Saturday 07 March 2020 06:25 PM IST

‘അച്ഛൻ നമ്പർ വൺ വിമർശകനാണെങ്കിൽ അമ്മയാണ് നമ്പർ വൺ ഫാൻ; ഞാൻ എന്തുചെയ്താലും അമ്മയ്ക്ക് ഇഷ്ടമാണ്’; വിശേഷങ്ങൾ പങ്കുവച്ച് കല്യാണി!

Sujith P Nair

Sub Editor

kalyanihbvytdsa ഫോട്ടോ: കിരാൻസ

രണ്ടു വര്‍ഷം മുന്‍പ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ കല്യാണി ‘വനിത’യോടു പറഞ്ഞിരുന്നു, മലയാള സിനിമ ചെയ്യാൻ കാത്തുകാത്തിരിക്കുകയാണെന്ന്. പുതിയ ചിത്രത്തിന്റെ സന്തോഷത്തിലിരിക്കെ വീണ്ടും കണ്ടപ്പോൾ ആദ്യം ചോദിച്ചതും സ്വപ്‌നസമാനമായ ആ തുടക്കത്തെ കുറിച്ചായിരുന്നു. ‘‘സത്യന്‍ അങ്കിളിന്റെ സിനിമയിലൂടെ ഞാന്‍ മലയാളത്തില്‍ എത്തണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. എന്നോട് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. പക്ഷേ,സത്യൻ അങ്കിളിന് ഇതൊന്നും അറിയുകയേ ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം സത്യനങ്കിളിന്റെ മകൻ അനൂപേട്ടന്റെ കോൾ, എന്നോടു ചോദിക്കും  മുന്‍പേ അച്ഛനോടും അമ്മയോടുമാണ് ചേട്ടൻ  ഇക്കാര്യം പറഞ്ഞത്. അങ്ങനെ അനുപേട്ടന്റെ സിനിമയിലൂടെ മലയാളത്തിൽ ആദ്യമായി നായികയായി.

എന്റെ ജീവിതത്തില്‍ പലപ്പോഴും ‘വിധി’ ഇങ്ങനെ പ്രധാന റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടും അദ്ഭുതം തോന്നിയില്ല.’ മലയാളത്തിന്റെ പ്രിയപ്പെട്ട ഷോമാന്‍ പ്രിയദർശന്റെയും പ്രിയ നായിക ലിസിയുടെയും മകള്‍ക്ക് ഇങ്ങനെയേ സംസാരിക്കാനാകൂ. ഇനി പുതിയ വിശേഷങ്ങൾ കേൾക്കാം, കല്യാണിയുടെ വാക്കുകളിൽ.

എൻട്രി ആഗ്രഹിച്ചതു പോലെ വന്നു ?

അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നുമുള്ള ആളല്ല ഞാന്‍. മലയാളത്തില്‍ നല്ലൊരു സിനിമ ചെയ്യണം എന്നായിരുന്നു മോഹം. സുരേഷ് ഗോപി സാറും ശോഭന മാമും ദുല്‍ഖറുമുള്ള ചിത്രത്തിലൂടെ തുടങ്ങാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ചെന്നൈയിലായിരുന്നു എന്റെ സീനുകളധികവും ചിത്രീകരിച്ചത്. സംവിധായകൻ അനൂപേട്ടൻ വളരെ ഫ്രണ്ട്‌ലി ആയിരുന്നു.

ശോഭന ആന്റി എന്നാണ് ഞാന്‍ മുൻപ് വിളിച്ചിരുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ അങ്ങനെ പാടില്ലല്ലോ. എത്ര സീനിയറായ നടിയാണ്. പക്ഷേ, സെറ്റിൽ ഭയങ്കര ജോളിയാണ്. ഷോട്ടിൽ അല്ലാത്ത സമയത്തെല്ലാം  എന്തെങ്കിലും തമാശ പറഞ്ഞു ചിരിച്ചുകൊണ്ടിരിക്കും. 

സുരേഷ് ഗോപി സാറിന് എന്നോട് ഭയങ്കര വാത്സല്യമാണ്. എപ്പോഴും അമ്മയുടെ കാര്യം പറയും. ഒരിക്കല്‍ ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ പറഞ്ഞു, ‘ഈ ആംഗിളില്‍ നിന്റെ ചിരി ലിസിയുടേതു പോലെ തന്നെ.’ ലളിതയാന്റി (കെപിഎസി ലളിത) ആയിരുന്നു സെറ്റിലെ എന്റെ ബെസ്റ്റ് ഫ്രണ്ട്. അമ്മയോടുള്ള ഫീലോടെ എപ്പോഴും പോയി കെട്ടിപ്പിടിക്കാന്‍ തോന്നുന്ന ആള്‍. ഷൂട്ടിങ് കഴിഞ്ഞു പിരിയാന്‍ നേരം ഇതൊക്കെ കൊണ്ടാകണം, എനിക്കു വലിയ വിഷമമായി.  

