Thursday 20 June 2024 02:36 PM IST

‘വെറുപ്പിനെ പ്രണയം കൊണ്ടു ചികിൽസിക്കാൻ നമുക്കു കഴിയണം, പ്രണയമാവണം നാടിന്റെ വിനിമയഭാഷ’: രവിവർമ തമ്പുരാൻ സംസാരിക്കുന്നു

V.G. Nakul

Senior Content Editor, Vanitha Online

ravivarma-thampuran-1

‘ആൻമരിയ പ്രണയത്തിന്റെ മേൽവിലാസം’ എന്ന പേരിലുണ്ട് ആ നോവലിന്റെ ആത്മാവ്. അതേ, പ്രണയത്തിന്റെ ആർദ്രതയും ആഴവുമാണ് തന്റെ പുതിയ കൃതിയായ ‘ആൻമരിയ പ്രണയത്തിന്റെ മേൽവിലാസം’ എന്ന പുസ്തകത്തിലൂടെ രവിവർമ തമ്പുരാൻ വായനക്കാർക്ക് സമ്മാനിക്കുന്നത്. ഭയങ്കരാമുടി, മുടിപ്പേച്ച്, ഇരുമുടി തുടങ്ങി സാമൂഹിക – രാഷ്ട്രീയ – ചരിത്ര പശ്ചാത്തലത്തിലുള്ള ശ്രദ്ധേയ നോവലുകളിലൂടെ മലയാളത്തിൽ തന്റെതായ ഇടമുറപ്പിച്ച രവിവർമ തമ്പുരാന്റെ വഴിമാറിനടപ്പെന്നും ‘ആൻമരിയ പ്രണയത്തിന്റെ മേൽവിലാസം’ വിശേഷിപ്പിക്കപ്പെടും. നോവലിന്റെ പശ്ചാത്തലത്തിൽ രവിവർമ തമ്പുരാൻ ‘വനിത ഓൺലൈനില്‍’ സംസാരിക്കുന്നു –

എന്തുകൊണ്ടു പ്രണയം ?

ഏറ്റവും സ്‌നിഗ്ധമായ വികാരമാണ് പ്രണയം. രണ്ടു കിളികളുടെ പ്രണയം മാനിക്കാതെ ഒരു അരസികൻ അമ്പയച്ചതിലുള്ള കവിയുടെ രോഷത്തിൽ നിന്നാണ് ആദികാവ്യമായ രാമായണം ജനിക്കുന്നത്. രാമായണം ഉൾക്കൊള്ളുന്നതും പ്രണയത്തിന്റെ നാനാർഥങ്ങളാണ്. അന്നുമുതൽ ഈ നിമിഷം വരെ, ഇനിയങ്ങോട്ട് മനുഷ്യരാശി നിലനിൽക്കുന്നിടത്തോളം കാലവും ഏറ്റവും ഭാവാർദ്രവികാരമായും സാഹിത്യത്തിലെ ഏറ്റവും പ്രിയതരമായ പ്രമേയമായും പ്രണയം നിലനിൽക്കും.

താങ്കളുടെ മുൻ നോവലുകളെല്ലാം രാഷ്ട്രീയ, ചരിത്രബോധ്യങ്ങളുടെ പശ്ചാത്തലത്തിൽ വികസിച്ചവയെന്നു നിരീക്ഷിക്കാം. എന്നാൽ ‘ആൻമരിയ പ്രണയത്തിന്റെ മേൽവിലാസം’ അവയിൽ നിന്നൊക്കെ വേറിട്ട ഒരു ആഖ്യാന സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത് ?

