‘എന്നോട കൊളന്ത... എൻ കൺമുന്നിലേ ജീവനില്ലാമ കിടന്താ, അന്നേയ്ക്കേ നാൻ സത്തിട്ടാ സാർ!...’
ആ വാക്കുകൾ കടമെടുത്തു തുടങ്ങാം. ഒരിക്കൽ മരിച്ചു പോയവളാണ് പവിത്ര. പിന്നെയും ഇങ്ങനെ മജ്ജയും മാംസവും മനസുമുള്ള പെണ്ണാക്കി അവളെ ഉയിർത്തെഴുന്നേൽപ്പിച്ചത് നിർത്തിയത് കാലമാണ്. കടന്നുപോയ ആ കാലഭേദങ്ങളിൽ അവളുടെ ജീവിതവും നിലനിൽപ്പും പോരാട്ടവുമൊക്കെ ഇഴുകിച്ചേർന്നിരിക്കുന്നു.
കുംഭകോണത്തെ പച്ച തമിഴ് കലർന്ന മലയാളത്തിൽ പവിത്ര ബാലമുരളി തന്റെ ജീവിതം പറയുമ്പോൾ ആ കണ്ണുകളിലും വാക്കുകളിലും കാണാമായിരുന്നു അവൾ കടന്നുപോയ ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും. ഏഴാം വയസിൽ അച്ഛനെ നഷ്ടപ്പെട്ടവൾ. കഷ്ടകാലത്തിനൊരു നല്ല നേരം വരാനുണ്ടെന്ന പറച്ചിൽ വെറുംവാക്കാണെന്ന് പവിത്ര പറയുന്നു. ‘അല്ലെങ്കിൽ പിന്നെയും പിന്നെയും വിധി എന്നെ വേദനിപ്പിക്കാല്ലായിരുന്നല്ലോ?’ എന്ന് അവൾ നെടുവീർപ്പോടെ ചോദിക്കുന്നു.
നഴ്സിങ് പഠനം പൂർത്തിയാക്കി പുതിയൊരു ജീവിതം തുടങ്ങിയിട്ടും കഷ്ടപ്പാടുകൾ, തന്റെ ഉയിർപാതിയായ കുഞ്ഞിന്റെ മരണം, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, ജോലിക്കു വേണ്ടിയുള്ള അലച്ചിലുകൾ. കണ്ണീരിന്റെ കടലാഴം നീന്തിക്കയറിയ പവിത്രയുടെ ജീവിതത്തിന്റെ ഏടുകൾ അങ്ങനെ പോകുന്നു. എന്തിനേറെ പറയണം, പകൽ സമയത്ത് നഴ്സ് ജോലിയും രാത്രിയിൽ കൈക്കുഞ്ഞിനെ മാറോടണച്ച് ഫുഡ് ഡെലിവറി വരെ ചെയ്ത അധ്വാനത്തിന്റെ കഥ കാലത്തിന്റെ കണക്കു പുസ്തകങ്ങളിൽ ചിതലരിക്കാതെ കിടപ്പുണ്ട്. വേദനിപ്പിച്ചും കരിയിച്ചും മടുത്തിട്ടൊടുവിൽ വിധിക്ക് അവളോട് അലിവു തോന്നിക്കാണും. ആ ജീവിതമാണ് ഇന്ന് നിറചിരിയോടെ പവിത്ര നമുക്ക് മുന്നിൽ ജീവിക്കുന്നത്. സന്തോഷങ്ങൾ തിരികെ വന്നു, ചിറകറ്റുപോകുമായിരുന്ന ജീവിതം തിരികെ കിട്ടി, സംരംഭകയാകാനുള്ള അവളുടെ സ്വപ്നങ്ങൾ ചിറകുവിരിച്ചു തുടങ്ങുന്നു.
പെണ്ണിന്റെ പോരാട്ട വീര്യത്തെ നമിക്കുന്ന വനിത ദിനത്തിൽ വനിത ഓൺലൈൻ അഭിമാനത്തോടെ അവളുടെ കഥ പറയുകയാണ്, സെന്തമിഴ് കലർന്ന മലയാളത്തിൽ പവിത്ര ബാലമുരളി പറയുന്നു, അവള്‍ കടന്നുവന്ന പോരാട്ടത്തിന്റെ ഏടുകളുടെ കഥ...
