Saturday 19 January 2019 04:22 PM IST

‘ഇതിനു മുൻപൊരിക്കലും പട്ടി വലിക്കുന്ന വാഹനത്തിൽ യാത്ര ചെയ്തിട്ടില്ല’; അദ്‌ഭുതപ്പെടുത്തിയ യാത്രാനുഭവം പങ്കുവച്ച് സന്തോഷ് ജോർജ് കുളങ്ങര

Baiju Govind

Sub Editor Manorama Traveller

geo1

രണ്ടര മാസം മുൻപാണ് സന്തോഷ് ജോർജ് അലാസ്കയിൽ പോയത്. മഞ്ഞുമൂടിയ കുന്നുകളിലൂടെ സ്ലെഡ്ജിലായിരുന്നു സഞ്ചാരം. സാരഥിയോടു ചില സൂത്രങ്ങൾ പറഞ്ഞ് മൂന്നാൾക്കു കയറാവുന്ന സ്ലെഡ്ജിന്റെ ഒരേയൊരു ഇരിപ്പിടം സന്തോഷ് സ്വന്തമാക്കി. ആ വണ്ടിയിലിരിക്കുന്ന സമയത്ത് അദ്ദേഹം കഴിഞ്ഞ ഇരുപതു വർഷങ്ങളിലേക്കൊന്നു തിരിഞ്ഞു നോക്കി. ‘‘ഇല്ല, ഇതിനു മുൻപൊരിക്കലും പട്ടി വലിക്കുന്ന വാഹനത്തിൽ യാത്ര ചെയ്തിട്ടില്ല’’ പതിനാറു പട്ടികൾ ചേർന്നു വലിക്കുന്ന സ്ലെഡ്ജിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും ഇരുവശങ്ങളിൽ നിന്നും സന്തോഷ് ക്യാമറയിൽ പകർത്തി. കാഠ്മണ്ഡുവിൽ തുടങ്ങി കരീബിയൻ ദ്വീപുകളും കടന്ന് നൂറ്റിപ്പത്തു രാജ്യങ്ങൾ താണ്ടിയ സഞ്ചാരത്തിന്റെ അധ്യായങ്ങളിൽ സ്ലെഡ്ജ് യാത്ര അങ്ങനെയൊരു മൈൽക്കുറ്റിയായി. പാലായ്ക്കടുത്തു മരങ്ങാട്ടുപിള്ളിയിലുള്ള കുളങ്ങരത്തറവാട്ടിലിരുന്ന് സന്തോഷ് തന്റെ ഓർമപ്പുസ്തകം തുറന്നപ്പോൾ ഇതുപോലുള്ള കൗതുകങ്ങൾ ആ പൂമുഖത്ത് ചന്നംപിന്നം ചിതറി.

നടുക്കിയ കാഴ്ച

geo3

തനിക്ക് ഇഷ്ടമല്ലാത്ത പതിനായിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ പോൾപോട്ട് എന്ന ഏകാധിപതി ഭരിച്ചിരുന്ന നാടാണ് കംബോഡിയ. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ജനങ്ങളെ കൂട്ടത്തോടെ തല്ലിക്കൊല്ലാൻ പോൾപോട്ട് ഉത്തരവിടുകയായിരുന്നു. ജനങ്ങളെ തലയ്ക്കടിച്ചു കൊല്ലുന്ന സ്ഥലം കില്ലിങ് ഫീൽഡ് എന്നാണ് അറിയപ്പെടുന്നത്. കില്ലിങ് ഫീൽഡിൽ ഒരു പനയുണ്ട്. അതിന്റെ മുകളിൽ മൈക്കു കെട്ടി ഉച്ചത്തിൽ പാട്ടു വച്ച ശേഷമാണ് ആളുകളെ കൊലപ്പെടുത്തിയിരുന്നത്. തലയോടു പിളർന്നവരുടെ നിലവിളി കേട്ടാണ് എൺപതുകളിലെ കംബോഡിയ സൂര്യോദയം കണ്ടിരുന്നത്.

