മലയാള സാഹിത്യത്തിലെ നിത്യവിസ്മയം എം.ടി.വാസുദേവൻ നായരുടെ 92 – ാം ജൻമദിനമാണിന്ന്. എം.ടി.യുടെ വിയോഗ ശേഷമുള്ള ആദ്യ പിറന്നാൾ. 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. 2024 ഡിസംബർ 25 – ന് അദ്ദേഹം വിടപറഞ്ഞു. ആ ധന്യമായ ജീവിതം മലയാള സാഹിത്യത്തിനും സിനിമയ്ക്കും പത്രപ്രവർത്തന മേഖലയ്ക്കും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.
ഈ അവസരത്തിൽ, എം.ടി.വാസുദേവൻ നായരുടെ ഭാര്യയും പ്രശസ്ത നർത്തകിയുമായ കലാമണ്ഡലം സരസ്വതി എംടിയൊടൊപ്പമുള്ള ജീവിതയാത്രയെക്കുറിച്ചു മുമ്പ് ‘വനിത’യോട് സംസാരിച്ചത് വീണ്ടും വായിക്കാം.
എന്റെ എം.ടി.
എം.ടി എന്ന രണ്ടക്ഷരം, മലയാളികൾക്കു സാഹിത്യത്തിന്റെ മഹാസാഗരമാണ്: തൊണ്ണൂറ്റിയൊന്നാം പിറന്നാളിന്റെ നിറവിലൂടെ കടന്നു പോകുന്ന എം.ടി. വാസുദേവൻ നായരോടൊപ്പമുള്ള തന്റെ ജീവിതം കലാമണ്ഡലം സരസ്വതി ടീച്ചർക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതും. ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയേ വർത്തമാനം പറയുന്ന ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ നിറമേറും ഓർമകളുടെ എത്രയെയെത്ര സുന്ദര അധ്യായങ്ങൾ.
ഒരു ചെറിയ ആശുപത്രിക്കാലത്തിനു ശേഷം എംടി കോഴിക്കോട്ടെ ‘സിതാര’ എന്ന വീട്ടിലേക്കു മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് സരസ്വതി ടീച്ചർ സംസാരിക്കാനിരുന്നത്. ‘‘ആശുപത്രിയിൽ കഴിയുന്നത് അദ്ദേഹത്തിനു തീരെ ഇഷ്ടമല്ല. ‘എനിക്ക് മടുത്തു...എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചോ... ഇതേ പോലെ അവിടെ ഇരിക്കാം’ എന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. ആ ദിവസങ്ങളിൽ മകൾ അശ്വതിയുടെ ഫോണിന് വിശ്രമമുണ്ടായിരുന്നില്ല. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ആളുകള്‍ വിളിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തോടുള്ള മലയാളികളുടെ സ്നേഹവും കരുതലും ആഴത്തിൽ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
വീട്ടിൽ തിരിച്ചെത്തിയ ശേഷം ദിനചര്യകളില്‍ ചെറിയ മാറ്റങ്ങൾ വന്നു. ബീഡി വലി പൂര്‍ണമായും നിര്‍ത്തി. ചുമ മാറണമെങ്കില്‍ ഈ ശീലം അവസാനിപ്പിച്ചേ പറ്റൂ എന്നു ഡോക്ടര്‍മാര്‍ കര്‍ശനമായി പറഞ്ഞിരുന്നു. അങ്ങനെ അതു സമ്മതിച്ചു.
പുലർച്ചെയുള്ള പതിവുനടത്തം കുറച്ചു കാലമായി ഇല്ല. എന്തൊക്കെയോ കഥകൾ മനസ്സിലുണ്ടെന്നു തോന്നുന്നു. സുഹൃത്തുക്കളോടൊക്കെ അതേക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. ‘മുത്തശ്ശിമാരുടെ രാത്രി’ എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തിനു ശേഷം അദ്ദേഹത്തിന്റെ പുതിയ കൃതികളൊന്നും വന്നിട്ടില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് എഴുത്തിനു തടസ്സം.
