ADVERTISEMENT

ചുരുങ്ങിയ കാലത്തിനിടെ മലയാളസാഹിത്യത്തിൽ തന്റെതായ ഇടം നേടിയ കഥാകൃത്താണ് വി. എസ്. അജിത്ത്. ഹാസ്യത്തിന്റെ പുത്തൻ സാധ്യതകൾ പരീക്ഷിക്കുന്ന അജിത്തിന്റെ രചനകൾ സാമൂഹ്യ ജീവിതത്തിന്റെ നേരടയാളങ്ങൾ കൂടിയാണ്. ഇണയില്ലാപ്പൊട്ടന്‍, എലിക്കെണി, പെൺഘടികാരം, ഇന്ന് രാത്രി പതിനൊന്നിന് എന്നീ കഥാസമാഹാരങ്ങൾക്കു ശേഷം തന്റെ ആദ്യ നോവല്‍ ‘കുസുമാന്തരലോലനു’മായി വായനക്കാരിലേക്കെത്തിയിരിക്കുന്നു അജിത്ത്. കുസുമാന്തരലോലന്റെ പശ്ചാത്തലത്തിൽ, തന്റെ സാഹിത്യബോധ്യങ്ങളെക്കുറിച്ച് അജിത്ത് സംസാരിക്കുന്നു.

ആദ്യപുസ്തകം 2022 ഇൽ പുറത്തിറങ്ങിയ ഇണയില്ലാപ്പൊട്ടനായിരുന്നല്ലോ. തുടർന്ന് എലിക്കെണി, പെൺഘടികാരം, ഇന്ന് രാത്രി പതിനൊന്നിന് എന്നീ കഥാസമാഹാരങ്ങൾ. മൂന്ന് വർഷം പിന്നിട്ട് ആദ്യനോവലായ കുസുമാന്തരലോലനിൽ എത്തിനിൽക്കുമ്പോൾ ഈ യാത്രയെ എങ്ങനെ കാണുന്നു ?

ADVERTISEMENT

മൂന്ന് വർഷങ്ങളുടെ ഹ്രസ്വവും ദീപ്തവുമായ യാത്ര സംഭവബഹുലമായിരുന്നു. മിത്രങ്ങൾ, ശത്രുക്കൾ, അഭ്യുദയകാംക്ഷികൾ, കേവലവിരോധികൾ, കുടിപ്പകയുള്ളവർ, അസൂയാലുക്കൾ, ശുദ്ധന്മാർ, ദുഷ്ടന്മാർ, അസഹിഷ്ണുക്കൾ, അറിവാളികൾ, അറിവില്ലാത്തവർ, ദുർവ്യാഖ്യാതാക്കൾ, എലിയും എള്ളും തിരിച്ചറിയാൻ പ്രാപ്തിയില്ലാത്തവർ, ലേഖനവും ഫിക്ഷനും തമ്മിൽ തിരിയാത്തവർ, കരിയറിസ്റ്റുകൾ, പരക്ലേശവിവേകികൾ, പരഹൃദയജ്ഞാനികൾ, ഉപദേശികൾ എന്നിങ്ങനെ എഴുത്തുമേഖലയിൽ നിന്നും ധാരാളം പരിചയങ്ങൾ ഉണ്ടായി. സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കാനും സംസാരിക്കാനും സാധിച്ചു. അബ്ദുൽ റസാഖ് ഗുർണ മുതൽ അപ്പുക്കുട്ടൻ ഗുരുവായൂർ വരെയുള്ള എഴുത്തുകാരെ നേരിൽ കാണാൻ ഭാഗ്യം സിദ്ധിച്ചു. മുൻനിര പ്രസാധകരിലൂടെ പുസ്തകങ്ങൾ ഇറങ്ങി. അങ്ങനെ നോക്കുമ്പോൾ സഫലമീയാത്ര എന്ന് പറയാമെന്ന് തോന്നുന്നു.

കുസുമാന്തര ലോലൻ പുതുമയുള്ള പേരാണല്ലോ ?

ADVERTISEMENT

പഴമയുള്ള എന്നും പറയാം. കുമാരനാശാന്റെ വീണപൂവിൽ നിന്നും കട്ടെടുത്ത വാക്കാണിത്. ആശാൻ മലയാളത്തിന് സംഭാവന ചെയ്ത അമൂല്യരത്നം. പല നിറത്തിലും ഗന്ധത്തിലുമുള്ള നാനാജാതി പൂക്കളെ പ്രണയിക്കുന്നവനാണ് കുസുമാന്തര ലോലൻ. നോവലിലെ ഒരു ഭാഗം ഇങ്ങനെയാണ്.

