Wednesday 20 October 2021 03:23 PM IST

മണ്ണിന്റെ മണമുള്ള മധുരക്കിനാവ്

Sreedevi

Sr. Subeditor, Vanitha veedu

R287766

ഒരു കുട്ടയെങ്കിൽ ഒരു കുട്ട മണൽ, ചാലിയാറിൽ നിന്ന് എടുക്കാതെ മാറിനിൽക്കും... പ്രകൃതിവിഭവങ്ങൾ ദുരുപയോഗം ചെയ്യാതെ നിർമിച്ച മൺവിടിനു പിറകിലെ സ്വപ്നങ്ങളും വെല്ലുവിളികളും പങ്കുവയ്ക്കുന്നു കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷുക്കൂർ സി. മണപ്പാട്ട്.

R6543

ചാലിയാറിൽ നിന്ന് 100 മീറ്റർ നടന്നാൽ ഞങ്ങളുടെ തറവാടാണ്. രാവിലെ ഉണർന്നു മുറ്റത്തേക്കിറങ്ങിയാൽ കാണുന്ന കാഴ്ച ചാലിയാറിൽ നിന്ന് മണലൂറ്റാൻ ക്യൂ നിൽക്കുന്ന വാഹനങ്ങളുടേതാണ്. ആ കാഴ്ചയിൽ മനം മടുത്ത് ഒരു കാര്യം പണ്ടേ തീരുമാനിച്ചിട്ടുണ്ടായിരുന്നു; ഒരു കുട്ടയെങ്കിൽ ഒരു കുട്ട മണൽ, എന്റെ വീടിന് എടുക്കാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കും. ആർക്കിടെക്ട് യുജീൻ പണ്ടാല നിർമിച്ച മൺവീട് ‘ബോധി’ യെക്കുറിച്ചു വായിച്ചത് ഈ ബോധം ഊട്ടിയുറപ്പിച്ചു. എൻജിനീയറിങ് ഡിപ്ലോമ കഴിഞ്ഞ് കുറച്ചുപേർക്കെല്ലാം വീടു നിർമിച്ചു കൊടുത്തിരുന്നു. വീട്ടുകാരുടെ താൽപര്യപ്രകാരമുള്ള വെറും കോൺക്രീറ്റ് ബ്ലോക്കുകൾ! നാട്ടിലെ 13 സെന്റിൽ വീടുവയ്ക്കാൻ തീരുമാനിച്ചപ്പോൾ അതിനു മണ്ണിന്റെ മണം വേണം എന്നുറപ്പിച്ചു. ലാറി ബേക്കറൊക്കെ പറയുന്നതുപോലെ ശ്വസിക്കുന്ന വീടാകണം.

R17766

അടിത്തറ നിർമാണത്തിൽപ്പോലും കോൺക്രീറ്റ് കുറയ്ക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ലോഡ് എടുക്കാത്ത ഭിത്തികൾക്കു താഴെ പ്ലിന്ത് ബീം ഒഴിവാക്കി വെട്ടുകല്ലുകൊണ്ടു കെട്ടി. അടുക്കളയെയും വർക്ഏരിയയെയും വേർതിരിക്കുന്ന ഭിത്തികൾ, ബെഡ്റൂമിനെയും ബാത്റൂമിനെയും തിരിക്കുന്ന ഭിത്തികൾ തുടങ്ങിയ സ്ഥലത്തെല്ലാം ഈ രീതി പിൻതുടർന്നു.

