ജനിച്ചു വളർന്ന, കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ച പുരയിടവും ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തി കൊതിച്ചു നിർമിച്ച വീടും ഒരു നിമിഷം കൊണ്ട് അന്യമായിത്തീരുക. ചെറുപ്പത്തിന്റെ ഓർമകൾ പൂർണമായി വടിച്ചെടുത്തുകൊണ്ട് ജെസിബി പാഞ്ഞുപോയത് ജോസി ഫോക്‌ലോറിന്റെ സന്തോഷത്തിനു മുകളിലൂടെയാണ്. ജോസിയുടെയും ഷീബയുടെയും മാത്രമല്ല, ദേശീയ പാതയോരത്ത് താമസിക്കുന്ന മിക്കവരും ഇതേ ദുരനുഭവങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കടന്നുപോകുന്നത്.
ദേശീയപാതയ്ക്ക് അഭിമുഖമായി ആലപ്പുഴ പാതിരപ്പള്ളിയിൽ കുടുംബസ്വത്തായി കിട്ടിയ പതിനൊന്ന് സെന്റിൽ കടയും ചെടി നഴ്സറിയും നടത്തി സന്തോഷത്തോടെ കഴിയുകയായിരുന്നു ജോസിയും ഷീബയും. തറവാട് പുതുക്കി അഞ്ച് കിടപ്പുമുറികളോടു കൂടിയ പുതിയ വീട് പണിതിട്ട് അഞ്ച് വർഷമാകും മുൻപേ ദേശീയപാത വികസനത്തിന് ഇവരുടെ ഭൂമി ഏറ്റെടുത്തു. ഒൻപതു സെന്റ് ദേശീയ പാതയ്ക്കു നൽയപ്പോൾ ബാക്കിയായത് 2.3 സെന്റ് മാത്രം!

സ്വന്തം മണ്ണ് ഉപേക്ഷിച്ച് മകൾക്കരികേ, കൊല്ലത്ത് പുതിയ വീടുവച്ച് ജീവിക്കാം എന്നു തീരുമാനമെടുത്തു ജോസിയും ഷീബയും. എന്നാൽ വിധി കരുതി വച്ചത് മറ്റൊന്നായിരുന്നു. പോയി കണ്ട സ്ഥലങ്ങൾ വില ഒക്കാതെ വന്നപ്പോൾ ബാക്കിയുള്ള സ്ഥലത്തുതന്നെ വീടുവയ്ക്കാം എന്ന തീരുമാനത്തിലെത്തി. വനിത വീടിന്റെ വലിയ ആരാധികയായിരുന്ന ഷീബയാണ് ‘സ്റ്റുഡിയോ എഎഫ്’ എന്ന ആർക്കിടെക്ചർ സ്റ്റുഡിയോ തിരഞ്ഞെടുത്തത്. ചെറിയ സ്ഥലത്തും നല്ല വീട് വയ്ക്കാനാകും എന്ന് ഡിസൈനർ രമേഷ് കൃഷ്ണൻ നൽകിയ ഉറപ്പ് ഈ ദമ്പതികൾക്ക് ആശ്വാസമേകി.

കൂടുതൽ അംഗങ്ങൾ ഇല്ലാത്തതിനാൽ രണ്ട് കിടപ്പുമുറികളോടു കൂടിയ, 1200 ചതുരശ്രയടി വീട് മതി എന്നും തീരുമാനത്തിലെത്തി. വലിയ വീട്ടിൽ ജീവിച്ചു ശീലിച്ച് ചെറിയ വീട് എന്ന തീരുമാനത്തിലേക്കെത്താൻ അൽപം പ്രയാസപ്പെട്ടു എന്ന് ജോസി.
പഴയ വീടിന്റെ ചില ഭിത്തികൾ അവശേഷിച്ചിരുന്നു. അതുമായി ചേർത്ത് വീട് പുനർനിർമിക്കാമെന്ന് തീരുമാനമായപ്പോൾ ഡിസൈനറോട് ജോസി ഒരു കാര്യം ആവശ്യപ്പെട്ടു. കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒന്നേ ആ പ്ലോട്ടിൽ അവശേഷിച്ചിട്ടുള്ളൂ, 100 വർഷത്തിലേറെ പ്രായമുള്ള വള്ളാക്ക് ഇനത്തിൽപ്പെട്ട നാടൻ മാവ്. വീടിന്റെ പിൻവശത്തു നിന്നിരുന്ന ഈ മാവെങ്കിലും കളയാതെ നോക്കണം. മാവ് വെട്ടിയാൽ മാത്രമേ പുര പണിയാനൊക്കൂ എന്ന് ഉപദേശിച്ചിരുന്നവരുടെ മുഴുവൻ വായടപ്പിച്ചുകൊണ്ട് മാവ് വീടിനുള്ളിൽ വരുന്ന വിധത്തിൽ ഒരു പ്ലാൻ ആർക്കിടെക്ട് ടീം തയാറാക്കി.

വീടിനു കുട പിടിക്കുന്ന മാവാണ് ഇന്ന് വീട് കാണുന്ന ആരുടെയും കണ്ണിൽ ആദ്യമെത്തുക. കാർപോർച്ചിനു പിറകിൽ നിൽക്കുന്ന മാവിനു ചുറ്റും ബാൽക്കണികളും പാസേജുകളും ക്രമീകരിച്ച്, ഒരു കോർട്‌യാർഡ് പോലെ സജ്ജീകരിക്കുകയായിരുന്നു.

