Saturday 06 April 2024 12:44 PM IST

‘നിന്റെ മോളുടെ ആഗ്രഹത്തിനൊപ്പം തുള്ളാൻ നിക്കണ്ട’: എന്തിനാണ് അവർ അനാവശ്യ ചോദ്യം ചോദിക്കുന്നത്: സ്വപ്ന ചിറകേറി രജിത

Shyama

Sub Editor

rajitha-14

 രുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് രജിതയെപ്പറ്റി ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുക. കൂട്ടുകാർക്കെല്ലാം അവൾ ‘കുട്ടു’വാണ്. അവർക്കെല്ലാവർക്കും വാത്സല്യത്തോടെ ഓമനിക്കാൻ വഴിയമ്പലത്തിൽ നിന്നു മനസ്സുകളിലേക്കു ചേക്കേറിയ സ്വന്തം കുട്ടു.

കുട്ടുവിന്റെ സ്നേഹം ചെറുതായൊന്നു പകുത്തെടുക്കാൻ ക്യാംപസിലേക്ക് ഒപ്പം കൂട്ടിയ ‘അമ്മു’വുമുണ്ട്. വഴിയരികിൽ നിന്ന് കുട്ടുവിനു കിട്ടിയ നായ്ക്കുട്ടി. ഫോട്ടോയെടുക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഉത്തരവാദിത്തത്തോടെ അമ്മുവും ഒപ്പം ചേർന്നു. അമ്മയുടെ മരണവും അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും ദാരിദ്ര്യവും ഒക്കെ വെല്ലുവിളികളായി മുന്നിൽ വന്ന് അട്ടഹസിച്ചപ്പോഴും രജിത തളർന്നില്ല. ക്രിക്കറ്ററാകണം എന്ന ആഗ്രഹമാണ് രജിതയെ മുന്നോട്ടു നടത്തിയത്. സംസ്ഥാനത്തിനു വേണ്ടി ഇന്ന് രജിത കളിക്കുന്നുണ്ട്. ഒപ്പം കോളജ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.

സ്പോർട്സിനോടുള്ള ഇഷ്ടം

‘‘തിരുവനന്തപുരം ചെങ്കിക്കുന്ന്, കിളിമാനൂരാണ് നാട്. അച്ഛ ൻ കായികരംഗത്തോട് ഇഷ്ടമുള്ള ആളായിരുന്നു. റഗ്ബി, അ ത്‌ലറ്റിക്സ് തുടങ്ങിയവയിലൊക്കെ പങ്കെടുത്തിരുന്നു. അമ്മയ്ക്ക് നീന്തലിൽ താൽപര്യമുണ്ടായിരുന്നു. ചേട്ടൻ  റിജു ലാലും സ്പോർട്സ് ഇഷ്‌ടമുള്ളയാളാണ്. അച്ഛൻ ലാലു കർണാടക സ്വദേശിയാണ്. അമ്മ റീന മലയാളിയും. ചേട്ടൻ തിരുവനന്തപുരത്ത് അച്ഛനൊപ്പമാണ്. ചെമ്പഴന്തി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി. അമ്മയുടെ മരണശേഷം അച്ഛൻ വീണ്ടും കല്യാണം കഴിച്ചു. 

