പുള്ളിക്കറുപ്പൻ, മരിപ്പാഴി എന്നീ നോവലുകളിലൂടെ മലയാളി വായനക്കാർക്കു സുപരിചിതമായ പേരാണ് മധുശങ്കർ മീനാക്ഷി. കവി, കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് കഥകളുടെ സമാഹാരമായ ‘തെമ്മാടിക്കുഴി’. ഈ കൃതിയുടെ പശ്ചാത്തലത്തിൽ മുരളി വാണിമേൽ മധുശങ്കർ മീനാക്ഷിയുമായി സംസാരിക്കുന്നത് വായിക്കാം –
വൈയ്യക്തികനുഭവങ്ങളെ, സാധാരണ ജീവിത സന്ദർഭങ്ങളുടെ നൂലിൽ കോർത്ത് അസാധാരണമാക്കുന്ന രാസവിദ്യ കൈമുതലാക്കിയ എഴുത്തുകാരനാണ് മധുശങ്കർ മീനാക്ഷി. പുള്ളിക്കറുപ്പൻ, മരിപ്പാഴി എന്നീ രണ്ടു നോവലുകൾക്കു ശേഷം തെമ്മാടിക്കുഴി എന്ന പുസ്തകത്തിലൂടെ കഥയുടെ കൈപിടിച്ച എഴുത്തുകാരനെ തോരാമഴയിൽ വയനാട്ടിൽ വച്ച് കണ്ടപ്പോൾ സംസാരിച്ചതിൽ നിന്ന് ചിലത്.
കവിതയിൽ നിന്ന് നോവലിലേക്ക് നേരിട്ട് പ്രവേശിച്ച ആൾ, കഥയിലേക്കെത്താൻ എന്തുകൊണ്ടാണ് ഇത്ര വൈകിയത് ?
എഴുത്തിൽ ഏറെ വൈകി സജീവമായ ഒരാളാണ് ഞാൻ. നല്ല പുസ്തകങ്ങൾ വായിച്ചും നല്ല സിനിമകൾ കണ്ടും എഴുതാൻ വൈകിപ്പോയി എന്നാണ് ശരിയുത്തരം. അതേ സമയം എഴുതുന്നത് വേറിട്ട അനുഭവങ്ങൾ ആകണമെന്നും തോന്നി. പുള്ളിക്കറുപ്പനും മരിപ്പാഴിയും അത്തരം വേറിട്ട അനുഭവങ്ങളാണ്. മലയാളികൾക്ക് ഏറെ പരിചയമില്ലാത്ത കഥാപരിസരമാണ് രണ്ടിലും.
ഒരു യാത്രയുടെ അറ്റത്തു വച്ചാണ് പുള്ളിക്കറുപ്പൻ എന്ന ശേവക്കോഴി എന്റെ മനസ്സിലേക്ക് പറന്നെത്തുന്നത്. സിനിമയിലല്ലാതെ ശേവക്കെട്ട് (കോഴിയങ്കം) ഞാൻ നേരിട്ടു കണ്ടിട്ടില്ല. മൂകാംബിക യാത്ര കഴിഞ്ഞ് ആകുംബ വഴി വരുമ്പോൾ പുള്ളിക്കറുപ്പൻ മനസ്സിലേക്ക് ഇടിച്ചു കയറി വരികയായിരുന്നു. പുള്ളിക്കറുപ്പൻ ആദ്യവും വികലാംഗനായ വാറുണ്ണി മാണിക്യം പുറകെയും വന്നു. വാറുണ്ണിയുടെ കൈപ്പുറ്റ ജീവിതത്തിലൂടെ കഥ വികാസം പ്രാപിച്ചു. മനുഷ്യരും പക്ഷികളും മൃഗങ്ങളും ഇടകലർന്ന് എന്നെ വീർപ്പുമുട്ടിച്ചു. കേരളപ്പിറവിദിനത്തത്തിൽ ഡിസി ബുക്സ് പുറത്തിറക്കിയ 21 പുസ്തകങ്ങളുടെ കൂട്ടത്തിൽ പുള്ളിക്കറുപ്പൻ മലയാളികളുടെ കൈപിടിച്ചു.
