കണ്ണിൽക്കുത്തുന്ന നിറങ്ങളൊന്നും വേണ്ട! ഉള്ളിലെത്തിയാൽ മനസ്സ് ശാന്തമാകണം. സന്തോഷം തോന്നണം. തനി സ്കാൻഡിനേവിയൻ സ്റ്റൈലിൽ മതി ഫ്ലാറ്റ് ഇന്റീരിയർ എന്ന് ക്യാപ്റ്റൻ അഷിൽ മോഹനും എയർഹോസ്റ്റസ് ഐശ്വര്യ ദുബെയും തീരുമാനിക്കാൻ കാരണമിതാണ്. ഇരുവരുടേയും ഇഷ്ടങ്ങൾ അപ്പാടെ പ്രതിഫലിക്കുന്ന രീതിയിൽ തന്നെ ആർക്കിടെക്ട് രാഗിമ രാമചന്ദ്രൻ ഇന്റീരിയർ ഒരുക്കി. 1610 ചതുരശ്രയടിയുള്ള ഫ്ളാറ്റ് ഇപ്പോൾ കണ്ടാൽ ഇരട്ടി വലുപ്പം തോന്നിക്കും.
ബെംഗളൂരു യെലഹങ്കയിലെ 10 വർഷം പഴക്കമുള്ള ഫ്ലാറ്റാണ് അപ്പാടെ പുതുക്കിയെടുത്തത്. പത്ത് വർഷം പഴക്കമുണ്ടെങ്കിലും ഫ്ലാറ്റിൽ മറ്റാരും താമസിച്ചിരുന്നില്ല. ഫ്ലോർ, ഫർണിച്ചർ, കബോർഡ്, കാബിനറ്റ് എന്നിവയെല്ലാം മാറ്റി. വയറിങ്ങിൽ അത്യാവശ്യം മാറ്റങ്ങൾ വരുത്തി. ബാത്റൂമിലെ ടൈൽ, ബാത് ഫിറ്റിങ്സ്, പ്ലമിങ് എന്നിവ മുഴുവനായി പുതുക്കി.
വെള്ള, ഇളം ബ്രൗൺ എന്നീ രണ്ട് നിറങ്ങൾ മാത്രമേ ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ളൂ. തടിയാണ് പ്രധാന ചേരുവ. അതിൽ ഒരിടത്തു പോലും ഡാർക്ക് ബ്രൗൺ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. എല്ലായിടത്തും തടിക്ക് ഇളം നിറത്തിലുള്ള പോളിഷ് മാത്രമേ നൽകിയുള്ളൂ.
നേരത്തെ ഉണ്ടായിരുന്ന റെഡിമെയ്ഡ് ഫർണിച്ചർ മാറ്റി. പ്രത്യേകം ഡിസൈൻ ചെയ്തു പണിയിച്ചതാണ് പുതിയ ഫർണിച്ചർ എല്ലാം. ബാത്റൂമുകളിൽ ഒഴികെ ബാക്കിയിടങ്ങളിലെല്ലാം പഴയ ടൈലിനു മുകളിൽ പുതിയ ടൈൽ, ലാമിനേറ്റഡ് വുഡ് എന്നിവ വിരിച്ചു. ടൈൽ കൊത്തിയിളക്കാതെ പ്രത്യേക പശ ഉപയോഗിച്ച് ഇത് ഒട്ടിക്കുകയായിരുന്നു. ബാത്റൂമുകളിലെ ടൈൽ ഇളക്കിമാറ്റി പുതിയ ടൈൽ വിരിച്ചു. ഇതോടൊപ്പം പഴയ പൈപ്പുകളും ഫിറ്റിങ്സുകളും മാറ്റി. പുതിയ ലുക്കിന് യോജിക്കാത്ത ലൈറ്റുകളുംമാറ്റി പുതിയതു നൽകി.
കബോർഡുകളെല്ലാം തൂവെള്ള നിറത്തിലേക്ക് മാറ്റി. പ്ലൈവുഡിൽ മൈക്ക ഒട്ടിച്ചാണ് ഗെസ്റ്റ് ബെഡ്റൂമിലെ വാഡ്രോബ് ഒരുക്കിയത്. പ്ലൈവുഡിൽ അക്രിലിക് കോട്ടിങ് നൽകിയാണ് മാസ്റ്റർ ബെഡ്റൂമിലെ വാഡ്രോബിന് വെള്ളനിറം നൽകിയത്. അക്രിലിക് ഫിനിഷിലാണ് അടുക്കളയിലെ കാബിനറ്റും. ക്വാർട്സ്കൊണ്ടുള്ള കൗണ്ടർടോപ്പിനും വെള്ളനിറം തന്നെയാണ്.
പുതിയതായി ഫോൾസ് സീലിങ് പിടിപ്പിച്ചതിനൊപ്പം ജനാലകൾക്ക് ഇന്റീരിയറിന്റെ നിറത്തിനും പ്രകൃതത്തിനും ഇണങ്ങുന്ന ജൂട്ട് കർട്ടനും വുഡൻ ബ്ലൈൻഡും നൽകിയതോടെ ഇന്റീരിയർ അടിമുടി മാറി.
കംപ്യൂട്ടർ ഗെയ്മിങ് ആണ് ഇൻഡിഗോ എയർലൈൻസിൽ പൈലറ്റായ അഷിൽ മോഹന്റെ ഇഷ്ടവിനോദം. മൂന്ന് കിടപ്പുകളിലൊന്നിന്റെ പകുതി സ്ഥലത്ത് ഗെയ്മിങ് സോൺ ഒരുക്കി. മറുപകുതിയിൽ ഐശ്വര്യയുടെ മെയ്ക്ക് അപ് ഏരിയയ്ക്കും സ്ഥാനം കണ്ടെത്തി. സൗന്ദര്യത്തിനൊപ്പം സൗകര്യങ്ങളുടെ കാര്യത്തിലും നൂറു ശതമാനം സംതൃപ്തരാണ് വീട്ടുകാരിപ്പോൾ.
ഡിസൈൻ: രാഗിമ രാമചന്ദ്രൻ, ആർക്കിടെക്ട്, അർബൻ ഹൈവ്, ആർക്കിടെക്ചർ സ്ട്രക്ചർ ആൻഡ് ഇന്റീരിയർ, കൊച്ചി. e mail: studiourbanhive@gmail.com Phone - 7736227334