ഫെയ്സ്ബുക്കിൽ തലകുമ്പിട്ടിരിക്കുമ്പോഴാവും ഫീഡിൽ നമ്മൾ ആ കാഴ്ച കാണുന്നത്. 4500 രൂപയ്ക്ക്, 3 സീറ്റർ സോഫ വിൽക്കുന്ന പരസ്യം!!! വീട്ടിലുള്ള പഴയ മോഡൽ സോഫ മാറാൻ പിന്നെ കൂടുതൽ ഒന്നും ആലോചിക്കില്ല. ആ കമ്പനിയുടെ വെബ് സൈറ്റിലേക്ക് അപ്പോഴേ പൈസ അയയ്ക്കും, കൃത്യമായ വിലാസവും കൊടുക്കും. രണ്ടു മാസം കഴിഞ്ഞിട്ടും സോഫ കിട്ടാതെ വരുമ്പോൾ സൈറ്റിൽ കൊടുത്തിരുന്ന മെയിൽ ഐഡിയിലേക്ക് പരാതി അയയ്ക്കും. ഒരു മറുപടിയും കിട്ടാതെ വരുമ്പോൾ അവർ കൊടുത്തിരുന്നു ടോൾഫ്രീ നമ്പറിലേക്ക് വിളിക്കും. ആ നമ്പർ നിശ്ചലമായിരിക്കും...
ഇതുപോലെ തട്ടിപ്പിന് ഇരയാകുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്. ഐ ഫോണിനു പകരം ഇഷ്ടിക കിട്ടുക, പരസ്യത്തിൽ കാണിച്ച ഉൽപന്നവുമായി ഒരു സാമ്യവുമില്ലാത്തത് അയച്ചു തരിക, പറഞ്ഞതിലും കുറഞ്ഞ സ്പെസിഫിക്കേഷനിലുള്ള ഉൽപന്നം അയച്ചു തരിക അങ്ങനെ എത്രയോ അനുഭവങ്ങളാണ് ഓൺലൈൻ /ഈ-കൊമേഴ്സ് വ്യാപാരത്തിൽ നമ്മുടെ സമൂഹത്തിലുണ്ടാവുന്നത്. ആളുകൾ തട്ടിപ്പിനിരയായാലും പുറത്തു പറയാൻ മടിക്കുന്ന ‘രഹസ്യ ഉൽപന്നങ്ങൾ’ വിൽക്കുന്ന സൈറ്റുകളിൽ പലതും പണം പിടുങ്ങികളായ തട്ടിപ്പുകാർ ആയിരിക്കും. മാനക്കേടു കൊണ്ട് ഉപഭോക്താവ് പരാതിയുമായി വരില്ല എന്ന ധൈര്യമാണ് ഇത്തരം തട്ടിപ്പുകാരുടെ ബലം. എന്നാൽ, നിയമവിധേയമായി പണം ചെലവഴിക്കുന്ന എന്ത് ഇടപാടിലും നീതി കിട്ടിയില്ലെങ്കിൽ നമുക്കു കോടതിയെ സമീപിക്കാം. അതിനു മാനക്കേട് വിചാരിക്കേണ്ട കാര്യമില്ല.