IMG_8695

ആരാണ് ഏറ്റവും വലിയ ഫാൻ ?

അച്ഛൻ നമ്പർ വൺ വിമർശകനാണെങ്കിൽ അമ്മയാണ് നമ്പർ വൺ ഫാൻ. ഞാൻ എന്തു ചെയ്താലും അമ്മയ്ക്ക് ഇഷ്ടമാണ് എന്നതാണ് പരസ്യമായ രഹസ്യം. ശിവകാർത്തികേയൻ നായകനായ ‘ഹീറോ’ എന്റെ ആദ്യ തമിഴ് ചിത്രമാണ്. മോട്ടിവേഷന‌ൽ സ്പീക്കറുടെ റോളാണ് അ‌‌തിൽ എനിക്ക്. പക്ഷേ, സൗണ്ട് ടെസ്റ്റ് നടത്തിയപ്പോൾ വോയ്സ് ചേരുന്നില്ല. സംവിധായകൻ ഉദ്ദേശിക്കുന്ന റിസൽറ്റ് കൊടുക്കാൻ എനിക്ക് പറ്റിയില്ല എന്നതാണ് സത്യം. 

അങ്ങനെ ഗായിക ചിന്മയിയെ കൊണ്ട് ഡബ് ചെയ്യിച്ചു. പെർഫെക്ടായിരുന്നു അവരുടെ ശബ്ദം. സംവിധായകനടക്കം എല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിലും അമ്മയ്ക്ക് അതു പിടിച്ചില്ല. ‘നീ തന്നെ ചെയ്താൽ മതിയാരുന്നു, നിന്റെ ശബ്ദം പറ്റുമായിരുന്നു...’ എന്നൊക്കെ ഇപ്പോഴും പരിഭവിക്കും. ‘വരനെ ആവശ്യമുണ്ട്’ സിനിമയുടെ സെറ്റിൽ വരുമെന്ന് അമ്മ പറഞ്ഞിരുന്നെങ്കിലും വന്നില്ല. 

അമ്മയുടെ ഒപ്പം പരസ്യ ചിത്രം ചെയ്തല്ലോ ?

പരസ്യത്തിൽ വധുവിന്റെ രൂപത്തിലാണ് ഞാനെന്ന് കരാർ ഒപ്പിടുമ്പോഴേ അവർ പറഞ്ഞിരുന്നു. അമ്മവേഷത്തിൽ മറ്റൊരാളും കാണും എന്നു മാത്രമേ എന്നോടു പറഞ്ഞിരുന്നുള്ളൂ. ഷൂട്ടിങ്ങിന് തലേദിവസം അമ്മ ചോദിച്ചു, ‘ആരാ വരുന്നതെന്ന് അറിയാമോ.’ ഞാൻ ചോദിച്ചില്ല എന്നുപറഞ്ഞപ്പോൾ അമ്മ തന്നെയാണ് ആ രഹസ്യം വെളിപ്പെടുത്തിയത്. കേട്ടപ്പോൾ ഞാൻ ഭയങ്കര ഷോക്ക്ഡ് ആയി. ക്യാമറയ്ക്കു മുന്നിൽ നിന്നു പോയിട്ട് വർഷങ്ങളായതാണ്. ഒരു ഫോട്ടോയ്ക്കു പോലും അനാവശ്യമായി നിൽക്കാൻ തയാറാകാത്ത ആളുമാണ്. എന്നിട്ടാണ് ഇപ്പോൾ പരസ്യ ചിത്രത്തിൽ മോഡലാകുന്നത്. എനിക്കൊപ്പം ഫ്രെയിമിൽ വരാൻ വേണ്ടി മാത്രമാണ് അതു കമ്മിറ്റ് ചെയ്തത് എന്നെനിക്ക് ഉറപ്പാണ്.

പരസ്യത്തിൽ വിവാഹവേഷത്തിലെത്തുന്ന മകളെ കണ്ട് അമ്മ കരയുന്ന ക്ലോസപ് സീനുണ്ട്. ഗ്ലിസറിൻ ഉപയോഗിച്ച് അമ്മയുടെ കരച്ചിലൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് എന്റെ രംഗത്തിനായി വധുവിന്റെ വേഷത്തിൽ ഞാൻ ഒരുങ്ങി ഇറങ്ങിവന്നത്. അപ്പോൾ എന്നെ കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ‘നീ ഇങ്ങനെ വന്നിരുന്നെങ്കിൽ ഗ്ലിസറിൻ ഇല്ലാതെ തന്നെ ഞാൻ കരയുമായിരുന്നല്ലോ..’ എന്നു പറഞ്ഞപ്പോൾ എന്റെയും കണ്ണുനിറഞ്ഞു. 

Tags:
  • Celebrity Interview