ക്രിക്കറ്റെന്ന സ്വപ്നത്തിനു വേണ്ടിയാണ് ഞാൻ പെരുമ്പാവൂർ മാർത്തോമ്മാ കോളജിലെത്തി നിൽക്കുന്നത്. കോളജ് അധികൃതരാണു ദൈനംദിന കാര്യങ്ങളൊക്കെ നോക്കുന്നത്. സഹായിക്കാൻ നിർഭയ എന്നൊരു ചാരിറ്റി യൂണിറ്റുമുണ്ട്. നാലാം ക്ലാസ് വരെ കിളിമാനൂർ എൽപി സ്കൂളിലാണു പഠി ച്ചത്. പിന്നെ, പ്ലസ്ടു വരെ ഗവ. എച്ച്എസ്എസ് കിളിമാനൂർ സ്കൂളിൽ. അതിനുശേഷം വഴുതക്കാട് വിമൻസ് കോളജിൽ രണ്ടു വർഷം ബിഎ ഹിസ്റ്ററി പഠിച്ചു. പിന്നീട് യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാൻ വന്നപ്പോൾ എംജി സർവകലാശാലയാകും ക്രിക്കറ്റിന് അനുയോജ്യമെന്നു തോന്നി. അഡ്മിഷന് അപേക്ഷിച്ചു. ജൂലൈയിൽ ക്ലാസും തുടങ്ങി.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മയുടെ മരണം. പ്ലസ് ടു വരെ അച്ഛനൊപ്പമാണ് നിന്നത്. അച്ഛൻ ടിപ്പർ ഡ്രൈവറാണ്. സ്വന്തമായി വീടില്ല. വാടകയ്ക്കാണു താമസം. അച്ഛന്റെ വരുമാനം കൊണ്ട് മാത്രം എല്ലാ കാര്യങ്ങളും നടന്നു പോകില്ല. എനിക്കു വഴുതക്കാട് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോഴും കോളജിൽ പോയി വരാൻ ഒരു ദിവസം 150 രൂപയോളം വേണ്ടി വന്നു. വീട്ടിൽ പോയി വരുന്നതിന്റെ ചെലവൊഴിവാക്കാൻ  ഇടയ്ക്ക് കോളജിൽ കിടന്നുറങ്ങി. കോവിഡ് കാലത്ത് അവിടെ വാക്സിനേഷൻ ക്യാംപ് നടന്നിരുന്നു. ആ സമയത്ത് വന്ന കാമിൽ എന്നൊരു ചേച്ചിയുണ്ടായിരുന്നു. സൈക്കോളജിസ്റ്റാണ്. പറയാതെ തന്നെ എന്റെ കാര്യങ്ങൾ മനസ്സിലാക്കി. അവർ താമസിച്ച പാപ്പനങ്കോടുള്ള വാടകവീട്ടിലേക്ക് എന്നെയും കൂട്ടി. രണ്ടു വർഷത്തോളം ചേച്ചിയുടെ വീട്ടിലാണ് നിന്നത്. അ മ്മയെ തിരിച്ചു കിട്ടിയ പോലെ തോന്നിയ സമയം...

അപ്രതീക്ഷിതമായി ചേച്ചിക്ക് ചെന്നൈയിലേക്ക് തിരികെ പോകേണ്ടി വന്നു. അത്രയും നാൾ ഒപ്പമുണ്ടായിരുന്നൊരാൾ പെട്ടെന്ന് പോയപ്പോൾ എന്തു ചെയ്യണം എന്നറിയാതെയായി. ഒറ്റയ്ക്കായി. അതുകൂടി അതിജീവിക്കാനാണ് എംജി സർവകലാശാലയിലേക്കു മാറുന്നത്. മാർച്ച് മൂന്നിന് പെരുമ്പാവൂരെത്തി. അമ്പലത്തറയിലായിരുന്നു കിടപ്പ്, അവിടുത്തെ നേദ്യച്ചോറു മാത്രമാണു ഭക്ഷണം. കുറച്ചു നാൾ കഴിഞ്ഞാണു കൂട്ടുകാരിയോട് ഇക്കാര്യം പറയുന്നത്. അവള്‍ വഴി കായികാധ്യാപകനായ വിനീത് സാറ് അറിഞ്ഞു. സാറാണ് പിന്നീട് സഹായിച്ചത്. കോളജിനടുത്തുള്ള കുട്ടികൾ താമസിക്കുന്ന അപ്പാർട്മെന്റിൽ താമസം ഏർപ്പാടാക്കി. ഭക്ഷണ ചെലവും തന്നു. പിന്നീട് കോളജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ചെയർപേഴ്സണായതോടെയാണ് ജീവിതകഥ പുറംലോകമറിയുന്നത്. 

ഗതികേടാണ് കരുത്തായി മാറിയത്

ക്രിക്കറ്റ് അത്രയും ഇഷ്ടമാണ്. ക്രിക്കറ്റ് കളിച്ചു മുന്നേറണം എന്നാണ് ആഗ്രഹം. പക്ഷേ, പണച്ചെലവ് ഏറെയുള്ള ഗെയിം ആണ് ക്രിക്കറ്റ്. പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. സ്വന്തമായി ബാറ്റ് വാങ്ങാൻ പറ്റിയിട്ടില്ല, കിറ്റില്ല.

ക്രിക്കറ്റിനൊപ്പം ഇഷ്ടമുള്ള കാര്യം ബോഡി ബിൽഡിങ്ങാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു മത്സരത്തിനിറങ്ങി. നാലാം സ്ഥാനത്തെത്തി. ഈ വർഷവും മത്സരിക്കണമെന്നുണ്ട്. കോളജിൽ നിന്ന് എല്ലാ പിന്തുണയുമുണ്ട്.
തിരുവനന്തപുരത്ത് താമസിച്ചപ്പോൾ കോളജിലെ സ്പോർട്സ് കിറ്റും മറ്റും വയ്ക്കുന്ന ബെഞ്ചും ഡെസ്കും ഒക്കെയുണ്ട്, അതിലാണു കിടന്നുറങ്ങിയത്. ചില ദിവസം ഭക്ഷണം കഴിക്കില്ല. ചില ദിവസം സുഹൃത്തുക്കൾ ആരെങ്കിലും കൊണ്ടുവരും. അതു കഴിക്കും. ഇങ്ങനെ ശീലമുള്ളതുകൊണ്ട് ഇവിടെ വന്നാലും സാഹചര്യത്തിന് അനുസരിച്ചു മുന്നോട്ടു പോകാമെന്ന് ഉറപ്പുണ്ടായിരുന്നു. താമസിക്കാൻ സ്ഥലമുണ്ടാകില്ലെന്നു മനസ്സിൽ കണക്കു കൂട്ടി സ്വയം പാകപ്പെടുത്തിയാണ് ഇങ്ങോട്ടു വന്നത്. 