geo4

ഇതെല്ലാം കേട്ട് മരവിച്ച മനസ്സോടെ ഞാൻ കംബോഡിയയിൽ ചെന്നിറങ്ങി. അങ്കോർ വെറ്റ് എന്ന പട്ടണത്തിലെ ആദ്യത്തെ കാഴ്ച എന്നെ വല്ലാത്തൊരു മാനസികാവസ്ഥയിലാക്കി. മനുഷ്യരുടെ തലയോട്ടികൾ കൂട്ടിവച്ചാണ് ഒരു കവലയിൽ ട്രാഫിക് ഐലൻഡ് ഉണ്ടാക്കിയിട്ടുള്ളത്. ഒരാളെ കാണാനില്ലാതായാൽ കോളിളക്കമുണ്ടാകുന്ന നമ്മുടെ നാടും കംബോഡിയയിലെ ആ കാഴ്ചയും താരതമ്യം ചെയ്തു നോക്കിയപ്പോൾ എനിക്കു തല ചുറ്റുന്നപോലെ തോന്നി.

മനുഷ്യന്റെ അസ്ഥികളിലും തലയോട്ടിയിലും ചവിട്ടിയാണ് കില്ലിങ് ഫീൽഡിലൂടെ നടന്നത്. വഴികാട്ടിയായി എത്തിയ ചെറുപ്പക്കാരൻ അവിടെയുള്ള ഒരു മരം ചൂണ്ടിക്കാട്ടി. പോൾപോട്ടിന്റെ പട്ടാളക്കാർ പിഞ്ചു കുഞ്ഞുങ്ങളെ കാലിൽ തൂക്കിപ്പിടിച്ച് അടിച്ചു കൊന്നിരുന്ന മരമാണത്. അസ്ഥിക്കഷണങ്ങൾകൊണ്ടു ബാറ്റുണ്ടാക്കി ആ മരത്തിന്റെ ചുവട്ടിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ ഞാൻ കണ്ടു.

ജയിലുകൾ നിറഞ്ഞപ്പോൾ കൊല്ലാനുള്ളയാളുകളെ ഒരു സ്കൂൾ കെട്ടിടത്തിലാണ് പാർപ്പിച്ചിരുന്നത്. എസ്Ð21 എന്ന ഹൈസ്കൂൾ ഇപ്പോൾ സന്ദർശന കേന്ദ്രമാണ്. ക്ലാസ് മുറികളുടെ ചുമരിൽ ഒരിഞ്ച് സ്ഥലം പോലുമില്ലാതെ ഫോട്ടോകൾ തൂക്കിയിട്ടുണ്ട്. കൊല്ലുന്നവരുടെയെല്ലാം ഫോട്ടോ എടുക്കണമെന്നു പോൾപോട്ട് കർശനം നിർദേശം നൽകിയിരുന്നത്രേ. എന്റെ വഴികാട്ടി എന്നെക്കാൾ കൗതുകത്തോടെ ആ ഫോട്ടോകൾ സൂക്ഷിച്ചു നോക്കുന്നതു കണ്ട് എനിക്ക് ആശ്ചര്യം തോന്നി. എല്ലാ ദിവസവും ആ ഹാളിൽ കയറിയിറങ്ങുന്ന അയാൾക്ക് ഇതിലെന്തു കൗതുകം?

സ്കൂളിൽ നിന്നിറങ്ങിയ ശേഷം ഞാൻ കാര്യം തിരക്കി. തന്റെ മുഖച്ഛായയുള്ള ആരെങ്കിലും അക്കൂട്ടത്തിലുണ്ടോ എന്നറിയാനുള്ള അന്വേഷണത്തിലാണ് അയാൾ. അവന് ഏഴു വയസ്സുള്ളപ്പോൾ വീട്ടുമുറ്റത്തു നിന്നു പട്ടാളക്കാർ പിടിച്ചു കൊണ്ടുപോയ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുഖമാണ് അവൻ തിരഞ്ഞുകൊണ്ടിരിക്കുന്നത്...

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ടൂർ ഗൈഡുകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ചരിത്രത്തിന്റെ ആഘാതമേറ്റ ഒരു പ്രതിനിധിയെ വഴികാട്ടിയായി ഒരിക്കൽ മാത്രമേ കിട്ടിയിട്ടുള്ളൂ.

