ലോകം കണ്ട എക്കാലത്തേയും വലിയ എഴുത്തുകാരിൽ ഒരാളായ ഏണസ്റ്റ് ഹെമിങ്ങ്‌വെയുടെ ഏറെ പ്രശസ്തമായ കൃതികളിലൊന്നാണ് ‘അപരാഹ്നത്തിലെ മരണം’. അദ്ദേഹത്തിന്റെ അഭിനിവേശങ്ങളിലൊന്നായിരുന്ന കാളപ്പോരിനെ കുറിച്ചുള്ള ചിന്തകളാണ് ഈ പുസ്തരത്തിലുള്ളത്. ഇപ്പോഴിതാ, ഈ മഹത്തായ രചന മലയാളത്തിലേക്കെത്തിയിരിക്കുന്നു, സുരേഷ് എം.ജി.യുടെ വിവർത്തനത്തിൽ. ‘അപരാഹ്നത്തിലെ മരണം’ വിവർത്തനാനുഭവം സുരേഷ് എം.ജി. പങ്കുവയ്ക്കുന്നത് വായിക്കാം.
കാളപ്പോരിന്റെ വേദി,‘റിങ്ങ്’, ധീരതയുടേയും ആഘോഷത്തിന്റേയുമാണ്. കാളയും മനുഷ്യരും അപകടത്തിനൊപ്പം നൃത്തം ചെയ്യുന്ന വേദി. കാള അതിന്റെ ജീവനായി നടത്തുന്ന പോരാട്ടം. മനുഷ്യനാകട്ടെ അത് അഭിമാനത്തിനു വേണ്ടിയുള്ളതാണ്. കാളപ്പോര് ഒരു കായിക വിനോദം മാത്രമല്ല. സ്പെയ്നിൽ അതൊരു സംസ്കാരം തന്നെയായിരുന്നു. കാളപ്പോരിന്റെ ചരിത്രം, അതിൽ പങ്കെടുക്കുന്നവരുടെ തീവ്രവികാരങ്ങൾ എന്നിവയൊക്കെ ഈ പുസ്ത്കത്തിൽ വിശദീകരിക്കപ്പെടുന്നു. കാളപ്പോരെന്ന കലയെ അത്യാകർഷകമായി സൂക്ഷ്മപരിശോധനയും പര്യവേക്ഷണവും നടത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കായിക വിനോദത്തെക്കുറിച്ച് വളരെ വ്യക്തതയുള്ള ഒരു ചിത്രമാണീ പുസ്തകത്തിൽ ഹെമിങ്ങ്‌വെ വരച്ചിട്ടിരിക്കുന്നത്.
കാളപ്പോരുകാരന്റെ റിങ്ങിലെ നില്പ്, അയാൾ കെയ്പും മറ്റ് ഉപകരണങ്ങളും എങ്ങനെയൊക്കെ ചലിപ്പിക്കുന്നു, അതിലേക്കാകൃഷ്ടനായ കാള അതിനെ എങ്ങനെ പിന്തുടരുന്നു എന്നതൊക്കെ പുസ്തകത്തിൽ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. അതിനൊപ്പം കാളപ്പോരിൽ പങ്കെടുക്കുന്ന കുതിരകളെക്കുറിച്ചും, അവയ്ക്ക് സംഭവിച്ചേക്കാവുന്ന, സംഭവിച്ചിട്ടുള്ള അപകടങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ ജീവിച്ചിരുന്നവരാണ്. ഇതൊരു ഫിക്ഷനല്ല. അതുകൊണ്ടു തന്നെ ഹെമിങ്ങ്‌വെ കാളപ്പോരിൽ ഏർപ്പെടുന്നവരുടെ റിങ്ങിലുള്ള ശാരീരിക ഭാഗധേയത്തിലൂടെ മാത്രമല്ല കടന്നു പോകുന്നത്. പ്രത്യേകിച്ചും കാളയുമായി യഥാർത്ഥത്തിൽ പോരിനിറങ്ങുന്ന മാറ്റഡോറിന്റേയും അയാളുടെ സഹായികൾ എന്നു വിളിക്കാവുന്ന പിക്കാഡോറുകളുടേയും. അവരുടെ മനശാസ്ത്രത്തേയും എഴുത്തുകാരൻ വിഷയമാക്കുന്നു, പരിശോധിക്കുന്നു. അവരുടെ സ്വകാര്യ ജീവിതവും പലയിടത്തും കയറി വരുന്നു. അതിലൊങ്ങുന്നില്ല വിവരണങ്ങൾ. കാളപ്പോരിനിറങ്ങുന്നവരുടെ ധീരതയ്ക്ക് പുറകിലും കാരണങ്ങളുണ്ട്. അവർ അപകടത്തെ മുഖാമുഖം നേരിടുന്നതിനു കാരണങ്ങളുണ്ട്. അതിലേക്കുള്ള ഉൾക്കാഴ്ചകളും, ആ ധീരതയുടെ പ്രകൃതങ്ങളും ഹെമിങ്ങ്‌വെ ഈ പുസ്തകത്തിൽ വിഷയമാക്കിയിട്ടുണ്ട്.
