മലയാളത്തിലെ ശ്രദ്ധേയ നോവലിസ്റ്റും കഥാകൃത്തുമാണ് കരുണാകരൻ. അദ്ദേഹത്തിന്റെ ഏറെ ചർച്ചയായ കഥകളിലൊന്നാണ് ‘കപ്പൽച്ചേതം’. ഇപ്പോഴിതാ, ഈ രചനയുൾപ്പടെ കരുണാകരന്റെ സമീപകാല കഥകളുടെ സമാഹാരം അതേ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ‘കപ്പൽച്ചേതം’എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ, ‘കപ്പൽച്ചേതം’ എന്ന കഥയുടെ രചനാവഴികളെക്കുറിച്ച് കരുണാകരൻ എഴുതുന്നു –
കഥകളെ വീണ്ടെടുക്കുക മാത്രമാണ് കഥാകൃത്തുക്കൾക്ക് ചെയ്യാനുള്ളതെങ്കിൽ, എങ്കിൽ തങ്ങളുടെ അനവധി ജന്മങ്ങളുമായി അവരെ കാത്തിരിക്കുക ഒന്ന് മാത്രമാണ് കഥകൾക്ക് ചെയ്യാനുള്ളത്. ഒരു കഥയും ഒരിക്കലും ഒരൊറ്റ ജന്മം കൊണ്ട് ആർക്കും പിടി കൊടുത്തിട്ടില്ല. എന്റെയും യാത്രകൾ അതാണ്. കഥകൾ തിരഞ്ഞ് ഞാനെന്റെ ഉറക്കത്തിലേക്ക് യാത്രകൾ നടത്തുന്നു. മരണ സമാനമായ ഒരു നിശ്ചലതയിൽ മറ്റൊരു ഭൂഖണ്ഡം പോലെ തെളിയാൻ തുടങ്ങുന്ന സ്വപ്നങ്ങളിലേക്ക് ഞാൻ ഉറ്റുനോക്കുന്നു. ചിലപ്പോൾ തിരിച്ചുവരുന്നു. ചിലപ്പോൾ നഷ്ടപ്പെട്ട ആരെയോ ഉപേക്ഷിച്ച് എന്നപോലെ മടങ്ങുന്നു. പക്ഷേ, തിരിച്ചു വരുന്നു.
ഈ കഥ, ‘കപ്പൽച്ചേതം’, ആദ്യം പ്രത്യക്ഷപ്പെട്ടത് കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ കണ്ട ഒരു മരണത്തിൽ നിന്നാണ്. ഒരു യുവതി ഇരുപത്തി നാല് നിലകളുള്ള ഒരു കെട്ടിടത്തിന്റെ പതിനെട്ടാമത്തെ നിലയിൽ നിന്നും വീഴുന്നു. ഒരു ഉച്ചയ്ക്ക്. കാക്കകളുടെ പേടിപ്പെടുത്തുന്ന കരച്ചിലിലേയ്ക്ക് ആ വീഴ്ച്ച, അതിന്റെ ഒരേയൊരു ഒച്ച, അതിലും വേഗം മായുന്നു. ഞാൻ കാണുന്നത് ആ പെൺ ശരീരത്തെ മുഴുവനും മറച്ച് കമിഴ്ന്നു കിടക്കുന്ന ഒരു പുരുഷനെയാണ്. ഹിംസ പൂഴ്ന്ന് നിൽക്കുന്ന ഒരു വലിയ മൗനം അയാളുടെ ശരീരത്തിൽ മുഴുവനും ഉണ്ടായിരുന്നു. ദിവസങ്ങളോളം ആ കാഴ്ച എന്നെ സങ്കടപ്പെടുത്തുകയും അതിനേക്കാൾ നിസ്സഹായനാക്കുകയും ചെയ്തു.
‘കപ്പൽച്ചേതം’ എന്ന കഥയുടെ അന്ത്യം ആ കാഴ്ചയുടെ ഓർമ്മയാണ്. കഥയിലെ ഒരേയൊരു ‘യാഥാർഥ്യ’വും അതാണ്. തീർച്ചയായും, പുസ്തകങ്ങളുമായി കടലിലൂടെ ഭൂമിയിലെ വലിയ തുറമുഖങ്ങളിൽ എത്തുന്ന കപ്പൽ ഇതിനുമുമ്പ് കടലിലും എന്റെ ഭാവനകളിലും ഉണ്ടായിരുന്നു. കഥ, അങ്ങനെ, ഒരു അടിയന്തര ആവശ്യത്തിൽ നിന്ന് വർഷങ്ങളുടെ പിറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ഒരു വൈകുന്നേര നടത്തത്തിൽ കഥയുടെ ആദ്യത്തെ വരികളിൽ എത്തുകയും ചെയ്തു: 1979 സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ആഴ്ച്ചയിലെ ചൊവ്വാഴ്ച്ച ബോംബെ തുറമുഖത്ത് MV LOGOS HOPE എന്ന് പേരുള്ള ഒരു കപ്പൽ, പുസ്തകങ്ങൾ മാത്രമുള്ള ഒരു വലിയ ശേഖരവുമായി അണഞ്ഞു.