എൺപതുകളുടെ തുടക്കത്തിലുള്ള മറ്റൊരു ആശുപത്രിക്കാലമാണ് ഇപ്പോൾ ഓർമ വരുന്നത്. മദ്രാസിൽവച്ചു വയറുവേദന കൂടി എംടി ആശുപത്രിയിലായി. സർജറി വേണ്ടി വന്നു. മിക്ക ദിവസവും പ്രേംനസീർ കാണാൻ വരുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ എത്തിയാൽ വൈകുന്നേരമേ പോകൂ. വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കും.
എംടിക്ക് നസീറിക്കയെ വലിയ ബഹുമാനവും ഇഷ്ടവുമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയേറെ ആസ്വദിച്ചിരുന്നു. ഡിസ്ചാർജായി നാട്ടിലേക്കു മടങ്ങിയപ്പോൾ, ‘ഇതോടെ ആള് പരിശുദ്ധനാകണം’ എന്നു പറഞ്ഞാണ് നസീറിക്കാ യാത്രയാക്കിയത്. അതോടെ എംടി മദ്യപാനം നിർത്തി.’’

നിങ്ങളുടെ എംടി, ഞങ്ങളുടേയും
1977 ലായിരുന്നു ഞങ്ങളുടെ വിവാഹം. കഴിഞ്ഞ 47 വർഷത്തിനിടെ ഞാൻ മനസ്സിലാക്കിയ എംടി നിങ്ങളൊക്കെ മനസ്സിലാക്കിയ അതേ ആളു തന്നെയാണ്. പുറമേയ്ക്ക് എന്ന പോലെ വീട്ടിലും സംസാരം വളരെ കുറവ്. ഞാനാണെങ്കിൽ നന്നായി വർത്തമാനം പറയുന്ന ആളും. മണിക്കൂറുകളോളം ഞങ്ങൾ ഒന്നിച്ചിരുന്നാലും മൂപ്പർക്ക് ഒന്നും പറയാനുണ്ടാകില്ല. ഒടുവിൽ ഞാൻ ചോദിക്കും, ‘ചായ വേ ണോ ?’. അപ്പോൾ ഒന്നു മൂളും. ചായ കൊണ്ടുക്കൊടുത്തിട്ട്, ‘എനിക്ക് ക്ലാസ് ഉണ്ട്. പൊക്കോട്ടേ’ എന്നു ചോദിക്കുമ്പോൾ, ‘ശരി. പൊക്കോ’ എന്നു രണ്ടു വാക്കിൽ മറുപടി. ‘വണ്ടി ഉണ്ടോ? ഡ്രൈവർ ഉണ്ടോ?’ എന്നും അന്വേഷിക്കും. അത് ഇപ്പോഴും എംടിയുടെ ശീലമാണ്, ഞാന്‍ എപ്പോൾ പുറത്തു പോകാനൊരുങ്ങിയാലും വണ്ടിയുടെയും ഡ്രൈവറുടെയും കാര്യം തിരക്കും. മകൾ അശ്വതിയും സംസാരത്തിൽ അച്ഛനെപ്പോലെയാണ്.‘എന്തിനാ മോളേ ഇങ്ങനെ പിശുക്കുന്നത്?’ എന്നു ഞാൻ എപ്പോഴും ചോദിക്കും.
ചില ആളുകളോട് എംടിക്ക് എന്തെന്നില്ലാത്ത അടുപ്പവും സ്നേഹവുമാണ്. അങ്ങനെ അദ്ദേഹം മനസ്സു തുറന്ന് ഇടപഴകുന്നവരിൽ അദ്ദേഹത്തിന്റെ ഏട്ടത്തിയമ്മയും എന്റെ അമ്മയുമൊക്കെയുണ്ടായിരുന്നു.
മൂത്ത സഹോദരൻ എം. ടി. ഗോവിന്ദൻ നായരുടെ ഭാര്യ മാധവിക്കുട്ടി എംടിക്ക് ഏട്ടത്തിയമ്മയായിരുന്നില്ല, അമ്മ തന്നെയായിരുന്നു. അത്ര ഇഷ്ടം. എംടി കൂടല്ലൂരിലെ വീട്ടിലെത്തിയാൽ പിന്നെ ‘വാസൂ... വാസൂ...’ ന്നു പറഞ്ഞ് ഏട്ടത്തിയമ്മ പിന്നാലെ നടക്കും. മകനോടെന്ന പോലെയുള്ള കരുതലായിരുന്നു. ഫോണിലാണെങ്കിലും രണ്ടാളും ഏറെ നേരം സംസാരിക്കും. അപ്പോൾ ചിരിയും തമാശകളുമൊക്കെയുണ്ടാകും.