കാള കരുത്തിന്റെ പ്രതീകമാണ്. പക്ഷേ പോരിന്റെ അവസാനം കാളയുടെ അന്ത്യം ഉറപ്പാണുതാനും. പോരിനിറങ്ങുന്ന കാളകളുടെ സ്വഭാവരീതികളും പുസ്തകത്തിൽ പ്രമേയമാകുന്നു. അവയുടെ സഹജവാസന ചർച്ച ചെയ്യപ്പെടുന്നു. പോരുകാളകളുടെ പ്രത്യുത്പാദനം, അവയെ വളർത്തുന്ന രീതി, പോരിനായി തയ്യാറാക്കിക്കുന്നത്, എല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളാണ്.
കാളപ്പോരിനെക്കുറിച്ചു മാത്രമല്ല പക്ഷേ ഈ പുസ്തകത്തിൽ പറയുന്നത്. മനുഷ്യാനുഭവങ്ങൾ നല്ല രീതിയിൽ തന്നെ ഇതിൽ പ്രതിധ്വനിക്കുന്നു. പാരമ്പര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നൂറ്റാണ്ടുകളായി കാളപ്പോരിൽ നിലനിൽക്കുന്ന ആചാരങ്ങളെക്കുറിച്ചും പറയുന്നു. പാരമ്പര്യത്തിന്റെ കരുത്തിനെക്കുറിച്ച് സൂചനകളുണ്ട്. കാളപ്പോരിന്റെ ചരിത്രവും സംസ്കാരവും പര്യവേഷണം ചെയ്യുന്നതിനിടയിൽ എഴുത്തുകാരൻ സ്പാനിഷ് സംസ്കാരത്തെക്കുറിച്ചും സൂക്ഷ്മമായി വിവരിക്കുന്നതു കാണാനാകും. ജീവിതം, മരണം, ധീരത, ഭീരുത്വം, സത്വത്തിന്റെ അതിജീവനം എന്നിവയൊക്കെ ഈ വിശദീകരണങ്ങളുടെ ഭാഗമായിരുന്നു.
ഈ പുസ്തകം പലയിടത്തും ഒരു യാത്രാവിവരണമാകുന്നതും നമുക്ക് കാണാനാകും. ഹെമിങ്ങ്‌വെ സ്പെയിനിലൂടെ നടത്തിയ യാത്രകളുടെ വിവരണങ്ങൾ. അദ്ദേഹം മാഡ്രിഡിനെക്കുറിച്ചിതിലെഴുതിയിട്ടുണ്ട്. മദ്ധ്യാഹ്നത്തിലെ ചൂടിനെക്കുറിച്ചെഴുതിയിട്ടുണ്ട്.
