Friday 10 November 2023 03:41 PM IST

‘പാത്രമെന്നു കരുതി ആളിക്കത്തുന്ന ബർണർ കയ്യിലെടുത്തു, തൊലി ഉരുകുമ്പോഴും വേദനയറിഞ്ഞില്ല’: ഫിറ്റ്സിൽ ഉരുകിയ നാളുകൾ: ലേഖയുടെ ജീവിതപോരാട്ടം

Binsha Muhammed

lekha-kollengode

‘പറയുന്നതിനിടയ്ക്ക് എന്റെ വാക്കുകള്‍ മുറിഞ്ഞേക്കാം... ബോധം മറഞ്ഞു ഞാൻ വീണുപോയേക്കാം. അതെനിക്ക് ശീലമാണ്. പക്ഷേ കണ്ടു നിൽക്കുന്ന നിങ്ങൾ ഒരു പക്ഷേ ഭയപ്പെട്ടേക്കും...’

ഉള്ളിലൊളിഞ്ഞിരിക്കുന്ന വേദനയ്ക്ക് ആമുഖം പറഞ്ഞു തുടങ്ങുമ്പോൾ ലേഖയുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. വേദനിക്കുന്നവരുടെ പുഞ്ചിരിക്ക് മറ്റെന്തിനേക്കാളും തെളിമയുണ്ടാകുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് ആ ചിരി കണ്ടാൽ വ്യക്തം.

സഹജീവി അനുഭവിക്കുന്ന വേദനയുടെ ആഴവും പരപ്പും തിരിച്ചറിയണമെങ്കിൽ നിങ്ങളും സമാനമായ ജീവിത സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരും. അല്ലെങ്കിൽ നിങ്ങൾ നിസ്വാർത്ഥനായൊരു മനുഷ്യനായിരിക്കണം. ആ രണ്ടു വിശേഷണങ്ങളും സമം ചേരുന്നൊരു ജീവിതമാണ് പാലക്കാട്ടെ കൊല്ലങ്കോടുകാരിക്ക് പറയാനുള്ളത്. ബാല്യവും കൗമാരവും കണ്ണീരിലാക്കിയ വലിയൊരു പരീക്ഷണത്തിന്റെ കഥയാണ് ലേഖയുടെ ജീവിതത്തിലെ ആദ്യ അധ്യായം. ആ വേദന ഉരുകിയുരുകി തങ്കമായപ്പോഴേക്കും സഹജീവിയുടെ കണ്ണീരുകണ്ട നന്മമനസു കൂടി തെളിനീരു പോലെ തെളിഞ്ഞു കണ്ടു.

ഫിറ്റ്സ് എന്നോ ചുഴയിലെന്നോ അപസ്മാരമെന്നോ ഓമനപ്പേരിട്ടു വിളിക്കാവുന്നൊരു രോഗപീഡ. ലേഖയുടെ ബാല്യവും കൗമാരവും ദുസ്സഹമാക്കിയ ആ പരീക്ഷണ കഥ ഇന്നും തുടരുന്നു. നിന്ന നിൽപ്പിൽ വീണു പോകും, സ്ഥലകാല ബോധം നഷ്ടപ്പെടും, എന്തിനേറെ കോമയിലേക്കു വരെ വീണു പോയ നിമിഷങ്ങൾ ആ ജീവിതത്തിലെ വേദനയുടെ അടയാളപ്പെടുത്തലുകളായി കൺമുന്നിലുണ്ട്. കുതിച്ചു പായുന്ന ട്രെയിനിൽ നിന്നും മരണത്തിലേക്ക് കാലെടുത്തു വച്ച അനുഭവം പോലും ആ രോഗപീഡയുടെ ബാക്കിപത്രമാണ്. അതിനോടെല്ലാം സന്ധിയില്ലാതെ സമരം ചെയ്യുക മാത്രമല്ല, വിവിധ രോഗങ്ങൾ കീഴ്മേൽ മറിച്ച ജീവിതങ്ങള്‍ക്ക് തണലും തുണയുമാകാനും അവർക്കു സാധിച്ചുവെന്നത് ആ ജീവിതത്തെ അർത്ഥപൂർണമാക്കുന്നു. ലേഖ തന്നെ പറയട്ടെ, ആ ജീവിത പോരാട്ടങ്ങളുടെ കഥ...