ചെങ്കല്ലാണ് നാട്ടിൽ കൂടുതൽ ലഭ്യമെങ്കിലും കെട്ടാൻ സിമന്റ് ആവശ്യമില്ലാത്ത ഇന്റർലോക്ക് ഇഷ്ടികയാണ് ഭിത്തി നിർമാണത്തിന് ഞങ്ങൾ തിരഞ്ഞെടുത്തത്. കോഴിക്കോട് മാവൂർ റോഡിലുള്ള സൈറ്റിൽ നിന്ന് ആറ്, എട്ട് ഇഞ്ച് വലുപ്പമുള്ള ഇഷ്ടികകൾ വാങ്ങി. ഇന്റർലോക്ക് ഇഷ്ടികകൊണ്ട് ഭിത്തി നിർമിക്കാൻ അറിയുന്ന പണിക്കാർ ഇല്ല എന്നത് വെല്ലുവിളിയായിരുന്നു. പ്രാദേശികപണിക്കാരെ യൂട്യൂബ് വീഡിയോ കാണിച്ചാണ് കട്ട കെട്ടാൻ പഠിപ്പിച്ചത്. അടുക്കള, വർക്ഏരിയ, ബാത്റൂം ഇങ്ങനെ ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടാകാനിടയുള്ള മുറികളുടെ ഭിത്തികൾ മാത്രം സിമന്റ് ഇഷ്ടികകൊണ്ടു കെട്ടി. മൺവീടുകൾ മനസ്സിൽ ചേക്കേറിയ കാര്യം നേരത്തേ പറഞ്ഞിരുന്നല്ലോ. മണ്ണ് കൊണ്ടുള്ള തേപ്പാണ് ഞങ്ങളുടെ വീടിനു നൽകിയത്. രണ്ട് പാളികളായുള്ള ഈ തേപ്പ് മനസ്സിനുള്ളിൽ മാത്രമല്ല, ശരീരത്തിനും കുളിർമ പകരുന്നു. പെയിന്റിങ്ങിന്റെ ഫലം തരുന്ന രണ്ടാമത്തെ പാളി തേച്ചത് സുഹൃത്തുകൂടിയായ എർത്തേൺ സസ്റ്റൈനബിൾ ഹാബിറ്റാറ്റിലെ എൻജിനീയർ മുഹമ്മദ് യാസിറും സംഘവുമാണ്.

R399877

മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ പൂർണമായി ട്രസ്സിട്ട് മുകളിൽ ഓടിടുക എന്നതായിരുന്നു ആദ്യത്തെ തീരുമാനം. പിന്നീട് ചിന്തിച്ചപ്പോൾ വാട്ടർടാങ്കും സോളർ പാനലുമെല്ലാം സ്ഥാപിക്കാൻ കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്യാമെന്ന തീരുമാനത്തിലെത്തി. ഒറ്റനില വീട് ആണെങ്കിലും ഡബിൾ ഹൈറ്റുള്ള ലിവിങ് ഏരിയയുടെ മേൽക്കൂരയുടെ മുകളിൽ ഒരു കിടപ്പുമുറി കിട്ടി. വളരെയധികം ചരിഞ്ഞ മേൽക്കൂരയായതിനാൽ ആകസ്മികമായി കിട്ടിയ മെസനൈൻ ഫ്ലോർ ആണിത്. മെറ്റൽ ബീമിൽ വിബോർഡ് വിരിച്ചാണ് ആ കിടപ്പുമുറിയുടെ നിർമാണം. ചൂടുകുറയ്ക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതിനാലാണ് ലിവിങ് ഡബിൾ ഹൈറ്റ് ആക്കിയത്. മേൽക്കൂര ട്രസ്സ് വർക് ചെയ്ത് ടെറാക്കോട്ട ടൈൽ ഇടുകയായിരുന്നു.

R567778

നാളെയൊരിക്കൽ വീട് പൊളിക്കണമെന്നു തോന്നിയാലും അല്പം പോലും മാലിന്യം ഭൂമിയിലേക്കു വലിച്ചെറിയാത്ത വിധത്തിലാണ് നിർമാണസാമഗ്രികൾ എല്ലാം തിര‍ഞ്ഞെടുത്തത്. ഗോവണി മെറ്റൽ പൈപ്പുകൊണ്ടു മതി എന്ന തീരുമാനത്തിനു പിന്നിൽപോലും ഇതാണ് കാര്യം. വീട്ടുപറമ്പിൽ നിന്നിരുന്ന തേക്കുകൊണ്ടാണ് ജനലും വാതിലുമെല്ലാം. ഈ തേക്കിനു പകരം പുതിയ മരം നടണമെന്നതിൽ ഞങ്ങൾക്കാർക്കും തർക്കമില്ല. വീടിന്റെ മറ്റു ഘടകങ്ങളോടു ചേരുന്ന രീതിയിൽ സിമന്റിന്റെയും തടിയുടെയും നിറമുള്ള വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്.

