ആത്മസംഗീതത്തിന്റെ മാധുര്യം നിറഞ്ഞ അജ്മീർ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ സന്നിധിയിലേക്കുള്ള യാത്രാനുഭവം എഴുതുന്നു
നോവലിസ്റ്റും കഥാകൃത്തുമായ അൻവർ അബ്ദുള്ള
ആത്മസംഗീതത്തിന്റെ മാധുര്യം നിറഞ്ഞ അജ്മീർ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ സന്നിധിയിലേക്കുള്ള യാത്രാനുഭവം എഴുതുന്നു നോവലിസ്റ്റും കഥാകൃത്തുമായ അൻവർ അബ്ദുള്ള
അജ്മീര്‍ മേരി മന്‍സില്‍.... ബഗ്ദാദ് ഹേ ടിക്കാനാ.... അജ്മീര്‍ മേരി മന്‍സില്‍.... സാബിരികളുടെ ഖവാലിനാദം ദിഗന്തങ്ങളെ ഭേദിച്ച്, വ്യോമമണ്ഡലം ഭേദിച്ച്, അനന്തതയിലേക്കു തുളച്ചു പായുകയാണ്. മനസ്സിലാണ്. മനസ്സിലെ ശബ്ദത്തിന് അതിരുകളില്ല. തീവണ്ടി പായുകയാണ്. ചുട്ടുപൊള്ളുന്ന പകലിലൂടെ, ഡല്‍ഹിയുടെ രാജകീയചരിത്രത്തിന്റെ പ്രാന്തങ്ങളിലൂടെ രാജസ്ഥാനിലെ മണല്‍ക്കാടുകളുടെ കൂടുതല്‍ പൊള്ളുന്ന പ്രകമ്പനത്തിലേക്കു വെളിച്ചത്തിന്റെ തുരങ്കത്തെ തുളച്ചുകൊണ്ടതു പായുകയാണ്.
ഈ വഴിയിലൂടെയാകണം, ബ്രിട്ടീഷുകാര്‍ക്കും മുഗളന്മാര്‍ക്കും മുന്‍പ്, പന്ത്രണ്ടാം നൂറ്റാണ്ടില്‍, ഗരീബ് നവാസ് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി തന്റെ ടിക്കാനയെന്നു സ്വപ്നദര്‍ശനത്തില്‍ ഒളിയിറങ്ങിക്കിട്ടിയ അജ്മീര്‍ ലക്ഷ്യമാക്കി വലിഞ്ഞുനടന്നിട്ടുണ്ടാകുക. ഇതേ വഴിയാകണം, തന്റെ പ്രിയശിഷ്യന്‍ ബക്ത്യാറുടെ മേല്‍ ആരോപിക്കപ്പെട്ട വ്യാജപരാതി പരിഹരിക്കാന്‍ അദ്ദേഹം ഒരിക്കല്‍ അലഞ്ഞണഞ്ഞിട്ടുണ്ടാകുക. സുല്‍ത്താനും തീര്‍പ്പുകൽപ്പിക്കാന്‍ കഴിയാതെപോയ, പിതൃത്വത്തിന്റെയും വിവാഹനിഷേധത്തിന്റെയും കേസില്‍, ബക്ത്യാര്‍ക്കെതിരെ ഖാസിയാറും തറപ്പിച്ചുനിന്നപ്പോള്‍, രണ്ടുമാസം പ്രായമായ കുഞ്ഞിനെക്കൊണ്ടുതന്നെ പിതാവിന്റെ പേരു വിളിച്ചുപറയിച്ച കറാമത്തു കാട്ടി മടങ്ങുമ്പോള്‍ ചിശ്തി അജ്മീരി, അദ്ഭുതം കണ്ടുമഞ്ഞളിഞ്ഞ കണ്ണുകളുമായി തന്നെപ്പൊതിഞ്ഞുനിന്ന ആള്‍ക്കൂട്ടത്തോടു പറഞ്ഞു: ഇനി നമുക്ക് അജ്മീറിൽ വച്ചോ ആഖിറത്തിൽ വച്ചോ കാണാം.