വേദനകളുടെ തുടക്കം

‘എന്തിനും ഏതിനുമൊരു തുടക്കമുണ്ടാകുമല്ലോ... മൂന്നു വയസുള്ളപ്പോൾ വന്ന പൊള്ളിച്ചൊരു പനി. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റിമറിച്ച രോഗകാലത്തിന്റെ ആദ്യ സൂചന. സാധാരണ ഫിറ്റ്സ് വന്നാൽ കൈകാലിട്ടടിക്കുക, നാവു കടിച്ചു പിടിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് പലർക്കും വരാറുള്ളത്. പക്ഷേ എന്റെ കാര്യം കുറച്ചു സങ്കീർണമാണ്.’– ലേഖ പറഞ്ഞു തുടങ്ങുകയാണ്.

ഫിറ്റ്സ് വരുന്നതിനു തൊട്ടു മുൻപ് എന്റെ ശരീരം എനിക്കു മാത്രം മനസിലാകുന്ന സൂചനകൾ തന്നു തുടങ്ങും. അതില്‍ പിന്നെ, നിന്ന നിൽപിലായിരിക്കും ബോധം മറയുന്നത്. എന്തു കാര്യമാണോ ചെയ്തു കൊണ്ടിരിക്കുന്നത് എന്നതു പോലും ഓർമിക്കാത്ത വിധം വീണുപോകും. വല്ലാതെ ബലം പിടിക്കും. ഒന്നോ രണ്ടോ ദിവസങ്ങള്‍ വരെ അതിന്റെ അതിന്റെ അനന്തര ഫലം നീണ്ടു നിൽക്കും. ആ സമയങ്ങളിൽ എന്റെ അച്ഛന്റെയും അമ്മയുടേയും പേരു പോലും ഞാൻ മറന്നു പോകും.

പല ടെസ്റ്റുകളും മരുന്നുകളും അന്നത്തെ എന്റെ കുഞ്ഞു ശരീരത്തിൽ മാറി മാറി പരീക്ഷിച്ചു. പല ആശുപത്രികളും കയറിയിറങ്ങി. പലരും പലതും മറഞ്ഞു. ഈ അവസ്ഥ താത്കാലികമാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. പക്ഷേ അതെല്ലാം വെറുതെയായി. എന്റെ രോഗാവസ്ഥയെ കുറിച്ച് ശരിയായൊരു ധാരണ തന്നത് ഡോ. ഗിൽവാസാണ്. ന്യൂറോ സംബന്ധമായ ഗുരുതരമായ പ്രശ്നം, എന്നാണ് അദ്ദേഹം അന്ന് വിധിയെഴുതിയത്. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ തലച്ചോറിനെ വരെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതോടെ ഒരു കാര്യം മാത്രം എനിക്കു മനസിലായി. ഈ അവസ്ഥ ഞാനുള്ളിടത്തോളം കാലം എന്റെ കൂടെ കാണുമെന്ന്. ഹെവി ഡോസിലുള്ള മരുന്നുകളായിരുന്നു ഈ രോഗത്തിന്റെ പേരിൽ ഞാനെടുത്തിരുന്നത്. പക്ഷേ അതൊക്കെ താത്കാലിക ആശ്വാസത്തിനപ്പുറം ശാശ്വത പരിഹാരമേ അല്ലായിരുന്നു.

സ്കോളർഷിപ്പ് ഉൾപ്പെടെ വാങ്ങി നല്ല രീതിയിൽ പഠിച്ചു വന്നിരുന്ന എന്നെ ഈ രോഗം ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഒമ്പതാം ക്ലാസൊക്കെ ആയപ്പോൾ രോഗം അതിന്റെ യഥാർഥ മുഖം കാട്ടിത്തുടങ്ങി. ക്ലാസിലും പഠനത്തിന്റെ ഇടവേളകളിലുമൊക്കെ ബോധം മറഞ്ഞും ഓർമകെട്ടും വീണു. പ്ലസ്ടു പരീക്ഷയുടെ സമയമായപ്പോൾ നന്നേ വിഷമിച്ചു. രോഗത്തിന്റെ തീവ്രതയിൽ പഠനത്തിൽ ശ്രദ്ധിക്കാനാകാതെ വന്നു. പ്ലസ്ടുവിന് തോറ്റു പോയപ്പോൾ ചിലരൊക്കെ വിധിയെഴുതിയത് ഞാൻ പഠനത്തിൽ മോശക്കാരിയാണെന്നും ഉഴപ്പിയാണെന്നുമൊക്കെയായിരുന്നു. അവരൊന്നും എന്റെ സങ്കടം കണ്ടിട്ടില്ലല്ലോ....