ചോദ്യത്തിലേക്ക് കടന്നാൽ, നോവലിനേക്കാൾ പ്രയാസമാണ് കഥയെഴുത്ത് എന്നതു തന്നെ ഉത്തരം. രണ്ടോ മൂന്നോ നാലോ പേജിൽ ഒരു കഥ പറഞ്ഞു തീരണം. അതേസമയം, പറയുന്നതിലേറെ വായനക്കാരന്റെ മനസ്സിൽ അള്ളിപ്പിടിച്ചു നിൽക്കണം. അത് നിർബന്ധമായിരുന്നു.
ഏറെ മൗനങ്ങൾ കൂട്ടിത്തയ്ച്ചാണ് ഓരോ കഥയും എഴുതിയത്. പത്രത്തിൽ പരിചയിച്ച വൈറ്റ് സ്പേസ് പോലെ ഒന്ന്. വൈറ്റ് സ്പേസ് രൂപകൽപനയിൽ മാത്രമല്ല, വാർത്ത എഴുതുന്നതിലും വേണം. വായനക്കാരന് ശ്വാസംവിടാൻ, ചിന്തിക്കാൻ, സത്യം തിരയാൻ ബോധപൂർവമായ ചില ഒഴിച്ചിടൽ. എന്റെ കഥയിലും കവിതയിലും നോവലിലും അത്തരം ഒഴിച്ചിടലുകളുണ്ട്. അല്ലെങ്കിൽ ബോധപൂർവമായ ചില മൗനങ്ങൾ. നല്ല എഡിറ്റർ നല്ല മൗനിയാണ്. അതാകണം, മുറുക്കമുള്ള കഥകൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ഭാഷയിലും പ്രമേയത്തിലും കൈവരിക്കുന്ന നൂതനത്വം രണ്ടു നോവലുകളിലും ശ്രദ്ധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനിടയിൽ രണ്ടു വലിയ നോവലുകൾ എഴുതിയ ആളെന്ന നിലയിൽ ഇതെങ്ങനെ സാധിക്കുന്നു ?
ഭാഷയിലും പ്രമേയത്തിലും നൂതനത്വമില്ലെങ്കിൽ എഴുതുന്നത് വായനക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കില്ല. എഡിറ്റോറിയൽ ഡസ്കിൽ ഇരിക്കുമ്പോൾ ഒരു തലക്കെട്ടിനുവേണ്ടി പലകുറി തല പുകച്ചിട്ടുണ്ട്. വാർത്താലോകത്ത് സംഭവങ്ങൾ പലതും ആവർത്തനമാകുന്നതുകൊണ്ട് ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കുക പ്രയാസമാണ്. എങ്കിലും കഴിയുന്നത്ര ശ്രമിക്കും. എഴുത്തിലും ആ ശീലം കടന്നുവന്നു.
ബിംബസമൃദ്ധിയിൽ, അനായാസേന ഒഴുകുന്ന കഥാപരിസരമാണ് നോവലിലും കഥകളിലും ഉള്ളത്. ഇത്രയേറെ ബിംബങ്ങൾ എടുത്തുപയോഗിക്കുന്നത് എന്തുകൊണ്ടാണ് ?
കാര്യങ്ങൾ കുറുക്കിപ്പറയാൻ ബിംബങ്ങൾ ഉപകരിക്കും. മരിപ്പാഴി തന്നെ വലിയൊരു ബിംബമാണ്. മണികർണികാഘട്ടിനെ മരിപ്പാഴിയിലേക്ക് ചുരുക്കിക്കൂട്ടിവെച്ചു. മരണത്തിന്റെ ആഴിപോലെ ഒന്ന്. തീരത്തിലേക്ക് അത് ഇടിച്ചുകയറിക്കൊണ്ടിരിക്കും. കാൽപാടുകളെ മായ്ക്കും. നിശ്ചലമായ നൈരന്തര്യം. കെടാതെ ആളിക്കത്തുന്ന ചിതയിൽ അതുണ്ട്. ചിതകളുടെ മഹാരണ്യമാണത്. കടലിനോടല്ലാതെ മറ്റൊന്നിനോടും ഉപമിക്കാനാകില്ല.
