കർണാടക - തമിഴ്നാട് അതിർത്തിയിൽ മാലെമഹാദേശ്വര മലനിരകളുടെ താഴ്‌വാരത്തായി നാലുപാടും കാടുകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമുണ്ട്.. ഗോപിനാഥം. ഒരുകാലത്ത് ആളുകൾ ആ ഗ്രാമത്തെ ഏറെ ഭയത്തോടെ നോക്കിയിരുന്നു. ആ വഴി പോകാൻ ഭയന്നിരുന്നു. അധികമാരും അങ്ങനെ കടന്നുവരാത്ത വീതികുറഞ്ഞ കാട്ടുവഴി നമ്മെ കൊണ്ടെത്തിക്കുന്നത്, പ്രകൃതിയും മനുഷ്യനുമായുള്ള അപൂർവകരാറുകൾ ഇന്നും നിലനിൽക്കുന്ന, നാലുപാടും മലകളാലും കൊടുംകാടുകളാലും ചുറ്റപ്പെട്ട അതിമനോഹരമായ ഗോപിനാഥം ഗ്രാമത്തിലാണ്..
വീരപ്പൻ ജനിച്ചയിടം... ജീവിച്ചയിടം... അതാണ് ഗോപിനാഥം..ഇന്നും ഏറെക്കുറെ ഒറ്റപ്പെട്ടു, നാലുപാടും കാടുകളാൽ ചുറ്റപ്പെട്ട ഒരു മനോഹരഗ്രാമം..

മഴ പ്രതീക്ഷിച്ച് യാത്ര, വീതികുറഞ്ഞ വഴി
മഴക്കാലം പ്രതീക്ഷിച്ചാണ് കാടുകയറിയത്.. പക്ഷേ, 'പലർ' എന്ന സ്ഥലത്തുനിന്നും കാവേരി വന്യജീവിസങ്കേതത്തിലേക്ക് തുറക്കുന്ന "കൊക്കരെ ഹല്ല" ചെക്ക്പോസ്റ്റ് എത്തിയപ്പോൾ തന്നെ കാലവസ്ഥയുടെ ഏകദേശരൂപം മനസിലായിത്തുടങ്ങി. നല്ല കാറ്റ് വീശുന്നുണ്ട്. പക്ഷേ, വിചാരിച്ച പച്ചപ്പോ തണുപ്പോ ഇല്ല.. കാലവർഷം ഇത്തവണ എല്ലായിടത്തും വൈകിയിരിക്കുന്നു.. നന്നേ വീതികുറഞ്ഞ വഴിയാണ്. ചിലയിടങ്ങളിൽ പാതയ്ക്കിരുവശവും അതുവഴി കടന്നുപോകുന്ന വാഹനങ്ങളിൽ പോറൽ വീഴ്ത്താൻ തക്കവണ്ണം പുറത്തേക്ക് തള്ളിനിൽക്കുന്ന ചെടികൾ കാണാം.. ഈ വഴിത്താരകൾക്ക് കാലത്തിന്റെ യവനികയ്ക്കുള്ളിൽ മറഞ്ഞ ഇന്നലെകളുടെ ഒരുപാട് കഥകൾ പറയാനുണ്ട്.. ഒരുപാട് ചോരവീണ, ശരീരങ്ങൾ ചിന്നിച്ചിതറിയ ഒളിപ്പോരുകളുടെ കഥ.. ഒരുപക്ഷേ ഇന്നാട്ടുകാർ ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത അതിഭീകരമായ പോരാട്ടങ്ങളുടെ കഥ.. ഈ വഴികളിലൂടെ പകൽ നടക്കാൻപോലും പേടിച്ചിച്ചിരുന്ന കാലത്തിന്റെ ഓർമകൾപോലും ഉള്ളിലുണ്ടാക്കുന്ന നടുക്കം ചെറുതല്ല.. അത്രമേൽ കുപ്രസിദ്ധിയാർജിച്ച, ലോകമറിഞ്ഞ ഒരു കൊടുംകുറ്റവാളി ജനിച്ചു ജീവിച്ച ഗ്രാമത്തിലേക്കാണ് ഈ വീതികുറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ പോകുന്നത്.

ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന കാർഷിക ഗ്രാമം
പാതയുടെ ഒരു വശം കാവേരി നദിയാണ്. നദിക്കപ്പുറം തമിഴ്നാട്.തമിഴ്നാടിന്റെ കാടു കണ്ടാണ് നമ്മൾ കർണാടക കാട്ടിലൂടെ യാത്ര ചെയ്യുന്നത്. റോഡ് മാർഗം നദിക്കക്കരെ തമിഴ്നാടിന്റെ ഈ ഭാഗത്ത് എത്തണമെങ്കിൽ ഏതാണ്ട് 80 കിലോമീറ്ററിനു മുകളിൽ യാത്ര ചെയ്യണം. ഒന്നു നീട്ടിവിളിച്ചാൽ കേൾക്കുന്ന ദൂരത്തിലേക്ക് എത്തണമെങ്കിൽ മണിക്കൂറുകൾ വണ്ടിയൊടിക്കണം!

ഗോപിനാഥം എത്തുന്നതിനു തൊട്ടുമുന്നേ കുറച്ചു വീടുകൾ കാടിനുള്ളിലായി കാണാം. അവിടെയെല്ലാം പശുക്കൾ അങ്ങിങ്ങായി മേയുന്നുണ്ട്. നട്ടുച്ചവെയിൽ ഗ്രാമത്തെ ഒന്നാകെ വിഴുങ്ങിയ സമയത്താണ് ഞങ്ങൾ ഗോപിനാഥത്തിലേക്ക് എത്തുന്നത്.. അതുകൊണ്ടുതന്നെ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിൽ ആളനക്കം നന്നേ കുറവ്. വർഷങ്ങൾക്ക് മുന്നെയെപ്പോളോ ടാറിട്ടത്തിന്റെ നാമമാത്രമായ അവശിഷ്ടങ്ങൾ പേറുന്ന ആ റോഡിലൂടെ ഹൊഗാനക്കൽ വെള്ളച്ചാട്ടത്തിലേക്കു പോകുന്ന സഞ്ചാരികൾ മാത്രമാണ് ഇടയ്ക്ക് ഇവിടെ വന്നുപോവുക.

ഗോപിനാഥത്തെ കാഴ്ചകൾ
വിവിധതരത്തിലുള്ള കൃഷികൾ, കൃഷിരീതികൾ, പഴയ ജീവിതശൈലി... അങ്ങനെ ഗ്രാമീണത ഇഷ്ടപ്പെടുന്നവർ രണ്ടു ദിവസം ഗോപിനാഥത്തു തങ്ങിയാലും അതു നഷ്ടമല്ല. നിഷ്കളങ്കരായ ഗ്രാമീണരാണ്. സഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന ഇവർ വിനോദസഞ്ചാരത്തിലൂടെ തങ്ങളുടെ നാളെകൾ സുന്ദരമായേക്കാം എന്നു പ്രത്യാശിക്കുന്നു. ഒരുകാലത്ത് നാടിനെ ഭയപ്പെടുത്തിയ കാരണങ്ങൾ ഇന്ന് അവിടേയ്ക്ക് ആളുകളെ എത്തിക്കും എന്നവർ കരുതുന്നു. ഗ്രാമത്തിലേക്ക് കടക്കുന്ന കവാടത്തിൽതന്നെ ഒരു ചെറിയ പോലീസ് ഔട്ട്‌പോസ്റ്റ് ഉണ്ട്. അവിടെ മൂന്നോ നാലോ പോലീസുകാർ എപ്പോറും ഉണ്ടാകും. വീരപ്പന്റെ കാലം മുതലേ ഉള്ളതാണിത്. വളരെ ചെറിയ ഒരു ഗ്രാമമാണ് ഗോപിനാഥം. മൂന്നോ നാലോ ചെറിയ ചായക്കടകൾ, പലചരക്കുകടകൾ. പിന്നെ അത്യാവശ്യം പണം പിൻവലിക്കാനുള്ള ഒരു താത്കാലിക സംവിധാനം. ഇവിടെ എടിഎം കൗണ്ടറുകൾ ഒന്നും ഇല്ലാത്തതിനാൽ ആധാർ കാർഡ് ഉപയോഗിച്ചാണ് അത്യാവശ്യക്കാർ പണം അക്കൗണ്ടിൽ നിന്നു പിൻവലിക്കാറുള്ളത്. ദിവസേന രണ്ടു ബസുകൾ ഗ്രാമത്തിൽ വന്നുപോകാറുണ്ട്. എങ്കിലും യാത്രാക്ലേശം രൂക്ഷമാണിവിടെ. അത്യാവശ്യഘട്ടങ്ങളിൽ ഗ്രാമീണർ ഗ്രാമത്തിൽനിന്ന് ലോഡിറക്കി മടങ്ങുന്ന ചെറു ലോറികളെയാണ് യാത്രയ്ക്കായി ആശ്രയിക്കാറ്.. ഗോപിനാഥത്തിൽ നിന്നും 'പലർ' എന്ന സ്ഥലത്തെത്തിയാൽ അവിടെനിന്നും ടൗണിലേക്ക് ബസുകൾ ലഭിക്കും. വലിയ കാര്യങ്ങൾക്കായി തമിഴ്നാട്ടിലെ മേട്ടൂർ എന്ന ചെറുപട്ടണത്തെയാണ് ഗ്രാമീണർ ആശ്രയിക്കാറ്.
വീരപ്പന്റെ ഓർമകൾ
വീരപ്പനുമായി ബന്ധപ്പെട്ട് നിരവധി ഓർമകൾ ഇവിടെ ഇന്നും ഇവിടെ ബാക്കിനിൽക്കുന്നുണ്ട്. വീരപ്പൻ കെട്ടിയുണ്ടാക്കിയ കാളീക്ഷേത്രം റോഡിൽ നിന്നു കുറച്ചുമാറി കാടുകളാൽ മറഞ്ഞുനിലകൊള്ളുന്നുണ്ട്. അതിനു തൊട്ടടുത്തായി ഒരു കൊച്ചുവീടിന്റെ തകർന്ന തറയുണ്ട്.. അതാണ് വീരപ്പൻ ജനിച്ച വീട് നിന്നിരുന്നയിടം. അമ്പലത്തിന്റെ പുറകോട്ട് നീണ്ടുകിടക്കുന്ന നിബിഡവനമാണ്.. ആരെയും മോഹിപ്പിക്കുന്ന വന്യത.. ഈ വനത്തിനോട് ചേർന്നുതന്നെയാണ് ഗ്രാമീണരുടെ കൃഷിയിടങ്ങളും.. ചിലയിടത്തെല്ലാം ചെറിയ വൈദ്യുതി വേലികൾ ഉണ്ടെങ്കിലും മൃഗങ്ങൾക്ക് ഗ്രാമത്തിലേക്ക് കടക്കാൻ അതൊന്നും ഒരു തടസ്സമാകാറില്ല എന്ന് ഗ്രാമീണർ സങ്കടത്തോടെ പറഞ്ഞു. ഗ്രാമത്തിലും ഗ്രാമത്തിലേക്കുള്ള വഴിയിലും പലയിടത്തായി ഒരുപാടു സ്മാരകങ്ങൾ കാണാൻ സാധിക്കും. വീരപ്പന്റെ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച പൊലീസ് - ഫോറെസ്റ്റ് ഓഫിസർമാരുടെ സ്മൃതികുടീരങ്ങളാണവ.