എെന്‍റ അമ്മയുമായും വളരെ അടുപ്പമായിരുന്നു. അശ്വതിയെ പ്രസവിച്ച ശേഷം ഞാൻ കുറച്ചു കാലം എന്റെ വീട്ടിലായിരുന്നു. എംടി ഇടയ്ക്കു വന്ന് എന്നെയും മോളെയും കാണും. അപ്പോഴൊക്കെ ധാരാളം സമയം അമ്മയോടൊപ്പമിരുന്നു സംസാരിക്കും.
അതുപോലെ മമ്മൂട്ടി. മഞ്ചേരിയിൽ വക്കീലായിരുന്ന കാലത്താണ് മമ്മൂക്ക സിനിമയിൽ അവസരം ചോദിച്ച് ആദ്യം ഈ വീട്ടിലെത്തിയത്. ‘ശരി നോക്കാം’ എന്നായിരുന്നു എംടിയുടെ മറുപടി. വീണ്ടും പല പ്രാവശ്യം വന്നിട്ടുണ്ട്. അഞ്ചു മിനിറ്റ് നിൽക്കും, പോകും. കൂടുതൽ സംസാരമൊന്നുമുണ്ടാകില്ല. പിന്നീട് അവരുടെ സൗഹൃദം ആത്മബന്ധമായി. എം. എം. ബഷീർ മാഷും എം. എൻ. കാരശ്ശേരി മാഷുമൊക്കെയാണ് അടുത്ത മറ്റു സുഹൃത്തുക്കൾ. രണ്ടാളും ഇടയ്ക്കിടെ വരും. വരാൻ പറ്റിയില്ലെങ്കിൽ ഫോണിൽ സംസാരിക്കും. കഴിഞ്ഞ ദിവസവും ബഷീർ മാഷും ഭാര്യ ബി. എം. സുഹറച്ചേച്ചിയും കൂടി വന്നിരുന്നു.
അച്ഛൻ എന്ന കരുതൽ
അശ്വതി കുട്ടിയായിരുന്നപ്പോൾ ഒരു പുഞ്ചിരിയിലോ തലോടലിലോ എംടിയുടെ സ്നേഹപ്രകടനങ്ങൾ ഒതുങ്ങിയിരുന്നു. അവൾ വലുതായി, കോളജിലൊക്കെ പോകാൻ തുടങ്ങിയതോടെയാണു രണ്ടാളും തമ്മില്‍ ധാരാളം സംസാരിക്കാൻ തുടങ്ങിയത്. ഒന്നിച്ചിരുന്നു സിനിമകൾ കാണും, ചർച്ച ചെയ്യും. മോളുടെ കാര്യത്തിൽ എല്ലാക്കാലത്തും വലിയ നിഷ്കർഷയായിരുന്നു. അവളുടെ ഒരു ഇഷ്ടത്തെയും എതിർത്തിട്ടില്ല.
വിവാഹം ആലോചിക്കുന്ന കാലത്ത് അവൾ തുടർന്നു പഠിക്കണം എന്ന ആഗ്രഹം പറഞ്ഞു. അദ്ദേഹം ഒപ്പം നിന്നു. അതിനു ശേഷവും പല പ്രൊപ്പോസൽസും അവൾക്കിഷ്ടമായില്ല. ‘ഇതു വേണ്ട അച്ഛാ’ എന്നു പറയും. അവൾ അപ്പോഴേക്കും നൃത്തത്തിൽ അത്രയേറെ മുഴുകിയിരുന്നു.
മുല്ലശ്ശേരി രാജുച്ചേട്ടന്റെ ഭാര്യ ബേബിച്ചേച്ചിയാണ് ശ്രീകാന്തിന്റെ ആലോചന കൊണ്ടുവന്നത്. എല്ലാ നന്മകളുമുള്ള ഒരു ചെറുപ്പക്കാരൻ. നല്ല നർത്തകൻ. ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളുണ്ടായിരുന്നില്ല. മോൾക്കും താൽപര്യമായി. അവളുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെയാകട്ടെ എന്നായിരുന്നു എംടിയുടെ അഭിപ്രായം.
