ചിലപ്പോഴെങ്കിലും പണം പിൻവലിക്കാൻ എടിഎമ്മിനു മുന്നിലെത്തുമ്പോഴാകും കാർഡ് എടുക്കാൻ മറന്നുപോയെന്നു മനസ്സിലാകുന്നത്. നിരാശപ്പെട്ട് തിരികെ പോരേണ്ട കാര്യമില്ല. നമ്മുടെ ഫോൺ മതി ഇനി പണം പിൻവലിക്കാൻ. യുപിഐ അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം നടപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും ആർബിഐ നിർദേശം നൽകിക്കഴിഞ്ഞു.
ഇതിനായി എടിഎം സ്ക്രീനിൽ യുപിഐ ക്യാഷ് വിത്‌ഡ്രാവൽ എന്ന ബട്ടൻ അമർത്തുക. അപ്പോൾ എത്ര തുക ആവശ്യമുണ്ട് എന്നു രേഖപ്പെടുത്താൻ എടിഎം നിർദേശിക്കും. അതനുസരിച്ചു നമുക്കാവശ്യമുള്ള തുക അറിയിക്കുക. അപ്പോൾ ബന്ധപ്പെട്ട പിൻവലിക്കലിന്റെ ക്യൂആർ കോഡ് സ്ക്രീനിൽ തെളിയും. ഇതു സ്വന്തം മൊബൈലിലെ പണമിടപാട് ആപ് വഴി സ്കാൻ ചെയ്ത ശേഷം യുപിഐ പിൻ രേഖപ്പെടുത്തുക. പണം അക്കൗണ്ടിൽ നിന്നു കുറച്ചു എന്ന സന്ദേശം ഫോണിൽ ലഭിക്കുന്ന പിറകേ ക്യാഷ് എടുക്കാനുള്ള ലിങ്കും എടിഎം സ്ക്രീനിൽ തെളിയും. ഇത് അമർത്തിയാൽ പണം ലഭ്യമാകും.
ഈ സംവിധാനം മിക്ക ബാങ്കുകളും നടപ്പാക്കി വരുന്നതേയുള്ളൂ. നിലവിൽ കടകളിലും മറ്റും ഇടപാടുകൾക്കു ക്യുആർ കോഡ് പ്രചാരത്തിലുണ്ട്. ഇതിന്റെ അടുത്ത പടിയാണു കാർഡു രഹിത പണം പിൻവലിക്കൽ. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ ബാങ്കുകളുടെയും എല്ലാ എടിഎമ്മുകളിലും ഈ സംവിധാനം വരുമെന്നു പ്രതീക്ഷിക്കാം.
കടപ്പാട്: വി.കെ. ആദർശ്, ചീഫ് മാനേജർ, ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