Saturday 03 October 2020 02:48 PM IST : By സ്വന്തം ലേഖകൻ

തൊഴിലിടങ്ങളിൽ മികച്ച ഇംപ്രഷൻ ലഭിക്കാൻ ശരീരഭാഷ പ്രധാനം; പോസിറ്റീവ് ബോഡി ലാംഗ്വേജിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

positive-body-languagerr

അറിയുമോ? വാക്കുകൾ കൊണ്ട് നമ്മൾ എന്തുപറയുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് വാക്കുകൾ ഉപയോഗിക്കാതെ നമ്മൾ എന്തു പറയുന്നുവെന്നതും. അതായത്, ശരീര ഭാഷ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ നമ്മൾ പറയുന്നുണ്ട്. നമ്മുടെ കമ്യൂണിക്കേഷന്റെ 60 മുതൽ 80 ശതമാനം വരെ വാക്കുകളിലൂടെയല്ലാതെ ശരീരഭാഷയിലൂടെയാണെന്ന് ഗവേഷകർ പറയുന്നു. ബോഡി ലാംഗ്വേജിലൂടെയാണ് ആശയ വിനിമയത്തിന്റെ ഒരു വലിയ ശതമാനവും നടക്കുന്നത്. പക്ഷേ, നമ്മൾ മിക്കപ്പോഴും ശരീരഭാഷയ്ക്ക് വലിയ പ്രാധാന്യമൊന്നും നൽകുന്നില്ല. 

ജീവിതത്തിൽ വിജയം നേടുന്നതിലും നമ്മെക്കുറിച്ച് മറ്റുള്ളവർക്ക് മികച്ച ഇംപ്രഷൻ ഉണ്ടാക്കുന്നതിലും പോസിറ്റീവ് ശരീര ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ഔദ്യോഗിക കാര്യങ്ങൾക്കോ ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കോ നമ്മൾ ഒരാളെ ആദ്യമായി കണ്ടുമുട്ടുമ്പോൾ നമ്മുടെ ശരീരഭാഷ വളരെ പ്രധാനമാണെന്ന കാര്യം മറക്കേണ്ട. ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്നു പറയുന്നതു പോലെ, ആദ്യ കണ്ടുമുട്ടലിൽ നമ്മളെ കുറിച്ച് മറ്റേയാളുെട മനസ്സിൽ രൂപപ്പെടുന്ന നിഗമനങ്ങൾ നിർണായകമാണ്. അതുകൊണ്ട് എപ്പോഴും ബോഡി ലാംഗ്വേജ് പോസിറ്റീവായിരിക്കാൻ ശ്രദ്ധിക്കുക.

മീറ്റിങ്ങുകളിലും മറ്റൊരാളുമായുള്ള കൂടിക്കാഴ്ചകളിലും ശരീരഭാഷ പോസിറ്റീവാകാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം: 

∙ എപ്പോഴും ശരിയായ പോസ്ചറിൽ വേണം നമ്മുടെ ശരീരം. ഇരിക്കുകയാണെങ്കിലും നിൽക്കുകയാണെങ്കിലും നടു നിവർത്തി തന്നെ പിടിക്കുക. കൂനിക്കൂടി നിൽക്കുന്നതും കൂനിക്കൂടി ഇരിക്കുന്നതും ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു. ചുമലുകൾ സ്വൽപം റിലാക്സ് ചെയ്തു പിടിക്കാം. മസിലും പിടിച്ച് നിൽക്കും പോലെ തോന്നരുത് 

∙ നിൽക്കുമ്പോൾ  കാലുകൾ അൽപം അകത്തി, കാൽപാദങ്ങൾ ഇരു വശേത്തക്കും അൽപം അകന്നു നിൽക്കും വിധം  നില്ക്കുന്നതാണ് നല്ലത്. കാലുകൾ ക്രോസ് ചെയ്തു വയ്ക്കരുത്. 

∙ കൈകൾ എളിയിൽ കുത്തി നിൽക്കുന്നതും മറ്റൊരാളുമായുള്ള മീറ്റിങ്ങിൽ നല്ല പോസ്ച്ചറല്ല. 

∙ കസേരയിലിരുന്ന് സംസാരിക്കുമ്പോൾ ഒരൽപം മുന്നോട്ടാ‍‍ഞ്ഞ് ഇരിക്കുന്നതു നല്ലതാണ്. നമ്മൾ എതിരേയിരിക്കുന്ന വ്യക്തി പറയുന്നതിൽ ശ്രദ്ധ കാട്ടുന്നുവെന്നതിന്റെ സൂചനയാണിത്. 