പക്ഷേ തോറ്റു കൊടുക്കാൻ എനിക്കു മനസില്ലായിരുന്നു. തോറ്റയിടത്തു നിന്ന് ജയിച്ചു കയറി. ആഗ്രഹിച്ച വിഷയം തന്നെ തിരഞ്ഞെടുത്ത് ഡിഗ്രിക്ക് കയറി. ബിഎ ലിറ്ററേച്ചറും, ബി.എ ഹിന്ദിയും ഒരുപോലെ പാസായി. ഹിന്ദിയിൽ ടിടിസിയും തിരഞ്ഞെടുത്തു. അധ്യാപികയുടെ മേൽവിലാസമണിഞ്ഞ് കടന്നു പോയതും ഇനി വരാനിരിക്കുന്നതുമായ എല്ലാ പരീക്ഷണങ്ങളേയും ഞാൻ വെല്ലുവിളിച്ചു. ആ നേട്ടങ്ങൾ തന്നെയാണ് എന്നെ ഈ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയതും.

lekha-1

ഇരുട്ടിൽ വെളിച്ചമായൊരാൾ...

എന്നെ പോലെയൊരാൾ ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോൾ നൂറായിരം ചോദ്യങ്ങളുണ്ടാകും. ദീനം കുറഞ്ഞോ, എങ്ങനെ വിവാഹം കഴിക്കും, കുട്ടിയുണ്ടാകുമോ തുടങ്ങി നുറായിരം ചോദ്യങ്ങൾ. ആർക്കും ഒരു ഭാരമാകരുത് എന്ന് എനിക്കും നിർബന്ധമുണ്ടായിരുന്നു. ഒരുപാട് പ്രപ്പോസലുകൾ വന്നു. പലരും സത്യമറിഞ്ഞ് പിന്തിരിഞ്ഞു. പക്ഷേ സുധീഷേട്ടൻ എന്റെ മുൻധാരണകളെ മാറ്റിയെഴുതി.

ആലോചന വരുമ്പോഴേ എന്റെ അവസ്ഥ ഞാൻ തുറന്നുപറഞ്ഞിരുന്നു. ‘എനിക്ക് ഫിറ്റ്സിന്റെ പ്രശ്നമുണ്ട്, അതിനിയും സംഭവിച്ചു കൊണ്ടേയിരിക്കും, ജീവിതത്തിൽ ഏതു നിമിഷവും മരണം  സംഭവിക്കാം, എന്നെ സ്വീകരിച്ചാൽ ഭാരിച്ച ചികിത്സ ചിലവുകൾ മുന്നിലുണ്ടാകും. ഞാനൊരു ബാധ്യതയാകും’ ഇതെല്ലാം എണ്ണിയെണ്ണി പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും അദ്ദേഹം പിൻമാറിയില്ല. അദ്ദേഹത്തിന്റെ അമ്മ കാൻസർ വന്നു മരിച്ചിരുന്നുവത്രേ. അങ്ങനെയുള്ളൊരു അമ്മയുടെ മകന് അതുകേട്ട് പിൻമാറാൻ മനസു വന്നില്ല. മറ്റൊന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹത്തിന് ശേഷം നിനച്ചിരിക്കാതെ എത്തുന്ന രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എത്രയോ പേരുണ്ട്, അതിന്റെ പേരിൽ അവർ പ്രിയപ്പെട്ടവരെ ഉപേക്ഷിക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ആ വിവേകവും മനസുമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പ്രവചനം നടത്തിയവരേയും കുത്തുവാക്കു പറഞ്ഞവരേയും ‘നിരാശരാക്കി’ മിഖിലേഷ് എന്നൊരു സന്തോഷം കൂടി മകനായി ഞങ്ങൾക്കൊപ്പം ഉണ്ട്. അവനിന്ന് ആറാം ക്ലാസിലാണ്.  

