അഭിനയ മികവിനുള്ള സെറ- വനിത ചലച്ചിത്ര പുരസ്കാരം മലയാളത്തിന്റെ താരരാജാവിന്. മികച്ച നടനുള്ള പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി. ‘ലൂസിഫറി’ലെ അഭിനയത്തിനാണ് പുരസ്കാരം. ലൂസിഫറിലെയും പ്രതി പൂവൻകോഴിയിലെയും അഭിനയ മികവിനു മഞ്ജു വാരിയർ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ‘കുമ്പളങ്ങി നൈറ്റ്സ്’ ആണ് മികച്ച ചിത്രം. പൃഥ്വിരാജ് മികച്ച സംവിധായകൻ (ലൂസിഫർ). സുരാജ് വെഞ്ഞാറമൂട് സ്പെഷൽ പെർഫോമൻസ് മെയിൽ പുരസ്കാരം സ്വന്തമാക്കി (ആൻഡ്രോയിഡ് കുഞ്ഞപ്പൻ). സ്പെഷ്യൽ പെർഫോർമൻസ് ഫീമെയിൽ: മംമ്ത മോഹൻദാസ് (കോടതി സമക്ഷം ബാലൻ വക്കീൽ, നയൻ), നടി ശാരദ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി.
ജനപ്രിയ സിനിമ: ലൂസിഫർ. ആസിഫ് അലിയാണ് ജനപ്രിയ നടൻ (കെട്യോളാണ് എന്റെ മാലാഖ, ഉയരെ, വിജയ് സൂപ്പറും പൗർണ്ണമിയും). ജനപ്രിയ നടി: പാർവതി തിരുവോത്ത് (ഉയരെ). മികച്ച വില്ലൻ: വിവേക് ഒബ്റോയ് (ലൂസിഫർ). മികച്ച സ്വഭാവ നടൻ: സിദ്ധിഖ്, മികച്ച സ്വഭാവ നടി: നൈല ഉഷ. ഗ്രെയ്‌സ്ഫുൾ പെർഫോമൻസ് അവാർഡ് നിവിൻ പോളി സ്വന്തമാക്കി. സപ്പോർട്ടിങ് ആക്ടർ ആയി സൗബിൻ ഷാഹിർ (അമ്പിളി, കുമ്പളങ്ങി നൈറ്റ്സ്, വൈറസ്), സപ്പോർട്ടിങ് നടിയായി അനുശ്രീ (പ്രതി പൂവങ്കോഴി) എന്നിവരെ തിരഞ്ഞെടുത്തു. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം സൈജു കുറുപ്പ് ഏറ്റുവാങ്ങി. മികച്ച താരജോഡികൾക്കുള്ള അവാർഡ് സ്വന്തമാക്കിയത് ഷെയ്ൻ നിഗവും അന്ന ബെന്നും.
മികച്ച നവാഗത സംവിധായകൻ: മനു അശോകൻ, ന്യൂകമർ ഹീറോ: മാത്യു തോമസ് (തണ്ണീർമത്തൻ ദിനങ്ങൾ), ന്യൂകമർ ഹീറോയിൻ: അന്ന ബെൻ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകൻ: ജയ് ഹരി, മികച്ച ഗായകൻ: വിജയ് യേശുദാസ്, മികച്ച ഗായിക: ശ്രേയ ഘോഷാൽ, മികച്ച ലിറിക്സിസ്റ്റ്: ബി കെ ഹരിനാരായണൻ, മികച്ച സ്ക്രിപ്റ്റ് ഡയറക്ടർ: ശ്യാം പുഷ്കരൻ, മികച്ച കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, മികച്ച സിനിമാറ്റോഗ്രാഫർ: ഗിരീഷ് ഗംഗാധരൻ, സോഷ്യൽ റെസ്പോൺസിബിൾ മൂവി: വൈറസ്. സോഷ്യൽ റെസ്പോൺസിബിൾ ആക്ടർ: കുഞ്ചാക്കോ ബോബൻ, സോഷ്യൽ റെസ്പോൺസിബിൾ ആക്ട്രസ്: റിമ കല്ലിംഗൽ, മികച്ച ചൈൽഡ് ആർട്ടിസ്റ്റ്: അച്യുതൻ എന്നിവർ പുരസ്‌കാരത്തിന് അർഹരായി.
വർണാഭമായ കലാപ്രകടനങ്ങളോടെയാണു മലയാളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്കാരമായ സെറ-വനിത ഫിലിം അവാർഡ് നിശ ഫോർട്ട്കൊച്ചി ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ അരങ്ങേറിയത്. കേരളത്തിന്റെ മിന്നുംതാരങ്ങൾക്കൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്തെ പ്രതിഭകളും അവാർഡ് നിശയ്ക്കെത്തി. അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളിൽ ഒരുങ്ങിയ വേദിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിനു മാറ്റു കൂട്ടി.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ സൂപ്പർ ഐറ്റം നമ്പറുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ യുവാക്കളുടെ ഹൃദയത്തുടിപ്പായി മാറിയ നോറ ഫത്തേഹിയുടെ ചടുല നൃത്തം കാണികളുടെ കയ്യടി നേടി. മലയാളത്തിന്റെ താരസുന്ദരികളായ അനു സിത്താര, നമിത പ്രമോദ്, അനുശ്രീ, നിഖില വിമൽ, മിയ, ദീപ്തി സതി, രമ്യ നമ്പീശൻ എന്നിവരുടെ നൃത്തം പ്രേക്ഷകരെ ഹരം കൊള്ളിച്ചു.
മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ കുട്ടി ചാവേറായി എത്തി മലയാള സിനിമയിലെ ‘വണ്ടർ ബോയ്’ ആയ മാസ്റ്റർ അച്യുതന്റെ കലാപ്രകടനം ഫിലിം അവാർഡിന്റെ ഹൈലൈറ്റുകളിലൊന്നായി. കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ശേഷം അഭിനേത്രിയായി മാമാങ്കം സിനിമയിലൂടെ മലയാളത്തിലെത്തിയ സുന്ദരി പ്രാചി തെഹ്ലാന്റെ ആവേശകരമായ കലാപ്രകടനവും കാണികൾ നെഞ്ചേറ്റി.
പുഞ്ചിരിയും പാട്ടും കൊണ്ട് മലയാളിയുടെ മനം നിറയ്ക്കുന്ന നിത്യഹരിത ഗായിക കെ.എസ്. ചിത്രയും ഗന്ധർവനാദത്തിന്റെ പുത്തൻ സൗകുമാര്യം വിജയ് യേശുദാസും കേൾക്കാൻ കൊതിക്കുന്ന ഈണങ്ങളുമായി താര നിശയെ സമ്പന്നമാക്കി. മലയാളം നെഞ്ചേറ്റിയ പൂ മുത്തോളേ.. നീ മുകിലോ.. തുടങ്ങിയ ഗാനങ്ങളുടെയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തിളക്കത്തിന്റെയും ആഘോഷത്തിമിർപ്പിലാണ് വിജയ് വനിത ഫിലിം അവാർഡ് വേദിയിലെത്തിയത്.