ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പും ഒരുക്കങ്ങളും മനസ്സിനെ കൂടുതൽ ചെറുപ്പമാക്കും. അതുപോലെയാണു വീടിന്റെ കാര്യവും. ഓരോ വിശേഷാവസരങ്ങൾക്കു വേണ്ടിയുള്ള ചെറിയ മാറ്റങ്ങൾ പോലും വീടിനു നവോന്മേഷം നൽകും. അതു വീടിനുള്ളിലും വീട്ടിലുള്ളവരിലും സന്തോഷം നിറയ്ക്കും. ഇക്കുറി റീസൈക്ലിങ് മോടിപ്പിടിപ്പിക്കൽ ആകാം.
സോഫ്റ്റ് ഫർണിഷിങ്ങിൽ തുടങ്ങാം
∙ ആഘോഷങ്ങൾക്കു യോജിക്കുന്ന കളർ തീം തിരഞ്ഞെടുത്താൽ തന്നെ വീടിന്റെ മൂഡ് മാറുമെന്നു പറയേണ്ട കാര്യമില്ലല്ലോ. വിഷുനാളിനു മഞ്ഞയും വെള്ളയും കോംബോ, കസവിന്റെ സ്വർണവും ഐവറിയും ചേർന്ന കോംബോ എന്നിവ നന്നായി ഇണങ്ങും.
പഴയ കസവുസാരി കർട്ടനായും കുഷൻ കവറായും മാറട്ടെ. മഞ്ഞ നിറത്തിലുള്ള തുണിയൊന്നും കിട്ടിയില്ലെങ്കിൽ പഴയ മുണ്ടിന്റെ കര വെട്ടിമാറ്റി മഞ്ഞ ഡൈ മുക്കിയെടുത്താലും മതി.
∙ പഴയ ബെഡ് ഷീറ്റിൽ നിന്ന് ഒരേ നീളത്തിൽ തുണി മുറിച്ചെടുത്ത്, മുടി പിന്നുന്നതുപോലെ പിരിച്ചു ഫ്ലോർ മാറ്റ് തയാറാക്കാം. കളർ തീം മനസ്സിലുണ്ടായാൽ മതി. ക്രോഷേ ചെയ്യാനറിയുന്നവർക്ക് അവരവരുടെ മനസ്സിലുള്ള ഡിസൈൻ അനുസരിച്ചു ക്രോഷേ മാറ്റും റഗ്ഗുമൊക്കെ ഇതുപയോഗിച്ച് ഉണ്ടാക്കാം.
∙ പഴയ കസേരകൾക്കു മേക്കോവര്‍ നൽകി ആക്സന്റ് ചെയറാക്കി അകത്തളത്തിൽ ഇട്ടോളൂ. സാൻഡ് പേപ്പർ കൊണ്ടു നന്നായി ഉരച്ചു മിനുസമാക്കി പോളിഷ് ചെയ്തെടുത്താൽ മുത്തശ്ശൻ കസേരയ്ക്കും ന്യൂ ജെൻ ലുക്ക് വരും. ഇതിന്റെ പുറത്തിടാൻ പഴയ ഒരു കസവു ഷാൾ കൂടിയായാൽ അടിപൊളി.
∙ കർട്ടനൊന്നും തയ്ക്കാൻ സമയമില്ല എന്നാണെങ്കിൽ തുണി ചെറിയ ചതുരപ്പീസുകളായി മുറിച്ചശേഷം മടക്കി കോണാകൃതിയിലാക്കി പിൻ ചെയ്യുക. ഇത് ഒന്നിനു മുകളിൽ ഒന്നായി ഇടവിട്ടു കോർത്തു കർട്ടൻ പിടിയിൽ നിശ്ചിത അകലത്തിൽ തൂക്കിയിടാം.

ഭിത്തിയിലും അലങ്കാരം
∙ പിടി പോയതും നോൺ സ്റ്റിക് കോട്ടിങ് പോയതുമായ പാത്രങ്ങൾ തേച്ചുകഴുകി എടുത്തോളൂ. പിടി ഘടിപ്പിച്ചിരുന്ന ഭാഗം കൂടി കളഞ്ഞശേഷം പല നിറത്തിൽ പെയിന്റ് അടിച്ചു സുന്ദരമാക്കാം. ഇതു വാൾ ആർട്ടോ സാധനങ്ങൾ അടുക്കി വയ്ക്കാനുള്ള ട്രേയോ ഒക്കെയാക്കാം.