lekha-4

മരണം മുന്നിൽ കണ്ട നിമിഷം

മരുന്നുകൾ കൊണ്ട് ഭേദമാകാത്ത വേദനയുടെ പേരിൽ മരണം പലവുരു മുന്നിൽ കണ്ട അനുഭവം എനിക്കുണ്ടായിട്ടുണ്ട്. പൂനെയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് ട്രെയിനിൽ പോകുമ്പോഴാണ് അതു സംഭവിച്ചത്. മൂന്നു ദിവസമായിരുന്നു ആ യാത്ര. യാത്രാമധ്യേ ഭക്ഷണം കഴിച്ച ശേഷം ട്രെയിനിന്റെ വാഷ് ഏരിയയിലേക്ക് പോകുമ്പോഴാണ് അതു സംഭവിച്ചത്. കൈ കഴുകി തിരികെ സീറ്റിലേക്ക് പോകും മുമ്പ് എന്റെ ബോധംനഷ്ടപ്പെട്ടു, ശരീരം ഫിറ്റ്സിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. തിരികെ പോകണമെന്ന് മനസു പറയുന്നുണ്ടെങ്കിലും ശരീരം പിടിവിട്ടു പോയി, സീറ്റിലേക്കെന്നു കരുതി ഞാൻ കാലടിയെടുത്തു വച്ചത് ട്രെയിനിന്റെ വാതിലിനടുത്തേക്കാണ്. ചീറിപ്പായുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു പതിച്ചാൽ എന്തു സംഭവിക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ബോധം നഷ്ടപ്പെട്ട് ഞാൻ വാതിലിലേക്ക് നടന്നു തുടങ്ങുന്നത് സഹയാത്രികരായ ചില പഞ്ചാബികൾ കണ്ടു. അവർ കരുതിയത് ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നാണ്. നിമിഷനേരം കണ്ട് അവർ ഓടിയെത്തി, എന്റെ ഷോളിൽ പിടിച്ചു വലിച്ച് അകത്തേക്കിട്ടു. ബഹളം കേട്ട് അമ്മ വരുമ്പോൾ ആൾക്കൂട്ടം. ഒടുവിൽ അമ്മ പറഞ്ഞ ശേഷമാണ് അവരെല്ലാം കാര്യം മനസിലാക്കുന്നത്. ശരിക്കും ഞാൻ അന്ന് മരിക്കേണ്ടതായിരുന്നു.

ഈരോഗം തന്ന വേദനകൾ പിന്നെയുമുണ്ട്. ആളിക്കത്തുന്ന ഗ്യാസിന്റെ ബർണർ പാത്രമെന്നു കരുതി എടുത്ത് കയ്യിൽ വച്ചതും ഈ രോഗപീഡയുടെ ബാക്കിയാണ്. കയ്യിലിരുന്ന് ബർണർ ഉരുകുമ്പോഴും തീവ്രമായ ഫിറ്റ്സ് എന്നെ ആ വേദന അറിയിച്ചില്ല. ആ പൊള്ളലും പിടച്ചിലും ഞാൻ അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം... എന്റെ ശബ്ദം പോലും ഈ രോഗകാലം മാറ്റിയെടുത്തു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ... ഇങ്ങനെ പറയാനേറെയുണ്ട് കഥകൾ...

കരുണയുടെ കരങ്ങൾ...

അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വേദനകൾ എന്റെ മാത്രം സ്വകാര്യതയായിരുന്നു. പക്ഷേ അതൊന്നും മറ്റൊരാളെ സഹായിക്കാനുള്ള എന്റെ ആഗ്രഹത്തിന് തടസമായിരുന്നില്ല. അധ്യാപനത്തോടൊപ്പം സ്റ്റുഡന്റ് കൗൺസലിംഗും കഴിഞ്ഞ കുറേ നാളുകളായി എന്റെ ജീവിതത്തിന്റെ മേൽവിലാസമായുണ്ട്. കുറേ ജീവിതങ്ങൾ അടുത്തുകണ്ടും അറിഞ്ഞും വന്നപ്പോഴാണ് സഹജീവികളേയും ഹൃദയത്തോടു ചേർത്തു നിർത്തണമെന്ന ആഗ്രഹം ഉള്ളിലുണ്ടാകുന്നത്.

ഒരു ട്രസ്റ്റിന്റേയോ സന്നദ്ധ സംഘടനയുടെയോ പിൻബലമില്ലായിരുന്നു. ഒറ്റയ്ക്കാണ് ഇറങ്ങിത്തിരിച്ചത്. എന്തു ചെയ്യണം എന്ന ചോദ്യത്തിനു മുന്നിൽ എന്റെ ജീവിതം മുന്നില്‍ വഴിവിളക്കായി നിന്നു. കൊല്ലങ്കോടും ഇലവഞ്ചേരിയും കേന്ദ്രീകരിച്ച് പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ലിസ്റ്റ് എടുത്തു. പ്രത്യേകിച്ച് നാഡി സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾ. അവരിൽ ഡൗൺ സിൻഡ്രോം, ഓട്ടിസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ബാധിച്ചവർ ഉണ്ടായിരുന്നു. ഏകദേശം പതിനേഴ് കുടുംബങ്ങളിലെ കുട്ടികൾക്ക് മരുന്നായും ഭക്ഷണമായും ചികിത്സാ സഹായധനമായും ഞാൻ സഹായം നീട്ടി. അക്കൂട്ടത്തിൽ അച്ഛൻ ഉപേക്ഷിച്ച് പോയവർ, അച്ഛനും അമ്മയും മരിച്ച അനാഥർ വരെയുണ്ട്.

