Saturday 13 November 2021 06:52 PM IST : By സ്വന്തം ലേഖകൻ

ഷുഗർ കുറഞ്ഞുപോകുന്നവർ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്? പ്രമേഹരോഗി ജിമ്മിൽ പോയി വ്യായാമം ചെയ്യണോ?

exefdf

പ്രമേഹമുള്ള വ്യക്തിക്ക് ഏതുതരം വ്യായാമങ്ങളാണു നല്ലത്?

Aകൃത്യമായി ചിട്ടപ്പെടുത്തിയ രീതിയിൽ ആണ് പ്രമേഹമുള്ളവർ വ്യായാമം ചെയ്യേണ്ടത്. വല്ലപ്പോഴും ഒരു ദിവസം മാത്രം കഠിനമായ കായിക പ്രവൃത്തികളിലോ വ്യായാമമുറകളിലോ ഏർപ്പെടുന്നത് ഗുണത്തേക്കാൾ ചിലപ്പോൾ ദോഷം ആകാനിടയുണ്ട്. ദിവസവും ഏകദേശം അരമണിക്കൂർ വ്യായാമത്തിനായി മാറ്റി വയ്ക്കണം. നമ്മുടെ താൽപര്യത്തിനനുസരിച്ച് വ്യായാമം തിരഞ്ഞെടുക്കണം. നടത്തം, കൂട്ടം ചേർന്നുള്ള കളികൾ (ഫുട്ബോൾ പോലുള്ളവ), നൃത്തം, യോഗ, സൈക്ലിങ്, സ്കിപ്പിങ് എന്നിങ്ങനെ ഏതുമാകാം. നമ്മുടെ താൽപര്യത്തിനനുസരിച്ച് തിരഞ്ഞെടുത്താൽ വ്യായാമം മടുപ്പു കൂടാതെ തുടരാൻ സാധിക്കും.

പ്രമേഹരോഗി ജിമ്മിൽ തന്നെ വ്യായാമം െചയ്യണമെന്നുണ്ടോ? വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

Aജിമ്മിൽ പോയുള്ള വ്യായാമങ്ങളും ചെയ്യാവുന്നതാണ്. പക്ഷേ, ശരിയായ പരിശീലനത്തോടെയും ഡോക്ടറിന്റെ നിർദ്ദേശത്തോടെയും മാത്രം തുടങ്ങുക. സാവധാനം മാത്രം ഒരു വ്യായാമമുറയിലേക്ക് പൂർണമായും ചേരേണ്ടതാണ്. ആദ്യത്തെ 10 മിനിറ്റ് ലഘുവായ രീതിയിൽ വ്യായാമം തുടങ്ങുക. വ്യായാമം പൂർത്തീകരിച്ചതിനുശേഷം പതിയെ ഒരു 10 മിനിറ്റ് കൊണ്ട് വ്യായാമം അവസാനിപ്പിക്കുക. നമ്മുടെ ശരീരത്തിലെ പേശികൾക്കോ സന്ധികൾക്കോ വേദന അനുഭവപ്പെടുന്നെങ്കിൽ വ്യായാമത്തിൽ ആവശ്യമായ മാറ്റം വരുത്തുക.

പ്രമേഹരോഗിക്കു വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?

Aക്രമീകൃതവും ചിട്ടയോടെയുമുള്ള വ്യായാമം പ്രമേഹനിയന്ത്രണത്തിനു സഹായകമാകുന്നു. മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം നിലനിർത്തുന്നതിനും വ്യായാമം ഗുണം െചയ്യുന്നു.

വ്യായാമത്തിനു മുൻപ് എടുക്കേണ്ട മുൻകരുതലുകൾ?

Aഓരോ വ്യക്തിക്കും അനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കണം. നമ്മുടെ വ്യായാമക്ഷമത, പ്രമേഹത്തിന്റെ ദൈർഘ്യം, പ്രമേഹ നിയന്ത്രണം, സങ്കീർണതകൾ, ഹൃദയത്തിന്റെ ആരോഗ്യം, കാലുകളുടെ സ്പർശനശേഷി, കണ്ണുകളുടെ, പാദങ്ങളുടെ പ്രമേഹ സങ്കീർണതകൾ എല്ലാം ഇവിടെ പരിഗണിക്കപ്പെടും.

നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം ഉള്ളവർ (രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 90–250 എംജി/ഡിഎൽ ആണ് അഭികാമ്യം) വ്യായാമത്തിൽ ഏർപ്പെടരുത്. കൂടാതെ ഹൈപോഗ്ലൈസീമിയ മനസ്സിലാക്കാൻ കഴിയാത്തവരും വ്യായാമത്തിൽ ഏർപ്പെടരുത്. അഥവാ ഏർപ്പെടുന്നെങ്കിൽ, ഡോക്ടറുടെ ഉപദേശത്തോടെയും ഒരു വ്യക്തിയുടെ മേൽനോട്ടത്തിലും മാത്രമേ വ്യായാമത്തിൽ ഏർപ്പെടാവൂ.

യോഗ നല്ലതാണോ?

