ADVERTISEMENT

മലയാളത്തിന്റെ പ്രിയകഥാകൃത്തും നേവലിസ്റ്റുമായ പി. സുരേന്ദ്രന്റെ ശ്രദ്ധേയ നോവൽ ‘മായാപുരാണ’ത്തിനു പ്രശസ്ത നിരൂപകൻ വിജു നായരങ്ങാടി എഴുതിയ പഠനം വായിക്കാം –

വായന തീവ്രമായ ഒരു രാഷ്ട്രീയാനുഭവമാണെന്ന് പി. സുരേന്ദ്രന്റെ രചനകള്‍ എണ്‍പതുകളില്‍ത്തന്നെ നമ്മോടു പറഞ്ഞുവെച്ചിട്ടുണ്ട്. പ്രചണ്ഡമായ രാഷ്ട്രീയ സാംസ്‌കാരിക ഭൂമികയില്‍ നിന്നുകൊണ്ടാണ് ശീതോത്സവംവരെ സുരേന്ദ്രന്‍ രേഖപ്പെടുത്തിയത്. കഥകളില്‍ വളരെ ഋജുവായി കടന്നുവരുന്ന തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ജൈവനീതിയെക്കുറിച്ച് തനിക്കുള്ള സന്ദേഹങ്ങള്‍ക്ക് അവശ്യം വേണ്ട വിശദീകരണങ്ങള്‍ ഇല്ലാതെ പോകുന്നു എന്ന് ബോധ്യം വന്ന നിമിഷങ്ങളിലാകണം അദ്ദേഹം മഹായാനം മുതലുള്ള തന്റെ നോവലുകളിലേക്കു കടന്നുകയറിയത്.

ADVERTISEMENT

കാലത്തിന്റെ സ്വത്വപ്രതിസന്ധിയുമായി ഇടയുന്ന അനുഭവങ്ങളാണ് സുരേന്ദ്രന്റെ നോവലുകള്‍. മലയാളി ഇടക്കാലത്ത് കൊണ്ടാടിവന്ന നോവലുകളില്‍ മിക്കതും തീവ്രകാല്പനികതയും ആധുനികതയും ഇടകലര്‍ന്നുവന്ന രചനകളാണ്. നേരിയ വിഷാദാത്മകത്വം കലര്‍ന്ന മലയാളിയുടെ ജീവിതാഭിമുഖ്യത്തോട് മുകുന്ദനും വിജയനും ആനന്ദുപോലും സന്ധി ചെയ്തപ്പോള്‍ മലയാള നോവല്‍രംഗം അഭിമുഖീകരിച്ച ആന്തരികവൈമുഖ്യത്തെ തന്റെ രചനകളിലൂടെ സുരേന്ദ്രന്‍ മറികടക്കുകയായിരുന്നു.

ജൈവമായതിനെയെല്ലാം നിരസിക്കുകയോ നിഷേധിക്കുകയോ ചെയ്തതാണ് തീവ്രവിപ്ലവാഭിനിവേശത്തിന്റെ ആത്മീയ ദുരന്തങ്ങളായിത്തീര്‍ന്നതെന്ന് വര്‍ത്തമാനകാലം അടിവരയി രുന്നു. പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്നവനെ ആയുധമണിയിക്കുവാന്‍ ശ്രമിച്ച് സംഘബോധത്തെ മാനവികമായ നൈതികതകൊണ്ട് തിരുത്തേണ്ടിയിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ആയുധം അവസാനവാക്കല്ല എന്ന തീക്ഷ്ണമായ അവബോധമാണ് അതിനുപിന്നിലുള്ളത്. പ്രകൃതി രൂപപ്പെടുത്തുന്ന നൈതികതയില്‍ ഉച്ചാടനം ആവശ്യപ്പെടുന്നതിനെ നേരിടാന്‍ ആയുധം ഉപകരിക്കുകയില്ല. പ്രകൃതിയില്‍ കര്‍മം അവസാനിച്ചു കഴിഞ്ഞതിനെ പ്രകൃതി തന്നെ നിഷ്‌കാസനം ചെയ്യുന്നു. ഈ തിരിച്ചറിവില്ലാതെപോയ തീവ്ര വിപ്ലവചിന്ത ഉപയോഗം തീര്‍ന്നതിന്റെ ജഡത്തെ പേറുക തന്നെയായിരുന്നു. ആയുധമെങ്കില്‍ ആയുധം. ഉപയോഗശൂന്യമായാല്‍ ഉപേക്ഷിക്കേണ്ട മുഹൂര്‍ത്തങ്ങളില്‍ ഉപേക്ഷിച്ചേ തീരൂ എന്ന ആത്മബോധത്തിലേക്ക് വ്യക്തിസത്തയെ ഉണര്‍ത്തി പ്രതിഷ്ഠിക്കുകയായിരുന്നു ‘മഹായാനം’ എന്ന നോവല്‍ നിര്‍വഹിച്ചത്. സമൂഹത്തിലുയരുന്ന നൈതികതയുടെ പ്രശ്‌നങ്ങളെ പ്രത്യയശാസ്ത്ര പരിസരത്തു തളച്ചിട്ടുകൊണ്ട് മാറിനില്‍ക്കുന്ന രാഷ്ട്രീയബോധമേ മലയാളിയുടെ സ്വത്വത്തില്‍ ഇന്നുവരെ രൂപംകൊണ്ടിട്ടുള്ളൂ. നൈതികതയുമായി ബന്ധപ്പെട്ട ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും കളത്തിനു പുറത്തുനിന്നു ചിന്തിക്കാന്‍ തയ്യാറാവുന്നവര്‍ അരാഷ്ട്രീയ ബുദ്ധിജീവികളെന്ന് മുദ്രചാര്‍ത്തപ്പെടുന്ന ഒരു രാഷ്ട്രീയാവസ്ഥയും നമുക്കുണ്ട്. അരാഷ്ട്രീയ-സവര്‍ണ ഫാസിസ്റ്റ് മുദ്രകള്‍ കാത്തിരിക്കുമ്പോഴും ജൈവനീതിയെക്കുറിച്ചും ഭൗതികേതരമായ ജീവിതാവസ്ഥയെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയെന്നത് സധീരം നടത്തേണ്ടുന്ന കര്‍മമായി പരിണമിക്കുന്നത് വര്‍ത്തമാനകാലത്തിന്റെ പ്രത്യേകതയുമാണ്. ഇവിടെയാണ് സുരേന്ദ്രന്റെ രചനകള്‍ പ്രസക്തമാവുന്നത്.

ADVERTISEMENT

സുരേന്ദ്രന്‍ തീവ്രമായ സ്വത്വപ്രതിസന്ധിയെ നേരിടുന്ന എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ സ്പര്‍ശിക്കുന്ന ഭൗതികേതരമേഖല, വ്യാവഹാരിക ജീവിതമണ്ഡലവുമായി ഇടകലര്‍ത്തിപോരുന്ന ആത്മീയതയെന്ന കേവലാവസ്ഥയല്ല. മറിച്ച്, പ്രകൃതി പ്രപഞ്ചങ്ങളില്‍ പുല്ലിലും പുഴുവിലുംതൊട്ട് വിരാട്‌രൂപികളും അനന്തകോടികളുമായ ക്ഷീരപഥസഞ്ചാരികളില്‍വരെ തുടിക്കുന്ന ആത്മസ്പന്ദമാണത്. ഈ ആത്മസത്ത അത്ഭുതാവഹമായ കണ്ടെത്തലുകള്‍ക്കായി നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ജൈവനീതിയുണര്‍ത്തുന്ന ഇത്തരം കര്‍ക്കശമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സുരേന്ദ്രന്‍ കണ്ടെത്തുന്നത് നാം മറന്നുപോയെന്നു നടിക്കുന്ന, പ്രകൃതിയുമായി ബന്ധപ്പെട്ട ലളിതസമവാക്യങ്ങളിലൂടെയാണ്. ജൈവനീതിയുടെ ദുരിതകാര്‍ക്കശ്യങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും ലളിതസമവാക്യങ്ങള്‍ തീര്‍ക്കുന്ന ഉത്തരങ്ങളുമാണ് മായാപുരത്തിന്റെ തനിമയെ നിര്‍ണയിക്കുന്നത്.

സ്വപ്നങ്ങളൊന്നുമില്ലാത്ത ആകുലമായ മനുഷ്യാവസ്ഥയില്‍ നിന്നുകൊണ്ടാണ് നാം ‘മായാപുരാണം’ വായിച്ചുതുടങ്ങുന്നത്. തീര്‍ത്തും പുതിയ കാലത്തിന്റെ അഗ്നിപീഠത്തിനു മുകളില്‍ ലക്ഷ്യം മറന്നു തപസ്സുചെയ്യുന്ന മനുഷ്യന്റെ നേരം ‘മായാപുരാണം’ കണ്ണാടി ഉയര്‍ത്തുമ്പോള്‍ ദര്‍ശനപരമായ പ്രതിസന്ധികളൊന്നുമില്ലാതെ തനിക്ക് ആവര്‍ത്തിക്കാനുള്ള കാലരൂപിയായ സത്യത്തെ സുരേന്ദ്രന്‍ ആവിഷ്‌കരിക്കുന്നു.

ADVERTISEMENT

മാനുഷികമായ ഒരു പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്തേണ്ടുന്നതിന് ആയുധത്തെ നിരസിക്കുകയാണ് ആദ്യപടിയെന്ന് മഹായാനത്തില്‍ സുരേന്ദ്രന്‍ കണ്ടെത്തുന്നുണ്ട്. കവി പിടിച്ചുവാങ്ങി പ്രകൃതിയിലേക്ക് എറിഞ്ഞുകൊടുക്കുന്ന അഭിമന്യുവിന്റെ ആയുധം അയാളെ ആത്മീയമായ ഷണ്ഡത്വത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തുന്നതോടൊപ്പം നിരര്‍ഘകമായ പ്രത്യയശാസ്ത്ര ജഡിലതയില്‍നിന്ന് സാര്‍ഘകമായ ഒരു പ്രകൃതിവിചാരമായി ഉയര്‍ത്തുകകൂടി ചെയ്യുന്നുണ്ട്. പ്രകൃതിയുടെ കരങ്ങള്‍ നീണ്ടുവന്ന് ആയുധത്തെ ഏറ്റുവാങ്ങുമ്പോള്‍ അഭിമന്യുവില്‍ തിരികത്തിയുണരുന്നത് പ്രകൃതിയില്‍നിന്നും സിദ്ധിച്ച മാനുഷികാവബോധമാണ്. ഈ അവബോധത്തെത്തന്നെയാണ് വിശാലമായ ഒരര്‍ഥത്തില്‍ മായാപുരാണം തോറ്റിയെടുക്കുന്നത്.

പ്രകൃതി, പ്രത്യയശാസ്ത്രമാവുന്ന ദാര്‍ശനികഭൂമിയില്‍ സുരേന്ദ്രന്‍രചനകള്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. ഒരു രചനയില്‍ പ്രകൃതി കടന്നുവരുന്നു എന്നത് തികച്ചും സ്വാഭാവികമായ ഒരു വസ്തുതയായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ തനിക്കു പറയാനുള്ളതെല്ലാം നാം പരിചയിച്ചിട്ടുള്ളതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭൂപ്രദേശവും പ്രകൃതിദൃശ്യവും പശ്ചാത്തലമാക്കി പറഞ്ഞെടുക്കുന്ന ഒരു രീതിയാണ് സുരേന്ദ്രന്റേത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മായാപുരാണത്തിലെ സന്ധിപ്രതിസന്ധികള്‍ രൂപപ്പെടുന്നത്.

‘മായാപുരാണ’ത്തിലെ പ്രകൃതിദൃശ്യം പ്രാചീനമായ ഒരനുഭവമാണ്. പ്രകൃതി സ്ഫടികസമാനമായ ഒരു പ്രാചീനാനുഭവമായി ഖസാക്കില്‍ നാം പരിചയപ്പെട്ടതാണ്. ഒരുപക്ഷേ, ഖസാക്കിലെ പ്രകൃതിയുടെ ഉര്‍വരതയറ്റ അമൂര്‍ത്ത സാന്നിധ്യത്തില്‍നിന്ന് ഉര്‍വരതയുടെ മഹാകാഹളസ്വരമുയരുന്ന, സന്ദിഗ്ധതകളില്ലാത്ത, മൂര്‍ത്തമായ ഒരു ജൈവസാന്നിധ്യത്തിലേക്കുള്ള വളര്‍ച്ചയാണ് സുരേന്ദ്രന്‍ സൃഷ്ടിക്കുന്ന മായാപുരം.

എഴുത്തിന്റെ ഏതെല്ലാമോ നിര്‍ണായക നിമിഷങ്ങളില്‍ സുരേന്ദ്രന്‍ സൃഷ്ടിക്കുന്ന ഭ്രമകല്പിതമായ ഗ്രാമമാണ് മായാപുരം. പരിസ്ഥിതി സൗന്ദര്യവാദിയായ ഏതൊരെഴുത്തുകാരനും ഒരു മാതൃകാഗ്രാമം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവും. ഒരുപക്ഷേ, യാത്രകളെ ഇത്രയേറെ ഇഷ്ടപ്പെടുകയും വിലമതിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്ക് കുറവാണ്. സുരേന്ദ്രന്റെ യാത്രകളുടെ നിയോഗങ്ങള്‍ എന്തെല്ലാമായിരുന്നാലും യാത്രകളുടെ മധ്യേ നമുക്ക് സാക്ഷാത്കരിച്ച് കിട്ടുന്ന മായക്കാഴ്ചകളുടെ വാക്കിന്റെ ദൃശ്യസാക്ഷാത്കാരം മായാപുരം എന്ന ഗ്രാമത്തിലുണ്ട്. മായാപുരം എന്ന ഗ്രാമത്തെ കാലത്തിന്റെ നിശ്ചലമായ ഒരു ഖണ്ഡത്തില്‍നിന്നും കാലാതീതമായ ഒരു തലത്തിലാണ് സുരേന്ദ്രന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ഥലകാലങ്ങളുടെ വിതാന ചിത്രീകരണങ്ങളില്‍ എം. സുകുമാരനുശേഷം സുരേന്ദ്രനോളം പരീക്ഷണകൗതുകം മറ്റാരും കാണിച്ചു കണ്ടിട്ടില്ല. ഇവിടെ അതിതാരസ്ഥായിയില്‍ ചലിച്ചിരുന്ന സ്ഥലകാലങ്ങള്‍ അനുസ്ഥായിയില്‍ ചലിക്കുന്ന അവസ്ഥയിലേക്ക് സംക്രമിക്കുമ്പോഴാണ് നാം മായാപുരത്തിന്റെ ചിത്രസദൃശമായ ഭൂപ്രദേശത്ത് എത്തുന്നതും ചരിച്ചുതുടങ്ങുന്നതും. ചലനവും വേഗതയും തീരേ കുറഞ്ഞ ശബ്ദവും ശബ്ദാനുബന്ധ ഘടകങ്ങളും നിശ്ശേഷം കടന്നുവരാത്ത, കല്ലില്‍ കൊത്തിയ നിശ്ചലദൃശ്യം പോലെയാണ് മായാപുരം പലപ്പോഴും അനുഭവപ്പെടുന്നത്.