അങ്ങനെയങ്ങനെ ചിലപ്പോൾ ഹെമിങ്ങ്‌വെ നമ്മൾ വായനക്കാർക്ക് അഭിമുഖമായി വന്നിരിക്കുന്നതും കാണാനാകും. എന്നിട്ട് തന്റെ മനസ്സിലെ ചിന്തകൾ പങ്കുവയ്ക്കുന്നത്. അതു ചിലപ്പോൾ സ്പെയ്നിനെക്കുറിച്ചാകാം അല്ലെങ്കിൽ സാഹിത്യത്തെക്കുറിച്ചുമാകാം.
ജീവിതവും മരണവും തമ്മിലുള്ള പോരാട്ടങ്ങൾ വിവരിക്കുന്നതിനിടയിൽ കാളപ്പോരിന്റെ റിങ്ങിൽ തന്നെ തനിക്ക് സ്പെയ്നിനെ കാണാനാകുന്നു എന്ന മട്ടിലാണദ്ദേഹം ആ രാജ്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കാളപ്പോരിലൂടെ ഹെമിങ്ങ്‌വെ സ്പെയിനുകാർക്ക് മറ്റു രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ മരണത്തെ മനസിലാക്കാനായി എന്നു കൂടി പറയാൻ ശ്രമിക്കുന്നുണ്ട്. കാളപ്പോരിൽ പങ്കെടുക്കുന്ന കാള എന്തായലും കൊല്ലപ്പെടും. മറ്റ് അപകടങ്ങളോ വിനാശങ്ങളോ സംഭവിച്ചാലും കാളയെ കൊല്ലും. മാറ്റഡോറുകൾക്കും സാധാരണ നിലയിൽ ദീർഘായുസ്സൊന്നും പതിവില്ല. കാണികൾക്ക് ഇതറിയാം. അതിനാൽ റിങ്ങിൽ മരിക്കുന്നതാണ് വൃദ്ധരായി, എല്ലവരാലും മറക്കപ്പെട്ടവരായി മരിക്കുന്നതിനേക്കാൾ നല്ലതെന്നൊരു ചിന്ത ഹെമിങ്ങ്‌വെ പങ്കുവയ്ക്കുന്നുണ്ടെന്ന് തോന്നി.
കാളപ്പോരിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന അജ്ഞതകൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം തുടങ്ങിയിരിക്കുന്നത്. ആ അജ്ഞതകൾ അകറ്റാനാണ് താൻ സ്പെയ്നിലേക്ക് പോയതെന്ന് പറഞ്ഞുകൊണ്ട്. അതു പിന്നെ കാളപ്പോരിനോടുള്ള ഒരു പ്രണയമായി. അതിന്റെ വേരുകളിലേക്കിറങ്ങിച്ചെല്ലാനുള്ള പ്രണയം. ആ പ്രണയം അതിനൊപ്പം സ്പെയ്നിനോടും സ്പെയിനിന്റെ സംസ്കാരത്തിനോടുമായി.
പുസ്തകത്തിലുടനീളം ഹെമിങ്ങ്‌വെയ്ക്ക് സ്പെയ്ൻ എന്ന രാജ്യത്തിനോടുള്ള ആഴമേറിയതും സങ്കീർണ്ണമെന്നു തന്നെ വിളിക്കാവുന്നതുമായ സ്നേഹം കാണാനാകും കാളപ്പോരുകളെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചുമൊക്കെ വിശദമായ വിവരണങ്ങളിലൂടെ ഹെമിങ്ങ്‌വെ ഇത് പ്രകടമാക്കുന്നു. പ്രഭാതത്തിൽ, പ്രാതൽ കഴിഞ്ഞാൽ, ഞങ്ങൾ അവോയിസിലെ ഇറാറ്റിയിലേക്ക് നീന്താൻ പോകും. അതിലെ വെള്ളം വെളിച്ചം പോലെ സുതാര്യമാണ്. വെള്ളത്തിൽ താഴേക്ക് പോകും തോറും താപനിലയിലും വ്യത്യാസം വരും. തണുപ്പ്. ആഴമേറിയ തണുപ്പ്. കരയിൽ വൃക്ഷങ്ങളുടെ തണലിൽ, നല്ല വെയിലുള്ളപ്പോൾ, ഗോതമ്പുവയലിൽ നിന്ന് വരുന്ന കാറ്റുണ്ടാകും. മറുഭാഗത്തെ മലഞ്ചെരുവുകളിലെ ഗോതമ്പ് വയലുകളിൽ നിന്ന്. താഴ്‌വാരത്തിനറ്റത്ത് ഒരു പഴയ കൊട്ടാരമുണ്ട്. അവിടെ രണ്ട് പാറകൾക്കിടയിൽ നിന്ന് നദി പുറത്ത് വരുന്നു. വെയിലിൽ നഗ്നരായി ഞങ്ങൾ കിടക്കും. പിന്നെ തണലിൽ കിടക്കും.

