ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല, ക്യാമറയ്ക്കും നോട്ട്പാഡിനും പകരക്കാരനാണു പുതിയ കാലത്തു മൊബൈൽ ഫോ ൺ. ഡിജിറ്റൽ പേെമന്റ് ആപ്പുകൾ ഉള്ളതു കൊണ്ട് പഴ്സിനു പകരവും മൊൈബൽ മതി. ഇതാ ഇനി കറൻസിയും നേരിട്ടു മൊബൈലിലെത്തും. കറൻസിയുടെ ഡിജിറ്റൽ അവതാരമായ ഇ റുപ്പി യാണ് ഇനി മൊബൈലിലെ വാലറ്റ് ഭരിക്കുക. ഡിജിറ്റൽ കറൻസിയായ ഇ റുപ്പിയെക്കുറിച്ചു കൂടുതൽ അറിയാം.
എന്താണ് ഇ റുപ്പി?
റിസർവ് ബാങ്കാണല്ലോ കറൻസി നോട്ട് അച്ചടിച്ചു പുറത്തിറക്കുന്നത്. ഇതു പോലെ തന്നെയാണു ഡിജിറ്റൽ കറൻസിയും. റിസർവ് ബാങ്ക് പുറത്തിറക്കുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ് (സിബിഡിസി) ഇ റുപ്പി. നമ്മുടെ കറൻസി നോട്ടിന്റെ ഡിജിറ്റൽ രൂപം. പഴ്സിനു പകരം മൊബൈലിലെ വാലറ്റിലാണ് ഇവ സൂക്ഷിക്കുന്നതെന്ന വ്യത്യാസം മാത്രം. കറൻസിയുടെ അച്ചടി കുറയ്ക്കുന്നതിലൂടെ ചെലവു കുറയുമെന്ന പ്രത്യേകതയുണ്ട്.
2022 ലാണ് സിബിഡിസി – ആർ പൈലറ്റ് പദ്ധതി തുടങ്ങിയത്. ഇതനുസരിച്ചു വ്യക്തികൾ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും പണമിടപാടു നടത്താനാകും. നിലവിൽ പദ്ധതിയിലുൾപ്പെട്ട ബാങ്കുകളുടെ ഉപയോക്താക്കൾക്ക് അതതു ബാങ്കിന്റെ ഡിജിറ്റൽ റുപ്പി ആപ്പിലൂടെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈൽ നമ്പറോ ക്യുആർ കോഡോ ഉപയോഗിച്ചു പണമിടപാടു നടത്താം.
റിസർവ് ബാങ്ക് നേരിട്ടാണ് ഇ റുപ്പി സംവിധാനം നിയന്ത്രിക്കുന്നത്. ഇതു കൊണ്ടു തന്നെ നൂറുശതമാനം വിശ്വാസ്യത എന്ന മേന്മയുണ്ട് ഇ റുപ്പിക്ക്. 50 പൈസയുടെ നാണയം മുതൽ റിസർവ് ബാങ്ക് ഇറക്കിയ എല്ലാ കറൻസിയും ബാങ്കുകളുടെ ഇ വാലറ്റിൽ ലഭിക്കും.
യുപിെഎ, എൻഇഎഫ്ടി, ആർടിജിഎസ്, െഎഎംപിഎസ് തുടങ്ങിയവയെല്ലാം ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളാണ്. ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്കുള്ള പണമിടപാട് എന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഇ റുപ്പി ഡിജിറ്റൽ രൂപത്തിലുള്ള ലീഗൽ ടെൻഡറാണ്.
ബാങ്കിന്റെ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും ടോക്ക ൺ സർവീസ് പ്രൊവൈഡർ എന്ന രീതിയിലാണു ബാങ്ക് നിലകൊള്ളുക. പണമിടപാടുകളിൽ ബാങ്ക് ഇടപെടുന്നില്ല. നമ്മൾ സുഹൃത്തിന് ആയിരം രൂപ കൊടുക്കുമ്പോൾ ഇടയ്ക്ക് മധ്യസ്ഥരായി ആരുമുണ്ടാകില്ലെന്നർഥം. അവിടെ വേറൊരാൾ സർവീസ് ചാർജ് എടുക്കുന്നില്ല. നിലവിലുള്ള സംവിധാനങ്ങളനുസരിച്ചു പ്രത്യേക ചാർജുകളില്ല. അതുകൊണ്ടു തന്നെ ഒളിഞ്ഞിരിക്കുന്ന ചാർജുകളെ പേടിക്കേണ്ട.
ഇന്റർനെറ്റ് കണക്‌ഷനില്ലെങ്കിലും ഓഫ്‌ലൈനായി ഇ റുപ്പി വാലറ്റിലൂടെ പണമിടപാട് നടത്താനുമുള്ള സംവിധാനമൊരുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. യുപിെഎ പോലെയുള്ള ആപ്പുകളിലൂടെ ഡിജിറ്റൽ പണമിടപാടുകൾ നടത്തണമെങ്കിൽ ഇന്റർനെറ്റ് കണക്‌ഷൻ വേണം.