∙ നിറം നൽകിയ വലിയ പാത്രത്തിന്റെ നടുവിൽ അതേ നിറത്തിലുള്ള കുപ്പി വച്ചശേഷം അതിൽ അതേ ആകൃതിയിലുള്ള ചെറിയ പാത്രം പിടിപ്പിച്ചുവയ്ക്കുക. ആഘോഷവേളകളിൽ പൂക്കൾ വയ്ക്കാനും മറ്റ് അവസരങ്ങളിൽ യൂട്ടിലിറ്റി സ്റ്റാൻഡ് ആയും ഉപയോഗിക്കാം.
∙ പഴയ കുട്ടയും മുറവുമൊക്കെ അങ്ങനങ്ങ് ഉപേക്ഷിക്കാൻ മനസ്സില്ലാതെ സൂക്ഷിച്ചിട്ടില്ലേ. പഴമയുടെ സൗന്ദര്യത്തോടെ തന്നെ ഇവ ഭിത്തിയിലും മുറിയിലും വയ്ക്കാം.
∙ വിശേഷദിവസം ഏതായാലും ഫോട്ടോഷൂട്ട് നിർബന്ധാമാണിപ്പോൾ. അതിനായി വെളിച്ചം ധാരാളമെത്തുന്ന വീടിന്റെ ഒരു ഭാഗം ഒരുക്കിയെടുക്കാം. പഴയ ജനാലയുടെ ഫ്രെയിം ഉണ്ടെങ്കിൽ പൊടി തട്ടിയെടുത്ത് ആ ഭാഗത്തു സെറ്റ് ചെയ്യാം. ഇനി മുല്ലപ്പൂവോ, തുളസിയിലയോ, ജമന്തിപ്പൂവോ ഒക്കെ നൂലിൽ കോർത്ത് ഇതിൽ തൂക്കിയിട്ടാൽ ഫോട്ടോബൂത് റെഡി.
അതല്ലെങ്കിൽ നൂലുകളിൽ പൂക്കൾ കോർത്ത് ഒരു ഫ്ലോറൽ കർട്ടൻ തൂക്കിയിടാം. ഒരു പൂവ് കോർത്ത് 10 സെന്റിമീറ്റർ കഴിഞ്ഞു വേണം അടുത്ത പൂവ് കോർത്തിടാൻ. ഒരു കാണാനൂലിൽ പൂക്കൾ കൊരുത്തു കിടക്കുന്നതു കാണാൻ തന്നെ അഴകാണ്. ബെന്ദിപ്പൂവ് പോലെ ഇടതൂർന്ന് ഇതളുകളുള്ള പൂക്കൾ തിരഞ്ഞെടുക്കണം.
പഴയ ഓട്ടുപാത്രങ്ങൾ മിനുക്കി നിലത്തു, ഫോട്ടോ ഫ്രെയിമിന്റെ ഭാഗമായി വരുന്ന തരത്തിൽ വയ്ക്കാം.
∙ കുട്ടിക്കാലത്തു ചെപ്പിലാക്കി സൂക്ഷിച്ച മഞ്ചാടിമണികളും കുന്നിക്കുരുവും എവിടെയോ പൊടിപിടിച്ചിരിപ്പില്ലേ. അവ കഴുകി ഉണക്കിയെടുത്തു ചില്ലുകുപ്പിയിൽ പകുതി ഭാഗത്തിനു താഴെ വരെ നിറയ്ക്കാം. ഡൈനിങ് ടേബിളിന്റെ നടുവിലോ ലിവിങ് ഏരിയയിലെ ടേബിളിലോ ഇവ വച്ച ശേഷം മഞ്ഞ നിറത്തിലുള്ള എൽഇഡി ലൈറ്റ്് സ്ട്രിങ് ഉള്ളിലേക്ക് ഇടാം. ലൈറ്റ് തെളിയുമ്പോൾ ചില്ലുകുപ്പിയിലെ മഞ്ചാടിയുടെ ഭംഗി ഇരട്ടിക്കുന്നത് കാണാം.