‘അപ്രതീക്ഷിതവും തല്ക്ഷണമുണ്ടാകുന്നതുമായ’ അനുഭവങ്ങളുടെ പ്രാധാന്യത്തിൽ ഈ പുസ്തകത്തിൽ ഹെമിങ്ങ്‌വെ ഊന്നൽ നൽകിയിരിക്കുന്നു. സ്പെയ്നിലെ വീഞ്ഞിനെക്കുറിച്ചും അദ്ദേഹം വാചാലനായിട്ടുണ്ട്. (വീഞ്ഞുകുടിക്കുന്നവരുമൊത്തുള്ള താരതമ്യം പ്രത്യക്ഷത്തിൽ കാണുന്നതുപോലെ അസ്വാഭാവികമോ പെരുപ്പിച്ചതോ അല്ല. ലോകത്തിലെ ഏറ്റവും സംസ്കാരസമ്പന്നമായ വസ്തുക്കളിൽ ഒന്നാണ് വീഞ്ഞ്.) മേൽപറഞ്ഞ എല്ലാ കാരണങ്ങളാലും തന്നെ അനന്യമായ സംസ്കാരവും ആചാരങ്ങളുളുള്ള ഈ രാജ്യം മാനവ അതിജീവനത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ മനസിലാക്കുന്നതിനു വലിയ പ്രാധാന്യം വഹിക്കുന്നു എന്നദ്ദേഹം കരുതുന്നു.
തന്റെ എഴുത്തിന്റെ തത്ത്വശാസ്ത്രം വിവരിക്കുന്നതിനും കാളപ്പോരിനെ ഒരു സാദൃശ്യമായി, രൂപകാലങ്കാരമായി, ഹെമിങ്ങ്‌വെ ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതു കാണാനാകും. കാളപ്പോരിനെ ഒരു കായിക വിനോദമായല്ല അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കലയായാണ്. ഒരു എഴുത്തുകാരൻ മാറ്റഡോറിനെപ്പോലെ ധീരനായിരിക്കണം എന്നും ആ ധീരതയ്ക്കൊപ്പം ‘ക്രൂമായ യാഥാർത്ഥ്യങ്ങളെ’ നേരിടാനുള്ള നിപുണതയുമുണ്ടാകണം എന്നും അതു മാത്രമല്ല സത്യസന്ധതയ്ക്കും വലിയ പങ്ക് എഴുത്തിന്റെ കലയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ശൈലി, നിരീക്ഷണം, ഒഴിവാക്കലുകളിലൂടെ അർത്ഥം വ്യക്തമാക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നു. വിവരണമല്ല എഴുത്തിന്റെ കരുത്തു വർദ്ധിപ്പിക്കുന്നത് എഴുത്തുകാരനറിയാവുന്നത് ഒഴിവാക്കുന്നതിലൂടെയാണെന്ന്, എഴുത്തിനാവശ്യമില്ലാത്തതെങ്കിൽ ഒഴിവാക്കുന്നതിലൂടെയാണെന്ന്, അദ്ദേഹം മറ്റൊരിടത്ത്, ഒരു അഭിമുഖത്തിൽ, പറഞ്ഞിരിക്കുന്നത് ഇതിനൊപ്പം കൂട്ടിവായിക്കാം. ഈ ശൈലിയും നിരീക്ഷണവും മറ്റും മാറ്റഡോറിന്റെ റിങ്ങിലെ ചലനങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞിരിക്കുന്നു. ആ ചലനങ്ങൾക്ക് കാണികളിൽ ആഴമേറിയ വികാരങ്ങൾ സൃഷ്ടിക്കാനാകും എന്ന്. വലിയ വിവരണങ്ങൾക്കാകുന്നതിലും അധികം സൃഷ്ടിക്കനാകും എന്ന്. വാക്കുകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഹെമിങ്ങ്‌വെ ഈ പുസ്തകത്തിൽ പറഞ്ഞുപോയിരിക്കുന്നതു കാണാനാകും.