Aപരിശീലനം ലഭിച്ചവർക്ക് യോഗ പോലുള്ള വ്യായാമം ചെയ്യാവുന്നതാണ്. അവ പ്രമേഹ നിയന്ത്രണത്തിന് സഹായകമാകും. ആദ്യമായി പരിശീലിക്കാൻ താൽപര്യപ്പെടുന്നവർ ഡോക്ടറുെട ഉപദേശം തേടുക. തുടർന്ന് യോഗ്യതയുള്ള യോഗാപരിശീലകന്റെ പക്കൽ പോവുക.

വ്യായാമം െചയ്യുന്നതിനു ശരിയായ സമയമേത്?

Aനമ്മുടെ സൗകര്യം അനുസരിച്ച് എപ്പോൾ വേണമെങ്കിലും വ്യായാമം ചെയ്യാം. ഇൻസുലിൻ എടുത്ത ഉടനെയോ, അമിതമായി ഭക്ഷണം കഴിച്ച ഉടനെയോ വ്യായാമത്തിനു മുതിരരുത്. ആഴ്ചയിൽ ഏകദേശം 159 മിനിറ്റ് അതായത് ഏകദേശം 30 മിനിറ്റ് ദിവസവും ചെയ്യണം. 30 മിനിറ്റ് ഒരുമിച്ചു ചെയ്യാൻ സൗകര്യം ഇല്ലെങ്കിൽ, 5Ð10 മിനിറ്റ് വീതം Ð പറ്റുമെങ്കിൽ മൂന്നു പ്രാവശ്യം ചെയ്യാം.

ടൈപ്പ് 1 ഉള്ള കുട്ടികൾ വ്യായാമം െചയ്യേണ്ടതുണ്ടോ?

Aടൈപ്പ് 1 പ്രമേഹം ഉള്ളവർക്കും ഇൻസുലിൻ ഉപയോഗിക്കുന്ന ടൈപ്പ് 2 പ്രമേഹം ഉള്ളവർക്കും വ്യായാമം ചെയ്യാവുന്നതാണ്. ഒരു ഡോക്ടറെ കണ്ടതിനു ശേഷം വ്യായാമത്തിന് അനുയോജ്യമല്ലാത്ത എന്തെങ്കിലും സങ്കീർണതകൾ ഇല്ല എന്ന് ഉറപ്പുവരുത്തണം.

വ്യായാമത്തിനു മുൻപ് രക്തത്തിലെ ഗ്ലൂക്കോസ് 100എംജി/ഡിഎൽ ആണെന്ന് ഉറപ്പു വരുത്തുന്നതു നല്ലതാണ്. വ്യായാമത്തിനു മുൻപ് ലഘുവായ ഭക്ഷണം (ചെറിയ ഒരു ആപ്പിൾ പോലുള്ളവ) കഴിക്കാവുന്നതാണ്. ഇൻസുലിൻ എടുത്ത ഉടനെ വ്യായാമത്തിൽ ഏർപ്പെടരുത്. അരമണിക്കൂർ വ്യായാമത്തിൽ ഏർപ്പെട്ടതിനുശേഷവും ഇടയ്ക്ക് എപ്പോഴെങ്കിലും ക്ഷീണം അനുഭവപ്പെട്ടാൽ ആ സമയത്തും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കണം.

രക്തത്തിലെ ഗ്ലൂക്കോസ് 70 എംജി/ഡിഎൽ അളവില്‍ താഴ്ന്നാൽ 15 ഗ്രാം അന്നജം (കാർബോഹൈഡ്രേറ്റ്) അടങ്ങുന്ന ഭക്ഷണം കഴിച്ചു 15 മിനിറ്റ് കഴിഞ്ഞു വീണ്ടും ബ്ലഡ് ഗ്ലൂക്കോസ് നില പരിശോധിക്കണം. 70എംജി/ഡിഎൽ താഴെയാണെങ്കിൽ വീണ്ടും ഭക്ഷണം കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസ് 70എംജി/ഡിഎൽ നു മുകളിലെത്തി എന്നുറപ്പു വരുത്തണം. വ്യായാമത്തിനായി വീട്ടിൽ നിന്നും പുറത്തു പോകുന്നവർ ഒരു കുപ്പി വെള്ളം, ഹൈപോഗ്ലൈസെമിയ നിയന്ത്രിക്കുന്നതിനും വരാതെ നോക്കുന്നതിനും ലഘുവായ ഭക്ഷണം, ഗ്ലൂക്കോമീറ്റർ, സ്ട്രിപ്സ് എല്ലാം കയ്യിൽ കരുതണം.

പ്രമേഹരോഗിക്കു നൽകുന്ന മാനസിക പിന്തുണയ്ക്ക് എത്ര പ്രാധാന്യമുണ്ട്?

Aപ്രമേഹചികിത്സയെക്കുറിച്ച് രോഗിക്ക് നല്ല അവബോധം ഉണ്ടായിരിക്കണം. ഇവിടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസിക പിന്തുണയും സമയോചിതമായ ഇടപെടലുകളും പ്രമേഹ ചികിത്സക്ക് എപ്പോഴും സഹായകമാകും. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ചാന്ദ്നി ആർ. 

പ്രഫസർ, മെഡിസിൻ വിഭാഗം

ഗവ. മെഡി. കോളജ്, കോഴിക്കോട്

പ്രമേഹനിയന്ത്രണത്തെക്കുറിച്ച് കൂടുതൽ അറിയാൻ നവംബർ 2021 ലക്കം മനോരമ ആരോഗ്യം കാണുക

Tags:
  • Manorama Arogyam