അവൾക്കൊരു ചേച്ചിയുണ്ടെന്നും സിതാരയെന്നാണ് പേരെന്നും എംടി തന്നെയാണ് അശ്വതിയോടു പറഞ്ഞത്. അന്ന് സിതാരയുടെ വിവാഹ റിസപ്ഷനായിരുന്നു. രണ്ടാളും ഒന്നിച്ചു ചടങ്ങിൽ പങ്കെടുക്കാൻ പോയി. എംടിയും ഞാനും തമ്മിലുള്ളത് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അശ്വതി അറിയുന്നതും അന്നാണ്, അവളുടെ പത്രണ്ടാം വയസ്സിൽ.
‘മോളായിട്ട് ഒരിക്കലും വിട്ടു നിൽക്കരുത്. സിതാരയും അച്ഛന്റെ കുട്ടിയാണ്. നിന്റെ സഹോദരി’ എന്നു ഞാൻ അശ്വതിയോടു പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതവൾ കാത്തു സൂക്ഷിക്കുന്നു. ചേച്ചിയും അനിയത്തിയും തമ്മിൽ നല്ല അടുപ്പമാണ്. സിതാരയെ പാപ്പ എന്നും അശ്വതിയെ വാവ എന്നുമാണ് എംടി വിളിക്കുക. ഇടയ്ക്ക് അച്ഛനും മോളും ഫോണിൽ സംസാരിക്കും. വിശേഷങ്ങളൊക്കെ കൃത്യമായി അറിയും.
എന്റെ ലോകം എെന്‍റ ഭാഗ്യം
എന്റെ ഒരു കാര്യത്തിലും ഇന്നു വരെ എംടി ഇടപെട്ടിട്ടില്ല. ഇപ്പോൾ മകളോടു ചോദിക്കും, ‘അമ്മ ഇങ്ങനെ ചില കാര്യങ്ങൾ പറഞ്ഞു, നീ കൂടെ ഉണ്ടാകില്ലേ’ എന്ന്. പണ്ടു മുതലേ ഞാൻ അങ്ങോട്ടെന്തെങ്കിലും കാര്യങ്ങൾ പറയുകയോ ചോദിക്കുകയോ ചെയ്താൽ ഒരു മിനിറ്റ് ഒന്നും മിണ്ടില്ല. പിന്നെ പറയും,‘ശരി’. അത്രേയുള്ളൂ. ഒരു കാര്യത്തിനും ‘നോ’ പറഞ്ഞിട്ടില്ല, ഒരു തരത്തിലുള്ള പ്രയാസങ്ങളും അ ദ്ദേഹത്തിൽ നിന്നുണ്ടായിട്ടുമില്ല. അതെന്റെ വലിയ ഭാഗ്യവും അനുഗ്രഹവുമാണ്.
എംടി പൊതുവേ വളരെ സോഫ്റ്റ് ആണ്. ദേഷ്യപ്പെടുന്നത് അപൂർവം. നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നത് ഇഷ്ടമല്ല. ‘എനിക്കു മതി. മതിയെന്നു പറഞ്ഞാൽ മതി’ എന്നു പറയും. അത്രേ ഉള്ളൂ. അതോടെ കഴിഞ്ഞു. ഉടൻ എഴുന്നേൽക്കും. എംടി എന്റെ നൃത്ത പരിപാടികൾ കണ്ടിട്ടുണ്ടെങ്കിലും അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല. ഞാനും അങ്ങനെയൊന്നു പ്രതീക്ഷിച്ചിട്ടില്ല, എനിക്കറിയാമല്ലോ സ്വഭാവം. പക്ഷേ, എല്ലാ പിന്തുണയും എക്കാലവും തന്നിട്ടുണ്ട്.
ഞാൻ ഒരു വല്യ വായനക്കാരിയൊന്നുമല്ല. എംടിയുടെ കൃതികളിൽ നാലുകെട്ടും കാലവുമാണ് ഏറെ ഇഷ്ടം. സിനിമകളിൽ സുകൃതവും. അതിന്റെ തിരക്കഥയും ഏറെ ടച്ചിങ് ആയിരുന്നു. എഴുതാൻ പോകുന്ന കഥകളെക്കുറിച്ചോ സിനിമകളെക്കുറിച്ചോ ഒന്നും വീട്ടിൽ ചർച്ച ചെയ്യുക പതിവില്ല.
