ഇഡ്ഡലിയെ കുറ്റപ്പെടുത്തിയ ബ്രിട്ടിഷ് പ്രഫസർക്ക് ചുട്ട മറുപടി നൽകി ശശി തരൂർ. സംസ്കാരം അത്ര എളുപ്പത്തിൽ പഠിക്കാനാവില്ലെന്നു സ്നേഹത്തിന്റെ ഭാഷയിൽ തരൂർ ഓർമിപ്പിച്ചു. ‘ലോകത്ത് ഏറ്റവും ബോറടിപ്പിച്ച സാധനമാണ് ഇഡ്ഡലി’ എന്നാണു ബ്രിട്ടിഷ് പ്രഫസർ എഡ്വാർഡ് ആൻഡേഴ്സൻ ട്വിറ്ററിൽ കുറിച്ചത്. ‘പാവം മനുഷ്യൻ, ജീവിതം എന്താണെന്ന് അറിയില്ല’ തരൂർ മറുപടിയിട്ടു. ദക്ഷിണേന്ത്യയിലെ ഇഡ്ഡലി പ്രേമികൾ വിഷയം ഏറ്റെടുത്തു. ഇഡ്ഡലിയെ സംരക്ഷിക്കാനായി ഇപ്പോൾ ഓൺലൈനിൽ വാക്പോര് നടക്കുകയാണ്.
ദക്ഷിണേഷ്യയെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയിട്ടുള്ള പ്രഫസറാണ് എഡ്വാർഡ് ആൻഡേഴ്സൻ. ബിരുദാനന്തര ബിരുദം നേടിയത് ഇന്ത്യയിൽ നിന്നാണ്. ഇപ്പോൾ കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ ഹിസ്റ്ററി പ്രഫസർ. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും അദ്ദേഹം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ‘സൊമാറ്റോ ഇന്ത്യ’യുടെ ഒരു ട്വീറ്റിന് ബ്രിട്ടിഷ് പ്രഫസർ നൽകിയ കമന്റാണ് ഇഡ്ഡലി പ്രിയരെ ചൊടിപ്പിച്ചത്. ‘‘ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഇഡ്ഡലി. എന്താണു കാരണം? നിങ്ങൾക്ക് ഇഷ്ടമുള്ള വിഭവത്തിന്റെ പേര് പറയൂ’’ ഇതാണ് സൊമാറ്റോ ഇന്ത്യ ട്വീറ്റ് ചെയ്തത്. ഇതു കണ്ട ഉടനെ ബ്രിട്ടിഷ് യൂനിവേഴ്സിറ്റി അധ്യാപകൻ കൂടിയായ ആൻഡേഴ്സൻ ട്വീറ്റ് ചെയ്തു – ‘ലോകത്ത് ഏറ്റവും ബോറിങ് സാധനം.’
ആൻഡേഴ്സന്റെ പരാമർശം തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ മകൻ ഇഷാൻ ട്വിറ്ററിൽ പങ്കുവച്ചു. ഇഡ്ഡലിയുടെ ആരാധകനായ ശശി തരൂർ തൊട്ടു പുറകെ ആൻഡേഴ്സനു മറുപടി നൽകി. ഓട്ടൻതുള്ളൽ കാണലും ഇഡ്ഡലിയുടെ രുചി ആസ്വദിക്കലും എല്ലാവർക്കും സാധ്യമായ കാര്യമല്ല. സംസ്കാരം പഠിക്കൽ അത്ര എളുപ്പമല്ല. ആൻഡേഴ്സനോട് സഹതാപം തോന്നുന്നു – അദ്ദേഹം തുറന്നെഴുതി. ഇത്രയുമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ ഇഡ്ഡലിയെ അനുകൂലിച്ച് രംഗത്തെത്തി. ബ്രിട്ടിഷ് പ്രഫസർക്ക് ഇഡ്ഡലിയുടെ സ്വാദ് മനസ്സിലാക്കാൻ കഴിയില്ലെന്ന് അവർ കുറ്റപ്പെടുത്തി. ദക്ഷിണേന്ത്യയുടെ സ്വന്തം വിഭവമായ ഇഡ്ഡലിയുടെ കടുത്ത ആരാധകരിൽ ചിലർ ആൻഡേഴ്സനെതിരേ രോഷം പ്രകടിപ്പിച്ചു. ഇഡ്ഡലിയുടെ ഫോട്ടോയുമായി സ്വന്തം നിലപാടിൽ ഉറച്ചു നിന്ന് ആൻഡേഴ്സൻ വീണ്ടും ട്വീറ്റ് ചെയ്തു. ഇഡ്ഡലി പ്രിയർ പ്രഫസറുടെ പിന്നാലെ കൂടി മറുപടി നൽകിക്കൊണ്ടിരിക്കുന്നു.