ഇതു കോടികളുടെ കൊള്ള
ഓൺലൈൻ /ഈ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽ, ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നത് കോടാനു കോടി രൂപയുടെ കൊള്ളയാണ്. പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പിന്റെ വൈറസ് പ്രവഹിക്കുന്നത്. അവിശ്വസനീയമായ ഓഫറുകളുമായി നിരവധി സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നു. അചിന്തനീയമായ വിലക്കുറവിന്റെ വാഗ്ദാനങ്ങളിൽ നമ്മുടെ കണ്ണു മഞ്ഞളിക്കുമ്പോൾ ഓർക്കുക, ദൈവം പോലും അറിയാതെ നമ്മുടെ പൈസ നഷ്ടമാകാൻ പോകുകയാണെന്ന്. സ്വൈപ്പ് ചെയ്തത് മാത്രമേ ഓർമയുണ്ടാകുകയുള്ളൂ. ഒരു പ്രതികരണവും മിക്കപ്പോഴും മറുവശത്തുനിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഊരുംപേരും ഇല്ലാത്ത നവ മുതലാളിമാർ
സോഷ്യൽ മീഡിയയിൽ വരുന്ന മിക്ക ഓൺലൈൻ സൈറ്റുകളും ചൈനയിലോ, സെനഗലിലോ, മൊസാമ്പിക്കിലോ, വെസ്റ്റ് ഇന്ത്യൻ ദ്വീപസമൂഹങ്ങളിലോ, മ്യാൻമാറിലോ, അമേരിക്കൻ നിയന്ത്രണത്തിലുള്ള ചില ദ്വീപുകളിലോ, ചിലപ്പോൾ ഇന്ത്യയിൽ തന്നെയോ ആകാം അതിന്റെ ഐപി അഡ്രസ് (ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം) റജിസ്റ്റർ ചെയ്തിട്ടുണ്ടാവുക. അവർ പേ യൂ(Pay U) പോലെയുള്ള ക്രോസ് ബോർഡർ പേയ്മെന്റ് കമ്പനികളുമായി ഒരു കരാർ ഉണ്ടാക്കുന്നതിലൂടെ പുതിയ ലോകത്തിന്റെ നിയമപരമായ ബാധ്യത ഏതാണ്ട് കഴിഞ്ഞു എന്നു തന്നെ പറയാം.
ലോകത്ത് എല്ലാ രാജ്യങ്ങൾക്കും സൈബർ സെക്യൂരിറ്റി വിങ്ങുകൾ ഉണ്ടെങ്കിലും ഇത്തരം അസംഖ്യം സൈറ്റുകളുടെ വിശ്വാസ്യത പരിശോധിക്കുന്ന ശ്രമങ്ങൾ തുടക്കം മുതലേ നടത്താറില്ല. ഫേസ്‌ബുക്ക്, ഇന്റസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങി മിക്ക സോഷ്യൽ മീഡിയ സൈറ്റുകൾക്കും ഫെയർ ട്രെഡ് പോളിസി ഉണ്ടെങ്കിലും നിരന്തര പരാതികൾക്കു ശേഷമേ അവരും ഉണരുകയുള്ളൂ. അപ്പോഴേക്കും ഈ തട്ടിപ്പുകാർ കോടിക്കണക്കിനു പണവുമായി മുങ്ങിയിട്ടുണ്ടാകും.
വലിയ താമസമില്ലാതെ ഈ ഊരില്ലാപേരില്ലാ പ്രസ്ഥാനക്കാർ പുതിയ പേരും പുതിയ രൂപവും പുതിയ തട്ടിപ്പുമായി പ്രത്യക്ഷപ്പെടും. ഇതിലൂടെയൊക്കെ ഒരു വർഷം ഉപഭോക്താക്കൾക്കു നഷ്ടമാകുന്ന തുക, ചില രാജ്യങ്ങളുടെ ബജറ്റിനേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ മാത്രം അഞ്ചു ലക്ഷത്തോളം ഇത്തരം പരാതികൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. പരാതി കൊടുക്കുന്നവർ വളരെ കുറച്ചു പേരാണെന്നു ഓർക്കണം. വലിയ ശതമാനം ആളുകളും പോയത് പോകട്ടെ, അതിന്റെ പിന്നാലെ നടന്ന് പുലിവാലു പിടിക്കണ്ടയെന്ന് കരുതുന്നവരാണ്.
വ്യാജന്മാരെ എങ്ങനെ മനസിലാക്കാം

1) സൈറ്റിന്റെ സ്പെല്ലിങ് കൃത്യമായി മനസ്സിലാക്കുക
Amazon.com/Amazon.in (തുടങ്ങി ഓരോ രാജ്യത്തിന്റെയും ഇന്റർനെറ്റ് ചുരുക്ക പേര്) ആണ് ആമസോൺ എന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റ്. എന്നാൽ, Amaz0n.com (ഇടയ്ക്ക് o യ്ക്ക് പകരം പൂജ്യമാണെങ്കിൽ) അതിന് ആമസോണുമായി ബന്ധമില്ല. അതുപോലെ Snapdeal.com ആണ് യഥാർഥ കമ്പനി, Snapdeel.com വ്യാജനാണ്. ഇങ്ങനെ മിക്ക പ്രമുഖ ഷോപ്പിങ് സെന്ററുകൾക്കും പല വ്യാജന്മാരുമുണ്ട്.