ക്യാമറയ്ക്ക് മുന്നില്‍ നിൽക്കാൻ വളരെ മടിയുള്ള ആളാണ് എംടി. ചടങ്ങുകൾക്കൊക്കെ ക്ഷണിച്ചാൽ കഴിവതും ഒഴിവാകാനാണ് ശ്രമിക്കുക. പോകേണ്ടി വന്നാലും ഫോട്ടോയിൽ പെടാതെ നോക്കും. പണ്ടൊക്കെ ആരാധകർ വന്ന് ഒപ്പം നിന്നൊരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിക്കും. സമ്മതിക്കും. ഇപ്പോൾ പലർക്കും സെൽഫിയെടുക്കണം. അതു മൂപ്പർക്ക് തീരെ ഇഷ്ടമല്ല. പണ്ട് ഓണത്തിനും വിഷുവിനും നാട്ടിൽ പോയിരുന്നു. നാലു ദിവസം തറവാട്ടിൽ തങ്ങും. അവിടെ സിനിമയും സാഹിത്യവുമൊന്നുമില്ല. പുറത്തേക്കും അധികം ഇറങ്ങില്ല. എല്ലാവരുടെയും വാസുവായി വീട്ടിൽ തന്നെ കൂടും.
ഞങ്ങളുടെ യാത്രകൾ
സിനിമയുടെ തിരക്കഥയെഴുത്തുമായി ബന്ധപ്പെട്ടുള്ള മദിരാശി യാത്രകളിൽ ഞാൻ എംടിയോടൊപ്പം പോയിട്ടുണ്ട്. പാം ഗ്രൂവ് ഹോട്ടലിലെ സ്ഥിരം മുറിയിലാണു തങ്ങുക.
അദ്ദേഹം എഴുതാനിരിക്കുമ്പോൾ ഞാൻ അവിടെയുള്ള ബന്ധുവീടുകളിലൊക്കെ പോകും. മോളെ എന്റെ വീട്ടിൽ ഏൽപ്പിച്ചിട്ടായിരുന്നു ഇത്തരം യാത്രകള്‍. ഇപ്പോൾ അശ്വതിയും ശ്രീകാന്തും യാത്ര പോകുമ്പോൾ മകൻ മാധവിനെ ഞങ്ങളുടെ അടുക്കൽ ആക്കും. ‘മഞ്ഞി’ന്റെ ഷൂട്ടിന് നൈനിറ്റാളിലേക്കു പോകുമ്പോൾ മോളെയും കൂട്ടാമെന്ന് എംടി പറഞ്ഞു. അവൾക്കന്നു മൂന്നു വയസ്സു തികച്ചില്ല. പത്തിരുപതു ദിവസം ഞങ്ങൾ അവിടെയായിരുന്നു. രാവിലെ ഒന്നിച്ചാണ് ലൊക്കേഷനിലേക്കു പോകുക. താമസിക്കുന്ന ഹോട്ടലിന്റെ അടുത്താണ് ഷൂട്ടിങ് എങ്കിൽ, ‘നിങ്ങൾ പതിയെ വന്നാൽ മതി’ എന്നു പറയും. ഞാൻ മോളെയും കൂട്ടി നടന്നു പോകും. ഓർമയിൽ തങ്ങി നിൽക്കുന്ന മനോഹരമായ നിമിഷങ്ങളാണവ. ‘മഞ്ഞ്’ എന്ന സുന്ദര നോവലിലൂടെ എംടി വരഞ്ഞിട്ട പ്രകൃതിയില്‍, അതിന്റെ ഭംഗിയിൽ, മുഴുകിക്കഴിഞ്ഞ പകലിരവുകൾ.
മോള്‍ വലുതായ ശേഷമാണ് ഒന്നിച്ചുള്ള യാത്രകൾ കുറഞ്ഞത്. അവള്‍ പഠനത്തിന്റെ തിരക്കിലായപ്പോൾ ഒറ്റയ്ക്കാക്കി പോകേണ്ട എന്നു തീരുമാനിച്ചു.