“അദ്വൈതപത്മം നല്ലൊരാശയമല്ലേ?”

ADVERTISEMENT

“ഒരിക്കലുമല്ല. ഏകശിലാത്മകമാണത്.”

“സഹസ്രാരപത്മമായാലോ?”

“അത് തരക്കേടില്ല. പക്ഷേ ഒരൊറ്റ നിറമാവാൻ പാടില്ല. കുങ്കുമമായാലും !”

“നാനാജാതി പൂക്കൾ തന്നെയാണ് വേണ്ടത് അല്ലേ?”

“അതെ ! ആശാൻ പാടിയ പോലെ;

പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,

പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;

വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ, പൂവാൽ

ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി

മെല്ലെന്നു തെക്കുന്നു വീശുന്നു വായു!”

“അന്തിമേഘങ്ങൾ പോലെ കാടു മുഴുവൻ ചോക്കുന്നതിൽ അങ്ങേക്ക് പരാതിയില്ലെന്നു തോന്നുന്നു..!”

“തമ്മിൽ ഭേദമല്ലേ? മഴവില്ലിനോളം മിഴിവാർന്നതല്ലെങ്കിലും !”

“തെക്കുന്നുവീശുന്ന വായുവിലാണ് സുഗന്ധം എന്നും ?”

“സൗത്ത് ഇന്ത്യയിലാണ് ഇനി പ്രതീക്ഷ !”

ലോകത്തെ എക്കാലത്തെയും മികച്ച നോവലായ ‘ഡോൺ ക്വിക്സോട്ട്’ ഈയിടെ ഒന്നുകൂടി വായിച്ചു. ഹരം കേറിയപ്പോൾ അതിന്റെ പാരഡി എഴുതിയാലോന്ന് ആലോചിച്ചു. മാടമ്പിമാരെക്കുറിച്ചുള്ള പുസ്തകങ്ങൾ മാത്രം വായിച്ച് ‘വട്ടായിപ്പോയ’ വനാണല്ലോ ക്വിക്സോട്ട്. ഒറ്റപ്പുസ്തകം മാത്രം വായിച്ചിട്ടുള്ളവരുടെ ‘idiosyncrasies’ എഴുതാം എന്നു കരുതി. അങ്ങനെയാണ് ബഹുസ്വരതയുടെ ആൾരൂപമായ കുസുമാന്തരലോലനിൽ എത്തിച്ചേർന്നത്.

നോവൽ എന്ന കലാരൂപത്തെക്കുറിച്ച്...?