ഡല്‍ഹിയിലേക്ക് ഇനിയൊരു വരവില്ലെന്നു ഭംഗ്യന്തരേണ സൂചിപ്പിക്കുകയായിരുന്നു സുല്‍ത്താനെയും പ്രജകളെയും സൂഫിവര്യന്‍. അങ്ങനെ, അവസാനവട്ടം ഡല്‍ഹിയിൽ നിന്ന് അജ്മീറിലേക്ക് വീണ്ടുമാ പരിവ്രാജകന്‍ നടന്നുപോയ പഥം തന്നെയാകാമിത്. അതിലേ തീവണ്ടി പറക്കുന്നു. സൂര്യപ്രകാശത്തിന്റെ പ്രചണ്ഡതയില്‍ ചുട്ടെരിയുന്ന ഇരുമ്പുരാക്ഷസന്‍. തീവണ്ടി, അജ്മീറിന്റെ പരിസരങ്ങളിലേക്കു പ്രവേശിച്ചു.
മനസ്സില്‍ മുഴങ്ങിക്കേട്ടിരുന്ന ഊഷ്മള പ്രാർഥന പോലെയുള്ള ഖവാലി ഇപ്പോള്‍, യാഥാർഥ്യമായിരിക്കുന്നു. തീവണ്ടിയാകുന്ന തുരങ്കത്തിന്റെ ഏതോ അകലങ്ങളില്‍ മെല്ലെ മുഴങ്ങിത്തുടങ്ങിയ ആ ശബ്ദങ്ങള്‍ അതിവേഗം അടുത്തടുത്തുവന്നു. ഞാനിരുന്ന കൂപ്പെയിലേക്കു ഗായകര്‍ പ്രവേശിച്ചു. അവരുടെ ശബ്ദങ്ങള്‍ സാബിരികളെ അനുകരിച്ചു: ‘ഭര്‍ ഥോ ഝോളീ മേരീ യാ മുഹമ്മദ്....’ ഒരു ഗായകസംഘം പാടിയും പിരിവെടുത്തും കടന്നുപോയപ്പോള്‍ അടുത്തതു നദിയുടെ മറ്റൊരു ആന്തരപ്പുളകം പോലെ ഒഴുകിവരുന്നു. ‘അന്ധേരേ മേം ദില്‍ കാ ഷരാരേ മൊഹബ്ബത്ത്, യെ കിസ്‌നേ ബനായാ സവേരേ സവേരേ....’
ഹൃദയത്തിൽ കയറിയ ഖവാലി
ഗുലാം ഫരീദ് സാബിരിയുടെ, ഈരേഴു പതിന്നാലുലകവും കൊള്ളുന്ന തൊണ്ടക്കുഴിയില്‍, വാതുറന്നപ്പോള്‍, ഈ നാദപ്രപഞ്ചമത്രയും കണ്ടു കൗമാരത്തിലേ അമ്പരന്നുനിന്നിട്ടുണ്ട്. അത്രയും യാദൃച്ഛികമായാണ് ഗുലാം ഫരീദ് സാബിരി ജീവിതത്തിലേക്കു വരുന്നത്, കൂടെ ഖവാലിയും. കോട്ടയം ബസേലിയസില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍, വിനോദയാത്രയില്‍, ഊട്ടിയിൽ വച്ചാണ് ആ കസറ്റ് എന്റെ കൈവശം വന്നുചേര്‍ന്നത്. സാബിരി ബ്രദേഴ്‌സിന്റെ ഖവാലി.
ആ പാട്ടുകള്‍ അന്നു തലയിലും ഹൃദയത്തിലും മനസ്സിലും കടന്നുകയറിയതാണ്. അജ്മീറിലേക്കുള്ള യാത്രയില്‍, ഡല്‍ഹി മുതല്‍ ആ പാട്ടുകള്‍ ഓര്‍മയില്‍ ആഞ്ഞുകൊത്തി, ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതാണിപ്പോള്‍, തീവണ്ടിയില്‍ കടന്നുവരുന്ന, കടന്നുവന്നുകൊണ്ടേയിരിക്കുന്ന, ഗ്രാമീണഗായകസംഘങ്ങളും ഒറ്റപ്പെട്ട പാട്ടുകാരും പാടിക്കൊണ്ടേയിരിക്കുന്നത്.