2) റിവ്യൂ എന്ന തട്ടിപ്പ്
പലപ്പോഴും ഒരു സൈറ്റ് സത്യസന്ധമാണോ എന്നു പരിശോധിക്കാൻ ആളുകൾ ഉപയോഗിക്കുന്ന രീതി ആ സൈറ്റുകളെ കുറിച്ചുള്ള റിവ്യൂ നോക്കുകയാണ്. എന്നാൽ, വ്യാജന്മാർ തന്നെ നിർമിച്ചെടുക്കുന്നതാകും അത്തരം സാക്ഷ്യം പറച്ചിലുകൾ. നെഗറ്റീവ് കമന്റുകളെ മുക്കി, അവർക്ക് താത്പര്യമുള്ള കമന്റുകളുടെ നിർമിതിയാണ് ഇവിടെ നടത്തുന്നത്. എന്നാൽ, ഒരു സൈറ്റിനെ പറ്റിയുള്ള വാർത്തകൾ ഗൂഗിൾ ഉൾപ്പെടെയുള്ള പലതരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ശേഖരിച്ചു പരിശോധിച്ചാൽ നമുക്ക് ആ സൈറ്റിന്റെ ഗുണദോഷങ്ങളെ കുറിച്ച് ഏകദേശ ധാരണ ലഭിക്കും.
3) പരിശോധനാ വെബ്‌സൈറ്റുകളെ ആശ്രയിക്കാം.
McAfee webadvisor പോലെയുള്ള മാൽവെയർ പരിശോധന സൈറ്റുകളിൽ നമ്മൾ ഉപയോഗിക്കുന്ന സൈറ്റിന്റെ സാധുത പരിശോധിക്കാൻ കഴിയും. വിശ്വസ്ത സൈറ്റ് (Trusted site certification) എന്ന സീൽ ഉണ്ടോയെന്ന് നോക്കാം (ആ സീലും തട്ടിപ്പുകാർ വ്യാജമായി ഉപയോഗിക്കുന്നുണ്ട്). ഗൂഗിൾ ട്രാൻസ്പേരൻസി റിപ്പോർട്ട് പരിശോധിക്കുന്നത് നല്ലതായിരിയ്ക്കും.
4) പരാതി പറയാനുള്ള സംവിധാനങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുക
ഉപഭോക്താവിന്റെ പരാതി സ്വീകരിക്കാൻ ഒരു മെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടോയെന്ന് പരിശോധിക്കുക. കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് വിലാസം (Contact Us) ഉണ്ടോയെന്ന് നോക്കുക. ഇതൊക്കെ ഉണ്ടെങ്കിലും പൂർണമായും സത്യസന്ധതയോടു കൂടി നടത്തുന്ന സ്ഥാപനങ്ങളാണെന്ന് ഉറപ്പിക്കാനാവില്ല. എന്നാൽ പിന്നീട് നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഈ വിലാസം നമ്മെ സഹായിക്കും
5) ഡൊമൈൻ നാമത്തിന്റെ പഴക്കം പരിശോധിക്കുക
സാധാരണയായി തട്ടിപ്പുകാർ ഒരു ഡൊമൈൻ നാമത്തിൽ ദീർഘകാലം പ്രവർത്തിക്കില്ല. പെട്ടെന്ന് കുറെ പണമുണ്ടാക്കി പൂട്ടികെട്ടി പോകുകയാണ് പതിവ്. whois.domaintools.com എന്ന സൈറ്റിൽ കയറിയാൽ ഡൊമൈൻ നെയിമിന്റെ പഴക്കം മനസിലാക്കാൻ കഴിയും. ചിലപ്പോൾ പഴയ ഡൊമൈൻ പുതിയ രൂപത്തിൽ വന്ന് തട്ടിപ്പ് നടത്തിയെന്നും വരാം. എങ്കിലും ദീർഘകാലം നിലനിൽക്കുന്ന സൈറ്റാണെങ്കിൽ തട്ടിപ്പിനുള്ള സാധ്യത കുറവാണെന്നു മാത്രം.