കാടിനോട് ചേർന്നുനിൽക്കുന്ന ഗ്രാമമായതുകൊണ്ട്തന്നെ ഇവരുടെ അമ്പലങ്ങൾ കാണാൻ ഒരു പ്രിത്യേക ഭംഗിയാണ്.. പ്രകൃതിയിൽ ലയിച്ചുനിൽക്കുന്ന ഒരുപാട് ആരാധനാലയങ്ങൾ ഇവിടെയുണ്ട്.. ശബ്ദം കൊണ്ടു പോലും മലിനമാക്കാൻ മനസുവരാത്ത പച്ചപ്പിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കാവുകളും അമ്പലങ്ങളും കണ്ണിനു കുളിരേകുന്ന കാഴ്ചകളാണ്.. വീരപ്പൻ തലയറുത്ത് വധിച്ച ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ ശ്രീനിവാസൻ പണികഴിപ്പിച്ച ക്ഷേത്രമാണ് ഗ്രാമത്തിലെ പ്രധാനക്ഷേത്രം.. ഗ്രാമത്തിന്റെ ഒത്തനടുവിലായ് ശ്രീനിവാസന്റെ ഓർമകളും പേറി ക്ഷേത്രം നിലകൊള്ളുന്നു.. അദ്ദേഹത്തിന്റെ ബഹുമാനാർഥം അമ്പലത്തിനുള്ളിൽ യൂണിഫോം ധരിച്ച ഒരു പൂർണകായ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. പുറത്തായി ഒരു അർദ്ധകായ പ്രതിമയും.

താമസസൗകര്യങ്ങൾ നന്നേ കുറവാണ് ഗോപിനാഥം ഗ്രാമത്തിൽ. ഒരു കുടുംബം അവരുടെ വീടിനോട് ചേർന്ന് രണ്ടു മുറികൾ പണിതിട്ടിട്ടുണ്ട്. ദിവസം 500 രൂപയാണ് ഒരു മുറിയുടെ വാടക. അതുപോലെ അമ്പലത്തിന്റെ വകയായും ഒന്നോ രണ്ടോ മുറികൾ ലഭ്യമാണ്. എന്നാൽ ഗ്രാമത്തിൽനിന്നും തെല്ലുമാറി മനോഹരമായ ഒരു താടാകത്തോട് ചേർന്ന് കർണാടക ഗവണ്മെന്റ് നടത്തുന്ന ഒരു താമസസൗകര്യം ഉണ്ട്. 'ഗോപിനാഥം മിസ്റ്ററി ട്രെയിൽസ്' എന്ന പേരിൽ നടത്തപ്പെടുന്ന ഈ റിസോർട്ട് ഒരുപാട് നല്ല കാഴ്ചകൾ സമ്മാനിക്കും...
ഈ താടാകത്തിന്റെ അരികിലൂടെ കാട്ടിലേക്ക് നീളുന്ന ഒരു മൺപാതയുണ്ട്.. ഇടയിലൊരു കൊച്ചരുവിയും. ഇതെല്ലാം കടന്നു നമ്മൾ എത്തുന്നത് ഗോപിനാഥം ഇന്നത്തെ ഗോപിനാഥമാക്കിയ ഫോറെസ്റ്റ് ഓഫീസർ ശ്രീനിവാസന്റെ സ്മൃതിമണ്ഡപത്തിലേക്കാണ്. വീരപ്പൻ ഈ സ്ഥലത്തുവച്ചാണ് ശ്രീനിവാസനെ നിഷ്കരുണം തലയറുത്ത് വധിച്ചത്. ഒരുപാട് കാവുകളും വനദൈവങ്ങളും നാഗത്താന്മാരുമെല്ലാം ഗ്രാമത്തിന്റെ മിക്ക കോണുകളിലും കാണാം.. ഇവിടങ്ങളിലെല്ലാം ആഴ്ചയിൽ ഒരിക്കലെങ്കിലും പൂജകൾ നടത്താറുണ്ട്.. ഓരോ അമ്പലത്തിലും ഓരോ തരത്തിലുള്ള പൂജകളാണ്.. കാടിനുള്ളിൽനിന്നും ഇടയ്ക്കിടെ ഉയരുന്ന മണിനാദങ്ങളും ശംഖൊലികളും നമ്മെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു..
വളരെകുറച്ചു വീടുകൾ മാത്രമുള്ള ഗ്രാമത്തിൽ എല്ലാവരും അന്യോന്യം അറിയുന്നവരാണ്.. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പാടങ്ങളിൽ ജോലി ചെയ്യുന്നു.. അവധി ദിനങ്ങളിൽ ഇവരുടെ മക്കളും ഇവരോടൊപ്പം തോട്ടത്തിൽ ഇറങ്ങാറുണ്ട്. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ഗ്രാമത്തിലെ കുട്ടികൾ മണ്ണിനോടും കൃഷിയോടും താല്പര്യമുള്ളവരായി വളരുന്നു.