ശരിക്കുമുള്ള ലോകാദ്ഭുതങ്ങൾ

ഓരോ രാജ്യത്തു ചെല്ലുമ്പോഴും ലോകാദ്ഭുതമാണെന്നു പറഞ്ഞ് അവിടത്തുകാർ ആ നാട്ടിലെ വലിയൊരു നിർമിതി ചൂണ്ടിക്കാണിക്കും. അങ്ങനെ നോക്കിയാൽ ലോകാദ്ഭുതങ്ങൾ നൂറിലേറെയുണ്ടാകും. അവയെല്ലാം നിരത്തിവയ്ക്കുമ്പോൾ ചൈനയുടെ വൻമതിലാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. ആറായിരം കിലോമീറ്റർ നീളം. കഷ്ടിച്ചൊരു ടിപ്പർ ലോറി കടന്നു പോകാവുന്നത്ര വീതി. ഇടവിട്ട് ഓരോ സ്ഥലങ്ങളിലായി ഗോപുരവും കോട്ടയുമുണ്ട്. അത്രയും വലിയൊരു മതിൽ കെട്ടിപ്പൊക്കാൻ എന്തു മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും, എത്ര പണം ചെലവാക്കിയിട്ടുണ്ടാകും, എത്ര പേർ അധ്വാനിച്ചിട്ടുണ്ടാകും? കേരളത്തിൽ നിന്നു കശ്മീർ വരെ മൂവായിരം കിലോമീറ്ററേയുള്ളൂ. അതിന്റെ ഇരട്ടി നീളത്തിൽ കിടക്കുകയാണ് ചൈനയുടെ വൻമതിൽ!

geo6

ക്രുയിസ് ഷിപ്പാണ് എന്നെ അമ്പരപ്പിക്കുന്ന മറ്റൊരു സാധനം. പതിനാറു നില. രണ്ടായിരം ജോലിക്കാർ. നാലായിരം യാത്രികർ. കിടപ്പുമുറികൾ, വരാന്തകൾ, റസ്റ്ററന്റുകൾ, സ്റ്റേജുകൾ, ബാറുകൾ, കാസിനോകൾ, നീന്തൽക്കുളങ്ങൾ...ദിവസേന നൃത്തവും പാട്ടും നാടകവും കാണാം, ബാറുകളും കാസിനോകളും ആസ്വദിക്കാം.

ഒരു ക്രുയിസ് ഷിപ്പ് നീറ്റിലിറക്കിയാൽ ഡീകമ്മീഷൻ (പൊളിച്ചു വിൽക്കുക) ചെയ്യുന്നതു വരെ അതിന്റെ എൻജിൻ ഓഫ് ചെയ്യാറില്ല;നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തെ മികച്ച ക്രുയിസ് ഷിപ്പ് കമ്പനികളായ കാർണിവൽ, സിൽജലൈൻ എന്നിവയുടെ കപ്പലുകളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അമേരിക്കയിലെ പ്യൂട്ടോ റിക്കയിൽ നിന്നു പുറപ്പെട്ട് ബാർബഡോസ്, സെന്റ് ലൂസിയ, സെന്റ് കിറ്റ്സ്, സെന്റ് തോമസ്, സെന്റ് മാർട്ടിൻ ദ്വീപുകളിലൂടെ യാത്ര ചെയ്ത് പുറപ്പെട്ട സ്ഥലത്തു തിരിച്ചെത്തുന്ന ടൂർ. രാത്രിയിൽ മാത്രമാണു യാത്ര. നേരം വെളുക്കുമ്പോൾ ഏതെങ്കിലുമൊരു തുറമുഖത്ത് നിർത്തിയിടും. ആ നാടു മുഴുവൻ ചുറ്റിക്കണ്ട് എല്ലാവരും തിരിച്ചെത്തിയ ശേഷം വൈകുന്നേരത്തോടെ അടുത്ത സ്ഥലത്തേക്കു നീങ്ങും.