നാടകം, കഥകളി, ഓട്ടൻതുള്ളൽ, നൃത്തം, ഗാനമേള, കഥാപ്രസംഗം, വിൽപ്പാട്ട് , കൂത്ത്, പ്രഹസനം ഇത്യാദി പെർഫോമിംഗ് ആർട്ടുകൾ അഥവാ സ്റ്റേജിൽ കളിക്കാവുന്ന കലകൾ അരങ്ങുവാണിരുന്ന കാലത്താണ് സവിശേഷമായ പുതുമയുമായി (നോവൽറ്റിയുമായി) നോവൽ എന്ന സാഹിത്യരൂപം കടന്നു വരുന്നത്. ഏകാകിയായ വായനക്കാരനുമായി ഒറ്റയ്ക്ക് സംവദിക്കുന്നു എന്നതാണ് ആ സവിശേഷത. ഇവിടെ അനുവാചകനും കലാസൃഷ്ടിയും മാത്രമേയുള്ളൂ. ആൾക്കൂട്ടമില്ല. ബന്ധുക്കളില്ല. അമ്മയും മക്കളും എന്ന ജാള്യമില്ല. സുജനമര്യാദയോർത്ത് എന്തെങ്കിലും മറച്ചുപിടിക്കേണ്ടി വരുന്നില്ല. ഭാര്യയും മക്കളും അപ്പാപ്പനും അമ്മച്ചിയും ഒരുമിച്ചിരുന്ന് കാണാൻ പറ്റിയ ‘സദാചാരകുടുംബസിനിമ’ എന്ന ബാധ്യത വരുന്നില്ല. സെൻസർബോർഡിന്റെ ആവശ്യമില്ല. മനുഷ്യാവസ്ഥകളുടെ എല്ലാ സൂക്ഷ്മതകളും വൈചിത്ര്യങ്ങളും വൈരുധ്യങ്ങളും ഒപ്പിയെടുക്കാൻ നോവലിന് ശേഷിയുണ്ട്. അത് വായനക്കാരന്റെ മനസ്സിന്റെ കണ്ണാടി തന്നെയാണ്. 1783-1842 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫ്രഞ്ച് നോവലിസ്റ്റ് സ്റ്റെന്താൾ നോവലിനെ പാതയിലൂടെ കൊണ്ടു പോകുന്ന നിലക്കണ്ണാടിയോട് ഉപമിച്ചിട്ടുണ്ട്. അതിൽ പതിയുന്നതൊക്കെ ദർപ്പണം നമുക്ക് കാട്ടിത്തരും എന്ന് പറയാം. ഇന്ന് 2025 ഇൽ എത്തി നിൽക്കുമ്പോൾ മൈക്രോസ്കോപ്പ്, ടെലസ്കോപ്പ്, കാലിഡോസ്കോപ്പ്, റിയർവ്യൂ മീറ്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, എസ് എൽ ആർ ക്യാമറ, മൊബൈൽഫോൺ എന്നിവയിലെല്ലാം വ്യത്യസ്തവും സങ്കീർണ്ണവുമായ ദൗത്യങ്ങൾ നിർവഹിക്കുന്ന കണ്ണാടികളുണ്ട്. ഫോക്കൽ ലെങ്തും അപ്പർച്ചറും ഷട്ടർസ്പ്പീടും മാറ്റാൻ പറ്റുന്നവ. അവയെല്ലാം ജീവിതത്തിന്റെ വൈരുധ്യങ്ങൾ ആവിഷ്കരിക്കുന്നുമുണ്ട്. അതിനാലാവാം നോവലിന് പേര് സൂചിപ്പിക്കുന്ന പോലെ എന്നും പുതുമയുള്ളത്. ശ്ലീലാശ്ലീലങ്ങളുടെയോ കപടസദാചാരത്തിന്റെയോ വിലക്കുകളിലാതെ അത് തുടർന്നും ഏകാകിയായ വായനക്കാരനോട് സംവദിച്ചുകൊണ്ടിരിക്കും.

കുസുമാന്തര ലോലൻ എന്ന നോവലിന്റെ അവതാരികയിൽ ‘ഇവിടെ ഒരു നോവലിൽ നിന്ന് മറ്റൊരു നോവൽ പൂവിൽ നിന്ന് പൂവെന്ന പോലെ ഉണ്ടാകുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു അനുഭവം ഇല്ല!’ എന്ന് ഇ പി രാജഗോപാലൻ മാഷ് സൂചിപ്പിക്കുന്നുണ്ടല്ലോ. ആ പൂവാണോ ലോലന്റെ ഈ കുസുമം?

എസ്. കെ പൊറ്റെക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്ന വിഖ്യാതകൃതിയിലെ കേന്ദ്രകഥാപാത്രത്തിന്റെ സങ്കല്പിക ബന്ധു ഈ നോവലിലേക്ക് കടന്നു വരുന്നുണ്ട്. ഈ നോവലിനുളളിൽ മറ്റൊരു നോവലിന്റെ രചന നടക്കുന്നുമുണ്ട്. ‘പരിണാമഗുസ്തി’ യെ അഥവാ നിർവഹണസന്ധിയെ ബാധിച്ചേക്കും എന്നതുകൊണ്ട് കൂടുതൽ വിശദമാക്കുന്നില്ല. ആ പൂവാണോ ലോലന്റെ ഈ കുസുമം എന്നത് താങ്കൾ ചോദിച്ചപ്പോഴാണ് ഞാനും അതാലോചിക്കുന്നത്. അങ്ങനേം പറയാമെന്ന് തോന്നുന്നു.

കുസുമാന്തരലോലൻ എന്ന നോവൽ എഴുതുമ്പോൾ ഡോൺക്വിക്‌സോട്ടിന്റെ പ്രേതം അജിത്തിനെ പിടികൂടി എന്ന് പറഞ്ഞാൽ വിയോജിക്കില്ലല്ലോ ?

