ADVERTISEMENT

മലയാള കഥയുടെ കുലപതി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകം ഒരു ‘ചിത്രകഥ’യാണ് – ‘ദയ’. ചിത്രകഥയെന്നു പറഞ്ഞത് വെറുതേയല്ല – ഒരു ഗ്രാഫിക് ആഖ്യാനത്തിന്റെ സ്വഭാവത്തിലൂന്നി, പുസ്തക നിർമിതിയുടെ സൗന്ദര്യസങ്കൽപ്പങ്ങളെ സ്വാംശീകരിച്ചാണ് പ്രസാധകരായ എച്ച് ആൻഡ് സി ബുക്സ് ബഹുവർണപ്പൊലിമയിൽ ഈ കൃതി തയാറാക്കിയിരിക്കുന്നത്. വായനയ്ക്കൊപ്പം കാഴ്ചയും ചേരുന്നതിന്റെ ഭംഗി ആവോളമുണ്ട്. കമനീയമായ കടലാസ്സും അച്ചടിയും. ചിത്രങ്ങളുടെ മനോഹാരിതയെ പരുക്കേൽപ്പിക്കാത്ത ലിപി വിന്യാസം. ഒരു ചിത്രപുസ്തകം എന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളുന്ന നിർമിതി – ഇതൊക്കെയാണ് ‘ദയ’!

വായിക്കുക എന്നതിനപ്പുറം കാണാനും സൂക്ഷിക്കാനുമുള്ള ഒരു കലാവസ്തു കൂടിയാണ് പുസ്തകങ്ങൾ. മനോഹരമായ പുറംചട്ട, ലിപി വിന്യാസം, ചിത്രീകരണം, വലുപ്പം, നിർമിതി എന്നിങ്ങനെ എന്തു പരീക്ഷണത്തിനുമുള്ള സാധ്യതകൾ ഓരോ പുസ്തകവും കരുതി വയ്ക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ‌ മലയാളത്തിലെ മുഖ്യധാരാപ്രസാധകർ പലപ്പോഴും അത്തരം നീക്കങ്ങളിൽ അത്ര തൽപരരല്ല. അതേ സമയം സമാന്തര പ്രസാധകരിൽ പലരും അതിശയിപ്പിക്കുന്ന പുതുമകള്‍ പ്രസാധനത്തിൽ സാധ്യമാക്കുന്നുമുണ്ട്. പുസ്തകനിർമിതിയുടെ ഇത്തരം സൗന്ദര്യ സങ്കൽപ്പങ്ങളിലാണ് ‘ദയ’ പ്രധാനമായും ഊന്നുന്നത്.

ADVERTISEMENT

ദയ ടി. പത്മനാഭന്റെ ഒരു ചെറിയ കഥയാണ്. ‘കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍‌ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍ കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ’ എന്നു പ്രസാധകർ കുറിക്കുന്നത് കൃത്യമാണ്.

tpadmanabhan

ഒരു കുഞ്ഞ് സന്ദർഭമാണ് ദയയിൽ ഇതള്‍ വിരിയുന്നത്. പക്ഷേ, ആ ചെറിയ മാത്രയിൽ വിടരുന്ന മാനുഷിക മൂല്യങ്ങളുടെ വലുപ്പം പരിധിയില്ലാത്തതാണ്. മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ കാരുണ്യവിനിമയത്തിന്റെ ഇടപാടുകൾ ഈ കഥ കൃത്യമായി അടയാളപ്പെടുത്തുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT