Tuesday 06 October 2020 03:41 PM IST

ഉത്തർപ്രദേശ് സർക്കാർ ‘ജീവിതം പഠിക്കാൻ’ ബുദ്ധന്റെ പാത തെളിക്കുന്നു: ടൂറിസം പദ്ധതിക്കു ചെലവ് 50 കോടി

Baiju Govind

Sub Editor Manorama Traveller

Kaushambi-city

ജീവിതത്തിന്റെ അർഥവും ജീവിതം പഠിപ്പിച്ച അർഥമില്ലായ്മയും തിരിച്ചറിഞ്ഞ്, പണ്ഡ‍ിതനായ ശേഷവും ഗൗതമബുദ്ധൻ ധാരാളം യാത്ര ചെയ്തിരുന്നു. ഗൗതമൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിൽ. ഇന്ദ്രിയജയം നേടി ബോധോദയം നേടിയത് ബിഹാറിലെ ഗയയിൽ. ആദ്യ പ്രബോധനം സാരനാഥിൽ, നിർവാണം പ്രാപിച്ചത് ഖുശിനഗറിൽ. ഇക്കാലത്തിനിടെ ബുദ്ധതത്വങ്ങളുമായി ഗൗതമൻ ഒട്ടേറെ തവണ ഉത്തർപ്രദേശിലെ കൗശാംബിയിൽ എത്തിയിരുന്നു. അനുയായികൾക്കു വേണ്ടി അവിടെ പ്രഭാഷണം നടത്തിയിരുന്നു.

നേപ്പാൾ മുതൽ ഖുശിനഗർ വരെ ബുദ്ധന്റെ പദയാത്രയുടെ ‘റൂട്ട് മാപ്’ തയാറാക്കിയാൽ ബുദ്ധമത തത്വങ്ങളുടെ പ്രബോധന കേന്ദ്രമായി കൗശംബിയെ അടയാളപ്പെടുത്താം. ചരിത്ര പ്രഭാഷണങ്ങൾക്കു വേദിയായ കൗശംബിയെ വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തുകയാണ് യുപി സർക്കാർ. കൗശംബിയിലെ ബുദ്ധകേന്ദ്രം നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഗവേഷകർ കണ്ടെത്തിയ സ്ഥലം വിനോദസഞ്ചാര–തീർഥാടന കേന്ദ്രമാക്കി മാറ്റും. അൻപതു കോടി രൂപ ചെലവിൽ നിർമാണ പ്രവർത്തനം ആരംഭിച്ചു.

Kaushambi-city-2

കാൺപുരിലെ ആർക്കിടെക്റ്റ് വിശാൽ ഗുലാത്തിയാണ് ബുദ്ധന്റെ പ്രബോധന കേന്ദ്രം പുനർനിർമിക്കുന്നത്. ‘‘വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലാണ് നിർമാണം. ധ്യാനകേന്ദ്രമാണ് പ്രധാനം. ബുദ്ധന്റെ ജീവിതത്തെ കുറിച്ച് ഓഡിയോ – വിഷ്വൽ പ്രദർശനം നടത്തും. സന്ദർശകരെ ഇലക്ട്രോണിക് റിക്ഷകളിലാണ് ഇവിടെ എത്തിക്കുക. റസ്റ്ററന്റ്, വെയിറ്റിങ് ഹാൾ, കരകൗശല വസ്തുക്കളുടെ വിൽപന ശാല, ടോയിലെറ്റ് എന്നിവയാണ് അനുബന്ധമായി നിർമിക്കുന്നത്. ’’ പദ്ധതിയെ കുറിച്ച് വിശാൽ ഗുലാത്തി വിശദീകരിച്ചു. ഓപ്പൺ എയർ തിയേറ്റർ, വാട്ടർ പോയിന്റ്, എടിഎം കൗണ്ടർ, കറൻസി എക്സ്ചേഞ്ച് സെന്റർ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

വനം, റവന്യൂ, ടൂറിസം വകുപ്പുകൾ സംയുക്തമായാണ് ‘ബുദ്ധിസ്റ്റ് സർക്യൂട്ട്’ പദ്ധതി നടപ്പാക്കുന്നത്. കൗശംബിയിൽ ബുദ്ധ പ്രബോധനത്തിനു വേദിയായിട്ടുള്ള സ്ഥലങ്ങളെല്ലാം പദ്ധതിയുമായി ബന്ധിപ്പിക്കുമെന്ന് യുപി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കാൺപുർ, ലക്നൗ ട്രിപ്പിൽ ഇനി പുതിയ ഡെസ്റ്റിനേഷൻ ചേർക്കാം. ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സ്വദേശി ദർശൻ’ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ബുദ്ധിസ്റ്റ് സർക്യൂട്ട്.

Tags:
  • Manorama Traveller