കാശി സന്ദർശിക്കാതെ എഴുതിയ ആ നോവലിൽ പാരിസ്ഥിക ഭംഗി കോട്ടം തട്ടാതെ വാർന്നുവീണത് എങ്ങനെയാണെന്ന് എനിക്കറിഞ്ഞുകൂടാ. കാലഭൈരവനെക്കുറിച്ചല്ലാതെ കാശി വിശ്വനാഥനെക്കുറിച്ച് അതിൽ പറയുന്നില്ല. ആറുമാസം മുമ്പ് ഞാനവിടെ പോയി. എഴുതിയതൊക്കെയും അച്ചട്ടമെന്നു കണ്ടു. ആരാണിത് എനിക്ക് കാണിച്ചുതന്നത് ? ആലോചിക്കുമ്പോൾ വിസ്മയമാണ്.
നാമറിയാത്ത ചില നിയോഗങ്ങളുണ്ട്. വിടാതെ പിന്തുടരുന്ന നിയോഗങ്ങൾ. അതാകാം കാരണം. ചിതയിലെ നൈരന്തര്യം, ആത്മാക്കളുടെ നൈരന്തര്യം അങ്ങനെ ചിലതുണ്ട്. ഗംഗ ശവഗന്ധം എവിടെയാണ് പൂട്ടിവച്ചത് എന്ന് മരിപ്പാഴിയിൽ ഞാൻ ചോദിക്കുന്നുണ്ട്. ആറുമാസം മുമ്പ് കാശി സന്ദർശിച്ചപ്പോൾ എന്റെ സംശയം അതുപോലെ അവിടെത്തന്നെയുണ്ട്.
സൂക്ഷ്മദൃക്കായ അന്വേഷകനെയും എഡിറ്ററെയും നാം മധുശങ്കറിന്റെ എഴുത്തിൽ കണ്ടുമുട്ടുന്നുണ്ട്. സാമൂഹിക മാനങ്ങളിലും, ദർശനമഹിമയിലും ഊന്നൽ തേടാൻ പ്രേരിപ്പിച്ചത് പത്രജീവിതമാണോ ?
തീർച്ചയായും അതേ എന്നാണുത്തരം. പത്രപ്രവർത്തന ജീവിതത്തിൽ, കണ്ടതിന്റെ പകുതിമാത്രമേ ഏതൊരു പത്രപ്രവർത്തകനും എഴുതാൻ സാധിക്കൂ. ബാക്കിയുള്ളവ മനസ്സിൽ പുതഞ്ഞുകിടക്കും. എളുപ്പത്തിൽ കഴുക്കിക്കളയാനാകില്ല. തെമ്മാടിക്കുഴി എന്ന സമാഹാരത്തിലെ പാനിപ്പൂരി, തെമ്മാടിക്കുഴി, ഭാർഗവരാമന്റെ വഴിക്കണക്കുകൾ, ഫേവ്ർ ല്യൂബ എന്നീ കഥകൾ അത്തരത്തിൽപ്പെടുന്നവയാണ്. മുംബൈ ജുഹു ബീച്ചിൽ കണ്ട പച്ചകുത്തുകാരൻ പാനിപ്പൂരിയിലുണ്ട്. പക്ഷേ, അത് അയാളുടെ കഥയല്ല. അയാളുടെ മനസ്സിൽ പുതഞ്ഞുകിടക്കുന്ന പാതകത്തിന്റെ കഥയാണ്. അടിവയറ്റിൽ പച്ചകുത്തി പ്രായപൂർത്തിയാകാത്ത പ്രാൺപരീഖിന്റെ മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് അയയ്ക്കുകയാണെന്നറിഞ്ഞ് അയാൾ കൊലപാതകിയാകുന്നു. മകളെ സ്നേഹിച്ച ഏതൊരച്ഛനും അവളെ കൊല്ലാൻ അവകാശമുണ്ടെന്ന ബോധ്യത്തിലേക്ക് അയാൾ സ്വയം എത്തുന്നു.
