Saturday 06 August 2022 03:52 PM IST : By സ്വന്തം ലേഖകൻ

വയസ്സായാലും സ്നേഹം കുറയുന്നില്ലല്ലോ.. വളർത്തു മൃഗങ്ങളുടെ വാർധക്യകാലത്തെ എങ്ങനെ സമീപിക്കാം?

pet-sppp990

പൂച്ചകൾക്കും നായകൾക്കും ഒൻപത് വയസ്സ് കഴിഞ്ഞാൽ വാർധക്യം ആരംഭിച്ചു എന്നു കണക്കാക്കാം. മനുഷ്യരെ പോലെ തന്നെ ആർത്രൈറ്റിസ്, അർബുദം, വൃക്കരോഗം,  വിട്ട് മാറാത്ത ത്വക്ക് രോഗം, തൈറോയ്ഡ്, ദന്തരോഗം എന്നിവ വളർത്തു മൃഗങ്ങളുടെ വാർധക്യത്തെ ദുഃസ്സഹമാക്കാം.

∙ വാർധക്യത്തിലെ രോഗവസ്ഥകൾ ഒഴിവാക്കാൻ പ്രായത്തിന് ചേർന്ന ഭക്ഷണ രീതി തിരഞ്ഞെടുക്കണം. സാധാരണ ഡയറ്റിൽ നിന്നും സീനിയർ ഡോഗ്/ക്യാറ്റ് ഡയറ്റിലേക്ക് മാറാം. ശീലം വീട്ടിലെ ഭക്ഷണമാണെങ്കിൽ കൊഴുപ്പും പ്രോട്ടീനും കുറഞ്ഞ, ഫൈബർ കൂടിയ എളുപ്പം ദഹിക്കുന്ന ഭക്ഷണം ശീലിപ്പിക്കാം. വൃക്കരോഗങ്ങളുടെ തീവ്രത കുറയ്ക്കാനും മൂത്രത്തിൽ കല്ല് ഒ ഴിവാക്കാനും ഇത് ഉപകരിക്കും.

∙ ബ്രെസ്റ്റ് കാൻസർ, ഗർഭപാത്രത്തിൽ പഴുപ്പ് എന്നിവ ഒഴിവാക്കാൻ ആറു വയസ്സ് കഴിഞ്ഞാൽ നിർബന്ധമായും വന്ധ്യംകരണം ചെയ്യണം.

∙ ദന്ത സംരക്ഷണം വളരെ പ്രധാനമാണ്. ആഴ്ചയിൽ മൂന്നു തവണ ബ്രഷ് ചെയ്യുക. പല്ലുകൾക്ക് ഇളക്കം തട്ടാൻ തുടങ്ങുന്ന പ്രായമായതിനാൽ ബുദ്ധിമുട്ടില്ലാതെ ചവയ്ക്കാൻ കഴിയുന്ന ഭക്ഷണം മാത്രം കൊടുക്കാം.

∙ ആരോഗ്യം നിലനിർത്താൻ ചെറിയ രീതിയിലുള്ള വ്യായാമം വേണം. ഓടുന്നതിനിടയിലോ വ്യായാമത്തിനിടയിലോ കുഴഞ്ഞു വീഴുന്ന സാഹചര്യമുണ്ടായാൽ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഉടൻ വെറ്ററിനറി ഡോക്ടറെ കണ്ട് എക്കോ സ്കാൻ ചെയ്യണം.

∙ വാർധക്യമായാൽ വളർത്തുമൃഗങ്ങളെ ഒഴിവാക്കാറുണ്ട് പലരും. സ്നേഹവും അടുപ്പവും അവയ്ക്ക് വയസ്സായാലും ഉണ്ട്. കരുണയോടെയും സ്‌നേഹത്തോടെയും പരിചരിക്കുക.

കടപ്പാട്- ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

Tags:
  • Vanitha Veedu