6) ഏറ്റവും എളുപ്പവും പ്രായോഗികവുമായ വഴി
മേൽപ്പറഞ്ഞ വഴികളൊക്കെയും വ്യാജവിലാസക്കാരെക്കുറിച്ച് ഏകദേശ വിവരങ്ങൾ ലഭിക്കുമെന്നല്ലാതെ പൂർണമായ സംരക്ഷിതവഴികളല്ല. ഏറ്റവും ലളിതമായ വഴി ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ വരുന്ന, അഭൂതപൂർവമായ വിലക്കുറവ് കാണിക്കുന്ന സൈറ്റുകളിൽ നിന്ന് (ചില സമയത്ത് ഇത് സത്യമായ ഓഫറുമാണ്) വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ക്യാഷ് ഓൺ ഡെലിവറി സംവിധാനം ഉണ്ടോയെന്ന് പരിശോധിക്കുയകയാണ് ആദ്യം ചെയ്യേണ്ടത്. പരിശോധിച്ചാൽ മാത്രം പോര ആയിരം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ ആ സംവിധാനത്തിലൂടെ മാത്രം വാങ്ങുക.
ചിലപ്പോൾ ക്യാഷ് ഓൺ ഡെലിവറി ഉണ്ടെന്ന് കാണിക്കുകയും നമ്മൾ ക്ലിക്ക് ചെയ്യുമ്പോൾ താൽക്കാലികമായി ഈ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നു അറിയിപ്പ് വരികയും ചെയ്യും. ആ വഴിക്ക് പോകുകയെ വേണ്ട. കയ്യിലെ പൈസ സുരക്ഷിതമായിരിക്കും.
7) ഡേറ്റ വിൽപനക്കാരെ സൂക്ഷിക്കുക

സാധനം കൊണ്ടുവരുമ്പോൾ പണം കൊടുത്താൽ മതിയെന്ന പരസ്യം പലപ്പോഴും പൂർണമായും സത്യമാകണമെന്നില്ല. അങ്ങനെയുള്ള സൈറ്റുകൾ പലപ്പോഴും "phishing" നു വേണ്ടിയായിരിക്കും തുറന്ന് വച്ചിരിക്കുന്നത്. നിങ്ങളുടെ ഇമെയിലും ഫോൺ നമ്പറും മറ്റു ഡേറ്റാകളും ചോർത്തി വിൽക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതാണ് phishing.
99 രൂപയ്ക്ക് സാരിയും, 88 രൂപയ്ക്ക് ചുരിദാറും വിൽക്കാൻ തയ്യാറായി ഡെലിവറി ചാർജ് സൗജന്യമെന്ന് പറയുന്ന സൈറ്റ്, നമ്മളോട് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇമെയിലും ഫോണും ഡെലിവറി അഡ്രസ്സും കിട്ടികഴിഞ്ഞാൽ പിന്നെ ഒരനക്കവുമുണ്ടാകില്ല. അവർ മെയിൽ ഐഡിയും ഫോൺ നമ്പറും കൊണ്ടുപോയി നന്നായിക്കോട്ടെയെന്നു കരുതുമ്പോഴും ഒരു കാര്യം മറക്കരുത്, ഇങ്ങനെയുള്ള വ്യാജസൈറ്റുകളിൽ രജിസ്റ്റർ ചെയ്യുമ്പോൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഗൂഗിൾ പെയ് പോലെയുള്ളവയുടെ നമ്പറും ചോദിച്ചാൽ കൊടുക്കരുത്. 99 ന്റെ സാരി നമുക്ക് വേണ്ടായെന്നുത്തന്നെ കരുതുക.
ഈ തട്ടിപ്പുകൾക്ക് പരിഹാരമില്ലേ?
മേൽ സൂചിപ്പിച്ചതുപോലെ ലോകം മുഴുവനുമായി കോടാനുകോടി രൂപയാണ് ഈ ഓൺലൈൻ ഭ്രമത്തിൽ ഉപഭോക്താക്കൾക്ക് നഷ്ടമാകുന്നത്. അതു വഴി പല വ്യക്തികളും കടുത്ത സാമ്പത്തിക നഷ്ടത്താലും വലിയ അപമാന ഭാരത്താലും മനസികവ്യഥ അനുഭവിക്കുന്നുണ്ട്. മറ്റേത് രാജ്യങ്ങളെക്കാളും ഓൺലൈൻ തട്ടിപ്പിനിരയായവർക്കു നിയമപരമായ സംരക്ഷണം കിട്ടുന്ന രാജ്യം ഇന്ത്യയാണ്. 1986 ൽ തന്നെ സമഗ്രമായ ഒരു ഉപഭോക്തൃ നിയമം നിലവിൽ വന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ 2019 ൽ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിൽ നിലവിൽ വന്ന ഉപഭോക്തൃ സംരക്ഷണ നിയമം 2019, കൂടുതൽ വിപുലവും ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ചു നടപ്പിലാക്കിയതുമാണ്.