നോവൽ എഴുതുമ്പോൾ മാത്രമല്ല സദാ അതെന്റോടൊപ്പമുണ്ട്. ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതിയാണല്ലോ സെർവാന്തസിന്റെ ഡോൺ ക്വിക്‌സോട്ട്. അത് ആദ്യം വായിച്ചപ്പോൾ തന്നെ പ്രേതം പിടികൂടിയിരുന്നു. ഈയിടെ വീണ്ടും വായിച്ചതോടെ പ്രേതം മുറുകി. ക്വാണ്ടം സൂപ്പർപൊസിഷൻ എന്ന പ്രതിഭാസത്തെ വിശദീകരിക്കുന്ന ചിന്താപരീക്ഷണമായ ‘ഷ്രോഡിൻഗറുടെ പൂച്ച’ ഒരേ സമയം ചത്തും ജീവിച്ചും നിലകൊള്ളുന്നതുപോലെ എന്നിലെ ക്വിക്‌സോട്ട് സദാ ചത്തും ജീവിച്ചും ഇരിക്കുന്നു. രാക്ഷസന്മാരാണെന്ന് നിനച്ച് കാറ്റാടിയന്ത്രത്തോട് യുദ്ധം ചെയ്യുന്നത് ഞാൻ തന്നെ. അതിന്റെ മണ്ടത്തരരം ഓർത്ത് പൊട്ടിച്ചിരിക്കുന്നതും ഞാൻ തന്നെ. വേലിപ്പത്തലും കൊണ്ട് സിംഹത്തിനോട് മല്ലിടാൻ പോയിട്ട് വിശപ്പില്ലാത്തോണ്ട് സിംഹം വെറുതെ വിടുമ്പോൾ ‘സിംഹങ്ങങ്ങളുടെ മാടമ്പി’ എന്ന് സ്വയം വിളിക്കാനും അതിന്റെ പരിഹാസ്യതയോർത്ത് ചിരിക്കാനും എനിക്ക് പറ്റുന്നുണ്ട്. ഒരു ‘മാന്ത്രികന്റെ ഇടപെടൽ’ സദാ നടക്കുന്നുണ്ട് എന്ന് സാരം.

അജിത്തിന്റേതായി പെൺഘടികാരം എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നല്ലോ. ഈ പേരിന്റെ രഹസ്യം?

തീമാറ്റിക് ആയ വർക്കാണത്. സമാഹാരത്തിലെ പത്തൊൻപത് കഥകളിലും പെൺമനഃശാസ്ത്രമോ സ്ത്രീ ജീവിതമോ പാട്രിയാക്കൽ സിസ്റ്റത്തിൽ സ്ത്രീയനുഭവിക്കുന്ന ദുരിതമോ ധീരയും മോഡേണുമായ വനിതയുടെ ലിബറേഷനോ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. പെൺജീവിതത്തിൽ ഘടികാരത്തിനുള്ള സ്ഥാനം വെളിവാക്കുന്ന കഥയാണ് പെൺഘടികാരം. അതിൽ ചാന്ദ്രമാസവുമായി ബന്ധപ്പെട്ട ചാക്രികമായ ഘടികാരചലനമുണ്ട് , ആണധികാര കുടുംബവ്യവസ്ഥയുമായി ബന്ധപ്പെട്ട (പാചകത്തിന്റെയും വീട്ടുജോലികളുടെയും) ഘടികാരവ്യവസ്ഥയുണ്ട്. ഏഴ്, പതിനാല്, ഇരുപത്തൊന്ന് എന്നിങ്ങനെ ഓരോ ഏഴ് വയസ്സ് കൂടുമ്പോഴും ഉണ്ടാകുന്ന മനോഭാവവ്യതിയാനമുണ്ട്. നാൽപ്പത്തിരണ്ട് വയസ്സ് എന്നത് ഒരു പാരഡൈം ഷിഫ്റ്റിലേക്ക് നയിക്കുന്ന ദശാസന്ധിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

പെൺഘടികാരം എഴുതിയ പുരുഷൻ എന്ന നിലയ്ക്ക് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