മായാപുരത്തെത്തുന്ന സ്‌നേഹലതയും സദാശിവനും രചനയുടെ അലുക്കുകളഴിച്ചുനോക്കിയാല്‍, ചിന്താശൂന്യവും നിറം കെട്ടതും അകാല്പനികവുമായ നമ്മുടെയൊക്കെ ചുറ്റുപാടുകളില്‍നിന്ന് രൂപംകൊണ്ടവരാണെന്നു കാണാം. വേഗതയുടെ പാരമ്യങ്ങളില്‍ രതിമൂര്‍ച്ഛയുടെ സ്വരജതികളുരുവിടുന്ന, നാം ഭീതിയോടുകൂടിമാത്രം ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരു തലമുറ നമുക്കുചുറ്റും രൂപംകൊണ്ടിട്ടുണ്ട്. വേഗതയും രതിയും മാത്രം ലക്ഷ്യമാവുന്ന ഈ തലമുറയില്‍നിന്ന് നാം വായിച്ചെടുക്കേണ്ടിവരുന്നത് മാനവികത ചോര്‍ന്നുപോയ ജീവിതത്തെയാണ്. താല്‍ക്കാലികമായ വിഭ്രമങ്ങളെ പ്രചോദിപ്പിക്കാനുള്ള കളിപ്പാട്ടം മാത്രമാണ് ജീവിതം എന്ന ഭീതിദമായ സങ്കല്പത്തിലാണ് ഈ തലമുറ അടിയുറപ്പിച്ചിരിക്കുന്നത്. കേവലപ്രതിരോധത്തിനുള്ള ശേഷിപോലുമില്ലാതെ തകര്‍ന്നുവീഴുന്ന ശരാശരി മനുഷ്യന്റെ നൈതികതയെ ഇവര്‍ നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്. ഈ സത്യത്തിനു മുകളില്‍ സംസ്ഥാപിതമായ രണ്ടു വ്യക്തിത്വങ്ങളാണ് സ്‌നേഹലതയും സദാശിവനും. രണ്ടുപേരും വിരുദ്ധധ്രുവങ്ങളുടെ സ്വാഭാവികാകര്‍ഷണത്തിലല്ല. മറിച്ച്, എഴുത്തുകാരന്റെ അഭിവാഞ്ഛയിലാണ് സന്ധിക്കുന്നത്. സ്വത്വപരമായി പ്രതിസന്ധിയിലാഴുന്ന ഈ കൂട്ടരെ കൂട്ടിമുട്ടിക്കുന്നു എന്നതാണ് സുരേന്ദ്രന്‍ അനുഷ്ഠിക്കുന്ന കലാപരവും കാലപരവുമായ ധര്‍മം എന്നു തോന്നുന്നു. പക്ഷേ, ഇവരെ കൂട്ടിമുട്ടിക്കുമ്പോഴും ഗൂഢാ നുരാഗത്തിലൂടെ, ത്യാഗത്തിലൂടെ രതിസപര്യയിലേക്ക് വളരുന്ന പരമ്പരാഗത പ്രണയരീതിയെ പാടേ നിഷേധിച്ചുകൊണ്ടുതന്നെയാണ് സുരേന്ദ്രന്‍ മുന്നോട്ടുപോകുന്നത്.

തീവ്രമായ രത്യനുഭവങ്ങളിലൂടെ, പ്രപഞ്ചരാശികളുടെ മുഴുവന്‍ സാന്നിധ്യത്തില്‍ നിയന്ത്രണാതീതമായ ഇണചേരലുകളിലൂടെ, പ്രജനനസങ്കല്പങ്ങളെ ഉള്ളില്‍പ്പോലും താലോലിക്കാതെയുള്ള പ്രചണ്ഡ ജീവിതയാത്രയില്‍ എവിടെയോവെച്ച് സ്‌നേഹലതയിലൂറുന്ന ആദ്യഭ്രൂണം പരസ്പരം കടപ്പാടുകളില്ലാത്ത കാമികളുടെ സൈ്വര്യം കെടുത്തുകയും ഭ്രൂണം തകര്‍ത്തെറിയപ്പെടുകയും ചെയ്യുന്നു.