അതെല്ലാം അങ്ങനെ നിലനിൽക്കട്ടെ

പൊടുന്നനെ മാറ്റങ്ങൾ സംഭവിച്ച് വളർന്നു വലുതായ രാജ്യമാണു ദുബായ്. ദുബായ് നഗരം മരുഭൂമിയുടെ നടുവിൽ ആഡംബരങ്ങളോടെ പടർന്നു പന്തലിച്ചു കിടക്കുന്നു. അതേസമയം, മറ്റൊരു മരുപ്രദേശമായ ഈജിപ്ത് വലിയ മാറ്റങ്ങളില്ലാതെ പഴമ നിലനിർത്തുന്നു. ഇപ്പോഴും പല പിരമിഡുകളുടെയും നിഗൂഢത നീങ്ങിയിട്ടില്ല. വിലമതിക്കാനാവാത്ത സമ്പത്ത് മൂടിവച്ച നിരവധി പിരമിഡുകൾ മലയിടുക്കുകളിൽ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ആസ്വാൻ, ലക്സർ തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിലാണ് വ്യത്യസ്തമായ കാഴ്ചകളുള്ളത്.

geo5

അതുപോലെത്തന്നെയാണ് ജോർദാനിലെ വാദി റം. അവിടുത്ത മരുഭൂമികൾ അതിമനോഹരങ്ങളാണ്. ചുവന്ന പാറകൾക്കു താഴെയുള്ള മണൽപ്പരപ്പു കണ്ടാൽ കിടന്നുരുളാൻ തോന്നും. ഡെസേർട്ട് ക്യാംപുകളിലെ രാത്രികൾ ഒരിക്കലും മറക്കാനാവില്ല. ഇതു പറയുമ്പോൾ സിറിയയിലെ പാൽമിറ നഗരവും ഓർമയിലെത്തുന്നു. മൂവായിരം വർഷങ്ങൾക്കു മുൻപ് ദീർഘവീക്ഷണത്തോടെ നിർമിച്ച നഗരമാണു പാൽമിറ. ആ ചരിത്ര നഗരത്തിലെ അതിഗംഭീര നിർമിതികളെല്ലാം ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത വിധം ആക്രമണങ്ങളിൽ തകർന്നു.

geo7

പൗരാണികത എന്നും അതുപോലെ നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന നഗരങ്ങളിലൊന്നാണ് ഇന്തോനേഷ്യയിലെ ബാലി. യഥാർഥത്തിലൊരു ഹിന്ദു രാഷ്ട്രം ഉണ്ടെങ്കിൽ അതു ബാലിയാണ്. രാമായണവും മഹാഭാരതവുമൊക്കെ അവിടത്തുകാർ ജീവിതത്തിലൂടെ കാണിച്ചു തരുന്നു. ബാലിയിലെ ഓരോ ജംക്‌ഷനുകളിലും ഇതിഹാസ കഥാപാത്രങ്ങളുടെ ശിൽപങ്ങൾ കാണാം. ഗ്രാമങ്ങളും കവലകളും മലകളും പുരാണ കഥാപാത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.

എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുള്ള നാട് ലാവോസാണ്. പൗർണമിയോടനുബന്ധിച്ച് ലാവോസിലെ ലുവാങ് പ്രബാങ്ങിൽ പോയിരുന്നു. ആണ്ടിലൊരിക്കൽ നടത്തുന്ന പൗർണമി ആഘോഷം അതിഗംഭീരം. ആ നാട്ടിലുള്ള ബുദ്ധ സന്യാസികൾ ഈ ദിവസം ഭിക്ഷയ്ക്കിറങ്ങും. രാവിലെ ആറു മണിയാകുമ്പോഴേക്കും ആളുകൾ അവർക്കു നൽകാൻ ഭിക്ഷയുമായി വീടിനു മുന്നിൽ കാത്തു നിൽക്കും. അയ്യായിരം സന്യാസിമാരും അവരെ സ്വീകരിക്കാൻ നിൽക്കുന്ന അൻപതിനായിരം ആളുകളും ചേർന്ന് ലുവാങ് പ്രഭാങ് പൂരപ്പറമ്പായി മാറും.

ഒരു വിട്ടീൽ നിന്ന് ഒരു തവി ചോറു വീതം സ്വീകരിച്ചാലും നാലു വീടു കടക്കുമ്പോഴേക്കും സന്യാസിമാരുടെ പാത്രം നിറയും. പിന്നീടു കിട്ടുന്ന വിഭവങ്ങളെല്ലാം ബുദ്ധഭിക്ഷുക്കൾ തങ്ങളുടെ പുറകെ കൂടുന്ന ദരിദ്രർക്കു നൽകും. ഭിക്ഷ നൽകലും സ്വീകരിക്കലും ദാനവുമായി സന്മാർഗപാഠമാണ് ലാവോസിലെ പൗർണമി ഉത്സവം. ജനങ്ങളുടെ ഭിക്ഷയിലാണ് ജീവിതമെന്നു സന്യാസിമാരെ ഓർമപ്പെടുത്താനാണ് ഭിക്ഷാടനം നടത്തുന്നത്; സന്യാസിമാർക്കു ഭിക്ഷ നൽകാനുള്ള ചുമതല ജനങ്ങൾക്കാണെന്നൊരു ബോധ്യപ്പെടുത്തലും ഇതിനൊപ്പം സംഭവിക്കുന്നു.

