വനിതകൾക്കു മാത്രമായി ഒരു ഭാഷ. വനിതകൾ മാത്രം എഴുതുകയും വായിക്കുകയും ചെയ്യുന്ന ഭാഷ. അങ്ങനെയൊരു ഭാഷ ഭൂമിയിൽ ഒരിടത്തേയുള്ളൂ, ചൈനയുടെ തെക്കു കിഴക്കൻ പ്രദേശത്തുള്ള ഹുനാൻ പ്രവിശ്യയിൽ. ജിയാങ് യോങ് ഗ്രാമത്തിലെ സ്ത്രീകളുടെ ഭാഷയ്ക്കു പേര് നുഷു. മൂവായിരം വർഷം മുൻപു ഷാങ് രാജവംശത്തിന്റെ കാലത്താണ് നുഷു ഭാഷ രൂപംകൊണ്ടത്. അന്നും ഇന്നും ലോകത്ത് സ്ത്രീകൾക്കു മാത്രമായി ഒരു ഭാഷയുണ്ടെങ്കിൽ അതു നുഷു മാത്രം. ഭൂമിയിലെ അപൂർവഭാഷ അന്യംനിന്നു പോകാതിരിക്കാൻ ചൈനീസ് സർക്കാർ പ്യുവെയ് ഐലൻഡിൽ മ്യൂസിയം സ്ഥാപിച്ചു, ഭാഷാപഠന കേന്ദ്രം തുറന്നു. പക്ഷേ, ഫെമിനിസ്റ്റ് സംഘടനകൾ ഒട്ടേറെയുള്ള ചൈനയിൽ ‘പെണ്ണുങ്ങളുടെ ഭാഷ’ പഠിക്കാൻ എത്തിയതു പതിനഞ്ചു പേർ!
കുന്നും പുഴയും പാടവുമാണു ചൈനയുടെ ഹുനാൻ പ്രവിശ്യ. അവിടെ സിയാവോ നദിയുടെ മറുകരയിലാണു പ്യൂവെയ് ഗ്രാമം. അഞ്ചു വർഷം മുൻപാണ് ഇരുകരകളെ ബന്ധിപ്പിച്ച് പാലം നിർമിച്ചത്. അതു വരെ തോണിയായിരുന്നു ഗതാഗത മാർഗം. മലയോര പ്രദേശത്തു താമസിക്കുന്നവരേറെയും ഗോത്രവാസികൾ. അവിടെയുള്ള സ്ത്രീകളാണ് നുഷു ഭാഷ ഉപയോഗിച്ചിരുന്നത്. മുളങ്കമ്പു ചതച്ചു മഷിയിൽ മുക്കിയാണ് എഴുത്ത്. തൂവാല, വിശറി, തുണിക്കഷണം എന്നിവയിലാണ് എഴുതിയിരുന്നത്.
നുഷുവിൽ അക്ഷരങ്ങൾക്കു പകരം ചിഹ്നങ്ങളാണ്. മുകളിൽ നിന്നു താഴേയ്ക്കു വരയ്ക്കുന്ന ചിത്രങ്ങൾ പോലെയുള്ള അടയാളങ്ങൾ. പെൺകുട്ടികൾ മറ്റാരോടും പറയാനാവാത്ത സങ്കടങ്ങൾ ഈ അക്ഷരങ്ങളിലൂടെയാണ് അമ്മമാരെ അറിയിച്ചിരുന്നത്. പണ്ടു ചൈനീസ് ഭാഷ പഠിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. അതിനു പ്രതിവിധിയായി ആ നാട്ടിലെ ‘അക്ഷര ദാഹികളായ’ പെൺകുട്ടികളിൽ ഒരാൾ രഹസ്യമായി ചിട്ടപ്പെടുത്തിയതാണു നുഷു ഭാഷ. ആരാണ് നുഷു ചിട്ടപ്പെടുത്തിയതെന്ന് ആർക്കും അറിയില്ല. ‘പൂർവികരായ സഹോദരിമാർ’ എന്നാണ് ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്ന സോവു ഷോയിയുടെ മറുപടി. സ്ത്രീകൾക്കു മാത്രമായി ഭൂമിയിൽ രൂപംകൊണ്ട ഭാഷയെ കുറിച്ചു പഠിക്കുന്ന പുരുഷനാണ് ഭാഷാ ഗവേഷകനായ സോവു ഷോയ്.
