ലോകവുമായി പങ്കുവച്ചു.
സഹാറ മരുഭൂമിയുടെ ‘ഗേറ്റ് വേ’ എന്നറിയപ്പെടുന്ന പ്രദേശമാണ് അൾജീരിയയിലെ എയ്ൻ സെഫ്ര. സമുദ്ര നിരപ്പിൽ നിന്ന് ആയിരം മൈൽ ഉയരത്തിലാണ് അറ്റ്ലസ് പർവത നിരയുടെ താഴ്‌വരയിലുള്ള എയ്ൻ സെഫ്ര. ഇപ്പോൾ അവിടെ ശൈത്യകാലമാണ്. താപനില രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നു. സൂര്യൻ അസ്തമിച്ചാൽ മഴച്ചാറ്റൽ പോലെ മഞ്ഞു പെയ്യുന്നു. മരുഭൂമിയുടെ ഇളം ചുവപ്പു നിറം രാത്രിയിൽ വെളുത്ത പഞ്ഞിക്കെട്ടായി മാറുന്നു. ഉദയസൂര്യന്റെ കിരണങ്ങൾ പതിക്കുന്ന പ്രഭാതദൃശ്യം അതിമനോഹരം.
ഗൾഫ് മേഖലയിലും ഇതു മഞ്ഞുകാലമാണ്. സൗദി അറേബ്യയിലാണ് ഇക്കുറി ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അൻപതു വർഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന തണുപ്പ് 2021 ജനുവരിയിലെന്ന് അറബ് മാധ്യമങ്ങൾ. 2017ൽ മഞ്ഞു പെയ്തെങ്കിലും തെളിഞ്ഞു സാധിച്ചിരുന്നില്ല.