തെമ്മാടിക്കുഴിയിലെ ആൻ, വർഷങ്ങൾക്കുമുമ്പ് കോഴിക്കോട്ടെ ആന്റണിമാസ്റ്റർ സ്കൂൾ ഓഫ് ആർട്സിൽ ഞാൻ കണ്ട, അനാട്ടമി ആർട്ടിന് മോഡലായി നിൽക്കുന്ന വൃദ്ധന്റെ പെൺരൂപമാണ്. ഒരു കാലത്ത് വലിയങ്ങാടിയെ തോളത്തെടുത്ത് അമ്മാനമാടിയ മസിൽമാൻ. ഒറ്റയ്ക്ക് പത്തിലേറെ അരിച്ചാക്കുകൾ കയറ്റിയ ട്രോളി വലിച്ച് ചുമട്ടുതൊഴിലാളികളെ അത്ഭുതപ്പെടുത്തിയവൻ. അവന്റെ രണ്ടാം ജന്മം ആ സ്കൂളിൽ ഞാൻ കണ്ടു. മണിക്കൂറുകളോളം ഒരേനിൽപ് നിന്ന്, അന്നത്തെ കൂലി കൈപ്പറ്റി അയാൾ മടങ്ങുമ്പോൾ മനസ്സ് നീറി. വർഷങ്ങളോളം അയാളുടെ മുഖം ആഴത്തിൽ പുതഞ്ഞുകിടന്നു. അയാളിൽനിന്ന് തെമ്മാടിക്കുഴിയിലെ ആൻ എന്ന പെൺകുട്ടി ജനിച്ചു. എന്നാൽ കഥ വേറിട്ട വഴിയേ സഞ്ചരിച്ചു. ന്യൂഡിറ്റി ഓഫ് മൈൻഡ് വരച്ചിട്ടുണ്ടോ എന്ന ആനിന്റെ ചോദ്യം സുവീരനെ മാത്രമല്ല, നമ്മളെയും ഒരേസമയം ഞെട്ടിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. അതുപോലെ ഭാർഗവരാമന്റെ വഴിക്കണക്കുകൾ, മാഹിയിൽ കണ്ട രാജൻ പീടികയുടെ വേറിട്ട രൂപമാണ്. ഇരട്ടകളാണ് ഇതിലെ കഥാപാത്രങ്ങൾ. ഇരട്ടകളെക്കൂടാതെ മറ്റൊരാൾ കൂടിയുണ്ടാകുന്നു. ചില അവിഹിതങ്ങളുടെ പകപോക്കൽ അത്തരത്തിലാണ്. തിരിച്ചറിയാനാകില്ല.

ഫേവ്ർ ല്യൂബ ശ്രീലങ്കൻ പുലികളുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഉരുവംകൊണ്ട കഥയാണ്. ചിന്നയ്യന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്ന കഥ. വാച്ചിന് എന്തിനാണ് മൂന്നാമതൊരു സൂചി ? ചിന്നയ്യൻ ചോദിക്കുന്നുണ്ട്. രണ്ടിൽ നിന്ന് മൂന്നിലേക്കുള്ള ഗുണകോഷ്ടം അയാൾക്ക് അറിഞ്ഞുകൂടാ. മൂന്നാമത്തെ സൂചിയെ എന്തിനാണ് സെക്കൻഡ് സൂചിയെന്ന് വിളിക്കുന്നതെന്നും.
ജീവിതത്തിൽ പുലർത്തുന്ന കണിശതയും, സൂക്ഷ്മതയും അച്ചടക്കവും മിതത്വവും രചനയിൽ ഉരുകിത്തീരുന്നുണ്ട്. ഓരോന്നിലും നവീകരിക്കുക, ഒന്നുപോലെ പറയാതിരിക്കുക, നിയമങ്ങളെ കീഴ്മേൽ മറിക്കുക എന്നൊരു രീതിയുണ്ട് എല്ലാ കഥകളിലും. ഒറ്റ വായനയിൽ പിടി തരുന്നവയല്ല കഥയിലെ പ്രമേയ പരിസരങ്ങൾ. കുറച്ചുകൂടി ലളിതമാക്കണമെന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലും ഇല്ല. ഞാൻ പറഞ്ഞല്ലോ, മുഴുവനായി പറയുന്നത് കലയല്ല. ഒരു സൃഷ്ടിയും മുഴുവനായി ആവിഷ്കരിക്കുന്നില്ല. അതിന്റെ പൂരണം വായനക്കാരന്റെ, കാണിയുടെ മനസ്സിലാണ്. എഴുത്താളൻ അത് മനസ്സിലാക്കണം. ഇടങ്ങളിൽ നിന്ന് ഇടങ്ങളിലേക്ക്, ഭിന്ന സ്ഥലികളിലേക്ക്, വേറൊന്നിലേക്ക്, ഇനിയും മറ്റൊന്നിലേക്ക് കഥകൾ മാറിമറിയണം. അസാധാരണത്വമാകണം ഇവിടെ കല.