ഇഡ്ഡലിയുടെ പേരിൽ അറിയപ്പെടുന്ന ‘ രാമശ്ശേരി’ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്ന ജില്ലയാണു പാലക്കാട്. പാലക്കാട് ആലത്തൂരിനു സമീപം തരൂരാണു ശശി തരൂരിന്റെ തറവാട്. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഇഡലിയോടു തനിക്കുള്ള ഇഷ്ടം വെളിപ്പെടുത്താൻ തരൂർ മടിക്കാറില്ല. ഇക്കഴിഞ്ഞ മാർച്ച് 30ന് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഇഡ്ഡലിയുടെയും ചട്നിയുടേയും ചിത്രം വൈറലായി. ‘‘എല്ലാ ദിവസങ്ങളും എനിക്ക് ഇഡ്ഡലി ദിനങ്ങളാണ്. മാർച്ച് 30 ഇഡ്ഡലി ദിനമാണ്. ദൈവം അല്ലെങ്കിൽ മനുഷ്യൻ നിർമിച്ച ഏറ്റവും രുചികരമായ വിഭവം’’ തരൂർ ട്വീറ്റ് ചെയ്തു. ചട്നിയും ഉള്ളിച്ചമ്മന്തിയും സാമ്പാറും ഉൾപ്പെടെ പത്തു കറികൾ നിരത്തിയ ഫോട്ടോയ്ക്ക് ലൈക്കും കമന്റും പ്രവഹിച്ചു.
ഇഡ്ഡലിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമം
ഇഡ്ഡലിയുടെ പേരിൽ ഒരു ഗ്രാമവും ഗ്രാമത്തിന്റെ പേരിൽ ഇഡ്ഡലിയും പ്രശസ്തമായ നാടാണു രാമശ്ശേരി. പാലപ്പത്തിന്റെ വട്ടം, ദോശയുടെ രൂപം, ഇഡ്ഡലിയുടെ സ്വാദ് – അതാണു രാമശ്ശേരി ഇഡ്ഡലി.
പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ പുതുശ്ശേരിയിൽ നിന്നു വലത്തോട്ടുള്ള വഴി രാമശ്ശേരിയിലേക്കുള്ളതാണ്. മുളങ്കാടും താമരക്കുളവുമുള്ള പറമ്പുകളുടെ നടുവിൽക്കൂടി കാളവണ്ടിയും ഉന്തുവണ്ടിയും പോകുന്ന റോഡ്. മുള്ളുവേലി കെട്ടിയ പുരയിടങ്ങൾക്കരികെ മാരിയമ്മൻ ക്ഷേത്രം. സമീപത്തു സരസ്വതി ടീ സ്റ്റാൾ. ഇഡലി തയാറാക്കുന്നതു സരസ്വതി.
പുട്ടുകുടം പോലെയുള്ള പാത്രം. അതിനു മീതെ ചെറിയ കഷണം വെള്ളത്തുണി വിരിച്ച് വട്ടത്തിൽ മാവു പരത്തുന്നു. നീളമുള്ള പാത്രം കൊണ്ടു മൂടിവയ്ക്കുന്നു. നാല് ഇഡ്ഡലി ഒരുമിച്ചു വേവിക്കാം. അഞ്ചു മിനിറ്റിൽ ഒരു തവണ വീതം പാത്രം തുറന്നടയ്ക്കണം. പത്തു മിനിറ്റിനുള്ളിൽ രാമശ്ശേരി ഇഡ്ഡലി തയാർ. മുളകു ചട്നിയും സാമ്പാറുമാണു കോംബിനേഷൻ. വിറകടുപ്പിന്റെ ആവിയിൽ കൃത്യമായ വേവ്. ദോശയുടെ രൂപത്തിൽ മൃദുലമായ ഇഡ്ഡലി. രാവിലെ പത്തു മണി മുതൽ സരസ്വതി ടീസ്റ്റാളിൽ ഇഡ്ഡലി കഴിക്കാൻ എത്തുന്നവരുടെ തിരക്കാണ്.