lekha-2

ഒരിക്കൽ കൊല്ലങ്കോടു തന്നെയുള്ള ഓട്ടിസം ബാധിച്ചൊരു കുട്ടിയെ കാണാൻ പോയി. ചോർന്നൊലിക്കുന്ന വീട്, പട്ടിണിയും ദുരിതവും മാത്രം കൈമുതൽ. പോകാൻ നേരം ആ കുട്ടിയുടെ അനിയത്തി എന്നെ കൂടി കൊണ്ടു പോകുമോ എന്ന് എന്നോട് ചോദിച്ചു. ആ ചോദ്യത്തിനു പിന്നിലുള്ള വേദനയറിഞ്ഞപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു പോയി. ജീവിതം കണ്ണീരിലായപ്പോൾ മരിച്ചു കളഞ്ഞാലോ എന്ന് ആ കുഞ്ഞിന്റെ അമ്മ പറഞ്ഞുവത്രേ. മരിക്കാൻ പേടിയായതു കൊണ്ടാണ് എന്നെ കൂടി കൊണ്ടുപോകുമോ എന്ന് ആ കുഞ്ഞ് എന്നോട് ചോദിച്ചത്.

നിശ്ചിത ഇടവേളകളിൽ അമൃത ആശുപത്രിയിൽ എത്തിയാണ് ഞാൻ ചെക്കപ്പ് എടുക്കുന്നത്. ഓരോ തവണ പോകുമ്പോഴും യാത്രാക്കൂലി ഉൾപ്പെടെ 10,000 രൂപ വരെ ചെലവു വരും. ആ ചെലവു വെട്ടിച്ചുരുക്കി... ഞാനിപ്പോൾ ആറു മാസം കൂടുമ്പോഴാണ് ഞാനിപ്പോൾ ചെക്കപ്പിനു പോകുന്നത് ആ കാശും ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കായി നീക്കിവയ്ക്കുന്നുണ്ട്.

ഇക്കഴിഞ്ഞ പതിമൂന്ന് വർഷം ഞാൻ ആരുടേയും സഹായം ഇല്ലാതെ തന്നെയാണ് ഇതെല്ലാം കുട്ടികളുടെ ചെയ്ത് കൊണ്ടിരുന്നത്. അത് പലരും അറിഞ്ഞിട്ടു കൂടിയുണ്ടായിരുന്നിലല. ഒരിക്കൽ രോഗം മൂർച്ഛിച്ച് കോമയിൽ ആകുന്ന അവസരമുണ്ടായി, അപ്പോഴാണ് ഞാൻ ചെയ്തുകൊണ്ടിരുന്ന നന്മകളെല്ലാം എന്റെ സുഹൃത്തുക്കൾ പോലും അറിയുന്നത്. ഒത്തിരി സമ്പാദിച്ചിട്ടോ ഒരുപാടു നീക്കിയിരിപ്പ് ഉള്ളതുകൊണ്ടോ അല്ല, ഇതൊന്നും ചെയ്യുന്നത്. അധ്യാപനത്തിൽ നിന്നും മെഡിക്കൽ കൗൺസലിങ്ങിൽ നിന്നും മിച്ചംപിടിച്ച സമ്പാദ്യം അതാണ് ഈ നന്മയ്ക്കെല്ലാമുള്ള മൂലധനം. ജീവനുള്ള കാലത്തോളം അതുതുടരുക തന്നെ ചെയ്യും. ഈ നന്മ എന്നിൽ മാത്രം ചുരുങ്ങരുത് എന്നൊരു ആഗ്രഹം കൂടിയുണ്ട്. മുന്നിൽ സങ്കടങ്ങളുടെ ഒരു പെരുമഴക്കാലം തന്നെയുണ്ട്. എനിക്കൊപ്പമോ എനിക്കു ശേഷമോ ഈ നന്മയിൽ കൈകോർക്കാൻ ആരെങ്കിലും ഉണ്ടാകണേ എന്ന പ്രാർഥന മാത്രം ബാക്കി...– ലേഖ പറഞ്ഞു നിർത്തി.