Friday 08 October 2021 02:45 PM IST : By സ്വന്തം ലേഖകൻ

ശുദ്ധജലം സംഭരിക്കേണ്ട വാട്ടർ ടാങ്ക് ഏറ്റവും ഗുണമേന്മയുള്ളത് തന്നെ വാങ്ങണം; മികച്ച വാട്ടർ ടാങ്ക് വാങ്ങുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

tanksss3445fyhhjhbh

വീട്ടിലേക്കുള്ള ഓേരാ വസ്തുവും ഏറ്റവും മോടിയുള്ളത് നോക്കി വാങ്ങുന്നവരുണ്ട്. എന്നാൽ വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ഏതെങ്കിലുമൊന്ന് വാങ്ങുകയും ചെയ്യും. കുടിക്കുന്നതിനും നിത്യോപയോഗത്തിനുമുള്ള ശുദ്ധജലം സംഭരിക്കേണ്ട വാട്ടർ ടാങ്ക് ഏറ്റവും ഗുണമേന്മയുള്ളത് തന്നെ വാങ്ങണം.  മികച്ച വാട്ടർ ടാങ്ക് വാങ്ങുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

ഗുണമേന്മ പ്രധാനം

വാട്ടർ ടാങ്കിന്റെ കാര്യത്തിൽ മോടിയല്ല, ശുദ്ധജലം ശേഖരിച്ചു വയ്ക്കാനും  വെള്ളം  മലിനമാകാതെ സൂക്ഷിക്കാനുള്ള കഴിവുമാണ് പ്രധാനം. ഗുണമേന്മ കുറഞ്ഞ വാട്ടർ ടാങ്ക് വാങ്ങിയാൽ കുറഞ്ഞ കാലത്തിനുള്ളിൽ വാട്ടർ ടാങ്കിൽ േചാർച്ചയുണ്ടാകുകയും വെള്ളത്തിൽ രാസപദാർഥങ്ങൾ കലരുകയും ചെയ്യാനിടയുണ്ട്.

 അനുയോജ്യമായ മെറ്റീരിയലും വൃത്തിയാക്കാനുള്ള സംവിധാനവുമെല്ലാം നോക്കി വേണം വാട്ടർ ടാങ്ക് വാങ്ങേണ്ടത്.  ഏത് തരം മെറ്റീരിയൽ ഉപയോഗിച്ചാണ് വാട്ടർ ടാങ്ക് നിർമിച്ചതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഫൂഡ് ഗ്രേഡ് മെറ്റീരിയലിൽ നിർമിച്ച വാട്ടർ ടാങ്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശുദ്ധജലം സൂക്ഷിക്കാൻ അനുയോജ്യമാണ് ഫൂഡ് ഗ്രേഡ് മെറ്റീരിയലിൽ നിർമിച്ച വാട്ടർ ടാങ്ക്. വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപദാർഥങ്ങൾ കലരില്ല എന്നതാണ് ഫൂഡ് ഗ്രേഡ് മെറ്റീരിയലിന്റെ മേന്മ. ഫൂഡ് ഗ്രേഡ് അല്ലാത്ത മെറ്റീരിയൽ ഉപയോഗിച്ചാൽ ചൂട് കൂടുമ്പോൾ വെള്ളത്തിൽ പ്ലാസ്റ്റിക്കിന്റെയും രാസമാലിന്യങ്ങളുെടയും അംശം കലരാൻ സാധ്യതയുണ്ട്.

 വിർജിൻ മെറ്റീരിയൽ കൊണ്ട് നിർമിച്ച വാട്ടർ ടാങ്ക് വാങ്ങാൻ ശ്രദ്ധിക്കണം. ഇത്തരം മെറ്റീരിയലാണെങ്കിൽ രാസവസ്തുക്കൾ വിഘടിച്ച് ടാങ്കിൽ നിറയ്ക്കുന്ന ജലത്തിൽ കലരുമോ എന്ന് ആശങ്കപ്പെടേണ്ടതില്ല. പുനരുപയോഗിക്കപ്പെട്ട അസംസ്കൃത വസ്തുക്കൾ െകാണ്ട് നിർമിച്ച വാട്ടർ ടാങ്ക് ഉപയോഗിച്ചാൽ വെയിൽ നേരിട്ട് ഏൽക്കുമ്പോഴുള്ള ചൂടിൽ രാസപദാർഥങ്ങൾ വെള്ളത്തിൽ കലരാൻ ഇടയാക്കിയേക്കാം.

 എൽഎൽഡിപി, എച്ച്ഡിപിഇ ടാങ്കുകളാണ് വിപണിയിൽ കുടുതൽ പ്രചാരം. സ്‌റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾക്കും ആവശ്യക്കാരേറെയാണ്. പല ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വാട്ടർ ടാങ്ക് ലഭിക്കും. ടാങ്ക് വ യ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സൗകര്യം, ടാങ്കിൽ ശേഖരിക്കേണ്ട ജലത്തിന്റെ അളവ് ഇവ കണക്കാക്കി വേണം ടാങ്കിന്റെ വലുപ്പം നിർണയിക്കാൻ. കുടുംബാംഗങ്ങളുടെ എണ്ണവും ദിവസേന എത്ര ലീറ്റർ വെള്ളം ഉപയോഗിക്കുന്നു എന്നതും കണക്കാക്കി യോജിച്ച വലുപ്പമുള്ള വാട്ടർ ടാങ്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ആയിരം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് അനുയോജ്യമാണ്. ചെറിയ കുടുംബമാണെങ്കിൽ വെള്ളം ശേഖരിച്ച് വയ്ക്കാൻ അഞ്ഞൂറ് ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് മതിയാകും.