വണ്ടി കയറുമ്പോ ആകെ എട്ടോ പത്തോ രൂപയേ കയ്യിലുള്ളൂ. അമ്പലത്തിൽ കിടക്കുന്നത് സേഫ് ആണോ എന്നുചോദിച്ചാൽ എനിക്കറിയില്ല, അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ പോലും നിന്നിട്ടില്ല, വേറെ വഴിയുമുണ്ടായിരുന്നില്ല. പകൽ സമയത്ത് അവിടെ നിൽക്കില്ല, രാത്രിയാകുമ്പോൾ പോയി കിടക്കും.

സമൂഹത്തെ പേടിച്ചാണോ മുടി വെട്ടിയത് എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്.  പണ്ടു തൊട്ടേ എനിക്കിതാണ് ഇഷ്ടം. ഞാനെന്ന വ്യക്തിയുടെ യാഥാർഥ്യം ഇതാണ്. നാട്ടുമ്പുറത്തായിരുന്നതു കൊണ്ടു നാട്ടുകാരുടെ നാക്കു പേടിച്ചു കുറച്ചു നാൾ മുടി വളർത്തി നടന്നിട്ടുണ്ട്. പത്താം ക്ലാസ് അവസാനമായപ്പോൾ ബോയ് കട്ട് ചെയ്തു.

ആൺകുട്ടികൾക്ക് ക്രിക്കറ്റും കബഡിയും ഒക്കെ കളിക്കാം. പക്ഷേ, നാട്ടിൻപുറത്തായിരുന്നതു കൊണ്ട് ഒരു പെൺകുട്ടിയെന്നു പറയുമ്പോൾ കഞ്ഞിയും കറിയും വച്ചു വീട്ടിലിരിക്കണം, കല്യാണം കഴിക്കണം. കുഞ്ഞിനെ നോക്കണം, കുടുംബം നോക്കണം – ഇതാണ് ആളുകളുടെ മനോഭാവം. ഞാൻ ആ പാറ്റേണിലേക്ക് പോകാത്തതു കൊണ്ട് അച്ഛനോടു പറയും. ‘ഇവളെന്താ ഇങ്ങനെ?’ ‘നീ നിന്റെ മോൾക്കൊപ്പം തുള്ളാൻ നിൽക്കണ്ടാ’ എന്നൊക്കെ. അപ്പോഴും പറ്റുന്ന രീതിയിൽ അച്ഛൻ എന്നെ പിന്തുണച്ചിട്ടുണ്ട്.

എന്നാലും പണം വില്ലനായി. പുറത്ത് പോയി കളിക്കണമെങ്കിൽ മാച്ച് ഫീ തന്നെ 200–250 ഒക്കെ വരും. അതു പോലും കയ്യിലുണ്ടാകില്ല.  കിട്ടുന്ന ബസ് കാശിൽ നിന്നൊക്കെ സ്വരുക്കൂട്ടിയാണ് മാച്ചിനുള്ള പണം കണ്ടെത്തിയത്. അങ്ങനെ പോയിട്ടും കളിക്കാനിറക്കാതെ പുറത്തു വെള്ളം കൊടുക്കാൻ നിൽക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്.  
മനസ്സു മടുത്തു തുടങ്ങിയ സമയത്താണ്  ബിജു ജോർജ് (കിക്കറ്റർ സഞ്ജു  സാംസന്റെ കോച്ച്) സാറിനെ കാണുന്നത്.  ഇന്ത്യൻ വിമൻസ് ടീമിന്റെ കോച്ചും കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിനു കീഴിൽ പരിശീലനം നടത്തി. ആ സമയത്താണ് ഇന്റർ–കോളേജിയേറ്റും യൂണിവേഴ്സിറ്റി തലത്തിലും ഓൾ ഇന്ത്യയും കളിക്കുന്നത്. സാറിനെ കണ്ടില്ലായിരുന്നില്ലെങ്കിൽ ഞാൻ ഇന്ന് ഈ കോളജിൽ വരില്ലായിരുന്നു, ക്രിക്കറ്റിൽ നിൽക്കില്ലായിരുന്നു.

