മലയാളത്തിന്റെ പ്രിയഗായികയാണ് ആശാലത. റേഡിയോ ജോക്കി എന്ന നിലയിലും പ്രശസ്ത. 1985 ൽ, ‘ഒഴിവുകാലം’ എന്ന സിനിമയിൽ, ജോൺസൺ സംഗീതം പകർന്ന ‘ചൂളം കുത്തും കാറ്റേ’ എന്ന ഗാനം ആലപിച്ചാണ് ആശാലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയത്. തുടർന്ന്, സിനിമയിൽ അൻപതോളം ഗാനങ്ങൾ ആലപിച്ചു. പ്രഗത്ഭരായ സംഗീത സംവിധായകർക്കും ഗായകർക്കുമൊപ്പം പ്രവർത്തിച്ചു. ഇപ്പോഴിതാ, ആശാലതയുടെ ആത്മകഥ ‘ഏകരാഗം’ വായനക്കാരിലേക്കെത്തിയിരിക്കുന്നു. തന്റെ സംഗീത ജീവിതവും വ്യക്തി ജീവിതവുമാണ് ‘ഏകരാഗം’ എന്ന പുസ്തകത്തിലൂടെ ആശാലത അടയാളപ്പെടുത്തുന്നത്.
‘ആശാലതയുടെ ഈ ആത്മകഥ വായിച്ചു കഴിയുമ്പോൾ ജീവിതത്തെ അതു നല്‍കുന്ന എല്ലാ അനുഭവത്തോടെയും ഇരുകൈയും നീട്ടി സ്വീകരിക്കാൻ കഴിയുന്ന ഒരു ഉള്ളം നമുക്കു സമ്മാനിക്കാതിരിക്കില്ല. ജീവിതത്തിലെ പ്രതിസന്ധികൾ മാറി പ്പോകട്ടെ എന്നു പറയുന്നതിനു പകരം ആ പ്രയാസങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ സ്വീകരിച്ച് ഉഷാറായി ജീവിക്കാൻ
ആശേച്ചിയുടെ ജീവിതകഥ നമുക്ക് പ്രചോദനമാകുക തന്നെ ചെയ്യും’ എന്ന് അവതാരികയിൽ ഷൗക്കത്ത് കുറിക്കുന്നു.
ആത്മകഥയെഴുതണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നാണ് ആശാലത പറയുന്നത്.
‘ഒഴിഞ്ഞൊരു വെള്ളക്കടലാസിന്റെ താളുപോലെ, ചിദാകാശം പോലെ, തെളിമയാർന്നൊരു ജീവിതം. ആ ജീവിതത്തിന് അടയാളങ്ങളോ, സ്മാരകങ്ങളോ വേണ്ടെന്നായിരുന്നു വിചാരം. ജീവിച്ച ജീവിതം സാക്ഷാത്കരിച്ച നന്മകളും സേവനങ്ങളും ചെറുചെറു പുണ്യങ്ങളും കൊണ്ട് സഹജീവികൾക്കെല്ലാം ഉപകാരമായിട്ടുണ്ടെങ്കിൽ അതിന്റെ നിറവിൽ പൊലിഞ്ഞുതീർന്നാൽ മതിയെന്നായിരുന്നു ബോധ്യം. ആ ബോധനിറവിലിരിക്കെ ഒരു നീലവെളിച്ചം ഒരു പാതിരാവിൽ ഈയുള്ളവളോട് ഇങ്ങനെ പറഞ്ഞതായി തോന്നി: ‘നിന്നിലെ പ്രകാശരേണുക്കൾ നിന്നിലൂടെ അസ്തമിക്കുകയാണോ വേണ്ടത്, അതോ, നിന്നിലൂടെ നൂറായിരം പേരിലേക്ക് പ്രസരിക്കുകയാണോ വേണ്ടത്? ആത്മപ്രകാശത്തിന്റെ പ്രസാരണം. അതെ, അവയവങ്ങൾ മരണാനന്തരം സഹജീവികൾക്ക് നൽകും പോലെ, എന്റെ ജീവിതാനുഭവങ്ങളുടെ പ്രകാശവർഷങ്ങളെ അക്ഷരാ വയവങ്ങളായി ഇതാ നിങ്ങൾക്ക് സമർപ്പിക്കുന്നു. നിങ്ങളിലൂടെ എന്റെ യും ആത്മബോധത്തിന്റെ നറുനിലാവ് ഈ പ്രപഞ്ചത്തിൽ സാഫല്യാമൃ തമായി അലിഞ്ഞുചേരട്ടെ. സുശാന്തം, സുദീപ്‌തം, സുസ്ഥിരം’.– ആശാലത പറയുന്നു.
‘ഗ്രാമീണഗാനങ്ങൾ റിലീസായി. പത്രത്തിൽ തരംഗിണിയുടെ പര സ്യം വന്നു. കണ്ടപ്പോൾ ഹൃദയം തുടിച്ചു. ‘തരംഗിണി പരിചയപ്പെടു ത്തുന്ന നവവശ്യനാദം: ആശാലത’. അന്നത്തെ ഒരു പതിനേഴുകാരി യുടെ ഹൃദയം നിറച്ച ആനന്ദവാക്യമായിരുന്നു അത്. ഞാനത് മുറിച്ചെടുത്ത് സൂക്ഷിച്ചു.
ഏകദേശം അതേസമയംതന്നെ ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസിന് വേണ്ടി പി.വി. ഗംഗാധരേട്ടൻ നിർമ്മിച്ച് പി. പത്മരാജന്റെ കഥയിൽ ഭരതൻ സാർ സംവിധാനം ചെയ്‌ത ഒഴിവുകാലം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ജോൺസൺ സാറായിരുന്നു സംഗീതസംവി ധായകൻ. സ്വന്തം പടമായതുകൊണ്ട് ഗംഗേട്ടൻ എന്നെ ജോൺസൺ സാറിന് പരിചയപ്പെടുത്തി. അങ്ങനെയാണ് പതിനേഴാം വയസ്സിൽ എന്റെ ജീവിതത്തിൽ പിന്നണിഗായികയെന്ന നിലയിലുള്ള ആദ്യ സിനിമാഗാനം ഞാൻ ആലപിക്കുന്നത്. ‘ചൂളംകുത്തും കാറ്റേ’ എന്നു തുടങ്ങുന്ന ഗാനം.

ഇപ്പോൾ, മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചൂളം വിളി യുടെ മധുരമുള്ള ആ പാട്ടും പാടി രംഗപ്രവേശം ചെയ്തിട്ട് മുപ്പത്തി യേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കൗമാരത്തിൻ തരളതനാവി ൻ തുമ്പിൽ കുസൃതി തീർക്കുന്ന കാലത്തായിരുന്നു ആദ്യമായി സിനിമ യ്ക്കുവേണ്ടി പാടിയത്. അച്ഛൻ അന്തരിച്ചിട്ട് രണ്ടു വർഷം ആകുന്നതേ യുണ്ടായിരുന്നുള്ളൂ. ആ വേദനകൾക്കിടയിലും അച്ഛന്റെ പ്രതീക്ഷകൾ ആത്മാവിന്റെ തുഞ്ചത്തിരുന്ന് കുയിൽനാദമുതിർക്കുകയായിരുന്നു’.– പുസ്തകത്തിലെ ‘തരംഗിണി പരിചയപ്പെടുത്തിയ നവവശ്യനാദം’ എന്ന ഭാഗത്തിൽ ആശാലത എഴുതുന്നു.
പട്ടാമ്പി ലോഗോസ് ബുക്സ് ആണ് ‘ഏകരാഗം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.