Tuesday 31 August 2021 12:20 PM IST

‘കൂവുന്നോനും’ കോപ്പിറൈറ്ററും ഒന്നിക്കുന്ന ‘കുമരി’: ഗ്രാമച്ചന്തകളിൽ നിന്ന് ഓൺലൈൻ ചന്തകളിലേക്ക് ഒരു യാത്ര

V.G. Nakul

Sub- Editor

kumari-1

പതിയെപ്പതിയെ ഇല്ലാതെയാകുകയാണ് ഗ്രാമച്ചന്തകൾ. വിപണി ആധുനിക രൂപങ്ങളിലേക്കും ഭാവങ്ങളിലേക്കും മാറിയപ്പോൾ ഗ്രാമച്ചന്തകളും ചന്തയ്ക്ക് പോക്കുകളുമൊക്കെ മറവിയിലേക്കു മറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു ക്ലിക്കിൽ എന്തും ഏതും വീട്ടിലെത്തുന്ന ഓൺലൈൻ പിപണിയുടെ കാലമാണിത്.

ഇങ്ങനെയൊരു പശ്ചാത്തലത്തില്‍, ഗ്രാമച്ചന്തകളുടെ ഓർമകളെ

തന്റെ ‘കുമരി’ എന്ന നോവലിലൂടെ തിരികെപ്പിടിക്കുകയാണ് യുവസാഹിത്യകാരൻ ജേക്കബ് ഏബ്രഹാം.

മാറിയ കാലത്തിന്റെ പരസ്യവിപണിയും കച്ചവട നന്ത്രങ്ങളും ഒപ്പം പഴയ ഗ്രാമച്ചന്തകളുടെ തനതനുഭവങ്ങളും അവിടുത്തെ കൂവുന്നോനുമൊക്കെ നിറയുന്ന ‘കുമരി’ മലയാളത്തിന്റെ പുതിയ കാല നോവലിൽ വേറിട്ട സാന്നിധ്യമാകുന്നു. മലയാള മനോരമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘കുമരി’യുടെ എഴുത്തു വഴികളെക്കുറിച്ച്, നോവലിലേക്കു നയിച്ച പ്രചോദനങ്ങളെക്കുറിച്ച് ജേക്കബ് ഏബ്രഹാം ‘ബുക്ക് സ്റ്റോറി’യിൽ പറയുന്നു.

kumari-2

‘‘കുമരിയുടെ കഥ തുടങ്ങുന്നത് പണ്ട് പണ്ടാണ്. എന്റെ വല്യപ്പന് ഒരു കാളവണ്ടിയുണ്ടായിരുന്നു. വാഴക്കുലകളും കപ്പയും കാച്ചിലും ചേനയും ചേമ്പും നിറച്ച് മലയോരത്തെ നാട്ടുവഴിയിലൂടെ ഓമല്ലൂർ ചന്തയ്ക്കും കോഴഞ്ചേരി ചന്തയ്ക്കുമൊക്കെ മൺ വഴികളിലൂടെ ഓടിയിരുന്ന ആ കാളവണ്ടിയെക്കുറിച്ച് അപ്പൻ പറഞ്ഞ് കേട്ടിട്ടുണ്ട്. അപ്പന്റെ ബാല്യകാലത്ത് ഗ്രാമവഴികളിലെ ഏക വാഹനം കാളവണ്ടികളായിരുന്നു. ചരക്കും ആളും കുടുങ്ങി കുടുങ്ങി ചന്തയ്ക്കും പോവുകയും തിരികെ വരികയും ചെയ്തിരുന്നു. അപ്പന്റെ അമ്മയ്ക്ക് അതായത് എന്റെ അമ്മച്ചിയ്ക്ക് ഉണക്ക മീൻ കച്ചവടമുണ്ടായിരുന്നു. വല്യപ്പന്റെ കാളവണ്ടിയിൽ ഉണക്കമീനുമായി വല്യമ്മച്ചി ചന്തകൾ ചുറ്റികറങ്ങി. പല ചന്ത കഥകളുടെയും കഥകൾ അങ്ങനെ കുട്ടിക്കാലത്തു തന്നെ എന്റെ ചെവിയിൽ വന്നു വീണു’’. – ജേക്കബ് പറഞ്ഞു തുടങ്ങിയതിങ്ങനെ.

അവധിക്കാലങ്ങളിലെ നാട്ടുചന്തകൾ

അവധിക്കാലങ്ങളിൽ പത്തനംതിട്ടയിലെ ഞങ്ങളുടെ ബന്ധുവീടുകളിൽ വിരുന്ന് നിൽക്കാൻ പോകുമ്പോൾ അവിടങ്ങളിലെ നാട്ടു ചന്തകളിൽ കസിൻസിനൊപ്പം അലഞ്ഞു നടക്കാനും എനിക്കിഷ്ടമായിരുന്നു. കടമ്മനിട്ട ചന്ത, കുറിയന്നൂരിലെ ഇടയ്ക്കാട് ചന്ത, വള്ളംകുളം ചന്ത, കുമ്പളാംപൊയ്ക ചന്ത, കോഴഞ്ചേരി ചന്ത, ഇലന്തൂർ ചന്ത, റാന്നി ചന്ത, അത്തിക്കയം ചന്ത അങ്ങനെ എന്റെ ബന്ധുക്കൾ ഇടപെട്ടിരുന്ന ചന്തകൾ കുട്ടിക്കാലത്തെ കൗതുകങ്ങളായിരുന്നു. എഴുത്തുകളോ പരസ്യങ്ങളോ ഇല്ലാത്ത അത്തരം നാട്ടു ചന്തകളിൽ കൂവി വിളിച്ചായിരുന്നു കച്ചവടം. അവിടെ നിന്നാണ് ഞാൻ കുമരിയിലെ കൂവുന്നോനെ കണ്ടെത്തിയത്. ഇന്നിപ്പോൾ ഓർഗാനിക്ക് എന്ന് മുദ്രകുത്തി പത്തിരട്ടി വിലയ്ക്ക് വിൽക്കുന്ന പഴങ്ങളും പച്ചക്കറികളും ആ നാടൻ ചന്തകളിൽ ചെറിയ വിലയ്ക്ക് ആർക്കും വാങ്ങാമായിരുന്നു. ചിലപ്പോ വിൽപ്പനക്കാരിയായ ഒരു അമ്മച്ചി വാങ്ങുന്നയാൾക്ക് ലോഹ്യത്തിൽ പിള്ളാർക്ക് കൊടുക്ക് എന്ന് പറഞ്ഞ് വെറുതെ പോലും കുറച്ച് വട്ടിയിലേക്ക് വാരിയിട്ടു തരുമായിരുന്നു.

നാട്ടു നന്മയുടെ കൊടുക്കൽ വാങ്ങലുകൾ ആ ചന്തകളിൽ നിലനിന്നിരുന്നു. ഗ്രാമീണ ജീവിതത്തിന്റെ ജീവനാഡികളായിരുന്നു ആ ഗ്രാമ ചന്തകൾ. മരത്തൂണുകളിൽ പനയോലയോ, ഓലയോ മേഞ്ഞ നാടൻ കടകൾ ഇന്ന് ഭയങ്കര ഗൃഹാതുരതയാണ്. ഭൂതകാലത്തിന്റെ ഓർമ്മകളെ ഒരു സംസ്കാരത്തെ അത് ഓർമ്മിപ്പിക്കുന്നുണ്ട്.