സ്റ്റെയിൻലെസ് സ്റ്റീൽ

വൃത്തിയോടെ ശുദ്ധജലം സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമാണ് സ്‌റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്ക്. വെയിലേറ്റ് ചൂടായാലും സ്‌റ്റെയിൻലെസ് വാട്ടർ ടാങ്കിലെ വെള്ളത്തിന് മാറ്റമൊന്നും സംഭവിക്കില്ല.  പാചകത്തിന് ഉപയോഗിക്കുന്ന 304 ഗ്രേഡ് സ്റ്റീലിലാണ് വാട്ടർടാങ്ക് നിർമിക്കുന്നത്. മിറർ ഫിനിഷിലുള്ള സ്‌റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കും വിപണിയിലുണ്ട്. പായലും പൂപ്പലും പിടിക്കില്ല, െചളിയും അഴുക്കും അടിഞ്ഞ് കൂടില്ല എന്നതാണ് ഇവയുടെ പ്രത്യേകത. അടപ്പ് പൂട്ടി വെള്ളത്തിൽ മാലിന്യങ്ങൾ സംരക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. 500 മുതൽ 5000 ലീറ്റർ വരെ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് വിപണിയിൽ ലഭിക്കും.

Print

ടാങ്കിന്റെ അടിയിലുള്ള ഡ്രെയിൻ വാൽവ് തുറന്നാൽ ടാങ്കിനുള്ളിലെ മുഴുവൻ വെള്ളവും കളഞ്ഞ് ടാങ്കിനകം വൃത്തിയാകുമെന്നതും സ്റ്റെയിൻ‍ലെസ് സ്റ്റീൽ വാട്ടർ ടാങ്കിന്റെ പ്രത്യേകതയാണ്. ഈസി ക്ലീൻ എന്ന സവിശേഷതയുള്ള സ്‌റ്റെയിൻലെസ് സ്റ്റീലിൽ തീർത്ത ടാങ്കിന് വിപണിയിൽ ഡിമാന്റ് കൂടുതലാണ്. വീടിനോട് ചേർന്ന സൗകര്യപ്രദമായ സ്ഥലത്ത് പിടിപ്പിച്ച ലിവർ തിരിച്ചാൽ ടാങ്കിന്റെ അടിയിലുള്ള വാൽവ് തുറന്ന് വെള്ളത്തിനൊപ്പം ടാങ്കിലെ അഴുക്കും ചെളിയും പുറത്തേക്കൊഴുകും. ലിവർ എതിർദിശയിലേക്ക് തിരിച്ച് വാൽവ് അടച്ച ശേഷം വീണ്ടും ടാങ്കിൽ വെള്ളം നിറയ്ക്കാം.

മിറർ ഫിനിഷിലുള്ള വാട്ടർ ടാങ്ക് കൂടുതൽ വൃത്തി ഉറപ്പാക്കും. ടാങ്കിന്റെ അടിയിൽ ഒത്ത നടുവിലായാണ് സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർടാങ്കിലെ ഡ്രെയിൻ വാൽവ് സംവിധാനം.  താഴെ നിന്ന് തുറക്കുകയും അടക്കുകയും ചെയ്യാനാവുന്ന തരത്തിൽ ഇരുമ്പ് പൈപ്പോ മറ്റോ ഇതിന്റെ ലിവറിൽ പിടിപ്പിക്കുകയാണ് ചെയ്യുക.

എച്ച്ഡിപി ടാങ്ക്

ബ്ലോ മോൾഡിങ് ടെക്നോളജിയിലൂടെ നിർമിക്കുന്നതാണ് ഹൈ ഡെൻസിറ്റി പോളി എഥിലീൻ ടാങ്ക് (എച്ച്ഡിപി) ഉ യർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇവ വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ പ്ലാസ്റ്റിക്കിന്റെ അംശം കലരുന്ന പ്രശ്നമുണ്ടാകില്ല. മൂന്ന് പാളിയിലാണ് ഇവ നിർമിക്കുന്നത്. നിർമാണസമയത്ത് തന്നെ ഇവ ഒ രുമിച്ച് ചേരുന്നതിനാൽ പിന്നീട് ഇളക്കം തട്ടില്ല. ടാങ്കിന്റെ എല്ലാ ഭാഗത്തും ഒരേ കനമാണ്. പെട്ടെന്ന് പൊട്ടില്ലെന്ന മേന്മയുമുണ്ട്. 300 ലീറ്റർ മുതൽ 2000 ലീറ്റർ വരെ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് വിപണിയിൽ ലഭിക്കും.