കുപ്പിയിൽ പൂവോ ഇലയോ
∙ ചില്ലുകുപ്പികളിൽ പാടുകളുണ്ടെങ്കിലും ഉപയോഗപ്രദമാക്കാം. പഴയ പട്ടുസാരിയിൽ നിന്ന് കുപ്പി പൊതിയാൻ പാകത്തിനു തുണി മുറിക്കുക. ഇതിൽ കുപ്പി പൊതിഞ്ഞു കുപ്പിയുടെ കഴുത്തിന്റെ ഭാഗം കെട്ടുക. കുപ്പിക്കുള്ളിൽ പൂക്കൾ ഇട്ടു വയ്ക്കാം. ഉള്ളിൽ ലൈറ്റ് ഇട്ടാലും വേറിട്ട ഭംഗിയാണ്.
∙ ചെടികൾ പലവിധം അകത്തളത്തിൽ സുലഭമാണെങ്കിലും നാടൻ ചെടികളാണു വിഷുപോലുള്ള പരമ്പരാഗത ആഘോഷങ്ങൾക്കു നല്ലത്. ചേമ്പിന്റെ ഇല, തൂശനില എ ന്നിവ ഡൈനിങ് റൂമിലോ ലിവിങ് റൂമിലോ കുപ്പിയിലാക്കി വയ്ക്കാം. ഈ കുപ്പിയിൽ ചുറ്റാൻ പഴയ കയറോ ചാക്കുനൂലോ ഉപയോഗിച്ചാൽ മതി.
∙ കീറിപ്പോയ പഴയ പായ മുറിച്ച് കുഴിവുള്ള ഒരു പാത്രത്തിലോ കന്നാസിലോ ചുറ്റിയെടുത്താൽ കിടിലൻ ചെടിച്ചട്ടിയായി. ഇൻഡോർ പ്ലാന്റസ് ഈ പാത്രത്തിൽ നടാം.
∙ ബൾബ്, ചില്ലു കുപ്പികൾ എന്നിവയിൽ അൽപം വെള്ളം നിറച്ച് പൂക്കൾ തണ്ടോടു കൂടി ഇട്ടുവയ്ക്കാം. ഈ ബൾബും കുപ്പികളും കയറിൽ കെട്ടി നിരയായി തൂക്കിയിടുകയും വേണം.
ആഘോഷത്തിന്റെ വെളിച്ചം
∙ ആഘോഷമേതായാലും ലൈറ്റിങ് പ്രദാനമാണ്. പ്രൊസസ് ഫൂഡ്സും സ്വീറ്റ്നറുമൊക്കെ വാങ്ങിയ മെറ്റൽ ടിന്‍ കാൻ ലാംപ് ഷേഡ് ആക്കാം. ഈ കാനിൽ ചെറിയ ചുറ്റികയു ആണിയുമപയോഗിച്ചു ദ്വാരങ്ങളിടുക മാത്രമേ വേണ്ടൂ. കാനിൽ ഗോൾഡൻ, കോപ്പർ മെറ്റാലിക് ഷേഡ്സ് നൽകി മണ്ണു നിറച്ചു ചെടിയും നടാം.
∙ പഴയ സൈക്കിൾ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. ഈ സൈക്കിളിന്റെ റിം എടുത്ത് അതിൽ ഇലുമിനേഷൻ ലൈറ്റ് ചുറ്റി സുന്ദരമാക്കാം. ഇതു തിണ്ണയിലോ മുറ്റത്തെ മരക്കൊമ്പിലോ തൂക്കിയിടാം.
∙ ഒരേ തരത്തിലുള്ള കുപ്പികൾ പല നിറത്തിൽ മുക്കിയെടുക്കുക. ഇതിൽ എൽഇഡി ലൈറ്റ് ഇട്ടശേഷം ഓരോന്നും ചരടിൽ കോർത്തു മരച്ചില്ലകളിൽ തൂക്കിയിടാം. രാത്രിക്കാഴ്ച എത്ര മനോഹരമായിരിക്കുമെന്നു ചിന്തിച്ചു നോക്കൂ.