നഷ്ടങ്ങള്‍ മാത്രമുള്ള ജീവിതം
ജ്യൂസ് കടയിൽ ഹെൽപർ, വീട്ടുവേലക്കാരി, സ്വിഗിയില്‍ ഡെലിവറി ഗേൾ, നഴ്സ്... കെട്ടിയാടാൻ വേഷങ്ങളൊന്നും ഇനി ബാക്കിയില്ല. പോക്കറ്റ് മണിക്കു വേണ്ടിയോ എക്സ്ട്രാ ഇൻകം ഉണ്ടാക്കാമെന്ന അതിമോഹത്തിലോ ചെയ്തതല്ല ഇതൊന്നും. എന്റെ കുഞ്ഞിന് അവൾ കരയുമ്പോൾ ഒരു നേരമെങ്കിലും പാൽ കാച്ചി കൊടുക്കണമെന്ന കൊതിയാണ് ഈ വേഷങ്ങൾ കെട്ടിയാടിച്ചത്. നഴ്സിങ് പഠിച്ച് ആശുപത്രിയിലെ ഷിഫ്റ്റു മാത്രം നോക്കി റിലാക്സായിരിക്കാൻ ജീവിതം എന്നെ അനിവദിച്ചില്ല. അതൊരു വല്ലാത്ത കഥയാണ്.– പവിത്ര പറഞ്ഞു തുടങ്ങുകയാണ്.
തമിഴ്നാട് കുംഭകോണമാണ് സ്വദേശം. അച്ഛൻ നടരാജ അമ്മ ലക്ഷ്മി തമിഴ് വേരുകളുണ്ടെങ്കിലും അച്ഛന്റെ ബന്ധവും സ്വന്തവും എല്ലാം മലേഷ്യയിലായിരുന്നു. അവിടെ ഒരു അമ്പലത്തില്‍ പൂജാരിയായിരുന്നു അച്ഛൻ. 12 വയസുള്ളപ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ ദുരന്തം സംഭവിക്കുന്നത്. ഫാറ്റി ലിവറിന്റെ രൂപത്തിൽ വന്ന മരണം അച്ഛനെ അങ്ങു കൊണ്ടുപോയി. കേരളത്തിലുള്ള അമ്മയുടെ കുടുംബത്തേക്ക് ഞങ്ങൾ പറിച്ചു നടപ്പെടുന്നത് അച്ഛന്റെ മരണത്തോടെയാണ്. തമിഴ് ബ്രാഹ്മണ കുടുംബാംഗമായ അമ്മയുടെ ബന്ധുക്കളെല്ലാം ഉള്ളത് തിരുവനന്തപുരത്ത് ശ്രീവരാഹത്താണ്. എന്നെയും അനിയനേയും വളർത്തി ഒരു കരയ്ക്കെത്തിക്കാൻ അമ്മ അന്ന് ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ജോലിക്കു പോയി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന എന്റെ അമ്മയിലാണ് ഞാൻ ആദ്യത്തെ പോരാളിയെ കാണുന്നത്.
നഴ്സിങ് പഠിക്കാനായിരുന്നു ആഗ്രഹം. രണ്ട് വയറുകൾ പശിയടക്കിയ ശേഷം അമ്മയുടെ ശമ്പളത്തിൽ ബാക്കിയുള്ളതും നാളിതു വരെ ഉറുമ്പ് ശേഖരിച്ചു വയ്ക്കും പോലെ സ്വരുക്കൂട്ടിയതും എല്ലാമായി കേരളത്തില്‍ തന്നെ നഴ്സിങ് പഠനത്തിന് ചേർന്നു. 19 വയസിൽ കോഴ്സ് കഴിഞ്ഞിറങ്ങി, തുച്ഛമായ ശമ്പളത്തിൽ ജോലിക്കു കയറി. 2016ലായിരുന്നു വിവാഹം, ഭർത്താവ് ബാലമുരളി. സന്തോഷത്തിന്റെ ആകെത്തുകയായി ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവം !ഒരു നിധിയെ തരുന്നത്, 2018ൽ ശർമിത്രയെന്ന നിധിയെ ദൈവം ഞങ്ങൾക്കു നൽകി. പക്ഷേ ആ സന്തോഷങ്ങളെയെല്ലാം ദൈവം നിർദാക്ഷിണ്യം ദൈവം തിരികെയെടുത്തു.