ഭ്രൂണഹത്യയിലൂടെ ജൈവനീതി ഉയര്‍ത്തുന്ന ചോദ്യങ്ങളിലേക്ക് സ്‌നേഹലതയെ പ്രപഞ്ചം കൈപിടിച്ചുയര്‍ത്തുന്നതാണ് മായാപുരാണത്തിന്റെ രണ്ടാംഘട്ടത്തെ നിര്‍ണയിക്കുന്നത്. കാലിലെ മുള്ളെടുത്തു മാറ്റുന്നതുപോലെ സമൂഹത്തില്‍ നിസ്സാരവത്കരിക്കപ്പെട്ട ഭ്രൂണഹത്യയെ ജൈവപരമായ പ്രത്യയശാസ്ത്രക്കളത്തിലേക്ക് ആനയിക്കുകയാണ് സുരേന്ദ്രന്‍. ശരീരം, പഞ്ചഭൂതങ്ങള്‍ സുഘടിതമാവുമ്പോള്‍ രൂപംകൊള്ളുകയും വിഘടിതമാകുമ്പോള്‍ നശിക്കുകയും ചെയ്യുന്നു എന്നത് ഭാരതീയ വിശ്വാസമാണ്. എന്നാല്‍ ഭ്രൂണഹത്യയിലൂടെ ബലംപ്രയോഗിച്ച് ഇറക്കിവിട്ടവന്റെ പ്രതികാരകാര്‍ക്കശ്യം പിന്നീട് ഇവിടെ സ്വാഭാവിക പ്രതികരണമായിത്തീരുന്നു. സ്‌നേഹലത താനാചരിച്ച ജീവിതത്തെ മടുപ്പിന്റെ കുപ്പായം ഉപേക്ഷിക്കുംപോലെ ഉപേക്ഷിക്കാന്‍ തയ്യാറാവുമ്പോഴും തന്നെ ഒരിക്കല്‍ ബലമായി ഇറക്കിവിട്ട ഗര്‍ഭപാത്രത്തില്‍നിന്ന് അവന്‍ ഇറങ്ങിപ്പോക്ക് പതിവാക്കുന്നു. അങ്ങനെ ശാന്തിയുടെ ഭൂപ്രദേശങ്ങളിലേക്ക് കുടിയേറാനും ജീവിക്കാനും സ്‌നേഹലതയും സദാശിവനും നിര്‍ബന്ധിതരാവുന്നു.

ജൈവനീതിയെക്കുറിച്ച് ആകുലരാകുന്ന മായാപുരാണത്തിലെ കഥാപാത്രങ്ങള്‍ക്ക് കുടിയേറാന്‍ സുരേന്ദ്രന്‍ സൃഷ്ടിക്കുന്ന മിത്തിനു സമാനമായ ഭൂപ്രദേശമാണ് മായാപുരം. ഒരിക്കലും ഇളകിമറിയാത്ത വിശ്വാസങ്ങളും ആചാരരീതികളും സ്വയംപര്യാപ്തതയുമുള്ള മായാപുരം ഗാന്ധിയന്‍ ഗ്രാമസങ്കല്പങ്ങളുടെ കലാപരമായ നിര്‍മിതിയാണ്. യാത്രകളില്‍നിന്ന് സുരേന്ദ്രന്‍ ആവാഹിച്ചെടുക്കുന്ന പ്രകൃതിദൃശ്യങ്ങളെ സുതാര്യമായ ഭാഷയുടെ പിന്‍ബലത്തില്‍ സുദൃഢമായി പ്രതിഷ്ഠിക്കുമ്പോള്‍ ഇത്തരം വിശാലമായ ഭൂദൃശ്യങ്ങള്‍ രൂപപ്പെടുന്നു.

p-surendran

മായാപുരം പരുത്തികൃഷിയുടെ നാടാണ്. പരുത്തിയുടെ വെണ്മ പരന്നുകിടക്കുന്ന പാടങ്ങളും അകാല്പനികമായ വച്ചുകെട്ടലുകളും ആരവങ്ങളുമില്ലാത്ത ദേവീസങ്കല്പങ്ങളും ആരെയും ഏറ്റുവാങ്ങി മായാപുരത്തിന്റേതാക്കാന്‍ മടിയില്ലാത്ത ജഡിലമല്ലാത്ത സംസ്‌കാരവും മായാപുരത്തിന്റെ പ്രത്യേകതകളാണ്. മുന്‍വിധികളില്ലാത്ത, ആര്‍ക്കും എളുപ്പമായി വായിച്ചെടുക്കാവുന്ന വ്യാകരണമാണ് മായാപുരത്തിന്റേത്. പക്ഷേ, നാം പരിഷ്‌കൃതരെന്നഭിമാനിക്കുന്നവര്‍ ഏതു ലളിതവ്യാകരണസൂത്രത്തേയും മുന്‍വിധിയുടെ ചതുരക്കളത്തിനുള്ളിലേക്കടിച്ചുകയറ്റി ഉത്തരം കിട്ടാതെ വിയര്‍ക്കുന്നവരാണല്ലോ. സ്‌നേഹലത ഇതു തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവാണ് കാലങ്ങളായി നാം പറഞ്ഞുകൊണ്ടിരിക്കുന്ന ‘ജീവിതം’ എന്ന സംജ്ഞയിലേക്ക് അവളെ പ്രത്യാനയിക്കുന്നത്.