പുരാതന കാലത്ത് സ്ത്രീകൾ ഒത്തു ചേർന്ന സദസ്സുകളിൽ ഗോത്രത്തിലെ ഗായികമാർ നുഷു ഭാഷയിൽ പാട്ടു പാടിയിരുന്നു. പുരുഷ കേസരികളിൽ പലരും ചെവിയോർത്തെങ്കിലും എന്താണു പെണ്ണുങ്ങൾ പറയുന്നതെന്ന് അവർക്കു മനസ്സിലായില്ല. സ്ത്രീകളുടെ ശിഷ്യരായി നുഷു ഭാഷ പഠിക്കുന്നത് അവർ ‘അഭിമാനത്തിനു കുറച്ചിലായി’ കരുതി. അതിനാൽ ഗോത്രത്തിലെ ആണുങ്ങൾക്കു നുഷു ഭാഷ ‘തീണ്ടാപ്പാട്’ അകലെയായിരുന്നു. ‘കൊതുകു ഭാഷ’ എന്നു പരിഹസിച്ചാണ് അവർ ചൊരുക്കു തീർത്തിരുന്നത്. ദേഷ്യവും സങ്കടവും ഉള്ളിലൊക്കിയ സ്ത്രീകൾ നുഷു പാട്ടിലൂടെ പരിഹാസത്തിനു മറുപടി നൽകി. ഏതോ ഈണം എന്നതിനപ്പുറം എന്താണ് പെണ്ണുങ്ങൾ പറയുന്നതെന്നു മനസ്സിലാക്കാൻ പുരുഷന്മാർക്കു സാധിച്ചില്ല.
സ്നേഹദൂത്
പ്യുവെയ് പ്രദേശത്തു പതിനെട്ടു ഗ്രാമങ്ങളാണുള്ളത്. ഒരു ഗ്രാമത്തിൽ താമസക്കാർ ഇരുനൂറു പേർ. അവിടെയാണ് നുഷു ഭാഷാ മ്യൂസിയവും പഠനകേന്ദ്രവും പ്രവർത്തിക്കുന്നത്. സിൻ ഹ്യു എന്ന യുവതിയാണ് മികച്ച രീതിയിൽ നുഷു എഴുതുന്ന വനിത. തൂവാലയിൽ നുഷു എഴുതാനും നുഷു ഭാഷയിൽ പാട്ടുപാടാനും സിൻ ഹ്യ പരിശീലനം നേടി. ‘നുഷുവിന്റെ അനന്തരാവകാശി’ എന്നാണ് സിൻ അറിയപ്പെടുന്നത്.
‘‘ഗോത്ര ഭരണകാലത്ത് സ്ത്രീകൾക്കു പരസ്പരം കാണാനും സംസാരിക്കാനും അവസരം ഉണ്ടായിരുന്നില്ല. അക്കാലത്തു സ്ത്രീകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന കണ്ണിയാണ് നുഷു. സങ്കടങ്ങളും സന്തോഷവും പങ്കുവയ്ക്കാൻ നുഷു മാത്രമായിരുന്നു ആശ്രയം. തുണിക്കഷണങ്ങളിൽ അക്ഷരങ്ങൾ വരച്ച് അവർ ആശയവിനിമയം നടത്തി. വിവാഹം കഴിഞ്ഞതിനു ശേഷം ഭർതൃവീടുകളിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകൾ അമ്മയെ വിവരങ്ങൾ അറിയിച്ചിരുന്നത് ഈ ഭാഷയിലൂടെയാണ്. പൂർവകാലത്തെ സ്ത്രീകളുടെ ദുരിതം യുവ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്’’ സിൻ ഹ്യൂ പറയുന്നു.
ഗോത്ര ഭരണത്തിന്റെ കാലത്ത് സ്ത്രീകൾ ഒത്തുകൂടുന്നതു വീടുകളിലെ വിശേഷ ദിവസങ്ങളിൽ മാത്രമാണ്. പിറന്നാൾ, ആണ്ടറുതി, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് പെണ്ണുങ്ങൾക്കു പരസ്പരം കാണാം. വിവാഹ സമ്മാനമായും പിറന്നാൾ ആശംസകളായും സ്ത്രീകൾ നൽകിയിരുന്നതു കൈത്തറിയിൽ നെയ്ത തൂവാലകളായിരുന്നു. നുഷു ഭാഷയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തിയ തൂവാലകൾ ആധുനിക എംബ്രോയ്ഡറിയെക്കാൾ മനോഹരം. പ്യൂവെയ് ഗ്രാമത്തിലെ പഴയ തറവാടുകളിൽ പാരമ്പര്യത്തിന്റെ അടയാളമായി ഇത്തരം തൂവാലകൾ കാത്തു സൂക്ഷിച്ചിരുന്നു. മ്യൂസിയം ആരംഭിച്ച സമയത്ത് ഗവേഷർ ഇത്തരം പുരാവസ്തുക്കൾക്കായി തിരച്ചിൽ നടത്തിയെങ്കിലും എല്ലാം നശിച്ചു പോയെന്നാണ് അറിയാൻ കഴിഞ്ഞത്.