അന്നേ ഞാൻ മരിച്ചു പോയതാണ്
ശർമിത്രയ്ക്കു ശേഷം ഒരു കുഞ്ഞിനെ കൂടി ദൈവം ഞങ്ങൾക്ക് തന്നു. തന്നിരുന്നു എന്ന പറയുന്നതാകും കൂടുതൽ ശരി. എന്റെ ജീവന്റെ തുടിപ്പായ പൈതല്‍... അവളുടെ കളിയും ചിരിയും കൊഞ്ചലുകളും ഇന്നും എന്റെ കൺമുന്നിൽ മായാതെ നിൽപ്പുണ്ട്. പക്ഷേ മാസങ്ങളുടെ ആയുസേ അവൾക്ക് ദൈവം കൊടുത്തുള്ളൂ.
ജനിച്ച് ഏഴാം മാസത്തിൽ ആ പൈതലിനെ ദൈവം ഞങ്ങളിൽ നിന്ന് തിരികെയെടുത്തു. ജനിച്ചപ്പോഴേ എന്റെ കുഞ്ഞിന്റെ തലച്ചോറിന് പ്രശ്നങ്ങളുണ്ടായിരുന്നത്രേ. അവൾ ജീവിച്ചിരുന്നാലും ഞങ്ങളുടെ മുന്നിൽ കിടന്ന് നരകിക്കുമായിരുന്നു. പക്ഷേ നാലാം മാസത്തിൽ ഒരു സ്കാനിങ് ഉണ്ടായിരുന്നു. അതു ചെയ്തിരുന്നെങ്കിൽ, അതനുസരിച്ച് മുൻകരുതൽ എടുത്തിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ ഒരു പരിധിവരെയെങ്കിലും രക്ഷിക്കാമായിരുന്നു. അതൊരു വലിയ കുറ്റബോധമായി മനസിൽ കൊണ്ടു നടന്നു. നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ശവശരീരം കാണേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അപ്പോഴേ... ഞാൻ വെറും ജീവച്ഛവമായി. ഈ സംഭവങ്ങളുടെയെല്ലാം ആകെത്തുകയായി, ഭർത്താവുമായുള്ള പ്രശ്നങ്ങൾ ഉടലെടുത്തു. പരസ്പരം പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടായി. കടുത്ത ഡിപ്രഷനിലേക്ക് പോയി. ഭർത്താവുമായി പിണങ്ങി ജീവിതത്തിന്റെ ദിക്കറിയാതെ അലഞ്ഞു നടന്ന കാലങ്ങളുണ്ടായി. ഭ്രാന്തിയാകുമെന്ന ഘട്ടത്തിൽ എന്നെ കൈപിടിച്ചു കയറ്റിയത് എന്റെ മകളുടെ വാക്കുകളാണ്. ‘ആരുമില്ലെങ്കിലെന്താ... എന്റെ അമ്മയ്ക്ക് ഞാനുണ്ടല്ലോ?’ അവിടുന്നാണ് ജീവിക്കാനുള്ള വാശി ജീവിതത്തിൽ ഉണ്ടാകുന്നത്.