എന്റെ മുൻ നോവലുകളെല്ലാം ഏതെങ്കിലും തരത്തിലുള്ള സാമൂഹിക വിഷയങ്ങളാണ് കൈകാര്യം ചെയ്തു വന്നത് എന്നത് കൃത്യമായ നിഗമനമാണ്. പക്ഷേ, അവയിലെല്ലാം പ്രണയം ഒരു നേർത്ത പാളിയായി ഉള്ളിലെവിടെയോ കിടപ്പുണ്ട്. രാഷ്ട്രീയ, സാമൂഹിക നോവൽ ത്രയമായ ഭയങ്കരാമുടി, മുടിപ്പേച്ച്, ഇരുമുടി എന്നിവയിൽ പ്രണയത്തിന്റെ അതിലോലമായ ചരടുകളുണ്ട്. ശയ്യാനുകമ്പയിലും ഓർമനിരോധനത്തിലും പ്രണയം കുറച്ചുകൂടി വികസിച്ചും വെളിപ്പെട്ടും അനുഭവിക്കാം. ഏറ്റവും പുതിയ നോവലായ ആൻമരിയ പ്രണയത്തിന്റെ മേൽവിലാസത്തിൽ പ്രണയം പൂത്തുലഞ്ഞു നിൽക്കുന്നു. ആൻമരിയയിൽ പ്രണയമിങ്ങനെ പൂത്തുലയാൻ ഒരു കാരണമുണ്ട്. സമൂഹത്തിൽ വെറുപ്പ് വല്ലാതെ വളർന്നിരിക്കുന്നു. ഇതിനെ ചികിൽസിക്കാൻ കഴിയുന്നത് എഴുത്തുകാർക്കു മാത്രമാണ്. മികച്ച പ്രണയപുസ്തകങ്ങളിറങ്ങിയ കാലത്താണ് സമൂഹം ഏറ്റവും ആരോഗ്യത്തോടെ നിന്നിട്ടുള്ളത്. ഇക്കാലത്തും വെറുപ്പിനെ പ്രണയം കൊണ്ടു ചികിൽസിക്കാൻ നമുക്കു കഴിയണം. പ്രണയമാവണം നാടിന്റെ വിനിമയഭാഷ.

ravivarma-thampuran-2

പ്രണയാഖ്യാനങ്ങൾക്ക് മലയാളസാഹിത്യത്തിൽ വീണ്ടും വായനാസാധ്യത കൂടിയ ഒരു ഘട്ടമാണിത്. ആ പ്രചോദനം ഈ നോവലെഴുത്തിലുണ്ടോ ?

ഒരിക്കലുമില്ല. ഇരുമുടി പ്രസിദ്ധീകരിക്കുന്നത് 2023 ജനുവരി 6നാണ്.അതു പുറത്തിറങ്ങി അധികദിവസം കഴിയും മുമ്പ് ഞാനൊരു തീരുമാനമെടുത്തു. സോഷ്യോ, പൊളിറ്റിക്കൽ റൈറ്റിങ്ങിൽ സ്വയം തളച്ചിടപ്പെടാതെ, എല്ലാവർക്കും വായിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു പുസ്തകം എഴുതണം. എല്ലാവർക്കും ആസ്വദിക്കാവുന്ന ഏറ്റവും പ്രധാന വിഷയം പ്രണയമായതുകൊണ്ട് അത്തരമൊരു പ്രമേയം കണ്ടെത്തി എഴുത്തു തുടങ്ങി. അക്കാലത്തു തന്നെ അക്കാര്യം ഞാൻ ഫെയ്‌സ്ബുക്കിൽ കുറിക്കുകയും ചെയ്തു. നോവലിന്റെ മുക്കാലും എഴുതിക്കഴിഞ്ഞപ്പോഴാണ് മലയാളവായനാലോകത്ത് പെട്ടെന്നൊരു പ്രണയവേലിയേറ്റം ഉണ്ടായത്. അപ്പോൾ എനിക്കു സന്തോഷമായി. എന്റെ നോവൽ പുറത്തുവരുക, പ്രണയപ്രമേയം സ്വീകരിക്കാൻ മനസ്സൊരുക്കി കാത്തിരിക്കുന്ന ഒരു വായനാസമൂഹത്തിലേക്കാണല്ലോ എന്ന് ആനന്ദിച്ചു.