തീവണ്ടിമുറി മെല്ലെ, ഖവാലിപ്പാട്ടിന്റെ രാജസദസ്സായി. പാട്ടുകാരാവട്ടെ, പല പ്രായക്കാര്‍. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പാട്ടും ഞാനും പാട്ടുവണ്ടിയും അജ്മീറിലേക്കെത്തി. ഞാനും തീവണ്ടി വിട്ടിറങ്ങി. അജ്മീറിന്റെ മണ്ണില്‍ കാലുകുത്തുന്നു. ഗരീബി നവാസ് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരിയുടെ മണ്ണ്. അദ്ദേഹത്തിന്റെ ഭവനവും ടിക്കാനയുമായ അജ്മീര്‍. അവിടെ ഞാനും കാലുകുത്തിയിരിക്കുന്നു.
സാബിരികളുമായി പരിചയത്തിലാകുന്നതു കൗമാരത്തിലാണെങ്കില്‍, അജ്മീരി ബാബായുമായും ദര്‍ഗാഷെരീഫുമായി പരിചയത്തിലാകുന്നത് ഓര്‍മയുടെ ആരംഭബിന്ദുവിലെവിടെയോ ആണ്. ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പേരും വിലാസവും പിറകില്‍ അച്ചടിച്ച തവിട്ടു ലക്കോട്ടുകള്‍ പോസ്റ്റുമാന്‍ കൊണ്ടുവന്നുതരുന്നതു ന ന്നേ കുഞ്ഞിലേ മുതലുള്ള ഓര്‍മയിലുണ്ട്. ആ ലക്കോട്ടുകളില്‍ ചിലപ്പോള്‍ മറ്റേമ്മയുടെ പേരാവും ഉണ്ടാകുക. അല്ലെങ്കില്‍, ഉമ്മിച്ചായുടേത്.
അവരെങ്ങനെയാണ്, ഇത്രയും ദൂരെ, ഇത്രയും കാലത്തിനപ്പുറം ജീവിച്ചിരുന്ന ബാബയെ അറിഞ്ഞതെന്നത് അ മ്പരപ്പിക്കുന്ന രഹസ്യം. അജ്മീരിലേക്ക് നേര്‍ച്ചപ്പണം അയച്ചാല്‍, അവിടന്ന്, അയച്ചയാളിന്റെ പേരില്‍ നേര്‍ച്ച കഴിച്ചതിന്റെ ഒജീനവും ഏലസ്സും തകിടും നൂലും എല്ലാം തപാലില്‍ അയച്ചുതരും. അങ്ങനെ വരുന്ന ലക്കോട്ടുകളാണവ. ഒരിക്കല്‍ അയച്ചാല്‍, പിന്നീട്, നേര്‍ച്ച അയയ്ക്കാനുള്ള മണിയോഡര്‍ ഫോമും അനുഗ്രഹവചസ്സുകളും കാണും. എല്ലാ ഭാഷകളിലുമെഴുതിയ പ്രാർഥനകളും ആശിസ്സുകളും. എഴുത്തും വായനയും അറിയാത്ത മറ്റേമ്മയ്ക്കു അതു വായിച്ചുകൊടുക്കുന്നതും ഞാനായിരുന്നു.
അക്ഷരത്തെറ്റുകള്‍ നിറഞ്ഞ മലയാളത്തില്‍ ചിശ്തി മറ്റേമ്മയ്ക്കു മംഗളം നേരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അകലത്തിലിരുന്നുകൊണ്ട്. അതിലെ ഉറുക്കും നൂലും അ ല്ലാതെ, ഒരു വെളുത്തു ചെറിയ മധുരത്തരികളാണ് ഒജീനം. അതിന്റെ രുചി നാവിനു മറക്കാനാകാത്തതാണ്. പില്‍ക്കാലത്ത്, മമ്പുറത്തും ഏര്‍വാടിയിലും കായല്‍പ്പട്ടണത്തിലെ ആയിരംകാല്‍മണ്ഡപത്തിലും ഒക്കെ അതുതന്നെ പായ്ക്കറ്റുകണക്കിനു കിട്ടിയപ്പോള്‍, അതിന്റെ വശ്യത കുറഞ്ഞു.