∙ കസേരയിൽ നിങ്ങളുെട പിൻഭാഗം മുഴുവനായും ഉൾക്കൊള്ളിച്ച് ഇരിക്കുക. കസേരയുടെ വക്കത്ത് ഇരിക്കരുതെന്നർഥം. ഇതും നമ്മുെട ആത്മ വിശ്വാസക്കുറവിനെ സൂചിപ്പിക്കാം. 

∙ മുന്നിലിരിക്കുന്ന ആളിന്റെ ബോഡി ലാംഗ്വേജിനെ നമ്മൾ അതേ പടി പ്രതിഫലിപ്പിക്കുന്നതും പോസിറ്റീവാണ്. അയാളോട് പൂർണമായും യോജിക്കുന്നുവെന്നതായി ഇതിലൂടെ അയാൾക്കു തോന്നും. 

∙ സ്വന്തം മുഖത്ത് ഇടയ്ക്കിടെ സ്പർശിക്കുന്നത്, തല മുടി െചാറിയുന്നത്, വസ്ത്രത്തിൽ പിടിച്ച് വലിക്കുന്നത് ഇതെല്ലാം ഒഴിവാക്കണം. 

∙ ൈകപ്പത്തികൾ, കൈത്തണ്ടകൾ ഇവ എങ്ങനെ നാം വ യ്ക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ൈക കെട്ടി നിൽക്കരുത്. ഈ പോസ്ചർ ഒരു െനഗറ്റീവായ, നിഷേധിക്കുന്ന സൂചനയാണ് നൽകുന്നത്. 

കൈകൾ റിലാക്സ്ഡ് ആയി വശങ്ങളിലോ നിങ്ങളുടെ മടിയിലോ വയ്ക്കാം. 

മേശയ്ക്കരികിലാണെങ്കിൽ മേശയ്ക്കു േമലെയായി റിലാക്സിഡ് ആയി വയ്ക്കാം. 

∙ താടിക്കു ൈക െകാടുത്ത് ഇരിക്കുക, തലയ്ക്കു ൈക വച്ച് ഇരിക്കുക ഇെതാക്കെ നിങ്ങളുെട ദുർബലതയെ സൂചിപ്പിക്കാം. 

∙ സംസാരിക്കുമ്പോൾ ൈകകൊണ്ടുള്ള ആംഗ്യം ഉപയോഗിക്കുന്നത് നിങ്ങൾ പറയുന്നതിന്റെ വിശ്വാസ്യത കൂട്ടും. ഇത് നിങ്ങൾ സംസാരിക്കുമ്പോഴുള്ള ചിന്തകളുെട വികാസത്തിനും സഹായകരമാകും.

∙ ഹാൻഡ് ഷേക്ക് നൽകുകയാണെങ്കിൽ അതു ദുർബലമാകാതിരിക്കാൻ ശ്രദ്ധിക്കുക. നല്ല ഉറച്ച ഹസ്തദാനം ആകണം. പക്ഷേ, അമിതമായി മുറുക്കിപ്പിടിക്കുകയും അരുത്. ഹസ്തദാനം ഒഴിവാക്കുന്ന സാഹചര്യങ്ങളിൽ ചുഞ്ചിരിയോടെയുള്ള കൂപ്പുകൈ കൊണ്ട് മറ്റേയാളിനെ അഭിവാദ്യം ചെയ്യാം. 

∙ നമ്മളോട് സംസാരിക്കുന്ന ആൾ പറയുന്നതിനെ ചെറിയ തലയാട്ടലുകൾ െകാണ്ടും പു‍ഞ്ചിരി കൊണ്ടും ഇടയ്ക്കുള്ള വാക്കുകൾ കൊണ്ടും ശരി വയ്ക്കാം.. അയാളുെട സംഭാഷണത്തിൽ നിങ്ങളാരു നല്ല ശ്രോതാവായി തന്നെ തോന്നണം. മറ്റേയാൾ സംസാരിക്കുന്നതിനിടയിൽ നിങ്ങൾ കാലുകൾ വിറപ്പിക്കുക, കൈകൾ ഇളക്കുക, മുഖം ചൊറിയുക, പേന കൊണ്ട്  വരയ്ക്കുക,  ഇെതാക്കെ അശ്രദ്ധയെയും അക്ഷമയെയും ആണ് സൂചിപ്പിക്കുന്നത്. നിങ്ങൾ അയാളെ വില കൽപ്പിക്കുന്നില്ലെന്ന തോന്നൽ ഇതുളവാക്കാം. 