വിവാഹത്തിലേക്ക് ആശങ്കകളോടെ
എംടി എഡിറ്റർ ആയിരുന്ന കാലത്ത് നൃത്തവേഷത്തിലുള്ള എന്റെ ഒരു ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവറിൽ വന്നു. വി. പി. ശ്രീധരൻ മാഷാണ് ആ പടമെടുത്തത്. പിന്നീടു മാഷ് വഴി എംടി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന സിനിമയിൽ ഒരു നൃത്ത രംഗത്തും അഭിനയിച്ചു. അക്കാലത്തു ഞാൻ എംടിയുടെ വീട്ടിൽ പോയി ഏഴു വയസ്സുകാരിയായ മകൾ സിതാരയെ നൃത്തം പഠിപ്പിക്കുന്നുമുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് എംടിയുടെ വിവാഹാലോചന വന്നു. എനിക്കാകെ അതിശയമായി. വേണോ വേണ്ടയോ എന്നു കുറേ ചിന്തിച്ചു. എംടിയുടെ രണ്ടാം വിവാഹമാണ്. ഒരു മോളുണ്ട്. അങ്ങനെയൊരു വീട്ടിലേക്കു കയറിച്ചെല്ലുക എന്നത് എങ്ങനെയാകും എന്നൊക്കെയുള്ള ആശങ്കകളായിരുന്നു. പക്ഷേ, എന്റെ ഏറ്റവും വേണ്ടപ്പെട്ട ചിലരാണ് ‘ടീച്ചർ ഒന്ന് ആലോചിക്കൂ...’ എന്നു പറയുന്നത്. അച്ഛന്റെ പെട്ടെന്നുള്ള മരണത്തോടെ കുടുംബത്തിന്റെ ചുമതല ഏറക്കുറെ എന്റെ ഉത്തരവാദിത്വമായി. താഴെ അഞ്ചു സഹോദരങ്ങളുണ്ട്. ചേട്ടൻ വിവാഹിതനായി കുടുംബജീവിതത്തിലേക്കു കടന്നിരുന്നു. നൃത്തം പഠിപ്പിക്കുന്നതിൽ നിന്നു ലഭിക്കുന്ന വരുമാനമേ എനിക്കുള്ളൂ. എല്ലാം കൂടി മുന്നോട്ടു കൊണ്ടു പോകാൻ വലിയ പ്രയാസമാണ്.
അങ്ങനെയൊരു അവസ്ഥയിൽ എംടിയുടെ പിന്തുണ വളരെ ഗുണകരമായിരിക്കുമെന്ന് അവരെല്ലാം പറഞ്ഞു. വിവാഹത്തിനു സമ്മതിച്ചെങ്കിലും ഞാൻ ഒരു ആവശ്യം മുന്നോട്ടു വച്ചു. എംടിയുടെ കുടുംബക്ഷേത്രത്തിൽ വച്ചുതാലികെട്ടണം. അതിനുശേഷം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഗോവിന്ദൻകുട്ടി ചേട്ടന്റെ അടുത്തു പോയി അനുഗ്രഹം വാങ്ങണം. തരപ്പെട്ടാൽ ഒരു ഊണും കഴിക്കണം. ആ കുടുംബത്തിൽ ചെല്ലുക, അവർ എന്നെ സ്വീകരിക്കുക എന്നതാണല്ലോ പ്രധാനം.
ശ്രീധരന്‍ മാഷ് തന്നെ ഇത് എംടിയെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. അങ്ങനെ തന്നെ വിവാഹം നടന്നു. പ്രതീക്ഷിച്ചതിലും ഊഷ്മളമായ സ്വീകരണമാണ് എനിക്കവിടെ കിട്ടിയത്. ആ ദിവസത്തെക്കുറിച്ച് എംടിയുടെ ഏട്ടത്തിയമ്മ ഡയറിയിൽ എഴുതിയത് ഇങ്ങനെയാണ്,
‘1977 ഒക്ടോബർ മുപ്പത്, തുലാം പതിനാല്. ഞായറാഴ്ച. ഇന്ന് എന്റെ വാസുവിന്റെ കല്യാണം (രണ്ടാം വിവാഹം). തറവാട്ടിൽ കൊടിക്കുന്നത്തമ്മയുടെ മുന്നിൽ വച്ചു താലികെട്ടി. വാസുവിന് തറവാട്ടിൽ വച്ചു സദ്യ കൊടുത്തു. ഉച്ചകഴിഞ്ഞ് അവർ കോഴിക്കോട്ടേക്കു തിരികെ പോയി. ഏറെ സന്തോഷം.’