ഈ നിയമം അനുസരിച്ചു മൂന്നു തട്ടുകളിലുള്ള ഉപഭോക്തൃ സംരക്ഷണം നിലവിൽ വന്നു. ഉപഭോക്താവിന് ഒരു കോടി വരെയുള്ള നഷ്ടങ്ങൾക്ക് ജില്ലാ ഉപഭോക്തൃ ഫോറങ്ങളിലും, ഒരു കോടി മുതൽ പത്തു കോടി വരെയുള്ള നഷ്ടങ്ങൾക്ക് സംസ്ഥാന ഉപഭോക്തൃ ഫോറങ്ങളെയും പത്തു കോടിക്കു മുകളിലുള്ളതിനു ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിനെയുമാണ് സമീപിക്കേണ്ടത്. അഞ്ച് ലക്ഷം രൂപ വരെയുള്ള നഷ്ട പരിഹാരാവ ശ്യത്തിന് കോടതി ചിലവില്ല. അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം വരെയുള്ളതിന് 500 രൂപയാണ് ഫീസ്. തുക കൂടുന്നതിതനുസറിച്ച് ഫീസും കൂടും. എന്നാൽ മറ്റ് സിവിൽ നടപടികൾ പോലെ അമിത ഫീസ് ഇല്ലെന്നതാണ് കൺസ്യൂമർ ഫോറങ്ങളെ(ഉപഭോക്തൃ കോടതിയെ) ആകർഷണീയമാക്കുന്നത് .

ഒരു പരാതിക്കടിസ്ഥാനമായ ഉപഭോക്തൃ പ്രശ്നമുണ്ടായാൽ രണ്ടു വർഷത്തിനകം പരാതി കൊടുത്താൽ മതിയാകും. വലിയ ജുഡീഷ്യൽ അധികാരമുള്ള ഈ കോടതികളിൽ വാദിക്കാൻ വക്കീൽ വേണമെന്ന് നിർബന്ധമില്ല. അഥവാ വക്കീലിന്റെ സഹായം തേടിയാലും മറ്റു വലിയ കോടതികളിലെപ്പോലെ കൂടുതൽ ഫീസ് കൊടുക്കേണ്ടതില്ല.
എങ്ങനെയാണ് ഉപഭോക്തൃ ഫോറങ്ങൾ പ്രവർത്തിക്കുന്നത്?
നിങ്ങൾ ഓൺലൈനായോ നേരിട്ടോ പണം കൊടുത്തു വാങ്ങിയ ഒരു സാധനം ഉപയോഗശൂന്യമായതോ അല്ലെങ്കിൽ അമിത വില ഈടാക്കിയതോ അല്ലെങ്കിൽ വാറണ്ടി തരാതിരിക്കുകയോ ചെയ്താൽ ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കാം. നമുക്കു തൃപ്തികരമല്ലാതെ സാധനം വിറ്റ കമ്പനി/കട ആ സാധനത്തിന്റെ വില മടക്കിത്തന്നാൽ മാത്രംപോരാ നഷ്ടപരിഹാരവും കോടതി ചിലവും തരേണ്ടി വരും.
ആവശ്യമുള്ള രേഖകൾ
നേരിട്ട് വാങ്ങുന്ന സാധനങ്ങൾ ആണെങ്കിൽ അതിനു കൊടുത്ത പേയ്‌മെന്റിന്റെ തെളിവ്, കച്ചവടക്കാരുടെ രസീത്, വാറന്റി കാർഡ് ഉണ്ടെങ്കിൽ അത്, കാറ്റലോഗ് ഉണ്ടെങ്കിൽ അത്, നമ്മൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് (നിര്ബന്ധമില്ല)
ഓൺലൈൻ ആയി വാങ്ങുകയാണെങ്കിൽ പൈസാ അടച്ച തെളിവ്, അവർ തന്ന ഓഫർ, നമ്മൾ വാങ്ങിയ ഉത്പന്നം (പാക്ക് പൊട്ടിച്ചതായാലും ഉപയോഗിച്ചതായാലും കുഴപ്പമില്ല), പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ്, ആ പരാതിയ്ക്ക് കിട്ടിയ മറുപടി തുടങ്ങിയവ.