പക്ഷേ, അന്ന്, അജ്മീറില്‍ ചെന്നിറങ്ങി, ദര്‍ഗാഷെരീഫിലേക്കു കടന്നുകയറുന്ന വഴിയില്‍, ആ ബാല്യമധുരസ്മരണ സുലഭമായി കാണുകയും കിട്ടുകയും ചെയ്തതു ഭാവനയെ വെല്ലുന്ന അനുഭവമായിരുന്നു.
ധ്യാന സംതൃപ്തപാതയിൽ
ജയ്പൂരിന്റെ രാജകീയതയോ ജയ്‌സൽമേറിന്റെ പ്രൗഢിയോ കോട്ടയുടെ അന്തസ്സോ ബിക്കാനീറിന്റെ സൗമ്യഭാവമോ പ്രസരിപ്പിക്കാത്ത, വേറേ പ്രത്യേകതകളൊന്നുമില്ലാത്ത, ആവശ്യത്തിലേറേ വലിയൊരു പട്ടണം. ശരിക്കും സംസ്ഥാനം തന്നെയായിരുന്നു അത്.
1956 നവംബര്‍ ഒന്നിന് കേരളം സംസ്ഥാനമായി പിറക്കുമ്പോള്‍, അജ്മീറിന്റെ സംസ്ഥാനപദവി നഷ്ടമാകുക കൂടിയായിരുന്നു. അന്നേദിവസം അജ്മീര്‍ സംസ്ഥാനം രാജസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു ജില്ല മാത്രമായിമാറി. അജ്മീര്‍ ഒരു സംസ്ഥാനമല്ല, രാജ്യം തന്നെയായിരുന്ന കാലത്താണ് ഖ്വാജാ മുഈനുദ്ദീന്‍ അവിടെയെത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍.
ഇന്നത്തെ ഇറാനിലെ അന്നത്തെ സജ്ജാറില്‍ ജനിച്ച ഖ്വാജായുടെ മാതാപിതാക്കള്‍, ഉപജീവനാർഥമാണ് അ ഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്യുന്നത്. എന്നാൽ അധികം വൈകാതെ അവരിരുവരും മരണപ്പെട്ടു. പ്രായമധികമൊന്നുമായിട്ടില്ലാത്ത പയ്യന്‍ മുഈനുദ്ദീന്‍ തനിക്ക് ഒസ്യത്തായിക്കിട്ടിയ മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുമ്പോഴാണ്, ഒരു സൂഫിവര്യന്‍ അതിലേ വന്നതും ഇരുവരും തമ്മില്‍ സംസാരിക്കാനിടയായതും.
ഇഹലോകത്തിന്റെ മുന്തിരിവീഞ്ഞുമധുരത്തിൽ നി ന്ന് മുഈനുദ്ദീന്റെ മനസ്സും ചിന്തയും പരലോകമുന്തിരിവീഞ്ഞിന്റെ സുരഭിലരുചിയില്‍ മുങ്ങിയ ആദ്യനിമിഷം. തോട്ടം പാവങ്ങളായ പണിക്കാര്‍ക്കു സമ്മാനിച്ച്, മുഈനുദ്ദീന്‍ ആത്മീയതയുടെ ധ്യാന സംതൃപ്തപാതയിലേക്കു പ്രവേശിക്കുകയായി. മക്കയിലേക്കുള്ള നീണ്ട യാത്ര. മക്കയില്‍ മാസങ്ങളോളം താമസിച്ചു പുണ്യപ്രാർഥനയുടെ പുനരാവര്‍ത്തനങ്ങളില്‍ പുളകിതനായുള്ള കഴിച്ചുകൂട്ടല്‍.
അതിനിടെ, ഒരു രാവില്‍ നബിതിരുമേനി സ്വപ്നത്തിൽ വന്ന് ഉണര്‍ത്തിക്കുന്നു: മുഈനുദ്ദീന്‍, നിന്നെ ഞാന്‍ ഹിന്ദിലെ വിശ്വാസസാമ്രാജ്യത്തിന്റെ സുല്‍ത്താനായി അവരോധിച്ചിരിക്കുന്നു. നിന്റെ ജീവിതവും കർമവും മരണവും അ വിടെത്തന്നെ. ഉണര്‍ന്നെണീറ്റ മുഈനുദ്ദീന് ആലോചിച്ചുറപ്പിക്കാന്‍ ഒരു നിമിഷവും വേണ്ടതുണ്ടായിരുന്നില്ല.