അപ്രത്യക്ഷമായ നാ‍ടൻ ചന്തകൾ

മാറുന്ന കേരളത്തിന്റെ ഗതിവേഗത്തിൽ നാടൻ ചന്തകൾ കവലകളിൽ നിന്ന് അപ്രത്യക്ഷമാവുകയും അവിടങ്ങളിലേക്ക് സൂപ്പർ മാർക്കറ്റുകളും ഷോപ്പിങ്ങ് മാളുകളും എത്തിചേരുകയും ചെയ്തു. 60 കളിൽ തുടങ്ങിയ ഗൾഫ് പ്രവാസം ഗൾഫ് ഉൽപ്പന്നങ്ങളുടെ മായക്കാഴ്ചകളിലേക്ക് നമ്മളെ ആദ്യം തള്ളിയിട്ടു. ഗൾഫ് കൈലി, 555 സിഗരറ്റ്, ഒനിഡ കളർ ടെലിവിഷൻ, നിഡോ പാൽപൊടി, പാനസോണിക്ക് റേഡിയോ, ഏമർജൻസി ലാംപ്, ഈന്തപ്പഴം അങ്ങനെ അംബാസിഡർ കാറിന് മുകളിലെ പെട്ടിയിലിരുന്ന് ഒരു കുഞ്ഞ് ഗൾഫ് ചന്ത നമ്മുടെ ഇടവഴികളിലൂടെ വീടുകളിലേക്ക് എത്തി. അതിന്റെ സ്വാഭാവിക പരിണിതയെന്നവണ്ണം നാട്ടിൻപുറങ്ങളുടെ ജൈവ വ്യവസ്ഥ മാറി. ഇന്ന് ഗ്രാമമേതാണ് നഗരമേതാണ് എന്ന് തിരിച്ചറിയാൻ കഴിയില്ല. കാസർഗോഡ് മുതൽ പാറശ്ശാല വരെ ഒരൊറ്റ മഹാ നഗരമായി കേരളം മാറി.

അങ്ങനെ ഗൾഫ് ചന്തയിലെ ഉൽപ്പന്നങ്ങളുടെ മുന്നിൽ നമ്മുടെ നാട്ടു ചന്ത നാടുവിട്ടു. പിന്നീടുണ്ടായത് അതിവേഗമുള്ള മാറ്റമാണ്. ഗൾഫ് കഴിഞ്ഞ് അമേരിക്കൻ വിപണി ഈ മാറ്റം പൂർണ്ണമാക്കി.

ഓൺലൈൻ ചന്തകളുടെ കാലം

ഇന്നിപ്പോൾ ഓൺലൈൻ ചന്തകളിലാണ് നമ്മൾ. വിരൽത്തുമ്പിൽ ലോകത്ത് എവിടെയുള്ള ഉൽപന്നവും നമ്മുടെ മുമ്പിലെത്തും. മാർക്കറ്റ് നമ്മുടെ മുമ്പിൽ പ്രലോഭിപ്പിച്ചു കൊണ്ട് നിൽക്കുന്നു. ചുറ്റുമുള്ള കടകളെല്ലാം അടച്ചുപൂട്ടിയാലും ലോക ചന്ത നമ്മുടെ വിരൽ തുമ്പിലുണ്ട്. ഞാനിതെഴുമ്പോൾ തൊട്ടയൽപക്കത്തെ വീട്ടു ഗേറ്റിൽ ബാഗും ചുമലിലേറ്റി ഒരു ഡെലിവറി ബോയി എത്തി. ഇതാണ് ഇന്നിന്റെ യാഥാർത്ഥ്യം.

ഈ രണ്ട് ചന്തകളും മനുഷ്യ ബന്ധങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ‘കുമരി’ എന്ന നോവൽ അന്വേഷിക്കുന്നത്.