ആഘോഷിക്കാൻ പറ്റിയ രാജ്യം

ശരിക്കും ആഘോഷിക്കാൻ പറ്റിയ നാട് അമേരിക്കയിലെ ലാസ് വെഗാസാണ്. ലാസ് വെഗാസ് സന്ദർശിക്കുന്നവർക്ക് ജീവിതത്തെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന മുൻവിധികളും സമവാക്യങ്ങളുമൊക്കെ മാറും. മൂന്നു ദിവസത്തെ ട്രിപ്പിന് ഒരു ലക്ഷം രൂപ മുടക്കിയാലും നഷ്ടം തോന്നില്ല.

geo8

ആഘോഷം എന്ന വാക്കിന് നിങ്ങൾ കൽപ്പിച്ചിട്ടുള്ള അർഥങ്ങളെക്കാൾ എത്രയോ ഉയരത്തിലാണ് ലാസ് വെഗാസ്. വൈകിട്ട് ആറു മണിക്കു ശേഷം ഫ്രെമോണ്ട് സ്ട്രീറ്റിൽ എത്തുന്നവർക്ക് സ്വപ്നത്തിന്റെ പടിവാതിലിൽ എത്തിയതായി തോന്നും. എൽഇഡി ഷോ, പൈറേറ്റ് ഷോ, കോമഡി പ്രോഗ്രാം, റാപ് മ്യൂസിക്... കണ്ണുകൾ മാസ്മരിക ലോകത്തേക്ക് ഒഴുകുന്നു. കാസിനോകൾ അവിടെ അറിയപ്പെടുന്നത് ‘ചൂതാട്ടം’ എന്ന വിലാസത്തിലല്ല. അതൊക്കെ വാശിയേറിയ ഗെയിമുകളാണ്.

ലാസ് വെഗാസിലെ രാത്രികൾക്കു നീളം കുറവാണെന്നു തോന്നും. ആഘോഷത്തിമിർപ്പിനിടെ പൊടുന്നനെ നേരം പുലരും. പകൽ സമയത്ത് ഗ്രാൻഡ് കെനിയൻ, ഡെത്ത് വാലി, ഹൂവർഡാം എന്നിവിടങ്ങൾ സന്ദർശിക്കാം. അല്ലെങ്കിൽ ഉട്ടയിലെ മരുപ്രദേശങ്ങളിലേക്കു സഫാരി പോകാം.

മലയാളിയില്ലാത്ത നാട്

ഡിഗ്രിക്കു പഠിക്കുന്ന സമയത്തു തന്നെ ഭാവിയിലൊരു ഡോക്ടറോ എൻജിനീയറോ ആവാൻ‌ പോകുന്നില്ലെന്ന് സന്തോഷ് സ്വയം വിധിയെഴുതി. എന്നാൽപിന്നെ സീരിയൽ സംവിധായകനാകാമെന്നു കരുതി ദൂരദർശനെ സമീപിച്ചു. അക്കാലത്ത് സീരിയൽ രംഗത്തുണ്ടായിരുന്ന മത്സരങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കാനേ സാധിച്ചുള്ളൂ. അതിനു ശേഷമാണ് സ്വന്തമായൊരു വഴി തേടി സഞ്ചാരത്തിൽ ലാൻഡ് ചെയ്തത്. പതിനായിരം രൂപയും പോക്കറ്റിലിട്ട് നേപ്പാളിലേക്കു വിമാനം കയറുമ്പോൾ സന്തോഷിന് ഇരുപത്തി രണ്ടു വയസ്സ്. സ്വന്തമെന്നു പറയാനൊരു പാസ്പോർട്ടു പോലും ഉണ്ടായിരുന്നില്ല. പടുകൂറ്റൻ ക്യാമറയും കെട്ടിപ്പിടിച്ചുള്ള ആ വിമാനയാത്ര സന്തോഷ് ഇന്നലെയെന്ന പോലെ ഓർക്കുന്നു.

