Tuesday 02 January 2024 04:38 PM IST

‘സ്റ്റിറോയ്‌ഡും മരുന്നുകളും ഗെറ്റ് ഔട്ട്, ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും താരങ്ങളെ ഫിറ്റാക്കുന്ന അലി മാജിക്’

Delna Sathyaretna

Sub Editor

ali-shifas ചിത്രങ്ങൾ: അലി ഷിഫാസ്/ ഇൻസ്റ്റഗ്രാം

ഒരു സിനിമയിൽ ഉന്തിയ വയറുമായി അഭിനയിക്കുന്ന താരം മൂന്നുമാസം കഴിഞ്ഞു മറ്റൊന്നിൽ വരുന്നതു മെലിഞ്ഞ് സിക്സ് പാക്കുമായി. ഇതൊക്കെ ‘എങ്ങനെ സാധിക്കുന്നു’ എന്ന അമ്പരപ്പാണു പ്രേക്ഷകരിൽ പലർക്കും.

ഫോട്ടോ എടുക്കുമ്പോൾ ശ്വാസം പിടിച്ചു വയർ ഉള്ളിലേക്കു വലിച്ചൊതുക്കി നിൽക്കുമ്പോൾ മനസ്സിലൊരു ചിന്ത പായാം. ഈ താരങ്ങൾക്കൊക്കെ ഫിറ്റ്നസ് ട്രെയ്നറും ഡയറ്റീഷനും ഉണ്ടല്ലോ. നമ്മളെപ്പോലെ ഉള്ളവർക്ക് അതു വല്ലതും നടക്കുമോ? ഇങ്ങനെ ചിന്തിച്ചു പലരും ഫിറ്റ്നസ് മോഹം അവിടെ കളയും. സത്യത്തിൽ താരങ്ങളേക്കാൾ ഫിറ്റ്നസും ശരീരസൗന്ദര്യവും സംരക്ഷിക്കാൻ എളുപ്പം ന മ്മൾക്കാണ്.

ചിലപ്പോൾ രാത്രി മുഴുവൻ നീളുന്ന ഷൂട്ടിങ്. പിന്നെ, കഥ കേൾക്കൽ, പൊതുപരിപാടികൾ. അതിനൊക്കെ ഇടയിൽ വ്യായാമവും ദിനചര്യയും കൃത്യമായി പാലിക്കുന്നതാണു താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം. പ്രമുഖതാരങ്ങളുടെ ഫിറ്റ്നസ് ട്രെയ്നർമാർ പറഞ്ഞുതരുന്ന ഫിറ്റ്നസ് ടിപ്സ് അറിയാം.

മാറ്റം ഒറ്റയടിക്കു വേണമെന്നില്ല

പത്തൊൻപതാം നൂറ്റാണ്ടി’ലെ സിജു വിൽസന്റെ മാസ് ലുക് കണ്ടു പലരും അമ്പരന്നു. അടവു തിക ഞ്ഞ അങ്കവീരന്റെ രൂപത്തിലേക്കു സിജുവിനെ നയിച്ചത് അലി ഷിഫാസ് എന്ന ഫിറ്റ്നസ് ഗുരുവാണ്. ഐശ്വര്യലക്ഷ്മി, അന്ന ബെൻ, ഗ്രേസ് ആന്റണി, ദിവ്യാ പിള്ള, ലുക്മാൻ അങ്ങനെ നിരവധി താരങ്ങളടങ്ങുന്നതാണ് 12 വർഷമായായി ഫിറ്റ്നസ് ട്രെയ്നറായ അലി ഷിഫാസിന്റെ ശിഷ്യനിര.

വെല്ലുവിളി നിറഞ്ഞ മാറ്റം

‘‘ഇതുവരെയുള്ള പരിശീലന പരിപാടികളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു സിജു വിൽസന്റെ ട്രാൻസ്ഫർമേഷൻ.

‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്താൻ വേണ്ടി എന്തും ചെയ്യാൻ തയാറായാണു സിജു ചേട്ടന്റെ വരവ്. ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടതും ആ നിശ്ചയദാർഢ്യമാണ്. സിനിമയിൽ സജീവമായിരുന്നെങ്കിലും വ്യായാമത്തിൽ അതുവരെ സിജു ചേട്ടൻ അത്ര ആക്ടീവ് ആയിരുന്നില്ല.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹത്തോടു പറഞ്ഞു, ‘സ്റ്റിറോയ്‌ഡുകളും മരുന്നും പോലുള്ള മാർഗങ്ങളുടെ സഹായത്തോടെ ചിലർ കുറഞ്ഞ സമയത്തിനുള്ളിൽ ശരീരം മാറ്റിയെടുക്കാറുണ്ട്. പക്ഷേ, ഞാനതു പിന്തുണയ്ക്കാറില്ല. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം ഫിറ്റ്നസ് എന്നതാണു രീതി’.

ali-shifas-2

സിജു ചേട്ടനും അതുതന്നെയായിരുന്നു താൽപര്യം. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയായിരുന്നു. സിനിമയിലെയും വീട്ടിലെയും തിരക്കുകൾക്കിടയിലും അദ്ദേഹം കഴിയുന്നത്ര സമയം വർക്കൗട്ടിനും കളരിപ്പയറ്റ് പരിശീലനത്തിനുമായി മാറ്റിവച്ചു. രാവിലെ രണ്ടു മണിക്കൂർ കളരിപ്പയറ്റ് പരിശീലനം. പിന്നെ, വിശ്രമത്തിനു ശേഷം വർക്കൗട്ട്. ഉച്ചയ്ക്കു ശേഷം ഹോഴ്സ് റൈഡിങ് പരിശീലനം. രണ്ടുമാസം പിന്നിട്ടപ്പോൾ കഥാപാത്രത്തിന്റെ ശരീരഭാഷയിലേക്കെത്തി. പിന്നീട് വന്ന 20 ദിവസത്തെ ലോക്ഡൗണിൽ പരിശീലനം മുടങ്ങി. അതിനുശേഷം ഒന്നരമാസം വേണ്ടി വന്നു, പഴയ സ്ഥിതിയിലെത്താൻ. വർക്കൗട്ട് ദിവസവും രണ്ടു നേരമാക്കി. അദ്ദേഹത്തിന്റെ പരിശ്രമത്തിനു മികച്ച റിസൽറ്റും കിട്ടി.

എന്താണ് ബാലൻസ്ഡ് ഡയറ്റ്

ഒറ്റയടിക്കുള്ള മാറ്റം പലർക്കും എളുപ്പമായിരിക്കില്ല. ഓരോ നേരത്തെയും ഭക്ഷണത്തിൽ ധാന്യങ്ങളുടെ അളവ് അ ൽപം കുറച്ചു പ്രോട്ടീൻ സമൃദ്ധമായ മുട്ട, മീൻ, ചില ദിവസങ്ങളിൽ ഇറച്ചി എന്നിവ കൂടുതൽ ഉൾപ്പെടുത്തണം. ഇതിനൊപ്പം പഴങ്ങളും പച്ചക്കറികളും ചേരുന്നതാണു ബാലൻസ്ഡ് ഡയറ്റ്. വെജിറ്റേറിയൻസിന് ഇതേ ക്രമത്തിൽ അവ ർക്കു ചേരുന്ന തരത്തിലുള്ള ഡയറ്റ് സ്വീകരിക്കാം.

മൂന്നോ നാലോ തവി ചോറും ഒരു സ്പൂൺ തോരനും ഒരു കഷണം മീനും എന്നതു മാറ്റി ഒരു തവി ചോറിനൊപ്പം നാലോ അഞ്ചോ കഷണം മീനും കൂടുതൽ പച്ചക്കറികളും കഴിക്കാം.

പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിച്ചാലേ അമിത കൊഴുപ്പിനു പകരം മസിൽ മാസ് ശരിയായി വികസിക്കൂ. ബോഡി മാസ് ഇൻഡക്സ് കറക്ടായി എന്നതുകൊണ്ടു മാത്രം കാര്യമില്ല. അമിതകൊഴുപ്പ് മാറുകയും മസിൽ സ്ട്രങ്ത് കൂടുകയും വേണം. അത് കണക്കിലെടുത്തുള്ള ഡയറ്റും വ്യായാമവും പിന്തുടരാൻ ശ്രദ്ധിക്കണം.’’