സോവു ഷോയ് എന്ന ഗവേഷകനാണ് നുഷു ഭാഷ സംരക്ഷിച്ചത്. സോവുവിന്റെ അമ്മായിയെ പ്യുവെയ് ഗ്രാമത്തിലേക്കാണ് വിവാഹം കഴിച്ചയച്ചത്. 1950ൽ ബന്ധുവീട്ടിലെത്തിയ സോവു ആദ്യമായി നുഷു ഭാഷയെ കുറിച്ച് അറിഞ്ഞു. ചരിത്ര ഗവേഷണത്തിൽ തൽപരനായ സോവു നാട്ടുഭാഷയെ കുറിച്ച് പഠനം തുടങ്ങി. അക്ഷരങ്ങൾ ചേർത്തെഴുതി അക്ഷരമാല ചിട്ടപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, മാവോ സെ ദുങ്ങിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളിലേക്ക് ഇരച്ചെത്തിയ വിപ്ലവകാരികൾ സോവുവിന്റെ പ്രവർത്തനങ്ങൾ തടഞ്ഞു. ഭൂപ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിലെ ഈണമാണ് നുഷു ഭാഷയെന്നു മാവോ അനുയായികൾ കുറ്റപ്പെടുത്തി. നുഷു ഭാഷ സംരക്ഷിക്കാനിറങ്ങിയ സോവു ‘വലതുപക്ഷക്കാരൻ’ ആണെന്നു മുദ്രകുത്തി. പലയിടങ്ങളിൽ നിന്നായി സോവു ശേഖരിച്ച ഭാഷാ ശേഷിപ്പുകൾക്കു തീയിട്ടു. 1979ൽ സോവുവിനെ അറസ്റ്റു ചെയ്തു. ശത്രുക്കളെന്നു മാവോ അനുയായികൾ കരുതിയിരുന്ന ആളുകളെ പൂട്ടിയിട്ടിരുന്ന ലേബർ ക്യാംപിൽ സോവുവിനെ തടവിലാക്കി. നാട്ടുഭാഷ സംരക്ഷിച്ച ‘കുറ്റത്തിന്’ 21 വർഷം അദ്ദേഹത്തിനു തടങ്കലിൽ കഴിയേണ്ടി വന്നു.
2000ൽ ജയിൽ മോചിതനായ സാവോ തന്റെ അക്ഷരങ്ങൾ പൊടി തട്ടിയെടുത്തു. നുഷു വാക്കുകൾ ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത് നിഖണ്ടു തയാറാക്കി. നുഷു ഭാഷ എഴുതാനും സംസാരിക്കാനും അറിയുന്ന ഒരാൾ ഡിക്‌ഷനറി പ്രകാശനം ചെയ്യണമെന്ന് സോവുവിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയൊരാളെ തിരഞ്ഞ് അദ്ദേഹം ജിയോങ് യോങ് ഗ്രാമം മുഴുവനും അലഞ്ഞു. പുരാതന ഭാഷയുടെ അനന്തരാവകാശിയായി ഒരേയൊരു സ്ത്രീ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. പേര് യാങ് ഹുവാൻയി. സോവു മരിക്കുന്നതിന് ഒരു വർഷം മുൻപ് 2003ൽ നുഷു ഡിക്‌ഷനറി പ്രകാശനം ചെയ്തു. അന്നു ചൈനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയുടെ ഹൈലൈറ്റ് യാങ് ഹുവാൻയി എന്ന വനിത ആയിരുന്നില്ല. ‘നുഷു ഭാഷ എഴുതാനും വായിക്കാനും പഠിച്ച ഒരേയൊരു പുരുഷൻ – സോവു’ ചൈനക്കാർ ആ ഭാഷാപണ്ഡിതനെ അദ്ഭുതത്തോടെ വായിച്ചറിഞ്ഞു.
കൾചറൽ ഹെറിറ്റേജ്
ലിമിങ് സാവോ എന്ന ഗവേഷക അടുത്തിടെ നുഷു ഭാഷയെ കുറിച്ചൊരു പ്രബന്ധം തയാറാക്കി. ബീജിങ്ങിലുള്ള സിങ്ഹുയി യൂനിവേഴ്സിറ്റിയിലെ ഗവേഷകയാണു ലിമിങ്. നുഷു സ്കൂളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ കുറിച്ചാണ് ലേഖനം. വേനലവധിക്ക് ലിമിങിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തിയിരുന്നു. ചൈനീസ് ആപ് ‘വീ ചാറ്റ്’ മുഖേന നടത്തിയ ക്ലാസിൽ ഇരുപതു പേർ പങ്കെടുത്തു. എക്കാലത്തും സ്ത്രീകളുടെ സ്വത്തായി നുഷു നിലനിൽക്കുമെന്ന് ലിമിങ് ചൂണ്ടിക്കാട്ടി.
നുഷു ഭാഷ എഴുതാനും വായിക്കാനും അറിയുന്ന അവസാനത്തെ ഗോത്ര വനിത പതിനാറു വർഷം മുൻപ് അന്തരിച്ചു. അതിനു ശേഷമാണു ഗവേഷകർ ചൈനയുടെ പൈതൃക ഭാഷ സംരക്ഷിക്കണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയത്. പിന്നീട്, ചൈനീസ് േസ്റ്ററ്റ് കൗൺസിൽ ‘ഇൻടാൻജിബിൾ കൾചറൽ ഹെറിറ്റേജ്’ വിഭാഗത്തിൽ നുഷു ഭാഷയെ ഉൾപ്പെടുത്തി. 2006ൽ സംരക്ഷിത ഭാഷയായി പ്രഖ്യാപിച്ചെങ്കിലും നുഷു എഴുതാനും പഠിക്കാനും എത്തുന്നത് വളരെ കുറച്ചു പേർ മാത്രം.