Saturday 01 June 2024 09:56 AM IST

10 തലമുറ താമസിച്ച വീട്, 350 ലും മധുരപ്പതിനേഴ്; പ്രായത്തെ തോൽപ്പിച്ച മുത്തശി വീടിന്റെ രഹസ്യം

Sunitha Nair

Sr. Subeditor, Vanitha veedu

online Master page3

വർഷങ്ങൾ പഴക്കമുള്ള വീടുകൾ. പക്ഷേ, അവ ഇന്നും പുതിയ വീടുകളെ വെല്ലുന്ന ഭംഗിയിൽ നിലകൊള്ളുന്നതു കാണുമ്പോൾ അദ്ഭുതം തോന്നും. കൊച്ചി വൈപ്പിനിലെ ‘മുത്തശ്ശി തറവാട്’ എന്നു വിളിപ്പേരുള്ള കാരിക്കശേരി തറവാട്ടിലേക്കു ചെല്ലുമ്പോൾ കലണ്ടർ ചിത്രങ്ങളിൽ കാണുന്നതു പോലെയുള്ള വീട്ടിലേക്കു ചെല്ലുന്ന അനുഭവമാണ്.

നിറയെ ചെടികളും ലാൻഡ്സ്കേപ്പിങ് ചെയ്തു മനോഹരമാക്കിയ മുറ്റവും ആരെയും ഒറ്റനോട്ടത്തില്‍ തന്നെ ആകർഷിച്ചുകളയും. 350 വർഷത്തോളം പഴക്കമുള്ള വീടിനെ ഇപ്പോഴും മധുരപ്പതിനേഴിന്റെ ഭംഗിയോടെ നിലനിർത്തുന്നതിന്റെ വിശേഷങ്ങൾ വീട്ടുകാരായ സാബുവും മോളിയും പങ്കുവയ്ക്കുന്നു.

online Master page5

വീട് കൃത്യമായി പണിതത് എന്നാണെന്ന് അറിവില്ല. 350 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണക്കുകൂട്ടൽ. എട്ടാമത്തെ ത ലമുറക്കാരനായ ഗൃഹനാഥൻ സാബുവിന് മൂന്നു മക്കളാണ് മിഷേൽ, നീൽ, കാതറീൻ. പത്താമത്തെ തലമുറ ഇപ്പോൾ വീടിന്റെ സ്നേഹ ലാളനകൾ അനുഭവിച്ചറിയുന്നു.

പലപ്പോഴായി പലരും വീടിന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയ വീടിനോട് ചേർന്ന് പുതിയതായി മുറികൾ കൂട്ടിയെടുത്തു. 8,0000 ചതുരശ്രയടിയാണ് ഇപ്പോൾ വീടിന്റെ വിസ്തീർണം. രണ്ട് അറകളും നിലവറയുമെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ട്. ഒ രു അറ കിടപ്പുമുറിയാക്കി. നാല് മുറികളാണ് പഴയ വീട്ടിൽ.

online Master page4

ആദ്യം ചാണകം മെഴുകിയ തറയായിരുന്നു. പിന്നീട് റെഡ് ഓക്സൈഡായി. അത് മാറ്റി ടൈൽ ആക്കിയത് സാബുവാണ്. ‘‘അതു വേണ്ടിയിരുന്നില്ല . ഓക്സൈഡിന് ആയിരുന്നു പഴമയുടെ സൗന്ദര്യം,’’ സാബു പറയുന്നു.

തടി കൊണ്ടായിരുന്നു ആദ്യം ഭിത്തി കെട്ടിയിരുന്നത്. അതിൽ ചിതൽ വന്നപ്പോൾ സാബുവിന്റെ മുത്തശ്ശന്റെ കാലത്ത് ഭിത്തി ചെങ്കല്ലാക്കി. 38 വർഷം മുൻപ് സാബു ചെങ്കല്ലിനു പകരം ഇഷ്ടിക നൽകി. ഭിത്തി പൊളിക്കാതെ തൂണു കൊടുത്തു നിർത്തി ചെങ്കല്ല് എടുത്തു മാറ്റി പകരം ഇഷ്ടിക കെട്ടി.

online Master page2

തടി കൊണ്ടുള്ള പാനലിങ് എല്ലാം പുതുക്കി നൽകി. തെങ്ങിൻതടി കൊണ്ടാണ് പുതിയ പാനലിങ്. തെങ്ങിൻതടിയുടെ ടെക്സ്ചർ പഴമയുടെ ഭംഗിക്ക് ഇണങ്ങുന്നതാണ്. അറയുടെ പുറത്തെ പാനലിങ് മാറ്റിയെങ്കിലും അകത്ത് പഴയ തടി തന്നെയാണ്. ഈട്ടി കൊണ്ടുള്ള മച്ച് അതേപടി നിലനിർത്തി. ഫർണിച്ചർ ഭൂരിഭാഗവും പഴയതു തന്നെയാണ്.

വീടിനു മുന്നിലും പിന്നിലുമായി രണ്ട് കാർപോർച്ച് നൽകി, വ ലിയ വരാന്ത നൽകി. അടുക്കള, ഊണുമുറി, പാൻട്രി, ഫാമിലി ലിവിങ്, ഹോം തിയറ്റർ എന്നിവയെല്ലാം പിൽക്കാലത്തു ചേർക്കപ്പെട്ടവയിൽ പെടുന്നു. വീടിനു പുറത്തായി 160 വർഷം പഴക്കമുള്ള തെക്കിനിയുണ്ട്. അത് ഇപ്പോൾ അതിഥികൾക്കുള്ള ഔട്ട്ഹൗസായി ഉപയോഗിക്കുന്നു. ഇവിടെ സീലിങ്ങിലെ തടി മാറ്റി ഷീറ്റ് ആക്കി, തറയിൽ ടൈൽ വിരിച്ചു. ഇവിടുത്തെ വരാന്തയ്ക്ക് ഉയരം കുറവായതിനാൽ തല മുകളിൽ തട്ടുമായിരുന്നു. അത് അഴിച്ച് ഉയരം കൂട്ടി നൽകി.

online Master page

അങ്ങനെ കൃത്യമായ പരിപാലനത്തിലൂടെയും പുതുക്കലുകളിലൂടെയുമാണ് വീട് ഇപ്പോഴും ചുറുചുറുക്കോടെ കാത്തു സൂക്ഷിക്കുന്നത്. മനസ്സിനിഷ്ടം ഉണ്ടെങ്കിൽ ഒരു കാര്യവും ബുദ്ധിമുട്ടല്ല എന്ന് തെളിയിക്കുന്നു ഈ ദമ്പതികൾ.