അവളവൾ ജോലി ചെയ്ത് സമ്പാദിക്കുന്ന രൂപയുടെ പുറത്തുള്ള വിനിമയാവകാശമാണ് പ്രധാനം. അത് സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കാനും സ്വേച്ഛാപൂർവ്വം ഉപയോഗിക്കാനും സാധിക്കണം. ബാക്കിയെല്ലാം ക്രമേണ ശരിയാക്കാം. സ്വന്തം സാലറി വരുന്ന എ ടി എം കാർഡ് ഹസ്ബന്റിന് അടിയറവു വച്ചിട്ട് അഞ്ഞൂറ് രൂപയ്ക്കുവേണ്ടി യാചിക്കുന്ന നിരവധി വനിതകളെ അറിയാം. അതുകൊണ്ട് പറഞ്ഞതാണ്. രണ്ടാമതൊരു കാര്യം കൂടി ചോദിച്ചാൽ ‘അല്ലിക്ക് ആഭരണമെടുക്കാൻ ഞാൻ കൂടി പൊയ്ക്കോട്ടേ?’ എന്ന് അപേക്ഷ സമർപ്പിക്കുന്നതിന് പകരം ‘ഞാൻ കൂടി പോകുന്നു’ എന്ന ഇൻഫർമേഷൻ നൽകാൻ സാധിക്കണം. ഓഫീസ് വിട്ടിട്ട് താൻ കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയിട്ട് ലേറ്റായേ വരൂ എന്ന മുന്നറിയിപ്പ് കെട്ടിയവന്മാർ നൽകാറുള്ളത് പോലെ.

എഴുത്തു വഴിയിൽ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്?

പ്രധാനപ്പെട്ട ഒന്ന് മാത്രം പറയാം. എന്റെ ജോണർ സറ്റയർ അഥവാ ഉപഹാസം ആണെല്ലോ. മനുഷ്യന്മാരുടെ ഹാസ്യബോധം തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അസഹിഷുതയാണ് ഇപ്പോൾ മെയിൻ. അത് രാഷ്ട്രീയവും മതപരവും മാത്രമല്ല വൈയക്തികവുമാണ്. ഫിക്‌ഷനും പത്രവാർത്തയും തമ്മിൽ തിരിച്ചറിയാനുള്ള കഴിവ് മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

‘നോക്കെടാ നമ്മുടെ മാർഗ്ഗെ കിടക്കുന്ന മർക്കടാ നീയങ്ങു മാറിക്കിടാ ശ്ശെടാ..

ദുർഗ്ഗട സ്ഥാനത്തു വന്നു ശയിക്കുവാൻ നിനക്കേടാ തോന്നുവാനെന്തെടാ സംഗതി’

എന്ന് കുഞ്ചൻ നമ്പ്യാർക്ക് ഇന്ന് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. മർക്കടാന്ന് വിളിച്ചത് അപ്പുറത്തെ വീട്ടിലെ സുരേന്ദ്രൻസാറിനെയാണെന്ന് തെറ്റിദ്ധരിച്ച് വഴക്കിടാൻ വരുന്ന ദുരവസ്ഥയുണ്ട്. ‘ഇതെന്നെയാണ്..! എന്നെത്തന്നെയാണ്…! എന്നെമാത്രം ഉദ്ദേശിച്ചാണ്…! എന്നൊരു ജഗതിയൻ കോംപ്ലക്സ്.

കുസുമാന്തര ലോലൻ എന്ന നോവലിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?

എന്തെങ്കിലും ഉപദേശമോ സന്ദേശമോ നല്‍കാൻ ഉദ്ദേശിച്ച് പ്രോപ്പഗണ്ട അഥവാ ആശയപ്രചാരണ ലൈനിൽ എഴുതേണ്ടുന്ന ഒന്നാണ് സാഹിത്യം എന്ന് കരുതുന്നില്ല. വായനയുടെ ആനന്ദവും ഹർഷവും പകർന്നു നൽകുകയാണ് വേണ്ടത്. മദ്യവും ഇതര മയക്കുമരുന്നുകളും പോലുള്ള വസ്തുക്കൾക്ക് ബദലായി മനുഷ്യർ വായനയുടെ ലഹരിയിലേക്ക് വരട്ടെ. ലാവണ്യാനുഭൂതിക്കൊപ്പം അപരജീവിതങ്ങളും ഇതരസാധ്യതകളും പരിചയപ്പെടുക വഴി സ്നേഹം, അനുകമ്പ, പുച്ഛരാഹിത്യം, പരഹൃദയജ്ഞാനം, രാഷ്ട്രീയാവബോധം തുടങ്ങിയ നന്മകൾ താനെ ആർജ്ജിച്ചു കൊള്ളും. അതൊരു ജൈവിക പ്രക്രീയയാണ്. കൃത്രിമമായി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല.

ADVERTISEMENT