താഴത്തെ നിലയിൽ മൂന്നും മെസനിൻ ഫ്ലോറിൽ ഒന്നും കിടപ്പുമുറികളുണ്ട്. താഴത്തെ കിടപ്പുമുറികളിലൊന്ന് ഇളയ മകൾ മെഹറിഷിന്റേതാണ്. വി ബോർഡുകൊണ്ട് ഭിത്തികൾ പണിത ഈ മുറി ഭാവിയിൽ വേണമെങ്കിൽ പൊളിച്ചു ലിവിങ്ങിനോടു ചേർക്കാം. മുകളിലുള്ള മകന്റെ കിടപ്പുമുറി സ്റ്റുഡിയോ അപാർട്മെന്റിന്റെ ശൈലിയിലാണ് ചെയ്തിരിക്കുന്നത്. ഒഴിഞ്ഞ ഇടങ്ങളാണ് എനിക്കും ഭാര്യ റഫയ്ക്കും കൂടുതൽ ഇഷ്ടം. ഇന്റീരിയർ അലങ്കാരങ്ങൾ ഒഴിവാക്കിയതും ഭിത്തികളുടെ എണ്ണം കുറച്ചതും കിടപ്പുമുറികൾ ഒരുമിച്ചു ക്രമീകരിച്ചതുമെല്ലാം ഇക്കാരണം കൊണ്ടാണ്. ലിവിങ് ഹാളിൽ മജിലിസ് പോലെയാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്. ഇരിക്കാൻ മാത്രമല്ല, കൂടുതൽ അതിഥികൾ ഉണ്ടെങ്കിൽ കിടക്കാനും ഇതുപയോഗിക്കാം.

R4989877

വീടിന്റെ ഏറ്റവും വലിയ ആകർഷണം കോർട്‌യാർഡിലേക്കു തുറന്ന ഡൈനിങ് ആണ്. ഒരു റിസോർട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഫീൽ ലഭിക്കണം എന്നതാണ് ഡൈനിങ് ഡിസൈൻ ചെയ്യുമ്പോൾ ചിന്തിച്ചത്. ചിലയിടത്ത് ഭിത്തികൾ ഒഴിവാക്കി വെർട്ടിക്കൽ ലൂവേഴ്സ് ഇട്ടു. നല്ല കാറ്റും വെളിച്ചവും കയറിയിറങ്ങും എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. കൊതുക് പോലുള്ള പ്രശ്നങ്ങളും ഇതിന്റെ ഭാഗമാണ്. അത്തരം ചെറിയ പേടികൾ കൊണ്ട് ശ്വാസംമുട്ടി ജീവിക്കാനാകില്ലല്ലോ.

വീട് പ്രകൃതിയോടിണങ്ങുന്നതാകണം എന്നേ വിചാരിച്ചിരുന്നുള്ളൂ. പ്രത്യേകം ശ്രദ്ധകൊടുക്കാതിരുന്നിട്ടുപോലും കോസ്റ്റ് ഇഫക്ടീവ് ആയി എന്നതാണ് പ്രധാനകാര്യം. സ്ക്വയർഫീറ്റിന് 1,500 രൂപ നിരക്കിലേ ചെലവ് വന്നുള്ളൂ. പ്രളയം വന്നപ്പോൾ മൺകട്ടകളും മണ്ണും കൊണ്ടു പണിത വീട് ഒലിച്ചുപോയിട്ടുണ്ടാകും എന്നുവരെ ചിന്തിച്ചവർ ഏറെ. ഇത്തരം വീടുകളുടെ പ്രത്യേകതകൾ വീട്ടുകാരെ ബോധ്യപ്പെടുത്താൻ പോലും കഷ്ടപ്പെട്ടു. എന്നാൽ ഇപ്പോൾ വീട്ടിലുള്ളവരും വീട്ടിൽ വരുന്നവരുമെല്ലാം തണുപ്പിന്റെ മാന്ത്രികതയിൽ സന്തുഷ്ടരാണ്. ഭാവിയിൽ ഇക്കോഫ്രണ്ട്‌ലി വീടുകൾ ആഗ്രഹിക്കുന്നവരുടെ സ്വപ്നസാക്ഷാൽക്കാരത്തിന് കൂടെയുണ്ടാകണം എന്നാണ് ഇപ്പോഴത്തെ തീരുമാനം.

Tags:
  • Vanitha Veedu
  • Architecture