തൊട്ടുമുന്നിൽ ഹൈവേയാണെന്നതു മനസ്സിൽ വച്ച് അകത്തെ സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. പ്രധാന വാതിൽ തുറക്കുന്നതുവരെ നിൽക്കാനുള്ള ഇടം മാത്രമാണ് സിറ്റ്ഔട്ട്. സ്വീകരണമുറിയും ഊണുമുറിയും അടുക്കളയും ഒരേ ഹാളിന്റെ ഭാഗമാക്കി. ഓപ്പൻ പ്ലാൻ തിരഞ്ഞെടുത്തതും ധാരാളം ജനലുകൾ വച്ചതും അകത്തളം ഇത്രയും വിസ്തൃതമായി തോന്നിച്ചു. ചെറിയ പ്ലോട്ടിൽ വീടുവയ്ക്കുമ്പോഴുള്ള ചട്ടങ്ങൾ പ്രകാരം മുൻവശത്തേക്കുള്ള ജനലുകൾ തുറക്കാനാകില്ല.

താഴെ ഒരു ബാത്റൂം അറ്റാച്ഡ് കിടപ്പുമുറിയുണ്ട്. സ്ഥലപരിമിതി മൂലം വർക്ഏരിയ ഒഴിവാക്കി. ഗോവണിയുടെ അടിയിൽ സ്റ്റോറേജ് നൽകി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ കുറച്ചു. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ പുറത്തേക്ക് ഒരു വാതിൽ ഉണ്ട്. സിനിമാ നിർമാതാവ് കൂടിയായ ജോസിയുടെ ഓഫിസിലേക്കാണ് ഈ ഇടനാഴി നീളുന്നത്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിന്റെ അതേ നിരയിലുള്ള ഓഫിസ്, കാർഷെഡിനു മുകളിലെ സ്ഥലം പ്രയോജനപ്പെടുത്തിയാണ് നിർമിച്ചത്.
മുകളിലെ നിലയിൽ ഒരു കിടപ്പുമുറിയേയുള്ളൂ എന്നതിനാൽ മുകളിലെ ഫാമിലി ഏരിയയിലും കിടപ്പുമുറി ക്രമീകരിച്ചിട്ടുണ്ട്. അതിഥികൾ കൂടുതൽ ഉണ്ടെങ്കിൽ ഇവിടം പ്രയോജനപ്പെടുത്താം. ഫാമിലി ഏരിയയിൽ നിന്ന് പുറത്തു കടന്നാൽ ടെറസ്. ടെറസിനെ യൂട്ടിലിറ്റി ഏരിയയാക്കി പ്രയോജനപ്പെടുത്തി.
ഏറ്റവും നല്ല രീതിയിൽ ക്രോസ് വെന്റിലേഷൻ ക്രമീകരിച്ചിട്ടുണ്ട്. വീടിന്റെ മുൻവശത്തുള്ള ജനാലകളെല്ലാം യുപിവിസിയും പിറകിലും വശങ്ങളിലുമുള്ളത് കാസ്റ്റ് അയണുമാണ്. ചെലവ് നിയന്ത്രിച്ചു നിർത്താൻ വാതിൽ കട്ടിളകളും ഇരുമ്പുകൊണ്ടാണ് നിർമിച്ചത്. പ്രധാനവാതിലുകൾ മാത്രം തടിയും അകത്തേത് റെഡിമെയ്ഡും ആക്കി. സിമന്റ് ഇഷ്ടികയും വെട്ടുകല്ലും നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ എൻജിനീയേർഡ് വുഡ് കൊണ്ട് ഫ്ലോറിങ് ചെയ്തു. മുകളിൽ ടൈലാണ്. കബോർഡുകൾ എച്ച്ഡിഎഫ്കൊണ്ട്. ഇന്റീരിയർ ഉൾപ്പെടെ 35 ലക്ഷത്തിന് പൂർത്തിയായി.

‘ഒരു മുറ്റത്തിന്റെ അകലം’ സ്വകാര്യത ഉൾപ്പെടെ ഒട്ടേറെ നഷ്ടങ്ങളാണ് ഇവർക്ക് വരുത്തിയത്. വാഹനങ്ങൾ ഇരമ്പിപ്പായുന്ന റോഡും പൊടിയും പുകയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയേ നിവർത്തിയുള്ളൂ. എങ്കിലും പുതിയ വീട് സന്തോഷം മാത്രമേ ഇവർക്ക് സമ്മാനിച്ചിട്ടുള്ളൂ. ആ സന്തോഷത്തിൽ പങ്കുചേർന്ന് വള്ളാക്ക് മാവ് ഇത്തവണ മധുരക്കനികളുമായി വീടിനെ പൊതിഞ്ഞു.
Area: 1200 sqft Owner: ജോസി ഫോക്‌ലോർ & ഷീബ Location: പാതിരാപ്പള്ളി, ആലപ്പുഴ, Design: studio.af by S&R, ആലപ്പുഴ Email: archifexarchitects@gmail.com
ചിത്രങ്ങൾ: റെഡ് എർത് സ്റ്റുഡിയോ, തിരുവനന്തപുരം