താങ്കളിലെ എഴുത്തുകാരനും വ്യക്തിയും പുതിയ കാലത്തിന്റെ പ്രണയാനുഭവങ്ങളെ എങ്ങനെയാണ് നിർവചിക്കുക ?

പുതിയ കാലത്തെ പ്രണയാനുഭവം എന്ന പ്രയോഗം മനസ്സിലായില്ല. എല്ലാക്കാലത്തും പ്രണയത്തിലെ അനുഭവം ഒന്നു തന്നെ. രീതികൾ മാറുന്നു എന്നു മാത്രം. എന്റെ നോവലിൽ 35- 40 വർഷം മുമ്പ് മുളപൊട്ടിയ ഒരു പ്രണയത്തിന്റെ വർത്തമാനകാല വികാസപരിണാമങ്ങളാണ് പ്രതിപാദിക്കുന്നത്. ഒരേ സമയം പഴമയും പുതുമയും കടന്നുവരുന്നുണ്ട്. എല്ലാ പ്രായക്കാർക്കും വായിച്ചാസ്വദിക്കാവുന്നത് എന്നാണ് ഞാൻ വിചാരിക്കുന്നത്.

ravivarma-thampuran-3

ആൻമരിയ എന്നു പേരുള്ള 14 പേർ ചേർന്ന് ‘ആൻമരിയ പ്രണയത്തിന്റെ മേൽവിലാസ’ത്തിന്റെ കവർ സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്തത് കൗതുകമായി ?

നോവൽ കൈകാര്യം ചെയ്യുന്ന വിഷയം പ്രണയം ആണല്ലോ. സാഹിത്യമുണ്ടായ കാലം മുതൽ എഴുതപ്പെടുന്ന വിഷയമായതുകൊണ്ട് ഒരു പ്രമേയമെന്ന നിലയ്ക്ക് പ്രണയത്തിന് പുതുമ തീരെയില്ല. പക്ഷേ, വായനക്കാർ പുസ്തകം വായിക്കണമെങ്കിൽ പുതുമ അത്യാവശ്യമാണ്. അതുകൊണ്ട് ആൻമരിയ നോവലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പുതുമ വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എഴുത്തിൽ പുതുമ കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം ഉണ്ടായിരുന്നു. അച്ചടിച്ച പുസ്തകം വായിക്കുന്നവരെല്ലാം ഇപ്പോൾ പറയുന്നുണ്ട്,

ഇതുവരെ എവിടെയും വായിച്ചിട്ടില്ലാത്ത പ്രണയമാണല്ലോ ഇതെന്ന്. പുസ്തകം ഇറങ്ങും മുമ്പ് ലഭിക്കുന്ന ഒരു മുൻകൂർ പരസ്യമാണല്ലോ കവർ പ്രകാശനം. അത് നിലവിൽ നടന്നു വരുന്ന മട്ടിൽ ആവരുതെന്ന് കരുതിയിരുന്നു. അതാണ് ആൻ മരിയ എന്നു പേരുള്ളവരെക്കൊണ്ട് പ്രകാശനം ചെയ്യിക്കുക എന്ന ആശയത്തിലേക്കു പോയത്. സുഹൃത്തുക്കൾ വഴിയും പള്ളികളിലെ വാട്‌സാപ് ഗ്രൂപ്പുകൾ വഴിയും ആൻ മരിയ എന്നു പേരുള്ളവരെ കണ്ടെത്താൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ മനോരമ ബുക്‌സിന്റെ എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്കിനോടു പറഞ്ഞു. അദ്ദേഹത്തിന്റെയും പത്രാധിപസമിതിയുടെയും ഉൽസാഹത്തിലും പല ഘട്ടങ്ങളായുള്ള ശ്രമത്തിലുമാണ് പ്രകാശനം ചെയ്യാൻ 14 പേരെ കണ്ടെത്തിയത്. അവരെല്ലാവരും ചേർന്ന് ഇൻസ്റ്റഗ്രാമിലൂടെ കവർ പ്രകാശിപ്പിക്കുകയാണുണ്ടായത്.