കലര്‍പ്പില്ലാത്ത ജീവിതമാണ് മായാപുരത്തിന്റേത്. മായാപുരത്ത്, വിത്തിന്റെ തനിമയില്‍ തുടങ്ങുന്ന കൃഷിരീതിയുടെ അനുഷ്ഠാനപഥങ്ങള്‍ ഉത്പാദനവിതരണ സമ്പ്രദായങ്ങള്‍ വരെ നീണ്ടുകിടക്കുന്ന വ്യത്യസ്ത വ്യാകരണത്തില്‍ അടിയുറച്ചതാണ്. മായാപുരത്തെ വ്യക്തികളുടെ പേരിനുപോലും ഒരു സമൂഹത്തിന്റെ പ്രാതിനിധ്യഭാവമാണുള്ളത്. എല്ലാ വ്യക്തികളും എല്ലാ വസ്തുക്കളും സമൂഹത്തിനുവേണ്ടി, സമൂഹം എല്ലാ വസ്തുക്കള്‍ക്കും എല്ലാ വ്യക്തികള്‍ക്കും വേണ്ടി എന്ന പാരസ്പര്യ മനോഭാവം തിളങ്ങിനില്‍ക്കുന്ന മായാപുരത്ത് സദാശിവന്റെ ദൗത്യം ആധുനിക കൃഷിരീതി പരിചയപ്പെടുത്തുന്ന കൃഷി ഓഫീസറുടേതുകൂടിയാണ്. പുതിയവിത്ത് അധികം പുതിയവളം സമം അധിക ഉത്പാദനം സമം ലാഭം എന്ന കമ്പോളചിഹ്നങ്ങളിലേക്ക് മായാപുരത്തെ പരിവര്‍ത്തിപ്പിക്കാന്‍ സദാശിവന്‍ ശ്രമിച്ചു നോക്കി പരാജയപ്പെടുകയും പിന്നീട് മായാപുരത്തിന്റെ സ്‌നേഹപാശങ്ങളിലേക്ക് സ്‌നേഹലതയോടൊപ്പം കടന്നുചെല്ലുകയും ചെയ്യുന്നുണ്ട്.

ഈയൊരു വിതാനത്തില്‍ മായാപുരം ആധുനികകാലത്തെ വലിയ സമസ്യ പൂരിപ്പിക്കുന്നുണ്ട്. കള്‍ച്ചറുമായി അഗ്രിക്കള്‍ച്ചറിനുള്ള ബന്ധം പലപടി പഠിക്കപ്പെട്ടതും വിലയിരുത്തപ്പെട്ടതുമാണ്. എങ്കിലും, കൃഷി സൃഷ്ടിക്കുന്നത് ഒരു സാമ്പത്തിക ഘടനയെയല്ല. മറിച്ച്, ഒരാവാസ വ്യവസ്ഥയെയാണെന്ന് സുരേന്ദ്രന്‍ ‘മായാപുരാണ’ത്തില്‍ പറഞ്ഞുറപ്പിക്കുന്നുണ്ട്. ഒരാവാസവ്യവസ്ഥ നിലവില്‍ വരുന്നതിന് പതിറ്റാണ്ടുകള്‍ പോരാ. ഒരാവാസ വ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതും പരിപാലിക്കുന്നതും നൂറ്റാണ്ടുകളുടെ അനുസ്യൂതിയാണ്. ഒരാവാസ വ്യവസ്ഥയ്ക്ക്, ബാഹ്യമായ കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള ജൈവപരമായ മാര്‍ഗം ബാഹ്യമായ കടന്നുകയറ്റങ്ങളെക്കൂടി വ്യവസ്ഥയുടെ ഭാഗമാക്കുക എന്നതാണ്. അന്യവത്കരിക്കപ്പെട്ട ഏതും ഇങ്ങനെ ആവാസവ്യവസ്ഥയുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറും. പക്ഷേ, വേഗതയുടെ യുഗം ഏതൊരാവാസവ്യവസ്ഥയേയും ഞൊടിയിടയില്‍ തകിടം മറിക്കും. പിന്നീട്, അന്യവത്കക്കരിക്കപ്പെട്ട വിനിമയമൂല്യങ്ങളെ കൃത്രിമമായി ഉത്പാദിപ്പിച്ച് ആവാസ വ്യവസ്ഥയുടെ മൊത്തം ജൈവ-ജനിതകഘടകങ്ങളെ തകര്‍ക്കുകയും ചെയ്യും. എന്നാല്‍ ‘മായാപുരാണ’ത്തില്‍ മായാപുരം സാര്‍ഥകമാകുന്നത് കൃത്രിമ മൂല്യവിനിമയത്തിന് വഴങ്ങാത്ത അതിന്റെ പ്രാചീന ജൈവഘടനയിലാണ്. ആ ജൈവഘടനയെ സന്തുലിതമാക്കുന്നത് അവിടുത്തെ ജനിതകവൈവിധ്യവുമാണ്. ജനിതകവൈവിധ്യത്തെ പുറം കടന്നുകയറ്റങ്ങളിലൂടെ തകര്‍ക്കപ്പെടുന്നതിനെ മായാപുരത്തിന്റെ ആവാസവ്യവസ്ഥ സ്വയം പ്രതിരോധിക്കുന്നു. ആ നിമിഷത്തില്‍ പ്രകൃതിയും കര്‍മശുദ്ധിയും ചേരുമ്പോള്‍ ഉടലെടുക്കുന്ന മാനുഷികമായി രൂപംകൊള്ളുന്ന ഒരു പ്രത്യയശാസ്ത്രവിശുദ്ധി എന്ന സങ്കല്പത്തിലേക്ക് ‘മായാപുരാണം’ സംക്രമിക്കുന്നുണ്ട്.

