Tuesday 08 March 2022 04:34 PM IST

വെളുക്കാൻ പയറ് പൊടി നല്ലതാണ്, അലോവേര പുരട്ടിയാൽ നിറംവയ്ക്കും! കാജൽ പറയുന്നു എനിക്ക് ഈ നിറം മതി

Binsha Muhammed

kajal-janith-model-story

‘എന്റെ അമ്മ കറുപ്പാണ്... അച്ഛനും അങ്ങനെ തന്നെ. കറുപ്പും വെളുപ്പും വേർതിരിക്കാൻ അവരെന്നെ പഠിപ്പിട്ടില്ല. കറുത്തമേനിയിൽ വെളുത്ത ചായം പൂശുന്ന സൗന്ദര്യ സങ്കൽപ്പങ്ങളും എനിക്ക് ദഹിക്കില്ല. വീണ്ടും പറയട്ടെ, എന്റെ നിറവും കറുപ്പാണ്. മരണം വരെയും ഞാൻ അങ്ങനെ തന്നെയായിരിക്കും. അതിൽ ഞാൻ അഭിമാനിക്കുന്നു.’

കൺതടങ്ങളിൽ കറുപ്പ് പൊടിഞ്ഞാലോ, കവിളോരത്ത് മുഖക്കുരു പൊന്തിയാലോ അസ്വസ്ഥരാകുന്ന സുന്ദരൻമാരുടെയും സുന്ദരിമാർക്കും ഇടയിലേക്ക് അവൾ വരികയാണ്. മേനിയഴകിനെ വെളുപ്പിന്റെ മേലങ്കി കൊണ്ട് നിർവചിക്കുന്നവരുടെ നാട്ടിൽ ഉറച്ച ശബ്ദത്തോടെ. ചമയങ്ങളും ആടയാഭരണങ്ങളും മാറ്റിവച്ച് തന്റെ ശരീരത്തെ മൂടിയ കറുപ്പ് നിറത്തെ അലങ്കാരമാക്കി കാജൽ ജനിത് എന്ന പത്താം ക്ലാസുകാരി എത്തുമ്പോൾ സൗന്ദര്യ ലോകത്തെ അലിഖിത നിയമങ്ങൾ പൊളിച്ചു മാറ്റപ്പെടുമെന്നുറപ്പ്. കറുപ്പിന്റെ ഏഴഴക് വിളിച്ചോതിയ പത്താം ക്ലാസുകാരി കാജലിന്റെ ഫൊട്ടോഷൂട്ട് വെല്ലുവിളിക്കുന്നത് സൗന്ദര്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ തന്നെയാണ്.

നിറം സൗന്ദര്യത്തിന്റെ അളവുകോലാക്കിയവർക്കു മുന്നിലേക്ക് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി വർക്കല ഇടവ സ്വദേശിയായ കാജലെത്തുമ്പോൾ ഹൃദയം നൽകി സ്വീകരിച്ചവരാണ് കൂടുതലും. ഇപ്പോഴിതാ തിരുവനന്തപുരം ജില്ലാ വനിതാ ബോഡിബിൽഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തന്റെ സ്വപ്നങ്ങളിലേക്ക് ഒരുപടികൂടി അടുത്തിരിക്കുകയാണ് കാജൽ. തന്റെ സ്വപ്നങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും. ആത്മവിശ്വാസത്തോടെ അവൾ ലോകത്തോടു വിളിച്ചു പറയുന്ന കാജൽ പറയുന്നു, ഹു കെയേഴ്സ് കളർ...