വീരപ്പന്റെ പിതൃസഹോദരപുത്രർ ഇപ്പോളും ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. ഏതാനും ചില കൂട്ടാളികളും.. എല്ലാവരും ഇപ്പോൾ ഗ്രാമത്തിൽ സ്വന്തമായി കൃഷിയൊക്കെ ചെയ്തു സമാധാനത്തിൽ ജീവിക്കുന്നു. കൃഷിക്കായ് നിലമൊരുക്കുന്നതിനിടയിലാണ് പെരുമാൾ അണ്ണനെ പരിചയപ്പെടുന്നത്. വീരപ്പന്റെ സായുധസംഘത്തിലെ പഴയ അംഗമാണ്. ഒരുപാടുകാലം കാടിനുള്ളിൽ ജീവിച്ചയാൾ. കഥകൾ ഒരുപാട് പറഞ്ഞു.. പണ്ട് ചെയ്ത തെറ്റുകൾ തെറ്റുകളാണെന്ന് മനസിലാക്കി വന്നപ്പോളേക്കും ജീവിതം ഏറെക്കുറെ കൈവിട്ടു പോയിരുന്നു.. തിരിച്ചറിവുകളുടെ വെളിച്ചത്തിൽ ശേഷിച്ച നാളുകൾ നന്നായി ജീവിക്കുന്നു..

ഹൊഗനക്കൽ വെള്ളച്ചാട്ടം
ഗ്രാമത്തിൽനിന്നും 16 കിലോമീറ്റർ മുന്നോട്ട് പോയാൽ പ്രസിദ്ധമായ ഹൊഗനക്കൽ വെള്ളച്ചാട്ടത്തിലെത്താം.. ദക്ഷിണേന്ത്യയിലെ തന്നെ മനോഹരവെള്ളച്ചാട്ടങ്ങളിൽ ഒന്നായ ഹൊഗനക്കൽ കാണാൻ ഇതുവഴി വരുന്നവർ പക്ഷെ കുറവാണ്. തമിഴ്നാടിന്റെ ഭാഗത്ത് കൂടുതൽ സൗകര്യങ്ങളും വികസനവും ഉള്ളതാണ് കാരണം. നല്ല റോഡുകൾ, താമസസൗകര്യം ഇതെല്ലാം കർണാടകയിലേക്കാൾ തമിഴ്നാട്ടിലാണ് ലഭ്യമാവുക. നല്ല രുചിയുള്ള വറുത്ത മീനും, തരക്കേടില്ലാത്ത ഊണും ഹൊഗനക്കലിൽ കിട്ടും.. ഇവിടുത്തെ കുടുംബങ്ങൾ തന്നെ നടത്തുന്ന ചെറിയ ഹോട്ടലുകളാണ്.. മനോഹരമായ ഒരു കൊട്ടവഞ്ചി സവാരിയും വെള്ളച്ചാട്ടത്തിന്റെ ആരെയും മയക്കുന്ന സൗന്ദര്യവും ഇവിടെനിന്നു ആസ്വദിക്കാം..

പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ് നാലുവശങ്ങളും കാടിനാൽ ചുറ്റപ്പെട്ട ഗോപിനാഥത്തിലെ ഓരോ ദിവസവും സമ്മാനിച്ചത്. ശാന്തമായ രാത്രികൾ.. വിജനമായ കാട്ടുവഴികൾ, ക്ഷേത്രങ്ങൾ, കാവുകൾ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഗ്രാമീണർ... സ്വസ്ഥമായിവന്നു രണ്ടോ മൂന്നോ ദിനങ്ങൾ താമസിക്കാൻ പറ്റിയ ഗ്രാമം.. ഒരുപാട് നല്ല കാഴ്ചകൾ മനസിലും ക്യാമറയിലുമാക്കി ഞങ്ങൾ നിശബ്ദതയുടെ ലോകത്തുനിന്നും റിങ്ടോണുകളുടെ ലോകത്തേക്ക്...