കഥകൾ ഞാൻ എഴുതുന്നത് സ്വപ്നങ്ങൾ എന്നെ ഉപേക്ഷിക്കുന്നു എന്ന് തോന്നുമ്പോഴാണ്. അല്ലെങ്കിൽ, ഓരോ ഉറക്കവും ഒരു സ്വപ്നവുമായി എന്റെ രാത്രികളിൽ പതുങ്ങി കിടക്കുന്നു. മൃഗമോ മനുഷ്യനോ എന്ന് വെളിപ്പെടുത്താത്ത ഒരു ജീവി, അതുമല്ലെങ്കിൽ ഒരു ചലനം, അങ്ങനെയാണ് സ്വപ്നങ്ങൾ എന്നെ സന്ദർശിക്കുന്നത്. ഈ കഥയും അതിനാൽ ഒരു സ്വപ്നത്തിന്റെ ഘടന സ്വീകരിക്കുന്നു. സ്വപ്നത്തിന്റെ ഘടന എന്നാൽ നമ്മൾ വാമൊഴിയിൽ, അതിന്റെ അപരിചിതത്വത്തിൽ, അവരെ ജീവിതത്തിൽ ഭാഷ കൊണ്ട് നിർമ്മിക്കുന്നതെന്തോ, അതാണ്. പറഞ്ഞ് പറഞ്ഞ് നേടിയതെന്തോ, അത് എഴുതിയെഴുതി നമ്മൾ നിർമ്മിക്കുന്നു. കഥ പറച്ചിലിൽ നിന്നും കഥയെഴുത്തിലേക്ക് കുടിയേറിയ എല്ലാ കഥാകൃത്തുക്കളും ആ അർത്ഥത്തിൽ അവരുടെ ആദ്യ ജന്മം പോലെ കഥപറച്ചിലുകാരെ ഓർത്തുകൊണ്ടേ ഇരിക്കുന്നു. ഞാനും അതെ. ഈ കഥയും അതെ. ‘കപ്പൽച്ചേത’ത്തിൽ പിന്നെയുള്ളത് കരയും കടലുമാണ്. രണ്ടിനെയും പൂരിപ്പിക്കാൻ ഏകാന്തതയും പുസ്തകങ്ങളും.
പുസ്തകങ്ങളുമായി ലോകം മുഴുവൻ സഞ്ചരിക്കുന്ന കപ്പൽ: എന്റെ ഏകാന്തതയെ അങ്ങനെ ഒരു രൂപകം കൊണ്ടാണ് ഞാൻ നേരിട്ടത്. ഏകാന്തത, പലപ്പോഴും, എന്നെ സ്ത്രീകളുടെ ഓർമ്മകളിലേയ്‌ക്ക് നയിക്കുന്നു. അവരുടെ കരുതൽ, നഷ്ടം, വിരഹം, വേദന, കാമം, നിരാധാരമായ എന്റെ ആൺ-ഉടൽ അവരിലേക്ക് തുഴയുന്നു. കഥയിലെ യുവതി ശരിക്കും ഉണ്ടായിരുന്ന ആളാണ്. എന്റെ ഏകാന്തത പോലെ തന്നെ. ഒരു നഗരം എന്ന് എപ്പോഴും മോഹിപ്പിക്കുന്നു.
‘കപ്പൽച്ചേതം’, നാലോ അഞ്ചോ മാസങ്ങൾ കൊണ്ട് പൂർത്തിയാക്കിയ കഥയാണ്. ഒരു നോവെല്ല, ഒരു നീണ്ട കഥ. ഹ്രസ്വമായ ഒരഭിമുഖീകരണത്തിന്റെ അതിദീർഘമായ, അഥവാ ഒരിക്കലും നിലയ്ക്കാത്ത, അവതരണമായിരുന്നു അത്.