rajitha-

ക്രിക്കറ്റിൽ ഞാൻ ഓൾറൗണ്ടറാണ്. ഇതുവരെ ഇന്റർ–കോളേജിയേറ്റും യൂണിവേഴ്സിറ്റി തലത്തിലും ഓൾ ഇന്ത്യയും കളിച്ചതിനു പുറമേ ബേസ് ബോൾ സ്റ്റേറ്റ് തലം കളിച്ചു. കബഡി സ്റ്റേറ്റ് കളിച്ചു. ജാവലിൻ ത്രോയും സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാൻ പ്രചോദിപ്പിക്കുന്നത് മിന്നുമണിയാണ്. ചേച്ചിയും കഷ്ടപ്പെട്ടു സ്വന്തം കഴിവുകൊണ്ട് ഉയർന്നു വന്നൊരാളാണ്.

ജെൻഡർ ചോദ്യം ചെയ്യപ്പെടുന്നു

എന്തിനാണ് ആളുകൾ അനാവശ്യ ചോദ്യം ചോദിക്കുന്നത്? ഞാൻ ഇങ്ങനെ നടക്കുന്നത് മറ്റൊരാളെ കാണിക്കാൻ വേണ്ടിയോ ഇഷ്ടപ്പെടുത്താൻ വേണ്ടിയോ ഒന്നുമല്ല. ഇത് എന്റെ ഇഷ്ടമാണ്. ഒറ്റ ജീവിതമല്ലേയുള്ളൂ അതു നമുക്കിഷ്ടമുള്ള പോലെയല്ലേ ജീവിക്കേണ്ടത്. ആണും പെണ്ണും കെട്ട് നടക്കുന്നു എന്നാണ് ചില മുതിർന്നവർ വന്ന് പറയുന്നത്. അവർക്ക് എന്റെ അമ്മയോടും അച്ഛനോടും കാണിക്കുന്ന മാന്യത കൊടുക്കാറുണ്ട്. തിരിച്ച് ഈ മുതിർന്നവരും ഞാനൊരു വ്യക്തിയാണെന്ന  മാന്യതയും ബഹുമാനവും എനിക്കും തരേണ്ടതല്ലേ. പിന്നെ, പഴയ ആൾക്കാരെ തിരുത്തുക പലപ്പോഴും നടക്കുന്ന കാര്യമല്ല, വിട്ടു കളയും.

ഹേറ്റ് കമന്റുകൾ കാര്യമാക്കാറില്ല. കോളജിൽ നിന്നു നല്ല പിന്തുണയാണ്. സുഹൃത്തുക്കളാണ് എന്നും എന്തിനും ഒപ്പം. ആര്യ എന്നൊരു സുഹൃത്തുണ്ട്– ഏഴ് വർഷത്തോളമായ സൗഹൃദമാണ്. ക്രിക്കറ്റ് കളിച്ചുള്ള പരിചയം. അമ്പലത്തിണ്ണയിൽ കിടക്കുന്ന കാര്യം പറഞ്ഞതു തൊട്ട് അവൾ എന്നെ ചേർത്തു നിർത്തിയിട്ടേയുള്ളൂ. അവൾ താമസിക്കുന്ന കോളജ് ഹോസ്റ്റലിൽ എന്നെയും കയറ്റി. കഴിക്കുന്നതിന്റെ ഒരു പങ്ക് തരും. ചിലപ്പോൾ അവിടെ കിടക്കാൻ പറയും. സഹായിച്ചവർക്കെതിരെയും പരാതി വന്നു– രാത്രിയാകുമ്പോൾ ഒരു പയ്യനെ വിളിച്ച് കയറ്റുന്നു എന്നൊക്കെയായിരുന്നു ആരോപണം. അതു ചിരിച്ചു കളഞ്ഞെങ്കിലും അവർക്കു ബുദ്ധിമുട്ട് വരേണ്ട എന്നോർത്താണു തിരിച്ച് അമ്പലത്തിണ്ണയിലേക്കു മടങ്ങിയത്. 

ഇപ്പോൾ പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ബിഎ ഹിസ്റ്ററി ആദ്യവർഷം പഠിക്കുന്നു. കോളജിൽ പാർട്ടിയൊന്നുമില്ല. കോളേജ് യൂണിയനു കീഴിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് മത്സരിച്ചത്. സ്വന്തമായൊരു വീടെന്നതടക്കം സ്വപ്നങ്ങളിനിയും ഏറെയുണ്ട്, നടക്കട്ടേ...

ശ്യാമ
ചിത്രം: സുനിൽ ആലുവ