ഒന്നുമില്ലായ്മയുടെ ഭാണ്ഡംമുറുക്കി പുറപ്പെട്ടു. വീണ്ടും കടലോരങ്ങളിലൂടെയുള്ള പദസഞ്ചാരം. ഒടുവില്‍, ഡല്‍ഹിയെന്ന മഹാനഗരത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അപ്പോഴേക്കും ഡല്‍ഹി സുല്‍ത്താന്‍മാരുടെ ഭരണം ആരംഭിച്ചിരുന്നു. മുഗളന്മാര്‍ക്കും മുന്‍പ് ഇന്ത്യയിലെ അരങ്ങേറിയ ഇസ്‌ലാമികഭരണം. അവരുടെ പ്രീതിയും പിടിച്ചുപറ്റിയ ഖ്വാജാ ഡല്‍ഹിയില്‍ അനേകം ശിഷ്യരെയും സമ്പാദിച്ചശേഷമാണ്, തന്റെ കർമമണ്ഡലമായി പില്‍ക്കാലം മാറിയ അജ്മീറിലേക്കു യാത്രതിരിക്കുന്നത്. അജ്മീറിലെത്തിയ ഖ്വാജാ അവിടെ പാവങ്ങള്‍ക്കിടയിലാണു തന്റെ പ്രവര്‍ത്തനമാരംഭിച്ചത്. അവര്‍ക്കു വിശപ്പിന് അന്നമെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒന്നാമത്തെ ലക്ഷ്യം.
തനിക്കു കിട്ടുന്ന പണക്കാരായ സുല്‍ത്താന്മാരുടെയും പ്രമാണിമാരുടെയും സംഭാവനകളില്‍നിന്ന് അദ്ദേഹം അന്നദാനത്തിന് അര്‍ത്ഥം കണ്ടെത്തി. വിശപ്പുമാത്രമല്ല, പാവപ്പെട്ടവര്‍ അവരുടെ കഷ്ടപ്പാടുകളുടെ കദനം മുഴുവന്‍ ഖ്വാജായോടുരിയാടി. അതുകേട്ട ഖ്വാജാ അവര്‍ക്കായി പ്രാർഥിച്ചു. അവരെ സാന്ത്വനിപ്പിച്ചു. പലര്‍ക്കും ആ പ്രാർഥനകള്‍ പരിഹാരമായിട്ടുണ്ടാകണം. അതെല്ലാം ഖ്വാജായുടെ അദ്ഭുതങ്ങളായി, കഥകളായി അവശേഷിക്കുന്നു.
പാവങ്ങളുടെ ആത്മീയാചാര്യന്‍
പാവങ്ങളുടെ ആത്മീയാചാര്യന്‍, അഥവാ, ഗരീബി നവാസായി അദ്ദേഹം മാറി. ഇന്ത്യയിലെ സൂഫി സംസ്‌കാരത്തിനു ശക്തമായ തുടക്കമെവിടെയെന്നന്വേഷിച്ചാലും നാം ചെന്നെത്തുക അജ്മീറിലും ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയിലും ആയിരിക്കും. സുല്‍ത്തനേറ്റ് ഭരണകാലത്തുതന്നെ, ഖ്വാജായുടെ മഹച്ചരമം ഉണ്ടായി. അതിനുശേഷമാണ്, ആ മഖ്ബറയെ കേന്ദ്രീകരിച്ചാണ് അജ്മീറിലെ തീർഥാടന സമുച്ചയം ഉണ്ടായി വന്നത്. മുഗള്‍ രാജാക്കാന്മാരാണ് അതിനും വലിയ രക്ഷാകര്‍ത്തൃത്വം നല്കിയത്.
രാജാക്കന്മാരുടെയും സുല്‍ത്താന്‍മാരുടെയും പ്രീതി പിടിച്ചുപറ്റിയ, പാവങ്ങളുടെ ഈ പ്രാർഥനാലയം ഇന്നും രാഷ്ട്രനേതാക്കന്മാരുടെയും പ്രമാണിമാരുടെയും താരങ്ങളുടെയും പ്രിയസന്ദര്‍ശനസങ്കേതമാണ്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിമാര്‍ ചാദര്‍ കൊടുക്കുന്ന പതിവുണ്ട്. അതു നെഹ്‌റു മുതല്‍ നരേന്ദ്രമോദി വരെ തെറ്റിക്കുന്നില്ല.
