അയൽക്കാരുടെ മരത്തിന്റെ കൊമ്പ് പുരയിടത്തിലേക്ക് ചാഞ്ഞാൽ വെട്ടിമാറ്റാൻ നിയമപരമായി ആവശ്യപ്പെടാൻ കഴിയുമോ?
Mail This Article
അയൽക്കാരുടെ മരത്തിന്റെ കൊമ്പ് പുരയിടത്തിലേക്ക് ചാഞ്ഞാൽ വെട്ടിമാറ്റാൻ നിയമപരമായി ആവശ്യപ്പെടാൻ കഴിയുമോ?
ഒരു വ്യക്തിയുടെ സ്വന്തമായുള്ള ഭൂമിക്ക് ചുറ്റും നാല് അതിരുകൾ ഉണ്ടാകും. ഈ നാല് അതിര് കൂട്ടിയാണ് മതിൽ കെട്ടി ഭൂമി തിരിച്ചെടുക്കുന്നത്. ഈ മതിൽ മുകളിലേക്ക് ഉയർത്തി കെട്ടിയെന്നു കരുതുക. ഇതാണ് ഒരു വ്യക്തിയുടെ/ഭൂമിയുടെ ഏരിയൽ ടെറിറ്ററി. വ്യക്തിയുടേതായ എന്തും ഈ അതിരിനുള്ളിൽ നിൽക്കണം. മരമായാലും മരക്കൊമ്പായാലും.
അയൽക്കാരുടെ മരക്കൊമ്പ് നിങ്ങളുടെ ഭൂമിയിലേക്ക് ചാഞ്ഞു നിൽക്കുണ്ടെങ്കിൽ അതു വെട്ടാൻ ആവശ്യപ്പെടാം. അതിനവർ കൂട്ടാക്കിയില്ലെങ്കിൽ ഇതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ പരാതി കൊടുക്കാം. അവർ നോട്ടീസ് അയച്ച് അയൽക്കാരെ ഈ പരാതി അറിയിക്കുകയും പരിഹാരം കാണാൻ ആവശ്യപ്പെടുകയും ചെയ്യും. എന്നിട്ടും പരിഹാരം കണ്ടില്ലെങ്കിൽ അധികൃതർ നേരിട്ടെത്തി നടപടി സ്വീകരിക്കും.
- അഡ്വക്കേറ്റ് തോമസ് മണ്ണനാൽ, കോട്ടയം
ഭൂമി നിലമാണെങ്കിൽ വീട് വയ്ക്കാൻ അനുവാദം ലഭിക്കുമോ?
നെൽവയൽ തണ്ണീർത്തട ഡേറ്റാ ബാങ്കിൽ (കൃഷിഭവനിലാണ് ഡേറ്റാ ബാങ്ക് ഉണ്ടാകുക) പരിവർത്തനപ്പെട്ട ഭൂമി എന്ന് 2008ന് മുൻപ് ഉൾപ്പെട്ടിട്ടുള്ള നിലത്ത് വീട് വയ്ക്കാൻ അനുവാദം ലഭിക്കും. ഇതിനു രണ്ടു വഴികളാണ് ഉള്ളത്.
പുരയിടമാക്കാതെ വീട് വയ്ക്കാം – പഞ്ചായത്തിൽ 10 സെന്റിലും മുനിസിപ്പാലിറ്റിയിൽ അഞ്ചു സെന്റിലും വീടു വയ്ക്കാൻ അനുവാദം ലഭിക്കും. 1200 സ്ക്വയർ ഫീറ്റിൽ താഴെയായിരിക്കണം വീടിന്റെ വലുപ്പം. ഓർക്കേണ്ട പ്രധാനകാര്യം നിലം മാറ്റി പുരയിടമായി ലഭിക്കില്ല, പകരം നിലമായുള്ള ഭൂമിയിൽ വീടു വയ്ക്കാനായി പരിവർത്തനം അനുവദിക്കും എന്നു മാത്രം. ഇതിനായി കൃഷി ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. പിന്നീട് കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ, പ ഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരടങ്ങുന്ന പ്രാദേശിക നിരീക്ഷണ സമിതി സ്ഥലം പരിശോധിച്ച് റിപ്പോ ർട്ട് നൽകും. ആർഡിഒ കൺവീനറായ സമിതി കൂടി പരിശോധിച്ച ശേഷം വീടു വയ്ക്കാൻ അനുവാദം നൽകും.
നിലം പുരയിടമാക്കിയ ശേഷം വീട് വയ്ക്കാൻ – ആർഡിഒയ്ക്ക് അപേക്ഷ നൽകണം. 1000 രൂപയാണ് ഫീസ്. ഈ അപേക്ഷ കൃഷി വകുപ്പിലേക്കും വില്ലേജ് ഓഫിസിലേക്കും അയയ്ക്കുകയും കൃഷി ഓഫിസറും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്യും. നെൽകൃഷിക്ക് യോഗ്യമല്ലെന്നും ചുറ്റുമുള്ള നീർച്ചാലിനും വെള്ളമൊഴുക്കിനും തടസ്സമല്ലെന്നും ഉറപ്പു വരുത്തി ആർഡിഒയ്ക്ക് അയയ്ക്കും. ആർഡിഒ സ്ഥലത്തെത്തി പരിശോധന നടത്തി നടപടി സ്വീകരിക്കും. പുരയിടമാക്കാൻ അനുവാദം ലഭിച്ചാല്‍ നിലത്തിന്റെ അടുത്തുള്ള പുരയിട ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം അടച്ച് പുരയിട ഭൂമിയാക്കി മാറ്റാം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികൾക്കുള്ളിൽ ഈ തുകയ്ക്ക് വ്യത്യാസമുണ്ട്.
-ടി. വി ജയകുമാർ, വില്ലേജ് ഓഫിസർ, ഏറ്റുമാനൂർ