kajal-new

കറുപ്പിനെ വ്യക്തിത്വത്തിന്റെ അടയാളമാക്കിയവൾ

‘ഈ കറുപ്പ് കുറയ്ക്കാൻ എന്തെങ്കിലും ക്രീം ഉപയോഗിച്ചു കൂടേ?’ എന്ന ഉപദേശം കേൾക്കുന്നതു പോലെ അരോചകമായി മറ്റൊരു ഉപദേശം ‍ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല. ശരീരത്തിലെ ഒരു അവയവം മുറിച്ചു മാറ്റാൻ പറയുന്നതിനു തുല്യമാണ് ആ പരിഹാസം കലർന്ന ഉപദേശം. മുൻപൊക്കെ അതെന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇപ്പോൾ ഞാൻ ഏറെ മാറിയിരിക്കുന്നു. മനസു കൊണ്ടും വ്യക്തിത്വം കൊണ്ടും... ഉപദേശകരും പരിഹാസ കമ്മിറ്റിക്കാരും അവർക്ക് പറയാനുള്ളത് കൊണ്ടു പോയി കടലിൽ എറിയട്ടെ– പ്രായത്തെ വെല്ലുന്ന പക്വതയോടെ കാജൽ സംസാരിച്ചു തുടങ്ങുകയാണ്.

കുട്ടിക്കാലത്താണ് ഏറ്റവും വിഷമിച്ചത്. കൂട്ടുകാരുടെ ചോദ്യവും നോട്ടവും ഒക്കെ കാണുമ്പോൾ സ്കൂളിൽ പോകാൻ തന്നെ പേടിയായിരുന്നു. സ്കൂളിനും പുറത്തും സ്ഥിതി വിഭിന്നമല്ല, ‘ദേ... ആ കൊച്ചിനെ നോക്കിയേ... എന്ന് പറഞ്ഞ് കുറേ എണ്ണം’ ഫങ്ഷനുകൾക്കും കല്യാണത്തിനുമൊക്കെ പോകുമ്പോൾ എന്റെ തലയ്ക്കു മീതേ ഉണ്ടാകും ആ വാക്കുകൾ. മറ്റു ചിലരുണ്ട്, എന്തോ വലിയ സംഭവം കണ്ടമാതിരി എന്നെ തുറിച്ചു നോക്കി നിൽക്കും. ചിലർ കൂട്ടം കൂടി അടക്കം പറയും. അവരുടെ മേൽ എന്റെ അമ്മയുടെ തുറിച്ചു നോട്ടം വീഴേണ്ട താമസമേയുള്ളൂ. എല്ലാവരും നാലു വഴിക്കാകും. വെളുക്കാൻ പയർ പൊടി, ഫേഷ്യൽ, അലോവേര എന്നൊക്കെ പറഞ്ഞു വരുന്നവരാണ് മറ്റൊരു കൂട്ടർ. അതെല്ലാം ആശ്വാസത്തിനു പകരം അസ്വസ്ഥതകള്‍ ആണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്.

kajal-new

ഫൊട്ടോ എടുക്കുന്നതായിരുന്നു ഒരുകാലത്ത് എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യം. ക്യാമറയ്ക്കു മുന്നിൽ വരാൻ പേടിച്ചിട്ടല്ല. മേക്കപ്പിൽ കുളിപ്പിച്ചും എന്റെ ചിത്രം ഫൊട്ടോഷോപ്പിലിട്ട് വെളുപ്പിച്ചും കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും. ഞാൻ അത്രയ്ക്ക് മോശമാണോ എന്ന് തോന്നലുണ്ടാകും. പക്ഷേ അവിടുന്നൊക്കെ ഞാന്‍ ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. ഇന്ന് എന്റെ നിറത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും എനിക്ക് ഉത്തമബോധ്യമുണ്ട്. എന്റെ അമ്മ അർച്ചന കറുപ്പാണ്, അച്ഛൻ ജനിതും നന്നേ കറുപ്പാണ്. നിറം നോക്കാതെ ഒന്നാന്തരമായി പ്രണയിച്ച് ഒരുമിച്ച അവരുടെ മകളാണ് ഞാൻ. ഈ നിറം എന്റെ വ്യക്തിത്വത്തിന്റെ അടയാളവും.– കാജലിന്റെ ഉറച്ച വാക്കുകൾ.