അജ്മീറിലെ ദർഗാഷെരീഫിലേക്കുള്ള പാത ഇടുങ്ങിയതും ജനനിബിഡവുമാണ്. തിക്കിയും തിരക്കിയും മുന്നോട്ടുനീങ്ങുമ്പോള്‍, സാമ്പ്രാണിപ്പുകയുടെയും മധുരവസ്തുക്കളുടെയും മണം തിരയടിക്കുകയാണു ചുറ്റിലും. പട്ടിന്റെ ഉലച്ചിലും മണവും മിനുസവും ഇന്ദ്രിയങ്ങളില്‍ മാന്ത്രികത നിറയ്ക്കുന്നു. കേള്‍വിയില്‍ നാദങ്ങള്‍ ഹുങ്കാരമാകുന്നു. ആരാണു പാടുന്നത് എന്നല്ല, ആരല്ല പാടാത്തത് എന്നു തോന്നിപ്പിക്കും വിധം.

വെറുതെ, ആള്‍ക്കൂട്ടത്തില്‍ പൊന്തിക്കിടന്നാൽ മതിയെന്നു തോന്നിച്ചു. അതേ, ചെന്നുചേരുന്നത് ദര്‍ഗാഷെരീഫെന്ന കടലിലേക്കാണ്. ഉത്തുംഗം നില്‍ക്കുന്ന കമാന കവാടങ്ങള്‍. ആദ്യത്തേതു ഷാജഹാന്‍ ചക്രവര്‍ത്തി കെട്ടിച്ചുകൊടുത്തതാണ്. അത് ഇപ്പോഴും പരിപാലനംകൊണ്ടു മനോഹരമായിനില്‍ക്കുന്നു. ആ കവാടത്തിന് അതുകൊണ്ടുതന്നെ ഷാജഹാനി ഗേറ്റ് എന്ന് പേര്. അതുകഴിഞ്ഞാല്‍, ഒരു വലിയ തളമാണ്. ആ തളത്തില്‍ ഒരു മൂലയ്ക്ക് പാട്ടുകാരുണ്ട്. ഖവാലിയുടെ ഉജ്വല കീര്‍ത്തനധാരയുടെ ഒരു തളംകെട്ടല്‍ അവിടെക്കാണാം, കേള്‍ക്കാം. അവിടെ മുതലങ്ങോട്ട് ചെറിയചെറിയ പീടികകളുടെ നിരയാണ്. നമ്പരിട്ട അനേകമനേകം പീടികകള്‍. അവയിലെല്ലാം അജ്മീരി ബാബയ്ക്കു വേണ്ട നേര്‍ച്ചവസ്തുക്കളുടെ ശേഖരമാണ്.
ഒജീനമായ മധുരമിഠായികളുടെ പായ്ക്കറ്റുകള്‍, ചന്ദനത്തിരിക്കൂടുകള്‍, മറ്റു സുഗന്ധധൂമവസ്തുക്കള്‍, മഖ്ബറയില്‍ വിരിക്കാനുള്ള പട്ടുകള്‍, നൂലുകള്‍, പീലിവിശറികള്‍, പൂക്കള്‍ എന്നുവേണ്ട, എല്ലാമെല്ലാം ധ്യാനത്തിന്റെയും നമസ്‌കാരത്തിന്റെയും വണക്കത്തിന്റെയും പരിമളം പേറുന്നവ. ആ തളം മറ്റൊരു കമാനകവാടത്തിലേക്കു നയിക്കുന്നു. അതിന്റെ ആകാശമഹിമയെ കുമ്പിട്ടല്ലാതെ കടക്കാന്‍ തോന്നില്ല. അങ്ങനെ, താണുകയറുമ്പോള്‍, മറ്റൊരു വലിയ തളത്തിലേക്കെത്തുന്നു.