ജീവിക്കാനുള്ള പോരാട്ടം
ഒരു കയ്യിൽ ചുരുട്ടിപ്പിടിച്ച കുറച്ചു രൂപയും, മറുകൈ കൊണ്ട് എന്റെ കുഞ്ഞിനേയും നെഞ്ചോടടക്കി തിരുവനന്തപുരത്തെ അമ്മയുടെ വീട്ടിലേക്ക് വന്നു. അവിടെ ഉണ്ണാനും ഉടുക്കാനും എന്തിനേറെ പ്രാഥമിക ആവശ്യത്തിനു പോലും ഒരുമുറി മാത്രം. അവരെയും കുറ്റം പറയാനാകില്ല, കൂട്ടു കുടുംബങ്ങളിലെ അവസ്ഥ അങ്ങനെയൊക്കെ ആയിരുന്നു. ഒന്നു രണ്ട് ആശുപത്രിയിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. കിട്ടിയില്ല, ഒടുവിൽ തിരുവനന്തപുരത്തെ ജിജി ആശുപത്രിയിൽ ജോലി കിട്ടിയതാണ് കൺമുന്നിൽ തെളിഞ്ഞ ആദ്യത്തെ വെളിച്ചം. പക്ഷേ അതു കൊണ്ടൊന്നും ജീവിതം കരയ്ക്കടുപ്പിക്കാനാകില്ലെന്ന് മനസിലായി. ആശുപത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞുള്ള നേരത്ത് ഒരു ജ്യൂസ് കടയിൽ ജോലിക്ക് കയറി. അവിടം വിടേണ്ടി വന്നപ്പോൾ കുഞ്ഞിനെ ഡേ കെയറിലാക്കി വീട്ടു ജോലി നോക്കി, പല വീടുകളിലും പോയി പാത്രം കഴുകി നൽകി. അതും സ്ഥിരമല്ലാത്ത ഘട്ടത്തിൽ സൊമാറ്റോയിൽ ഡെലിവറിക്ക് പോയി. പല ദിവസങ്ങളിലും കുഞ്ഞിനെ കൂടെക്കൊണ്ടു പോകേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ചെയ്യുമ്പോഴും ഒറ്റ ഉദ്ദേശ്യമേ മനസിൽ ഉണ്ടായിരുന്നുള്ളൂ. ആർക്കും ഒരു ഭാരമാകരുത്.
ജിജി ആശുപത്രിയിലെ ഡോക്ടറായ ഡോ. വിദ്യ വിമലാണ് ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എന്നെ കൈപിടിച്ചു നടത്തിയ മറ്റൊരാൾ. വീട്ടിലുണ്ടാക്കിയ സമൂസയും മധുര പലഹാരങ്ങളും ഒരിക്കൽ ഡോക്ടർക്ക് കൊടുത്തിരുന്നു. എന്തുകൊണ്ട് ഇതൊരു വരുമാന മാർഗമാക്കി കൂടാ എന്ന ഉപദേശമാണ്, ഡോക്ടർ തന്നത്. അതൊരു വെളിച്ചമായിരുന്നു. ജിജി ആശുപത്രിയിലെ കാന്റീനിലേക്കുള്ള സമൂസ ഓർഡറുകൾ ആദ്യം ലഭിച്ചു. അതു പിന്നാലെ മറ്റ് ആശുപത്രികളിലേക്കും എത്തി. ബ്രേക്ക് ഫാസ്റ്റ്–ടിഫിൻ ഓർഡറുകൾ എന്നാലാകും വിധം 20 പത്തോ ഇരുപതോ പായ്ക്കറ്റ് വീതം എല്ലായിടത്തും എത്തിച്ചതായിരുന്നു അടുത്ത കാൽവയ്പ്. ശർമിത്ര ഹോം ട്രീറ്റ്സ് എന്ന പേരിൽ ഫുഡ് ഡെലിവറി സംരംഭത്തിന് തുടക്കം കുറിക്കുന്നതും അങ്ങനെയാണ്. പതിയെ പതിയെ പോയ സന്തോഷങ്ങളെ ൈദവം തിരികെ തന്നു തുടങ്ങി. എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ഭർത്താവ് തിരികെ വന്നതാണ് മറ്റൊരു സന്തോഷം. അദ്ദേഹം വിഎസ്എസ്‍സിയിൽ കാന്റീനിൽ ജോലി നോക്കുകയാണ്.
മുന്നോട്ടുള്ള ജീവിതത്തിൽ ആഗ്രഹങ്ങൾ കുന്നോളമില്ല, ഇനിയും എന്നെ കരയിക്കരുതേ എന്ന പ്രാർഥന മാത്രം. സമൂസയിലൂടെ തുടങ്ങിയ ശർമിത്ര ഹോം ട്രീറ്റ്സിന്റെ അടുത്ത പടിയായി ഒരു തട്ടുകട തുടങ്ങണം എന്നതാണ് മറ്റൊരു സ്വപ്നം. എല്ലാം നടക്കും. ദൈവം ഇനിയെന്നെ കൈവിടില്ല– പവിത്ര പറഞ്ഞു നിർത്തി.