മധുശങ്കറിന്റെ കഥകളിലും നോവലിലും എപ്പോഴും ഒരിദ്രജാലക്കാൻ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ശരിയാണോ ?
ശരിയാണ്. അതുണ്ട്. ഇന്ദ്രജാലക്കാരനല്ല, മഹേന്ദ്രജാലക്കാരൻ. മരിപ്പാഴിയിൽ അത്തരമൊരു കഥാപാത്രമുണ്ട്. ദയാൽ ഭൂഷൺ. അയാൾ മരിച്ചിട്ട് വർഷങ്ങളായി. ചിതകളുടെ മഹാരണ്യത്തിൽ എന്ത് ഇന്ദ്രജാലം നടത്താനാണ് അയാൾ വന്നതെന്ന് കാശിലാൽ എന്ന പരികർമ്മി തിമോത്തിയോടു ചോദിക്കുന്നുണ്ട്.
ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ അത്തരം കഥാപാത്രങ്ങളുടെ രൂപത്തിൽ ലോകത്ത് എങ്ങുമുണ്ട്. ഒട്ടും ഭയമില്ല അവരോട് ഇടപഴകുമ്പോൾ. മറിച്ച് കൌതുകമുണ്ട്. മരിപ്പാഴിയിൽ ഈ കഥാപാത്രം നോവലിനെ വേറിട്ടുനടത്താൻ കാരണമായിട്ടുണ്ട്.
വരികൾക്കിടയിൽ വായിക്കുമ്പോൾ വ്യക്തിഗതമായ പ്രിയങ്ങളും, സിദ്ധികളും, രചനകളിലേക്ക് നിഷ്ക്രമിക്കുന്നത് കാണാം. ചിത്രകലയുടെ ആഴം, ഫോട്ടോഗ്രാഫിയിലെ ആഭിമുഖ്യം, സംഗീതാഭിരുചി എന്നിവ രചനയിലെമ്പാടും സ്വാധീന ശക്തിയായി പടർന്നിട്ടില്ലേ ?
ഉണ്ടെന്നുതന്നെ ഉത്തരം. പക്ഷേ, പ്രിയം മാത്രമല്ല, അപ്രിയം കൂടി സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജീവിതത്തിൽ അപൂർവമായി കടന്നുവന്ന ചില കൈയ്പനുഭവങ്ങൾ, അത് കഥകളിലേക്കും നോവലിലേക്കും പടർന്നിട്ടുണ്ട്.
പിന്നെ, അടിസ്ഥാനപരമായി ഞാനൊരു ചിത്രകാരനാണ്. കാഴ്ചയുടെ ഏതറ്റത്തും ഒരു ഫ്രെയിം ഞാനറിയാതെ എന്റെ മനസ്സിലേക്ക് കടന്നുവരും. ചിലപ്പോൾ കടുംനിറത്തിലായിരിക്കും. ചിലപ്പോൾ വരകളും കുത്തുകളുമായിരിക്കും. ചിലപ്പോൾ ശൂന്യമായ പ്രതലമായിരിക്കും. മത്സ്യന്യായ സീരീസ് വരച്ചപ്പോൾ എന്റെ മനസ്സിൽ നിറയെ മീനുകളായിരുന്നു. ചെറുമീനുകളെ വിഴുങ്ങുന്ന വലിയ മത്സ്യങ്ങൾ. നാമോരുത്തരം അത്തരം മീനുകളുടെ പിടിയിൽ പെട്ടവരും പെടാതെ വഴുതിമാറിയവരുമാണ്.
പാട്ടിനെപ്പറ്റി പറയുകയാണെങ്കിൽ നല്ലൊരു ആസ്വാദകനാണ് ഞാൻ. ഒരുപാട് പാട്ടുകളുടെ ശേഖരമുണ്ട്. ഇക്കാലത്ത് അതുണ്ടാക്കുക എളുപ്പമാണ്. എന്നാൽ എൽപി റെക്കോർഡുകളുടെ കാലത്ത് അതത്ര എളുപ്പമായിരുന്നില്ല. വാൾവ് റേഡിയോയിലൂടെ കേട്ട പാട്ടുകളുടെ ഇമ്പം അത്രയെളുപ്പം പറിച്ചുമാറ്റാനാകില്ല. എഴുത്തിലും അത്രയെളുപ്പം പറിച്ചുമാറ്റാനാകാത്ത സംഗീതമുണ്ടാകണമെന്ന ഞാൻ വിചാരിക്കുന്നു. അൽകെമിസ്റ്റ് വായിക്കുമ്പോഴുള്ള ഈണമല്ല ന്യൂട്ട് ഹാംസന്റെ വിശപ്പ് വായിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്നത്.