ലോക് ഡൗൺ സമയത്ത് എടുത്ത ഫൊട്ടോയാണ് സോഷ്യൽ മീഡിയയിൽ എന്റെ സാന്നിദ്ധ്യം ആദ്യമായി അടയാളപ്പെടുത്തിയത്. ഫൊട്ടോഷൂട്ടെന്ന് കേട്ടപ്പോൾ ആദ്യം മടിച്ചു. കാരണം കറുത്ത ഞാൻ ഫൊട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ മുൻകാല അനുഭവങ്ങള്‍ പോലെ വെളുത്ത് രൂപാന്തരം പ്രാപിക്കുമോ എന്നായിരുന്നു ആശങ്ക. പക്ഷേ എന്റെ മനസറിയാവുന്നതു കൊണ്ടു തന്നെ പ്രിൻസ് ഉറപ്പു നൽകി. കാജൽ കാജലായി തന്നെ ക്യാമറയ്ക്കു മുന്നിലുണ്ടാകും എന്ന വലിയ ഉറപ്പ്. അവൻ വാക്ക് പാലിച്ചു. എന്റെ നിറത്തിൽ ഏച്ചു കെട്ടലുകൾ ഇല്ലാതെ ഞാനായിത്തന്നെ ആ ചിത്രങ്ങൾ പിറവിയെടുത്തു.

kajal-shoot

വൈറൽ മോഡൽ

പ്രിൻസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മേക്ക് അപ് ആർട്ടിസ്റ്റായ രാഹുൽ ലെബ്യൂട്ട് എന്നെ സമീപിക്കുന്നത്. എന്റെ നിറത്തിനു മേൽ അമിതമായ മേക്കപ്പിന്റെ മേമ്പൊടി തൂവാതെ അതേപടി എന്നെ ക്യാമറയ്ക്കു മുന്നിലെത്തിച്ചു. ശരിക്കും അത് മനസു നിറച്ച വലിയൊരു അനുഭവമായിരുന്നു. റോയ് ആണ് ആണ് ചിത്രങ്ങൾ പകർത്തിയത്. അഖിൽ സുരേഷിന്റേതാണ് വിഡിയോഗ്രാഫി. ഡോ. ആയിഷ അബീൽ ആണ് കോ ഓർഡിനേറ്റ് ചെയ്തത്. ഇരുണ്ടനിറം ആയിപ്പോയതിന്റെ പേരിൽ മോഡലിംഗ് നിഷിദ്ധമാണെന്ന പതിവു രീതികളെ പൊളിച്ചെഴുതുന്നതായി ആ ഫൊട്ടോഷൂട്ട്. അവർ തന്ന പ്രചോദനവും ആത്മവിശ്വാസവും എന്നും എനിക്ക് കൈമുതലായിരിക്കും. ഒപ്പം എന്റെ ചിത്രങ്ങൾ ഏറ്റെടുത്തവരോട് മനസു നിറഞ്ഞ നന്ദിയുമുണ്ട്. – കാജൽ പറയുന്നു.

ആഗ്രഹങ്ങൾ അതിന്റേതായ സമയത്ത് നടക്കും എന്ന പക്ഷക്കാരിയാണ് ഞാൻ. ഒരു ഷെഫ് ആകണണെന്ന ആഗ്രഹം പണ്ടേക്കു പണ്ടേ മനസിൽ കൂടു കൂട്ടിയിട്ടുണ്ട്. അതിനിടയിൽ മോ‍ഡലിംഗ് അവസരങ്ങൾ വന്നാൽ തീർച്ചയായും ഇരുകയ്യും നീട്ടി സ്വീകരിക്കം. ഇപ്പോള്‍ പഠനത്തിന്റെ തിരക്കുണ്ട്. വർക്കല ലിറ്റിൽ ഫ്ലവർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ. ഏഴു വർഷമായി റെസ്ലിംഗ് പരിശീലിക്കുന്നുണ്ട്. ആ മേഖലയിലും തിളങ്ങണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ജീവിതത്തിന്റെ നിറങ്ങൾ കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ ഞാൻ.– കാജൽ ചിരിയോടെ പറഞ്ഞു നിർത്തി.