ഈ പ്രത്യശാസ്ത്രവിശുദ്ധിയെന്തെന്ന് വായിച്ചെടുക്കേണ്ട ബാധ്യതയില്‍ വായനക്കാരന്‍ ചെന്നെത്തുന്നുണ്ട്. ഏതു വന്ധ്യതയെയും മായാപുരം ഉര്‍വരമാക്കുന്നു. വിത്തെവിടെ മുളപ്പിക്കണം എന്ന നൈതിക സന്ദിഗ്ധതയ്ക്ക് മായാപുരം ഉത്തരമാവുകയും ചെയ്യുന്നു. മായാപുരത്തിന്റെ സ്വച്ഛതയില്‍ ഗര്‍ഭാലസ്യത്തില്‍ വീഴുന്ന സ്‌നേഹലത താന്‍ മനസ്സില്‍നിന്ന് അടിച്ചിറക്കിയ തന്റെ തറവാടിന്റെ സാന്ത്വനത്തിലേക്ക് തിരിച്ചുചെല്ലാന്‍ ആഗ്രഹിക്കുന്നുണ്ട്. അവളുടെ തറവാടുമായി ബന്ധമുള്ള ഏതൊരു യുവതിയും ഗര്‍ഭിണിയാകുമ്പോള്‍ സുരക്ഷിതത്വം പകര്‍ന്ന ഈറ്ററയുടെ സ്‌നേഹസാമീപ്യം, താനൊരിക്കല്‍ തള്ളിപ്പറഞ്ഞതാണെങ്കില്‍ക്കൂടിയും സ്‌നേഹലത കൊതിക്കുന്നുമുണ്ട്. എന്നാല്‍ താനടക്കമുള്ള പുതിയ തലമുറയുടെ മോഹംപോലെ പൊളിച്ചുമാറ്റപ്പെട്ട തറവാടിനെയും ഈറ്ററയേയുംക്കുറിച്ചുള്ള ഓര്‍മ സ്‌നേഹലതയെ നൊമ്പരപ്പെടുത്തുന്ന അവസരത്തില്‍ മായാപുരം അവളിലേക്ക് നിറയുകയായിരുന്നു. സ്‌നേഹലത നില്‍ക്കുന്ന മായാപുരത്തിന്റെ മണ്ണ്, സ്‌നേഹലതയെ, അവളിലെ അമ്മയെ കനിവോടെ ഏറ്റുവാങ്ങി ശുശ്രൂഷിക്കുന്ന ഈറ്ററയ്ക്കു സമാനമായി രൂപം മാറുകയാണ്. ഈയൊരു മാനുഷികമായ പ്രത്യയശാസ്ത്രശുദ്ധിതന്നെയാണ് മായാപുരത്തിന്റെ അനന്യതയെ നിര്‍ണയിക്കുന്നതെന്ന് നിസ്സംശയം പറയാം.

