നഴ്സറി തോറും കയറിയിറങ്ങേണ്ട. മോഹിപ്പിച്ച ചെടി വീട്ടിലെത്തും. ഓൺലൈനിൽ ചെടി വാങ്ങുന്നതു ട്രെൻഡാകാൻ വേറെന്തു കാരണം വേണം. ഓൺലൈനിൽ വാങ്ങുന്ന ചെടി കുറിയർ വഴിയെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.
വൈകരുത് പരിചരണം
∙ അയയ്ക്കുന്ന പെട്ടിയുടെ ഭാരം കുറയ്ക്കാൻ ചെടികൾ ചട്ടിയിൽ നിന്നു പുറത്തെടുത്ത രീതിയിലോ വേരുകൾ ചകിരിച്ചോറിൽ പൊതിഞ്ഞോ പായ്ക്ക് ചെയ്യാറുണ്ട്. ഓർക്കിഡ്, അഡീനിയം, കള്ളിച്ചെടികൾ തുടങ്ങിയവ ഇത്തരത്തിൽ അയച്ചേക്കാം. ചട്ടിയോടെ ചെടി അയയ്ക്കുന്നവരുമുണ്ട്. ചെടിയും ചട്ടിയുമെല്ലാം പത്രക്കടലാസ്, ബ്രൗൺ പേപ്പർ, ടിഷ്യു പേപ്പർ തുടങ്ങിയവ കൊണ്ടു പൊതിഞ്ഞിട്ടുണ്ടാകും.
∙ കുറിയർ കിട്ടിയാൽ അതിന്റെ മുകൾഭാഗം ഏതാണെന്നു പരിശോധിച്ച് അവിടം തുറക്കുക. ചെടികൾ പൊതിഞ്ഞ കടലാസ് ഉൾപ്പെടെ പുറത്തെടുക്കണം. തുടർന്നു ചെടിയെ പൊതിഞ്ഞ ആവരണം, ഇലയ്ക്കും വേരിനും കേടു വരാതെ, ശ്രദ്ധയോടെ നീക്കുക.
∙ ചെടികളുടെ ഇലകൾ നേർത്ത വള്ളി കൊണ്ടു ചേർത്തു കെട്ടിയിട്ടുണ്ടാകും. ഇലകൾ കേടാകുന്നതു തടയാൻ ഇടയിൽ ഈർപ്പം വലിച്ചെടുക്കാത്ത തരം പഞ്ഞിയും ഉണ്ടാകും. വള്ളിയും പഞ്ഞിയും നീക്കി ഇലകൾ സ്വതന്ത്രമാക്കണം. നല്ല വായുസഞ്ചാരവും ഭാഗികമായ തണലും കിട്ടുന്നിടത്തു ചെടികൾ നിരത്തി വയ്ക്കുക. ചെടി പരിശോധിച്ച ശേഷം ഒടിഞ്ഞതോ കേടുപാടുള്ളതോ ആയ ഇല, വേര് ഇവ കത്രിക ഉപയോഗിച്ചു നീക്കണം.
∙ കുറിയർ ഉപയോക്താവിന്റെ കയ്യിൽ കിട്ടാൻ ദിവസങ്ങളെടുക്കാം. വെള്ളം കിട്ടാതെ ചെടി വാടി തളർന്നിട്ടുണ്ടാകും. പെട്ടിക്കുള്ളിലെ ചൂടിൽ കുമിൾബാധ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ട് ചെടിക്കു നന നൽകണം. ഒപ്പം കുമിൾ രോഗം വരാതിരിക്കാനുള്ള പരിചരണവും വേണം. ഇതിന് ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം സാഫ് കുമിൾനാശിനി യോജിപ്പിച്ച ലായനി ആദ്യ നനയ്ക്കായ് ഉപയോഗിക്കാം. മിശ്രിതമില്ലാതെ ചെടി മാത്രമായാണു ലഭിക്കുന്നതെങ്കിൽ 'സാഫ്' ലായനിയിൽ ചെടി മുഴുവൻ മുക്കിയെടുത്തു കുമിൾ മുക്തമാക്കണം.
∙ ചട്ടിയിൽ നട്ട ചെടിയാണു കിട്ടുന്നതെങ്കിൽ ഉടനടി പുതിയ മിശ്രിതത്തിലേക്കു മാറ്റി നടരുത്. സ്ഥലവും കാലാവസ്ഥയുമായി ഇണങ്ങാൻ മൂന്നു – നാലു ദിവസം പാതി തണലിൽ വയ്ക്കുക. തുടർന്നു മാറ്റി നടാം. ഓർക്കിഡ്, ആന്തൂറിയം, അഡീനിയം, സക്കുലന്റ് ചെടികൾ തുടങ്ങിയവ ചട്ടിയിലല്ലാതെ കുറിയറിലെത്താം. ഇവ നടാൻ പ്രത്യേക മിശ്രിതം നേരത്തേ തയാറാക്കി വയ്ക്കുക.
∙ കരി, ഓട് തുടങ്ങിയവയുടെ കഷണങ്ങൾ വെയിലിൽ ഉണക്കി അണുമുക്തമാക്കുക. ഇവയിലാണു ഡെൻഡ്രോബിയം, ഫലനോപ്സിസ് തുടങ്ങിയ ഓർക്കിഡ് ഇനങ്ങൾ നടേണ്ടത്. മറ്റുള്ളവയ്ക്കു നീർവാർച്ചയുള്ള മിശ്രിതമാണു വേണ്ടത്. ഡെൻഡ്രോബിയം തൈകളുടെ വേരുകൾ ചകിരിത്തൊണ്ടിന്റെ കഷണങ്ങൾ കൊണ്ടു പൊതിഞ്ഞു ലഭിക്കാറുണ്ട്. ഇവ നീക്കാതെ തന്നെ ചട്ടിയിലേക്കു നടാം. സിങ്കോണിയം, ഫിലോഡെൻഡ്രോൺ, അലോകേഷിയ, അഗ്ളോനിമ തുടങ്ങിയ ഇലച്ചെടികളുടെയും തൈകൾ ജിഫി പ്ലഗ്ഗിലോ തീരെ ചെറിയ നെറ്റ്പോട്ടിലോ നട്ട രീതിയിലാകും ലഭിക്കുക. ഇവ ഉൾപ്പെടെ മിശ്രിതത്തിലേക്കു മാറ്റി നടാം.
∙ചട്ടിയിലേക്കു മാറ്റി നട്ട ചെടി ഒരാഴ്ചയോളം ഭാഗികമായി തണൽ കിട്ടുന്നിടത്തു വയ്ക്കുക. ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം സ്ഥിരമായി പരിപാലിക്കുന്നിടത്തേക്കു മാറ്റി വയ്ക്കാം.
∙ ചിത്രങ്ങൾ കണ്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയോ സോഷ്യൽ മീഡിയ പേജുകളിലൂടെയോ ചെടികൾ വാങ്ങുന്നവർ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. അേത പ്ലാറ്റ്ഫോമിലൂടെ മുൻപു ചെടി വാങ്ങിയവരുടെ അനുഭവങ്ങൾ വായിച്ചു നോക്കാൻ മറക്കേണ്ട.