എംടി എന്ന മുത്തശ്ശൻ
അശ്വതിയുടെ മകൻ മാധവുമായുള്ള എംടിയുടെ അടുപ്പം വളരെ ആഴത്തിലാണ്. ആഴ്ചയിൽ രണ്ടു മൂന്നു തവണ അവനെ കണ്ടിട്ടില്ലെങ്കിൽ മൂപ്പർ ബേജാറാകും. ഉടൻ, ‘മാധവൻ എവിടെ ? വന്നില്ലല്ലോ, വിളിക്ക്’ എന്നു പറയും. ഫോണിൽ വിളിച്ചു കൊടുത്താൽ ‘എന്താ നീ വരാത്തേ ? എന്റെ അടുത്തു വാ... മുത്തശ്ശനെ കാണണ്ടേ നിനക്ക്’ എന്നു പരിഭവിക്കും. മാധവ് നന്നായി വായിക്കും. അവൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചും കണ്ട സിനിമകളെക്കുറിച്ചുമൊക്കെ പറയും. അതു വളരെ സന്തോഷമാണ്. അവന്‍ ആവശ്യപ്പെട്ടാൽ കഥകളൊക്കെ പറഞ്ഞു കൊടുക്കും. ‘നീ അവിടെ ഇരിക്ക്. ഞാൻ പറയാം’ എന്നു പറയും. ഞങ്ങൾക്കാർക്കും ഇത്ര കാലത്തിനിടെ പരിചയമില്ലാത്ത മറ്റൊരു എംടിയാണപ്പോൾ. മാധവിന്‍റെ എഴുത്തെല്ലാം ഇംഗ്ലിഷിലാണ്. അതിൽ ചിലതൊക്കെ മുത്തശ്ശനെ കാണിച്ചിരുന്നു. ഇനിയും എഴുതാന്‍ ശ്രമിക്കെന്നാണത്രേ പറഞ്ഞത്.
ആഘോഷങ്ങളോടു പണ്ടും ഇപ്പോഴും അത്ര മമതയില്ല. പിറന്നാളിനു വീട്ടിൽ രണ്ടു നേരം പൂജയുണ്ടാകും. ഭക്ഷണമൊരുക്കും. ഏറ്റവും അടുത്ത കുറച്ചു പേരേ ഉണ്ടാകൂ. നവതി ആയപ്പോൾ അശ്വതി പറഞ്ഞു, ‘എന്റെ ഒരു ആഗ്രഹമാണ്. അച്ഛൻ സമ്മതിക്കണം.’ അങ്ങനെയാണ് ‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ച് സംഘടിപ്പിച്ചത്. അവിടെ വച്ച് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷമുണ്ടെന്നൊന്നും എംടിക്ക് അറിയില്ലായിരുന്നു. എങ്കിലും വലിയ സന്തോഷമായി. അതാണ് അദ്ദേഹം വികാരാധീനനായത്.
മധുരം പങ്കിട്ട്, മമ്മൂക്കയുടെ നെഞ്ചിലേക്കു മുഖം ചേർത്തപ്പോള്‍ സന്തോഷത്താൽ നിറഞ്ഞു എംടി. എന്റെയും മനസ്സ് തുളുമ്പിയ നിമിഷമായിരുന്നു അത്. മോഹൻലാലിന് അന്നു വരാനായില്ല. അദ്ദേഹം ഗുജറാത്തിലായിരുന്നു. ആശംസ അയച്ചു. തൊട്ടു മുൻപുള്ള പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചാണല്ലോ എംടിയോടൊപ്പം പങ്കെടുത്തത്.
എനിക്കറിയാം, എംടിയെ എത്രത്തോളം മലയാളികൾ സ്നേഹിക്കുന്നുണ്ടെന്ന്. ആ ഇഷ്ടവും ബഹുമാനവും അ ദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിൽ ഞാനും ആവോളം അനുഭവിച്ചിട്ടുണ്ട്. ഒന്നേ പറയാനുള്ളൂ, കാരണവൻമാർ ചെയ്ത പുണ്യം, സുകൃതം.’’