Thursday 23 November 2023 12:31 PM IST : By സ്വന്തം ലേഖകൻ

കരിയറിൽ നേട്ടം... ഒപ്പം സ്വാതന്ത്ര്യവും സന്തോഷവുമുള്ള ജീവിതവും: വിദേശ പഠനവും ജോലിയും സ്വപ്നമാണോ?: ഡോ. അർച്ചന പറയുന്നു

career-germany-archana

വിദേശവിദ്യാഭ്യാസത്തെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഇന്നു ചുരുക്കമാകും.  അവര്‍ക്കു ശരിയായ മാര്‍ഗനിർദേശങ്ങൾ നൽകുന്ന പംക്തി

ജർമനി എന്നെ പഠിപ്പിച്ചത്

കൊല്ലം നെടുമ്പന സ്വദേശിനിയായ ഡോ. അർച്ചനയുെട പഠനഗ്രാഫ് വിസ്മയിപ്പിക്കുന്നതാണ്. യൂറോപ്യൻ യൂണിയൻ നൽകി വരുന്ന ഇറാസ്മസ് മുണ്ടസ് സ്കോളര്‍ഷിപ് േനടിയാണു വിദേശത്തേക്കു പറക്കുന്നത്. ബെർലിനിലെ പ്രശസ്തമായ ഹുംബോൾട് യൂണിവേഴ്സിറ്റി, ബെല്‍ജിയത്തിലെ ഗെന്‍റ് യൂണിവേഴ്സിറ്റി, സ്ലോവാക്യയിലെ നിത്ര യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ജോയിന്റ്മാസ്‌റ്റേഴ്‌സ്പ്രോഗ്രാം (International Masters in Rural Development) പൂർത്തിയാക്കി. പിന്നീട് ജര്‍മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസ് (DAAD) സ്കോളര്‍ഷിപ്പോടു കൂടി ജർമനിയിലെ ജെസ്റ്റസ് ലീബസ് യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റും സ്വന്തമാക്കി.

െവള്ളായണി അഗ്രികള്‍ചര്‍ കോളജിന്‍റെ അഗ്രികള്‍ച്ചറല്‍ എക്സ്റ്റഷന്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്മെന്‍റില്‍ അസിസ്റ്റന്‍റ് പ്രഫസറായ അര്‍ച്ചന ജര്‍മന്‍ വിദ്യാഭ്യാസകാലത്തെക്കുറിച്ചു സംസാരിക്കുന്നു.

െവല്ലുവിളികള്‍ എന്തെല്ലാം

നാട്ടിൽ ഒതുങ്ങി ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി കള്‍ച്ചറല്‍ ഡിഫറന്‍സ് ആണ്. ജർമനിപോലെ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭാഷയും ഒരുപ്രശ്നമാണ്. എങ്കിലും ഇതുമായിട്ടൊക്കെ പൊരുത്തപ്പെടാൻ എനിക്ക് ആറു മാസമേ വേണ്ടി വന്നുള്ളൂ. ഓൺലൈനായി ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവിസ് (DAAD) നടത്തുന്ന രണ്ടു മാസത്തെ ഭാഷാപരിശീലനം ഉണ്ട്. നാട്ടില്‍വച്ച് അതു പൂര്‍ത്തിയാക്കി, പിന്നീടു ജർമനിയിലെത്തി നാലുമാസത്തെ ഫുൾടൈം പരിശീലനവും നേടിയിരുന്നു. അതല്ലാതെ പഠനസംബന്ധമായോ ജോലി സംബന്ധമായോ ബുദ്ധിമുട്ടുകളൊന്നും നേരിട്ടിരുന്നില്ല.

മാറ്റങ്ങള്‍ പല തരം

വ്യക്തിപരമായ കാര്യങ്ങള്‍, ജോലി എന്നിവയിലൊക്കെ എന്തു മാറ്റങ്ങള്‍ ഉണ്ടായി എന്നു പലരും ചോദിക്കാറുണ്ട്. എന്റെ പേഴ്സനൽ ഡവലപ്മെന്റ്, കരിയർ-റിസർച് ഒാറിയന്റേഷന്‍ എന്നിവയിലാണു പ്രധാന മാറ്റം തോന്നിയത്. വാസ്തവത്തിൽ ജർമൻ സിസ്റ്റത്തിൽ എത്തിപ്പെട്ടാൽ ജോലിയിൽ കൃത്യത ഉണ്ടായി വരും. കൂടുതൽ പ്രഫഷനലിസം, കൊളാബറേറ്റിവ് ആയി ജോലി ചെയ്യുക, കൂടുതൽ പ്ലാനിങ്ങോടെ കാര്യങ്ങൾ ചെയ്യുക, കൃത്യമായ ടൈം മാനേജ്മെന്‍റ് എന്നിവ നമ്മുടെ ശീലത്തിന്റെ ഭാഗമാകും. ഒരു മീറ്റിങ്ങോ മറ്റോ സംഘടിപ്പിച്ചാൽ അതു കൃത്യ സമയത്തു തുടങ്ങണം. നാട്ടിലെ പോലെ വൈകി വന്ന് ഒഴിവുകൾ പറയുന്ന രീതി അവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പലയിടത്തും ഇന്ത്യക്കാരുടെ സമയനിഷ്ഠക്കുറവിനെക്കുറിച്ചു ചില തമാശകൾ പോലും കേട്ടിട്ടുണ്ട്. റിസർച്ചിനോടുള്ള അർപ്പണബോധം, ജോലിയിലുള്ള പെർഫക്‌ഷൻ, സ്വയംപര്യാപ്തത എന്നിവ ശീലത്തിന്റെ ഭാഗമായി എന്നതു പ്രധാന മാറ്റമാണ്.

സ്ത്രീയെന്ന നിലയിലും ചില മാറ്റങ്ങളുണ്ടായി. എല്ലാ കാര്യങ്ങളും സ്വയം ചെയ്യുമ്പോൾ അത് എത്രത്തോളം സൗകര്യപ്രദമാണെന്നു മനസ്സിലായത് ഇവിടെ വന്നതിനു ശേഷമാണ്. പ്രഫഷനും പേഴ്സനൽ കാര്യങ്ങളും കൃത്യമായി ബാലൻസ് ചെയ്യാനും യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ യാത്ര ചെയ്യാനുമുള്ള സാഹചര്യങ്ങളും ഉണ്ടായി.
സാമൂഹിക പ്രതിബദ്ധതയും ഒപ്പം സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിതത്തെ കാണാനും എന്നെ പഠിപ്പിച്ചതും ജര്‍മനിയിലെ ജീവിതമാണ്. ജർമൻ അക്കാദമിക് എ ക്സ്ചേഞ്ച് സർവീസിന്‍റെ (DAAD) സൗത്ത് ഏഷ്യ റിസർച് അംബാസഡർ ആയി പ്രവർത്തിക്കാനുള്ള അവസരവും ഇതിനിടയില്‍ എനിക്കുണ്ടായി. അതും ഒരു ഭാഗ്യം.