സംശയകരമായ ഓൺലൈൻ പർച്ചെയ്‌സ് ആണെങ്കിൽ പയ്മെന്റ്റ് അയയ്ക്കുന്നതിനു മുന്നേ അവരുടെ വിവരങ്ങൾ സ്ക്രീൻ ഷോട്ട് എടുക്കുകയോ കോപ്പി പേസ്റ്റ് ചെയ്യുകയോ ചെയ്യണം. നമ്മൾ പൈസാ അടക്കുന്നത് ഏതു മണി ഏജന്റ് ന്റെ പേരിൽ ആണെന്ന് കോപ്പി ചെയ്തു എടുക്കണം. ഈ പരസ്യം എവിടെ കണ്ടുവെന്ന് ഓർത്തിരിക്കണം.
നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം വസൂലാക്കിയ തെളിവുകൾ നിർബന്ധമായും വേണം.
ഇങ്ങനെ തെളിവുകളുമായി സമീപിച്ചാൽ 90% പ്രശ്നങ്ങൾക്കും പരിഹാരം കിട്ടും. ഉത്പന്നം വാങ്ങുന്ന പോലെ തന്നെയാണ് സേവനങ്ങൾ പണം കൊടുത്തു ഉപയോഗിക്കുന്നതും. കോടതിയെ സമീപിക്കേണ്ട അവശ്യം ഉണ്ടാകുകയാണെങ്കിൽ മേല്പറഞ്ഞ തെളിവുകൾ എല്ലാം നിരത്തേണ്ടി വരും
പൂട്ടിപ്പോയ വ്യാജന്മാരെ എങ്ങനെ നിയമപരമായി പൂട്ടും.
പണവും തട്ടി പൂട്ടിപ്പോയ കമ്പനികളെ എങ്ങനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ സാധിക്കുമെന്നത് ഒരു ന്യായമായ സംശയമാണ്. ഓരോ കുറ്റവാളിയും എവിടെയെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കുമെന്നു ഒരു പഴയ തിയറി ഉണ്ടല്ലോ. അത് ഈ സാമ്പത്തിക കുറ്റവാളികൾക്കും ബാധകമാണ്. ആ തെളിവുകളുടെ അടയാളങ്ങൾ തേടിപ്പിടിച്ചു കോടതിയെ അറിയിക്കുന്നതാണ് ഒരു വക്കീലിന്റെ ബ്രില്ലിയൻസ്. ഐപി വഴിയോ, കാൾ സെന്റർ വഴിയോ, കോൺടാക്ട് അസ് വഴിയോ, പണം സ്വീകരിച്ച ഏജന്റിന്റെ പിന്നാലെ പോയാലോ ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ ആവശ്യത്തിനുള്ള തെളിവുകൾ കിട്ടും. ആനുകൂല വിധിയും സമ്പാദിക്കാൻ കഴിയും.
ഒന്നും നടക്കില്ലെന്നല്ല മനോഭാവത്തോടെയല്ല, മിക്കതും നടക്കുമെന്ന വിശ്വാസത്തോടെ വേണം നിയമ സംവിധാനങ്ങളെ സമീപിക്കാൻ. കള്ളവും വഞ്ചനയും തൊഴിലാക്കിയ ലാഭക്കൊതിയന്മാരുടെ ഇടയിലാണ് നാം ജീവിക്കുന്നതെന്ന് ബോധ്യം എപ്പോഴുമുണ്ടാകണം. പോയതു പോയി എന്നു കരുതി വിട്ടുകളയുന്ന ഓരോ ഉപഭോകൃത അവകാശ നിഷേധവും ഇത്തരം വ്യാപാരത്തട്ടിപ്പുകാർക്കുള്ള പ്രോത്സാഹനമാണ്. അവർ അതേ തട്ടിപ്പുമായി നമ്മുടെ സഹജീവികളേയോ, വേറൊരു രൂപത്തിൽ നമ്മളെത്തന്നെയോ വീണ്ടും പറ്റിക്കാനുള്ള അവസരമാണ് അതു വഴി സൃഷ്ടിക്കുന്നത്.