വസ്ത്രധാരണ രീതിയിലും ഗൃഹ സൂക്ഷിപ്പ് രീതിയിലും പുലർത്തുന്ന പുതുമ, വാക്കുകൾക്ക് സൗന്ദര്യം പകരുന്നതിലും പാലിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. വെറും ആശയങ്ങളെ കൂടാതെ, സൗന്ദര്യത്തെ അടിമുടി വീക്ഷിക്കുന്ന രീതി, ഓരോ കഥയിലും കാണാനാവുന്നുണ്ട്.
ശരിയാണ്. സൌന്ദര്യത്തെ അടിമുടി വീക്ഷിക്കുന്ന ശീലം പത്രരൂപകൽപ്പനയിലൂടെ സംഭവിച്ചുപോയതാണ്. ഒരു പേജ് രൂപകൽപന ചെയ്യുമ്പോൾ പലതും നോക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അതിൽ വരാൻ പോകുന്ന പരസ്യം, അതിന്റെ സ്വഭാവം, നിറം ഇത്യാദി. അതെല്ലാം നോക്കി വേണം വാർത്താ മൊഡ്യൂളുകൾ രൂപപ്പെടുത്താൻ. പരസ്യം രൂപകൽപന ചെയ്യുന്നവൻ ശ്രദ്ധിക്കുന്നത് വാർത്തകളെ എങ്ങനെ കൊല്ലാം എന്നാണ്. അതായത് വാർത്തകളിലേക്ക് കണ്ണെത്തും മുമ്പ് പരസ്യത്തിലേക്ക് എങ്ങനെ കൈപിടിക്കാമെന്ന്. ആ മാർക്കറ്റിങ് തന്ത്രം പൊളിച്ചെഴുതാൻ പരസ്യത്തിലെ നിറങ്ങളെക്കുറിച്ച് ബോധം വേണം. കണ്ടന്റിനെപ്പറ്റി ബോധം വേണം. കഥയിലും ഇത് തുണനിന്നിട്ടുണ്ട്. സംഭവങ്ങളെ അട്ടിവയ്ക്കുന്നതല്ല കഥ. വായനക്കാരനിൽ സംഭവങ്ങളെ മുളപ്പിച്ചെടുക്കലാണ്. ഓരോരുത്തരിലും ഓരോ തരത്തിലാണ്.
പിന്നെ, എന്റെ ഒരു ദുശ്ശീലം, ഞാനിരിക്കുന്ന പരിസരം അടിക്കടി മാറ്റിമറിച്ചിടും എന്നാണ്. മുറിയിലെ എല്ലാവസ്തുക്കളും അതിൽപ്പെടും. കട്ടിൽ തലതിരിച്ചിടും. സെറ്റി മാറ്റിയിടും. ഫോട്ടോകളുടെ സ്ഥാനം പോലും മാറ്റും. ഇല്ലെങ്കിൽ എനിക്ക് ശ്വാസം മുട്ടും.
ചന്ദ്രകാന്തം എന്ന കഥയിൽ ആനപ്പാപ്പാന്മാർ നാലുപേരുണ്ടല്ലോ. സത്യത്തിൽ ഇവർ ആരാണ്. ഒരാൾ തന്നെയെന്ന് പറയാൻ വൈഷമ്യം ?
ഒരാൾ തന്നെയാണ്. ഞാൻ എന്നെത്തന്നെയാണ് അക്കഥയിൽ അവതരിപ്പിച്ചത്. മനുഷ്യനെപ്പോലെ പലവേഷത്തിൽ, പലരൂപത്തിൽ പെരുമാറാൻ പറ്റുന്ന മൃഗം ലോകത്തില്ല. അതു പറയാനാണ് ഇക്കഥ എഴുതിയത്. സത്യത്തിൽ സഹ്യന്റെ മകൻ എന്ന കവിതയുടെ തുടർച്ചതന്നെയാണ് ഇക്കഥ. സഹ്യന്റെ മകൾ എന്ന പേരിൽ മുമ്പ് ഞാൻ ഒരു കവിത എഴുതിയിട്ടുണ്ട്. ഇവിടെ ആൺഭാവത്തിൽ എഴുതിയെന്നുമാത്രം.