∙ ചിരിക്കേണ്ട സന്ദർഭങ്ങളിൽ സന്തോഷകരമായി ചിരിക്കുന്നതും മറ്റേയാളിൽ െപാസിറ്റീവായ പ്രതിഫലനമുണ്ടാക്കും. 

∙ എതിരേയുള്ള ആളുമായുള്ള െഎ കോണ്ടാക്ടും സുപ്രധാനമാണ്. കണ്ണിൽ നോക്കി തന്നെ സംസാരിക്കുക. സംസാരിക്കുന്നതിനിടയിലും കണ്ണിൽ തന്നെ ആവണം നോട്ടം. സംസാരിക്കുന്നതിനിടെ ബ്രേക്ക് എടുക്കുമ്പോൾ കണ്ണിൽ നിന്നും നോട്ടം മാറ്റാം... കണ്ണിൽ നോക്കാതെ മറ്റെവിടെയെങ്കിലും നോക്കി സംസാരിക്കുന്നത് കള്ളലക്ഷണമാണ്.  പക്ഷേ, ഒരിക്കലും ബ്രേക്ക് എടുക്കാതെ കണ്ണിലേക്കു തന്നെ നോക്കിയിരുന്നാൽ അത് അരോചകമാകും. നോട്ടം തുറിച്ചു നോട്ടമാകാതിരിക്കാൻ ശ്രദ്ധിക്കണം. 

സ്ത്രീകളായാലും പുരുഷന്മാരായാലും നമ്മൾ സംസാരിക്കുന്നയാളിന്റെ ശരീരഭാഗങ്ങളിലേക്ക് ഇടയ്ക്കിടെ നോട്ടം മാറ്റുന്നത് വളരെ മോശമായ കാര്യമാണെന്നോർക്കുക. ഇത്തരം നോട്ടങ്ങൾ അവരെ അലോസരപ്പെടുത്തും. നമ്മളെ കുറിച്ച് മോശമായ ഇംപ്രഷൻ ഉടലെടുക്കുകയും ചെയ്യും.

∙ കണ്ണുകൾ തുടർച്ചയായി ചിമ്മാതിരിക്കാനും ശ്രദ്ധിക്കണം. തുടർച്ചയായി കണ്ണു ചിമ്മിക്കൊണ്ടിരുന്നാൽ അത് നിങ്ങള്‍ക്ക്  അസ്വസ്ഥതയുള്ളതായി തോന്നിപ്പിക്കും. 

∙ ശരീര ഭാഷയുടെ കൂടെ തന്നെ സംസാരിക്കുന്നതിന്റെ കാര്യത്തിലും ശ്രദ്ധിക്കാം. ശബ്ദം അമിതമായി ഉയരരുത്. ഉറച്ച സ്വരത്തിലും തെള‍ി‍ഞ്ഞ ശബ്ദത്തിലും തപ്പിത്തടയാെതയും പൂർണ ബോധ്യത്തോടയും സംസാരിക്കുക.

∙ സംഭാഷണം അവസാനിപ്പിക്കാറായെന്ന് മറ്റേയാൾ ഒരു പക്ഷേ, ബോഡി ലാംഗ്വേജിലൂടെ ആവും സൂചിപ്പിക്കുന്നത്. അതു മനസ്സിലാക്കി കൂടിക്കാഴ്ച അവസാനിപ്പിക്കാം. പുഞ്ചിരിയോടെയും കണ്ണിൽ നോക്കി നന്ദി പറ‍ഞ്ഞും വേണം പിരിയാൻ... നിങ്ങളെ കുറിച്ച് ഉൗഷ്മളമായ ഇംപ്രഷൻ മറ്റേയാളിനുണ്ടാകണം. 

∙ ചില വ്യക്തികൾ നെഗറ്റീവായ ബോഡി ലാംഗ്വേജിലൂടെ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാം. ഇതു തിരിച്ചറിയാനും കഴിയണം. കൈകൾ പിണച്ചു വയ്ക്കുക, ടെൻഷൻ നിറഞ്ഞ ചിരിയില്ലാത്ത മുഖം, നിങ്ങളിൽ നിന്നും അകന്ന് നിൽക്കുക, കണ്ണിൽ നോക്കാതെ താഴോട്ട് നോക്കുക ഇതെല്ലാം നെഗറ്റീവായ ശരീര ഭാഷയാണ്. ഇതു തിരിച്ചറിഞ്ഞ് അവരോട് പെരുമാറാം.