ഈ ഡിജിറ്റൽ യുഗത്തിലും നമ്മുടെ രാജ്യത്തെ ജനസംഖ്യയിലേറെയും ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്തവരാണ്. അവരെക്കൂടി ഉൾപ്പെടുത്തുന്ന പദ്ധതി എന്ന നിലയിലാണ് ഈ സംവിധാനം ആവിഷ്കരിക്കുക. ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും ഓഫ്‌ലൈൻ മാർഗങ്ങളിലൂടെ പണമിടപാടു നടത്താനുള്ള സൗകര്യമൊരുക്കും.
ബിറ്റ് കോയ്ൻ പോലെയുള്ള ക്രിപ്റ്റോ കറൻസി രാജ്യത്തെ ഔദ്യോഗിക സാമ്പത്തിക സംവിധാനത്തിൽ അംഗീകൃതമല്ല. എന്നാൽ ഇ റുപ്പി രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിൽ അംഗീകാരമുള്ളതാണ്. ഇ റുപ്പി വാലറ്റിൽ കറൻസി നോട്ടിന്റെ ഡിജിറ്റൽ രൂപം കാണാനാകും. ഒരാൾക്ക് അഞ്ഞൂറു രൂപ നൽകുമ്പോൾ അവരുടെ മൊബൈലി ൽ അഞ്ഞൂറിന്റെ ഡിജിറ്റൽ കറൻസി കാണാം. സുരക്ഷിതമെന്നു േബാധ്യപ്പെട്ടു പണമിടപാടു നടത്താം.
എങ്ങനെ പ്രയോജനപ്പെടുത്താം?
പണമയയ്ക്കുന്ന വ്യക്തിയുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും മൊബൈലിൽ ഇ റുപ്പി ആപ്പ് വേണം. അ ക്കൗണ്ട് ഉള്ള ബാങ്കുകളുടെ ഇ റുപ്പി ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുക. തുടർന്നു മൊബൈൽ നമ്പർ രേഖപ്പെടുത്തണം. ഇതു കഴിഞ്ഞ് അക്കൗണ്ടുമായോ കാർഡുമായോ ലിങ്ക് ചെയ്യാം. തുടർന്ന് യുപിെഎ ആപ്പ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നു പണം ഡിജിറ്റൽ റുപ്പി ആപ്പിലെ വാലറ്റിലേക്കു മാറ്റിയിടാം. ആവശ്യം വരുമ്പോൾ മൊബൈൽ നമ്പറോ ക്യുആർ കോഡോ വഴി പണമിടപാടു നടത്താം.
പണം വാലറ്റിലേക്കു മാറ്റിയിടുമ്പോൾ ഇഷ്ടമുള്ള ഡിനോമിനേഷൻ തിരഞ്ഞെടുക്കാം. നൂറു രൂപയുടെ നോട്ട് അഞ്ചു തവണ സ്വൈപ് ചെയ്ത് വാലറ്റിലേക്ക് ആഡ് ചെയ്യുമ്പോൾ അഞ്ഞൂറു രൂപയാകും. ഇതിനു പകരം അഞ്ഞൂറിന്റെ നോട്ട് സ്വൈപ് ചെയ്തു നീക്കിയിടുകയും ചെയ്യാം.
25 രൂപ വിലയുള്ള സാധനം വാങ്ങുമ്പോൾ 100 രൂപയുടെ കറൻസി നൽകിയാൽ ബാക്കി 75 രൂപ തിരിച്ചു നമ്മുടെ വാലറ്റിലേക്കു വരും. കറൻസി േനാട്ട് കൈമാറുന്നതിനു രേഖയുണ്ടാകില്ലല്ലോ. അതു പോലെ ചെറിയ തുകയിലെ ഇടപാടുകൾക്കു രേഖയുണ്ടാകില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഈ ചെറിയ തുക എത്രയെന്നതു വ്യക്തമാക്കിയിട്ടില്ലെന്നതാണു പോരായ്മ.
ഇടപാടുകൾ രണ്ടുതരം
രണ്ടു തരത്തിലാണ് ഇ റുപ്പി വാലറ്റ് പ്രയോജനപ്പെടുത്താനാകുക. ഒന്നാമത്തേതു സാധാരണക്കാർക്കു വേണ്ടിയുള്ള കറൻസിയായ സിബിഡിസി ആർ. വ്യക്തികൾ തമ്മിലും വൃക്തികളും വ്യാപാരികളും തമ്മിലും പണമിടപാട് നടത്തുന്നതാണു സിബിഡിസി– റീട്ടെയ്‌ൽ. രണ്ടാമത്തേതു സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുള്ളതാണ്. സിബിഡിസി – ഡബ്ല്യു. വ്യത്യസ്ത രാജ്യങ്ങളിലിരുന്നുള്ള ഇടപാടുകൾക്കും ഇതു പ്രയോജനപ്പെടുത്താം.
നമ്മുടെ പഴ്സിലിരിക്കുന്ന പണത്തിനു പലിശ കിട്ടില്ലല്ലോ. അതുപോലെ ഇ റുപ്പി വാലറ്റിൽ പണം ഇടുമ്പോഴും പലിശ കിട്ടില്ല. അതുകൊണ്ട് ഒരുപാടു തുക സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.
വിവരങ്ങൾക്കു കടപ്പാട്:
ബാബു കെ.എ
ബാങ്കിങ്, ധനകാര്യ വിദഗ്ധൻ,
മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്,
ഫെഡറൽ ബാങ്ക്, എറണാകുളം