തോരാമഴയ്ക്കിടയിൽ, വയനാടൻ ചുരത്തിലിരുന്നുകൊണ്ട് ഇത്രയും പറയാൻ നേരം കിട്ടിയ എഴുത്താളോട് ഒന്നുകൂടി ചോദിക്കുന്നു. തെമ്മാടിക്കുഴിയുടെ കവർ, വായനക്കാർ ശ്രദ്ധിച്ച കവറാണ്. ചിത്രകാരനായിട്ടും സ്വന്തമായി കവർ രൂപകൽപന ചെയ്യാത്തത് എന്തുകൊണ്ടാണ്?
എന്റെ നോവലും കഥകളും പലകുറി മാറ്റിയെഴുതിയതാണ്. എന്തെഴുതിയാലും തൃപ്തി വരാറില്ല. കവിതകൾ ഇപ്പോഴും പുതുക്കിയെഴുതാറുണ്ട്. രൂപകൽപനയിൽ അതു പറ്റില്ല. മറ്റൊരു കാര്യം, എന്റെ സൃഷ്ടി മറ്റൊരു കലാകാരന്റെ മനസ്സിൽ എങ്ങനെ രൂപപ്പെടുന്നു എന്നറിയാനുള്ള കൌതുകമാണ്. മരിപ്പാഴിയുടെ കവർ അനന്ദു കെ.ആർ ആണ് വരച്ചത്. പുള്ളിക്കറുപ്പൻ റോയ് കാരാത്രയും രാജേഷ് ചാലോടും ചേർന്നാണ് പൂർത്തിയാക്കിയത്. തെമ്മാടിക്കുഴി, നഗ്നതയുടെ ഹുക്ക് എന്നീ പുസ്തകങ്ങളുടെ കവർ രാജേഷ് ചാലോടിന്റേതാണ്. ഞാനൊരു ചിത്രകാരനാണെന്ന് അറിയുന്നതുകൊണ്ടാകാം രാജേഷ് ഏറെ സമയമെടുത്തേ കവർ തരാറുള്ളൂ. ആ വൈഷമ്യം മറ്റുള്ളവർക്ക് കവർ വരച്ചുകൊടുക്കുമ്പോൾ ഞാൻ അനുഭവിച്ച അതേ വൈഷമ്യമാണ്.
ഒറ്റ വായനയിൽ, കൂടെ കൂടാൻ മടിക്കുന്ന നോവലിന്റെ രചനയിൽ ആണെന്നു കേട്ടു. അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു ?
ശരിയാണ്. പുതിയ നോവൽ ‘ആരോ’ പുതിയ പരീക്ഷണമാണ്. പഴയ കഥാപരിസരം ഈ നോവലിൽ കൊണ്ടുവരാതെ നോക്കാനുള്ള കിണഞ്ഞ ശ്രമത്തിലും. മാറിയ സാഹചര്യത്തിൽ, സമയ പരിമിതിയിൽ, ചിലത് പറയാൻ ശ്രമിക്കുന്നു എന്നു മാത്രം.
ഗദ്യമെഴുതുമ്പോഴും, താങ്കളിലെ കവി ഉണർന്നിരിക്കുന്നു. ഏതാണ് കൂടുതൽ ഇഷ്ടം, എളുപ്പം?
മുമ്പ് പറഞ്ഞല്ലോ, കവിത തന്നെയാണ് എനിക്കിഷ്ടം. അതും ചെറിയ വാക്കുകളിൽ പറയുന്ന കവിത.
‘പശു’
നിങ്ങൾ കരുതും പോലെ
ഒരിക്കലും
ഒരു സാധു മൃഗമല്ല,
കനലിലൊന്ന്
ഉരുക്കിനോക്കൂ വെണ്ണ,
എത്ര തിളയ്ക്കണം
അതൊന്ന്
ഉരുകിത്തീരാൻ.
(പശു, ഒരു സാധു മൃഗമല്ല)
ഇക്കവിതയുടെ കരുത്ത് നാലുപേജിൽ എഴുതുന്ന കഥയ്ക്ക് ഉണ്ടാകണമെന്നില്ല.