അവിടെനിന്നങ്ങോട്ട്, ഒന്നിലേറെ പള്ളികളാണ്. സത്യത്തില്‍, അജ്മീറിലെ ദർഗാഷെരീഫ് ഒരു പള്ളിയല്ല, പള്ളികളുടെ ഒരു സഞ്ചയമാണ്. അതില്‍ ഷാജഹാന്‍ കെട്ടിയ ഒരു വെണ്ണക്കല്‍പ്പള്ളിയുണ്ട്. അത് രാത്രികാലങ്ങളില്‍ നിലാവുതട്ടി വെട്ടിത്തിളങ്ങുമത്രേ. അതിന്റെ മകുടത്തില്‍ ഒരുകിലോ സ്വർണം മുഴുവന്‍ ചെലവാക്കി ഒരു മുകുളം ഉണ്ടാക്കിയിരിക്കുന്നു.
നിലാവിന്റെ രേണുക്കള്‍ വെണ്ണക്കല്ലിന്റെ പാല്‍പ്രകാശമായി പരിലസിപ്പിക്കുമ്പോള്‍, ആ നറുംവെണ്‍വെളിച്ചത്തില്‍, സുവര്‍ണരേഖകള്‍ ചിന്തി ആ മകുടമുകുളം പ്രശോഭിക്കും. ദർഗാഷെരീഫിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച അവിടെ നടവഴിയില്‍ ഇരുവശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന രണ്ടു വലിയ കടായികളാണ്.
അജ്മീറിലെ ചെമ്പുകള്‍ എന്നാണു മലയാളികള്‍ അതിനെ പറയുക. ആയിരക്കണക്കിനു കിലോ അരിയിട്ടു ഭക്ഷണം പാകംചെയ്യാവുന്നവയാണ് ആ ചെമ്പുകള്‍. അജ്മീറിലെത്തുന്ന ഭക്തര്‍ ആ ചെമ്പിലാണ് തങ്ങളുടെ നേര്‍ച്ചകള്‍ ഇടുക. അതിനായി ഏണികള്‍ സ്ഥാപിച്ചിട്ടുണ്ട്. സഹായികള്‍ ഏണികളില്‍ കയറിനില്‍ക്കും.
ആ ചെമ്പില്‍ കിട്ടുന്ന സാധനങ്ങളുപയോഗിച്ചും, പണമുപയോഗിച്ചും, അതേ ചെമ്പില്‍ ഭക്ഷണം പാകം ചെയ്ത് പതിനായിരക്കണക്കിനാളുകളെ ഊട്ടാന്‍ ദർഗയുടെ ചുമതലയുള്ള ട്രസ്റ്റ് ശ്രദ്ധവയ്ക്കുന്നു.
‘മദീനേവാലെ സേ മേരാ സലാമ് കഹദേനാ....’ പാട്ടുകള്‍ ഓരോ മൂലകളിലും നിന്നു മുഴങ്ങുന്നു. അവിടെ, ഏതോ ഒരു മൂലയില്‍ ചെന്നടിയുവാനാണു മനസ്സു പറഞ്ഞത്. അതു ശരീരം അനുസരിച്ചു. അങ്ങനെ, എത്രനേരം, എത്രമണിക്കൂറുകള്‍ അവിടെ അടിഞ്ഞമര്‍ന്നിരുന്നുവെന്നറിയില്ല. ചുറ്റും അതുപോലെ, ഖവാലിയുടെ ഭക്തിസാന്ദ്രതയിലലിഞ്ഞുതീര്‍ന്ന്, ശുദ്ധശൂന്യതയായിത്തീര്‍ന്ന അനേകംപേര്‍. സ്ത്രീകള്‍ ഏറെക്കുറേ ഉന്മാദസന്നിഭമായി മെല്ലെ ഉറയുന്നു. പുരുഷന്മാര്‍, ഗാനത്തിന്റെ ഏറ്റുപാടല്‍പ്പെരുക്കങ്ങളായി അലയടിച്ചു വലിയൊരു പ്രകമ്പനമായിത്തീരുന്നു. ഭീമാകാരങ്ങളായ ചെമ്പുകള്‍ വെയിലേറ്റു വെട്ടിത്തിളങ്ങുന്നു.
വെണ്ണക്കല്ലുകൊണ്ടുള്ള പള്ളി പകലിനെ പൂനിലാവുപോലെ പ്രഭാഭരിതമാക്കുന്നു. ഇതു പ്രാർഥനയുടെ പരമകാഷ്ഠ. മനസ്സ് ഒന്നും പറയുന്നില്ല. പറയാന്‍, മനസ്സ് ഇല്ല. നിര്‍മനമായ നിര്‍ഝരി. അഗാധമായ അനുഭൂതി.