‘മായാപുരാണ’ ത്തില്‍ ജൈവനീതിയെക്കുറിച്ച് ഉന്നയിക്കുന്ന പ്രശ്‌നങ്ങളുമായി സംവദിക്കുമ്പോള്‍ നാം പറഞ്ഞുറപ്പിച്ചിരിക്കുന്ന പാരിസ്ഥിതിക സൗന്ദര്യശാസ്ത്രമേഖലകളെ മറികടന്നുപോകുന്ന ഒരു ദര്‍ശനതലമാണ് സുരേന്ദ്രന്‍ രൂപപ്പെടുത്തുന്നത്. ആധുനിക പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തില്‍ പ്രകൃതിയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യനെയാണ് നാം നിരന്തരം കണ്ടുമുട്ടുന്നത്. മനുഷ്യന്റെ കടന്നുകയറ്റത്തെ ചെറുക്കാനാവാതെ തളരുന്ന പ്രകൃതിയാണ് പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തെ നിര്‍ണയിച്ചുവന്നിട്ടുള്ളത്. ഇതൊരു പരിധിയും പരിമിതിയുമാണെന്ന് ‘മായാപുരാണം’ പറഞ്ഞുറപ്പിക്കുന്നു. പ്രകൃതിയുടെ സമ്മോഹനമായ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യന്റെ കൈത്തെറ്റുകളെ ബോധവത്കരണത്തിന്റെ വഴികളിലൂടെ തിരുത്തിയെടുക്കാന്‍ ശ്രമിക്കാതെ, നവീന പാരിസ്ഥിതിക സൗന്ദര്യശാസ്ത്രം മനുഷ്യനെയും പ്രകൃതിയേയും നിര്‍വചനക്രമങ്ങളുടെ കൊടുംതൊഴുത്തില്‍പ്പെടുത്തുകയാണ്. ഇത് മനുഷ്യനേയും പ്രകൃതിയേയും പരസ്പരം കൂടുതല്‍ അകലത്തിലേക്ക് എടുത്തെറിയുന്നു. എന്നാല്‍ ഇത്തരം സിദ്ധാന്തങ്ങളെ നിരാകരിച്ചുകൊണ്ട് അവനവന്റെ ഉള്ളിലുയരുന്ന ചോദ്യങ്ങളിലൂടെ പ്രകൃതിയുടെ ജൈവനീതി ഉയര്‍ത്തുന്ന കാര്‍ക്കശ്യങ്ങളേതെന്ന് അന്വേഷിക്കുകയും ഉത്തരം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന ദര്‍ശനമാണ് ‘മായാപുരാണം’ ഉയര്‍ത്തുന്നത്.

മായാപുരത്തെ ദൈവസങ്കല്പം പോലും പ്രകൃതിസങ്കല്പം പോലെ പൊളിച്ചെഴുത്തിന്റേതാകുന്നതിനു കാരണമിതാണ്. മനുഷ്യനിര്‍മിതവും സങ്കുചിതവുമായ അനുഷ്ഠാനദൈവ സങ്കല്പങ്ങള്‍ക്കും ബിംബാരാധനകള്‍ക്കുമപ്പുറത്തേക്ക് പ്രകടന പരമല്ലാത്തതും പ്രാചീനവുമായ ഒരു സ്‌നേഹസാമീപ്യമായിട്ടാണ് മായാപുരത്തെ ദൈവസങ്കല്പം നിലനില്‍ക്കുന്നത്. കുടപോലെ വിരിഞ്ഞുനില്‍ക്കുന്ന ഹരിതസമൃദ്ധിയുടെ ശീതളവും സരളവുമായ തണലില്‍ ആരാധനയേറ്റുവാങ്ങി മായാപുരത്തെ കാത്തുപോരുന്നവരാണ് അവിടത്തെ ദൈവങ്ങള്‍. നിയതരൂപഘടനയില്ലാത്ത, വെറും കല്ലുകളില്‍ സ്ഥിരപ്പെട്ടിരിക്കുന്ന ഇത്തരം ദേവചൈതന്യങ്ങളില്‍ പ്രാചീനവും ഗോത്രപരവുമായ ദൈവസങ്കല്പമാണ് കാണാനാവുന്നത്. ഇതാകട്ടെ, അങ്ങേയറ്റം കാരുണ്യം നിറയുന്നതും സഹജാവബോധത്തെ ഉണര്‍ത്തുന്നതുമാണ്. മായാപുരത്തെ ജോഗമ്മ സാന്ത്വനത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമാണ്. അതീതവും അദൃശ്യവുമായ ജോഗമ്മയുടെ സുരക്ഷിതത്വത്തിനുകീഴില്‍ ജോഗമ്മയ്ക്ക് വെള്ളരിയിട്ട് ഗര്‍ഭിണികളായവര്‍ മായാപുരത്ത് ശിശുഹത്യകൊണ്ട് പരീക്ഷിക്കപ്പെടുകയില്ലെന്ന അസന്ദിഗ്ധമായ തിരിച്ചറിവ് ഈ ദര്‍ശന തലത്തെ സാധൂകരിക്കുന്നു. അസൂയാവഹമായ കാവ്യനീതിയാണ് ഈ ദര്‍ശനത്തെ മായാപുരാണത്തിന്റെ അസ്ഥിവാരമാക്കിത്തീര്‍ക്കുന്നത്.

നാം നമ്മിലേക്ക് വലിച്ചടുപ്പിക്കുന്ന ദുരന്തസ്പര്‍ശമുള്ള ഏതൊരു ജീവിതാനുഭവത്തെയും കഴുകിയുണക്കാന്‍ ഒരു മായാപുരവും അതിന്റെ ശാന്തതയും നമ്മുടെയുള്ളില്‍ കുടി വയ്‌ക്കേണ്ടിവരുന്നു. ജൈവസമൃദ്ധികളില്‍നിന്ന് കുടിയിറക്കപ്പെട്ട നമുക്ക് കുടിവയ്പിന്റെ ഉത്സവങ്ങള്‍ മനസ്സിലെങ്കിലും ആഘോഷിക്കാന്‍ ‘മായാപുരാണം’ പോലുള്ള രചനകള്‍ ഉണ്ടായേ തീരൂ.

ADVERTISEMENT