വീരപ്പനൊപ്പം കല്ലറയിൽ
മേട്ടൂർ ഡാമിൽനിന്നും അധികം ദൂരെയല്ലാത്ത 'മൂലക്കാട്' എന്ന സ്ഥലത്താണ് വീരപ്പനെ അടക്കം ചെയ്തിട്ടുള്ളത്. തിരിച്ചിറക്കം അതുകൊണ്ട് മേട്ടൂർ വഴിയാക്കി. മേട്ടൂർ എത്തിയപ്പോൾ സമയം വൈകുന്നേരമായിരുന്നു. എങ്കിൽപിന്നെ ഇന്നത്തെ രാത്രി വീരപ്പനൊപ്പം കല്ലറയിൽ തങ്ങാം എന്നു തീരുമാനിച്ചു. ഒരു പൊതുശമാശാനത്തിലാണ് വീരപ്പനെ അടക്കം ചെയ്തിരിക്കുന്നത്. മേട്ടൂർ ഡാമിന്റെ റീസർവോയറിനോട് ചേർന്നുനിൽക്കുന്ന ഈ സ്ഥലം ചിലപ്പോഴൊക്കെ വെള്ളത്തിനടിയിൽ ആകാറുണ്ടത്രെ. അളകപ്പണ്ണൻ എന്നൊരാളാണ് വീരപ്പന്റെ കല്ലറയ്ക്ക് കഴിഞ്ഞ 10 വർഷങ്ങളായി കാവൽ. ഇദ്ദേഹം എന്നും കല്ലറ വൃത്തിയാക്കി പൂജകൾ ചെയ്യുന്നു.. രാത്രിവാസവും ഇവിടെത്തന്നെ. ഞങ്ങളും അന്നത്തെ രാത്രി ശ്മശാനത്തിൽ അന്തിയുറങ്ങാൻ തീരുമാനിച്ചു. കയ്യിൽ ടെന്റ് ഉണ്ടായിരുന്നത് അനുഗ്രഹമായി. പഴയ ഒരുപാട് കഥകൾ കേട്ട് അളകപ്പണ്ണനോടും വീരപ്പനോടുമൊപ്പം ഒരു രാത്രി...

ഗോപിനാഥം കാണാൻ പോകുമ്പോൾ
വീരപ്പൻ ജീവിച്ച ഗ്രാമം എന്നതല്ല, ആ ഗ്രാമത്തിന്റെ മനോഹാരിതയാണ് ആരെയും അങ്ങോട്ട് ആകർഷിക്കുന്നത്.
ജില്ലാ ആസ്ഥാനമായ ചാമരാജ്നഗർ നിന്നും 144 കിലോമീറ്റർ ദൂരമാണ് ഗോപിനാഥത്തിലേക്കുള്ള ദൂരം.
സ്വന്തം വാഹനത്തിൽ വരുന്നതാവും നല്ലത്. കുറഞ്ഞ ബസ് സർവീസ് മാത്രമേ ഗ്രാമത്തിലേക്കുള്ളൂ.
വൈകുന്നേരം 5 മണി കഴിഞ്ഞാൽ പലർ എന്ന സ്ഥലത്തുനിന്നും ഗോപിനാഥത്തിലേക്കുള്ളഫോറെസ്റ്റ് ഗേറ്റ് അടയ്ക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ രാത്രിയാത്ര ഒട്ടും സുരക്ഷിതമല്ല.
ഗോപിനാഥം കാണാൻ വരുമ്പോൾ ഹൊഗനക്കൽ വെള്ളച്ചാട്ടം കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തുക..
ഓർക്കുക..
തീർത്തും സമാധാനപരമായി, സന്തോഷത്തോടെ ജീവിക്കുന്ന ഒരുകൂട്ടം സാധാരണക്കാരാണ് ആ ഗ്രാമത്തിലുള്ളത്. അവരുടെ സ്വൈര്യജീവിതത്തിനു ഭംഗം വരുത്തുന്ന യാതൊന്നും സന്ദർശകരായ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..