‘‘വിമാനത്തിന്റെയുള്ളിൽ നടുഭാഗത്തെ സീറ്റാണ് എനിക്കു കിട്ടിയത്. ഒഴിഞ്ഞു കിടക്കുന്ന വിൻഡോ സീറ്റിലേക്ക് മാറി ഇരിക്കട്ടേയെന്ന് എയർ ഹോസ്റ്റസിനോടു ചോദിച്ചു. അതു പൈലറ്റ് കേട്ടു. അദ്ദേഹം എന്നെ വിളിച്ച് ഡോറിന്റെ അടുത്തുള്ള സീറ്റിലിരുത്തി. നേപ്പാളിലെ പഗോഡകൾക്കു മുകളിലെത്തിയപ്പോൾ എന്റെ ക്യാമറയ്ക്കു വേണ്ടി വിമാനം ചെരിച്ചു പറത്തിയ രത്തൻ ലാമ എന്ന പൈലറ്റിനെ ഞാനൊരിക്കലും മറക്കില്ല.’’

ഏതു വാഹനത്തിലാണ് ഏറ്റവും കൂടുതൽ യാത്ര ചെയ്തതെന്നു ചോദിച്ചാൽ സന്തോഷിന് ഒറ്റ മറുപടി Ð വിമാനം.

‘‘അച്ഛന് മരങ്ങാട്ടുപിള്ളിയിൽ ഒരു പാരലൽ കോളജ് ഉണ്ടായിരുന്നു. എല്ലാ വർഷവും രണ്ടു തവണ കുട്ടികളുമായി സ്കൂളിൽ നിന്നു ടൂർ പോകും. വീട്ടിൽ ഒറ്റയ്ക്കിടാൻ വയ്യാത്തതുകൊണ്ട് ഞങ്ങളെയും കൂടെ കൂട്ടുമായിരുന്നു. എനിക്കു പന്ത്രണ്ടു വയസ്സായപ്പോഴേക്കും ഗോവ, തിരുപ്പതി തുടങ്ങി ദക്ഷിണേന്ത്യ മുഴുവനും കണ്ടു.’’

സന്തോഷ് ജോർജ് കുളങ്ങരയല്ലാതെ, യാത്ര ചെയ്യാൻ മാത്രം നൂറ്റിപ്പത്തു രാജ്യങ്ങൾ സന്ദർശിച്ച മറ്റൊരു ഇന്ത്യക്കാരനുള്ളതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ മലയാളിയില്ലാത്ത ഒരു രാജ്യം ഈ ഭൂമിയിലില്ലെന്നു സന്തോഷ് പറയുന്നതു വിശ്വാസത്തിലെടുക്കാം.

‘‘ഒന്നര വർഷം മുൻപ് നോർവെയിലെ നോർത്ത് പോളിനടുത്തുള്ള ഒരു ദ്വീപിൽ പോയിരുന്നു. വർഷത്തിലൊരിക്കൽ മാത്രം ഒരു യാത്രാ കപ്പൽ വന്നു പോകുന്ന ദ്വീപാണത്. ആ ദ്വീപിനെക്കുറിച്ചുള്ള വിഡിയോ സംപ്രേഷണം ചെയ്തതിന്റെ പിറ്റേന്നാൾ എനിക്കൊരു ഇമെയിൽ വന്നു. ഇനി വരുമ്പോൾ വീട്ടിൽ കയറാൻ മറക്കരുതെന്നു പറഞ്ഞുകൊണ്ട് ദ്വീപിൽ നിന്നൊരു മലയാളിയുടെ ക്ഷണം!’’

ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനം പൂർത്തിയാക്കി അമേരിക്കയിൽ നിന്നുള്ള വിളി കാത്തിരിക്കുകയാണ് സന്തോഷ്. അന്യഗ്രഹങ്ങളിൽ മനുഷ്യവാസമില്ലെന്നാണ് ഇതുവരെയുള്ള അറിവ്. അതു ശരിയാണോ എന്ന കാര്യം അറിയാൻ കുറച്ചു നാളുകൾ കൂടി കാത്തിരിക്കേണ്ടി വരും...