എന്നാൽ കേരളത്തിൽ നിന്നു വ്യത്യസ്തമായി കന്നടത്തിലും തമിഴകത്തും നാട്ടു ചന്തകൾ ഇപ്പോഴും സജീവമാണ്. മൈസൂർ ചന്ത കാണേണ്ടതു തന്നെയാണ്. ഇപ്പോഴും അവിടങ്ങളിൽ കാളവണ്ടികളുണ്ട്. ഞാൻ ആ ചന്തകൾ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ കാളവണ്ടി ഒരു മ്യൂസിയം പീസാണിന്ന്. വിസ്മൃതിയിലായ ഗ്രാമ ചന്തകളെ വീണ്ടെടുക്കാനുള്ള എളിയ ശ്രമമാണ് ‘കുമരി’.

kumari-3

കൂവുന്നോനും കോപ്പിറൈറ്ററും

ജേർണലിസം പഠനം കഴിഞ്ഞ് ഞാൻ പരസ്യ ഏജൻസികളിലാണ് ജോലി ചെയ്തത്. കോപ്പി റൈറ്റർ എന്ന ജോലി. പഴയ ഗ്രാമ ചന്തകളിലെ കൂവുന്നോന്റെ ഒരു ആഗോളവത്കൃത രൂപമാണ് കോപ്പിറൈറ്റർ. കൂവുന്നോൻ കച്ചവടം പൊടിപൊടിക്കാൻ വിളിച്ചു കൂവുമ്പോൾ പരസ്യമെഴുത്തുകാരൻ വിൽക്കുന്ന വാക്കുകളെ കച്ചകെട്ടിയിറക്കണം. പതിനഞ്ച് വർഷക്കാലം പരസ്യ ഏജൻസികളും റേഡിയോയിലും ഞാൻ ആ ജോലിയാണ് ചെയ്തത്. ഉപ്പുതൊട്ട് കർപ്പൂരം വരെ ഒട്ടു മുക്കാൽ എല്ലാ ഉൽപ്പന്നങ്ങൾക്കും പരസ്യ വാചകം എഴുതിയിട്ടുണ്ട്.

അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ടത്

വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദി കോപ്പി റൈറ്ററായി ജോലി ചെയ്തിട്ടുണ്ട്. നമ്മുടെ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലിം കോപ്പി റൈറ്ററാണ്. യുവ കഥാകൃത്ത് സുനു എവി , കവി ബിജു റോക്കി തുടങ്ങി ഒരുപാട് എഴുത്തുകാർ ഈ പരസ്യമെഴുത്ത് ജോലി ചെയ്യുന്നുണ്ട്. തല പുകയ്ക്കേണ്ട ജോലിയാണ്.

വിപണിയെ ചലിപ്പിക്കുക എന്നതിൽ പരസ്യസാഹിത്യത്തിന് വലിയ പങ്കുണ്ട്. ഈയൊരു പതിറ്റാണ്ട് കാലത്തെ അഡ്വവർട്ടൈസിംഗ് മേഖലയിലെ തൊഴിൽ അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ട നോവൽ കൂടിയാണ് കുമരി. എഫ്. എം ൽ ജോലി ചെയ്യുന്ന സമയത്ത് ഇന്ത്യൻ പരസ്യരംഗത്തെ അതികായൻ പിയൂഷ് പാണ്ഡയിൽ നിന്ന് അവാർഡ് സ്വീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഭയങ്കര സംഘർഷം നിറഞ്ഞ ലോകമാണ് പരസ്യ ഏജൻസികളിലുളളത്. അധികമാർക്കുമറിയാത്ത ആ ലോകം കൂടി കുമരിയിൽ കാണാം.

ആധുനിക കൂവുന്നോ നായ കോപ്പിറൈറ്റർ എഴുതുന്ന ഗ്രാമ ചന്തകളെക്കുറിച്ചുള്ള നോവലാണ് കുമരി. നാട്ടു ചന്തകളെ മനസ്സിലാക്കാൻ ധാരാളം റിസേർച്ച് നടത്തിയിട്ടുണ്ട്. പല പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചു. അങ്ങനെ നീണ്ട വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലമാണ് ഈ നോവൽ. വ്യത്യസ്തമായ വായനയെ സ്വീകരിക്കുന്ന നല്ല വായനക്കാർ നോവൽ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.