‘ഹേ, മേരി സിന്ദഗീ.... ഹേ, മേരീ ജാനേ ജാന്‍... ഇത്ത്‌നാ ബദാദേ, കബ് മിലേംഗേ, മേം യഹാം തൂ കഹാം?... ’ ഉത്തരമില്ലാത്തതും ആത്മീയവ്യസനത്താല്‍ കനംതിങ്ങുന്നതുമായ ആ ചോദ്യം. അതു പാട്ടുകളില്‍നിന്നു പറന്നുപാറുന്നു.
ഖ്വാജായുടെ ത്വരീഖത്തില്‍പ്പെടുന്ന, ഈ തലമുറയിലേക്കു നീണ്ടെത്തിയ, കാലത്തിന്റെ വന്ദനങ്ങളായ മനുഷ്യര്‍ ഈന്തപ്പഴക്കുരുക്കള്‍ ജപത്തിന് എണ്ണമെടുക്കാനുള്ള മണികളാക്കി മാറ്റി, ഒരു നീണ്ട വരാന്തയിലിരുന്നു നാമ ജപം നടത്തിക്കൊണ്ടേയിരിക്കുന്നു. ആളുകള്‍ അലച്ചാര്‍ക്കുന്നു. എന്റെ ബാബാ, എന്റെ ഖ്വാജാ... എല്ലാവരുടെയുമാണു ഖ്വാജാ. എന്നാല്‍ ഓരോരുത്തരുടേയും. അജ്മീര്‍ എന്റെ വീടാകുന്നു. എന്റെ സ്വാസ്ഥ്യത്തിന്റെ ഭവനം.
‘അ ജ്മീര്‍
മേരീ മന്‍സില്‍...’
വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഒരിക്കല്‍ക്കൂടി അജ്മീറില്‍പ്പോയി. അപ്പോള്‍, എന്നോടൊപ്പം, എന്റെ വാപ്പിച്ചയും ഉമ്മിച്ചയും ഉണ്ടായിരുന്നു. പുറമേ, എന്റെ ഭാര്യ സ്മിതയും മതമില്ലാത്ത മക്കള്‍ ദിയയും ദീപക്കും. ഒപ്പം ഭാര്യാപിതാവും മാതാവുമായ ഏര്‍ക്കര മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയും കൗപ്ര ഇല്ലത്ത് മേദിനിയും. അതൊരു സൂഫിസഞ്ചാരം തന്നെയായിമാറി. അന്ന്, അജ്മീറില്‍നിന്ന്, പുഷ്‌കറിലേക്കും പോയി, ഇതിഹാസ പ്രസിദ്ധവും പുരാണപ്രസിദ്ധവുമായ പുഷ്‌കര്‍. മതങ്ങള്‍ സംസ്‌കാരങ്ങളാണ്. അവ ഇടയുമ്പോഴല്ല, കലരുമ്പോഴാണു പറഞ്ഞറിയിക്കാനാകാത്ത പരാഗശോഭയും പരിമളവും പൂരിതഭംഗിയും.
അജ്മീറിൽ നിന്നു തിരിച്ചുപോരുമ്പോള്‍, തീവണ്ടി അകലുന്തോറും ഖവാലിപ്പാട്ടുകളുടെ ഒച്ച കുറഞ്ഞുവന്ന് ഇല്ലായ്മയില്‍ ലയിക്കുകയായി. അജ്മീര്‍ പക്ഷേ, മാടിവിളിച്ചുകൊണ്ടേയിരിക്കുന്നു. ദർഗാഷെരീഫിന്റെ തളങ്ങളില്‍, തളംകെട്ടിക്കിടന്ന്, ഉദാര ജപമോഹനതയില്‍ അടിഞ്ഞുകൂടാന്‍. അലിഞ്ഞുതീരാന്‍. അജ്മീര്‍ മേരീ മന്‍സിൽ അജ്മീർ മേരീ മന്‍സില്‍...
(സാഹിത്യകാരനും തിരൂർ മലയാളം സർവകലാശാല
അസിസ്റ്റന്റ് പ്രഫസറുമാണു ലേഖകൻ)