എൽഎൽഡിപി

റോട്ടോ മോൾഡിങ് ടെക്നോളജി വഴി  പ്രവർത്തിക്കുന്ന ലീനിയർ ലോ ഡെൻസിറ്റി േപാളി എഥിലീൻ ടാങ്ക് (എൽഎൽഡിപി). നൂറ് ലീറ്റർ മുതൽ 25000 ലീറ്റർ വരെ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് വിപണിയിൽ ലഭിക്കും. സ്ക്വയർ, ക്യാപ്സൂൾ, സിലിണ്ടർ മോഡലിൽ ലഭിക്കും.

 ഉയരം വളരെ കുറഞ്ഞ സ്ക്വയർ, ക്യാപ്സൂൾ വാട്ടർ ടാങ്കുകളും പെട്ടെന്ന് വൃത്തിയാക്കാവുന്ന തരത്തിലുള്ളതാണ്. എൽഎൽഡിപി, എച്ച്ഡിപി മെറ്റീരിയലിൽ നിർമിച്ചതാണ് ഇവ. രണ്ട് അടിയിൽ താഴെ മാത്രം ഉയരമുള്ള ക്യാപ്സൂൾ ടൈപ്പ് ടാങ്ക് ഉയരം കുറഞ്ഞ ട്രസ് റൂഫിനുള്ളിൽ വയ്ക്കാൻ അനുയോജ്യമാണ്. ആന്റി ബാക്ടീരിയ ൽ, യുവി റെസിസ്റ്റന്റ് സംവിധാനമുള്ള വാട്ടർ ടാങ്കും വിപ ണിയിലുണ്ട്.

Print

സ്ഥലവും പ്രധാനം

വീട്ടിലുള്ള എല്ലാ പൈപ്പുകളിലേക്കും അനായാസമായി വെള്ളം എത്തുന്നതിന് അനുയോജ്യമായ ഇടത്ത് ടാങ്ക് സ്ഥാപിക്കുന്നതാണ് നല്ലത്. മേൽക്കൂരയ്ക്ക് മുകളിൽ ടാങ്ക് സ്ഥാപിക്കുന്നതാണ് നല്ലത്. വീട് നിർമാണം തുടങ്ങുന്നതിന് മുൻപേ ഇതിന് യോജിച്ച സ്ഥലം കണ്ടെത്തുന്നതാണ് നല്ലത്. ടാങ്കിൽ സൂക്ഷിക്കുന്ന വെള്ളത്തിന്റെ ഭാരം താങ്ങാൻ അനുയോജ്യമായ തരത്തിൽ കോൺക്രീറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ട്രസ് റൂഫിനുള്ളിൽ വാട്ടർ ടാങ്ക് സ്ഥാപിക്കുമ്പോൾ ആവശ്യമായ സംഭരണശേഷിയുള്ള വാട്ടർ ടാങ്കിന്റെ ഉയരം  എത്രയാകുമെന്ന് കണക്ക് കൂട്ടുന്നത് നല്ലതാണ്.

നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടത്ത് വാട്ടർ ടാങ്ക് വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ടാങ്ക് അമിതമായി ചൂടാകുന്നത് നല്ലതല്ല. തറയിൽ നിന്ന് അൽപം ഉയരത്തിൽ വാട്ടർ ടാങ്ക് വയ്ക്കുന്നത് ചോർച്ച എളുപ്പം കണ്ടുപിടിക്കുന്നതിന് സഹായിക്കും. മേൽക്കൂരയിലാണ് ടാങ്ക് വയ്ക്കുന്നതെങ്കിൽ തറനിരപ്പിൽ നിന്ന് 10– 15 സെന്റി മീറ്റർ ഉയരത്തിൽ ടാങ്ക് സ്ഥാപിക്കുന്നതാണ് ഉത്തമം.

പ്രഷർ പമ്പ് പിടിപ്പിക്കുന്നുണ്ടെങ്കിൽ തറനിരപ്പിൽ നിന്ന് 90 സെന്റി മീറ്റർ ഉയരത്തിൽ പിടിപ്പിക്കാൻ ശ്രദ്ധിക്കണം. വാട്ടർ ടാങ്കിന് താഴെയായാണ് പ്രഷർ പമ്പ് പിടിപ്പിക്കുക. 

സോളാർ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ തറനിരപ്പിൽ നിന്ന് 1.70 മീറ്റർ ഉയരത്തിൽ വേണം വാട്ടർ ടാങ്ക് സ്ഥാപിക്കേണ്ടത്.  സോളാർ വാട്ടർ ഹീറ്ററിന് 1.50 മുതൽ 1.60 മീറ്റർ വരെ ഉയരമുണ്ടാകാം. ടാങ്കിൽ നിന്ന് വാട്ടർ ഹീറ്റർ വഴി ടാപ്പിലേക്കും മറ്റും വെള്ളമെത്തണമെങ്കിൽ സോളാർ ഹീറ്ററിലും കൂടുതൽ ഉയരമുണ്ടാകണം ടാങ്കിന്. വീട് നിർമിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം.  

Tags:
  • Vanitha Veedu