Saturday 16 May 2020 04:29 PM IST : By സ്വന്തം ലേഖകൻ

വലിയ റൂമിലേക്കും ചെറിയ എസി മതിയെന്നത് തെറ്റായ ധാരണ; എസി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

shutterstock_116118720711

കാലാവസ്ഥയിലെ മാറ്റം മൂലം എസി ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയിലാണ് പലരും. എസി വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

ഉറപ്പാക്കാം തണുപ്പും ഇന്ധനക്ഷമതയും

ഫിക്സഡ് സ്പീഡ് എസിയും ഇൻവേർട്ടർ എസിയും ആണ് മാർക്കറ്റിൽ ഉള്ളത്. ഫിക്സഡ് ഏസിയിൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) ഉള്ളതാണ്. റിപ്പയറിങ് വേണ്ടി വന്നാൽ പിസിബിയ്ക്കായി കുറഞ്ഞത് അയ്യായിരം രൂപയാകും. ഇൻവർട്ടർ എസിക്ക് വില കൂടുതലാണ്. ഏറെ ഗുണങ്ങളും ഉണ്ട്. സാവധാനമേ ഇൻവേർട്ടർ എസിയിൽ സ്പീഡ് കൂടുകയൂള്ളൂ. സിംഗിൾ ഫെയ്്സ് ഉപയോഗിക്കുന്നവർക്ക് ഇത്  ഉപകാരമാണ്. സാവധാനം കൂടുന്ന എസിയുടെ സ്പീഡ്,  മീറ്ററിന് പ്രശ്നമൊന്നും ഉണ്ടാക്കില്ല. പെട്ടെന്ന് സ്പീഡ് കൂടുന്ന ഫിക്സഡ് സ്പീഡ് എസിയുടെ സ്പീഡ് വേരിയേഷൻ മുറിയിലെ ലൈറ്റ് മിന്നിയും കെട്ടും നിൽക്കാനിടയാക്കും. ചിലപ്പോൾ അനിയന്ത്രിതമായാൽ മീറ്റർ കത്തിപോകുകയും ചെയ്യും.

വലിയ റൂമിലേക്ക് ചെറിയ എസി വാങ്ങിയാൽ മതി, സാവധാനം തണുപ്പ് കേറും എന്ന ധാരണ തെറ്റാണ്. നൂറ് സ്ക്വയർ ഫീറ്റുള്ള മുറിയിൽ ഒരു ടൺ എസി എന്നതാകണം കണക്ക്. സ്ക്വയർ ഫീറ്റ് കൂടുന്നതിന് അനുസരിച്ച് എസിയുടെ വലുപ്പവും കൂടണം. കണക്കിൽ ചെറിയ മാറ്റം വന്നാലും മുറിയുടെ കൂളിങ്ങിനെ ബാധിക്കും. നോർമൽ എസി കൂളിങ് ആയി ഇരുപത് മിനിറ്റിനുള്ളിൽ സ്വിച്ച് ഓഫ് ആകും. എസിയും മുറിയുടെ അനുപാതം തെറ്റായ നിലയിലായാൽ, തനിയെ എസി ഓഫ് ആവുകയുമില്ല. കറന്റ് കൂടുതൽ ഉപയോഗിക്കുകയും ചെയ്യും. എസിയുടെ കൂളിങ്ങും കുറവായിരിക്കും.

ഇത്തവണ ഫൈവ് സ്‌റ്റാർ റേറ്റിങ്ങുണ്ടായിരുന്ന എസിയ്ക്ക് പുതിയ റിവിഷനിൽ അത്ര റേറ്റിങ് ഉണ്ടാകണമെന്നില്ല. സ്‌റ്റാർ റേറ്റിങ്ങ് ഉള്ള എസി  മികച്ചതാണെന്ന് പറയാനാകില്ല. എസി വാങ്ങുമ്പോൾ വാറന്റി പീരിഡ് പരിഗണിക്കണം.  മിക്കപ്പോഴും എസിയുടെ കംപ്രറിന് മാത്രമാകും മികച്ച വാറന്റി പീരീയിഡ് ഉണ്ടാകുക.  എസിയുടെ പ്രധാനപ്പെട്ടതും കൂടുതൽ പ്രശ്നമുണ്ടാകാൻ സാധ്യതയുമുള്ളതുമായ വിഭാഗമായ പിസിബി നന്നാക്കാനോ മാറ്റി വാങ്ങാനോ വലിയ ചെലവാകുകയും ചെയ്യും. പിസിബി എത്ര കാലത്തേക്ക് വാറന്റി നൽകും എന്നു നോക്കി വേണം എസി വാങ്ങാൻ.

ആറ് ഇഞ്ച് മുതൽ ഒരടി വരെ  സീലിങ്ങുമായി മിനിമം ഗ്യാപ് നൽകിയേ എസി വയ്ക്കാവൂ.  ഭിത്തിയിലെ ചെറിയൊരു ഹോൾ വഴി കണക്ട് ചെയ്ത് എസി വയ്ക്കാം.  എസി വയ്ക്കുമ്പോൾ 50 amp ന്റെ എങ്കിലും പവർ പ്ലഗ് ഉപയോഗിക്കണം. മാത്രമല്ല വയറിങ്ങിൽ എർത്ത് ചെയ്യാനും മറക്കരുത്. അവയൊന്നും ചെയ്തില്ലെങ്കിൽ വയറ് ചൂടാകാനും കത്തിപ്പോകാനുമുള്ള സാധ്യതയേറെയാണ്. എസി ഔട്ട് ഡോർ യൂണിറ്റായി വയ്ക്കുമ്പോൾ സൂര്യപ്രകാശം തട്ടാതെ നോക്കുന്നത് എസിയുടെ പെർഫോമൻസ് മികച്ചതാകാൻ സഹായിക്കും. മാസത്തിലൊരിക്കലെങ്കിലും ഫിൽറ്റർ  വൃത്തിയാക്കണം. കൃത്യമായ ഇടവേളകളിൽ സർവീസിങ് ഉറപ്പാക്കുക. ഇൻസ്റ്റലേഷൻ ചാർജ് ഉൾപ്പെടെ ക്വാളിറ്റിയുള്ള നോർമൽ എസിക്കു മുപ്പതിനായിരം രൂപയോളം വിലവരും.

കടപ്പാട്: എസ്. മുരളീധരൻ, ഡയറക്ടർ, ക്യുആർഎസ് റീട്ടെയിൽ ലിമിറ്റഡ്, ബേക്കർ ജംക്‌ഷൻ, കോട്ടയം

Tags:
  • Vanitha Veedu