കാളപ്പോരിൽ ഹെമിങ്ങ്‌വെയുടെ താത്പര്യം ആ റിങ്ങിൽ നടക്കുന്നതിനപ്പുറത്തുള്ള കാഴ്ചകൾ കൂടി കാണുക എന്നതായിരുന്നു. അതിന്റെ ചരിത്രത്തിലേക്കും സാങ്കേതികത്വങ്ങളിലേക്കും മനശാസ്ത്രത്തിലേക്കും കടന്നു ചെല്ലുക എന്ന്. അതുപോലെ തന്നെ സാഹിത്യത്തിലും എഴുതിയതിനപ്പുറത്തേക്ക് എഴുത്തുകാരനും വായനക്കാർക്കും എങ്ങനെയെത്തിപ്പെടാനാകും എന്നതിന്റെ പ്രതിപാദ്യങ്ങളും ഇതിൽ നമുക്ക് കാണാനാകും. മഞ്ഞുമലയുടെ ഉദാഹരണം ശ്രദ്ധിക്കുക. ഒരു ഗദ്യമെഴുത്തുകാരന് താനെന്തെഴുതുന്നു എന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിൽ, തനിക്കറിയാവുന്ന ചിലതെല്ലാം, വായനക്കാർക്കറിയാവുന്ന ചിലതെല്ലാം, ഒഴിവാക്കുന്നതിനെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ, എഴുത്തുകാരൻ സത്യസന്ധമായാണെഴുതുന്നത് എങ്കിൽ, അയാൾ എഴുതിയ അത്ര ശക്തിയോടേ നമുക്കത് ഉൾക്കൊള്ളാനാകും. ഒരു മഞ്ഞുമലയുടെ കുലീനത്വം അതിന്റെ എട്ടിൽ ഒരു ഭാഗമേ വെള്ളത്തിനു മുകളിലുള്ളു എന്നതാണ്. ബാക്കിയെല്ലാം വെള്ളത്തിനടിയിലാണ്. അതുപോലെയാകണം എഴുത്ത് എന്നാണദ്ദേഹം പറയുന്നത്.
സ്പെയിനിലെ അക്കാലത്തെ പല പ്രശസ്തരും അപ്രശസ്തരുമായ മാറ്റഡോറുകളേയും പിക്കാഡോറുകളേയും ഹെമിങ്ങ്‌വെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. അവരുടെ രീതികൾ, ശൈലികൾ, സ്വകാര്യ ജീവിതം എന്നു തുടങ്ങി, ചിലർക്ക് സംഭവിച്ച അപകടങ്ങൾ, ചില മരണങ്ങൾ എന്നിവയൊക്കെ പുസ്തകത്തിൽ കയറിവരുന്നു.
ഒരു വിവർത്തകനെന്ന നിലയിൽ പക്ഷേ എനിക്കേറ്റവും ആകർഷകമായി തോന്നിയത് ഭാഷയാണ്. ആദ്യാവസാനം താളാത്മകവും കവിത്വമുള്ളതും ലളിതവുമായ ഭാഷ പക്ഷേ ശ്രദ്ധയോടെ പിന്തുടർന്നില്ലെങ്കിൽ വിവർത്തനത്തിനു വെല്ലുവിളിയാകുന്നു. ഒരു സാഹിത്യ വിദ്യാർത്ഥി എന്ന നിലയിൽ ആ വെല്ലുവിളി ഒരു വലിയ പാഠവുമാകുന്നു.