ADVERTISEMENT

പണത്തട്ടിപ്പു വാർത്തകൾ കേട്ടുകേട്ട് ഇപ്പോൾ അറിയാത്ത നമ്പരിൽ നിന്നു ഫോൺ വന്നാൽ മിക്കവരും എടുക്കാറില്ല. സ്പാം കോളുകളെ ബുദ്ധിപൂർവം ഒഴിവാക്കാനുള്ള വഴിയാണ് ഇത്തവണ. ഒപ്പം വാട്സാപ്പിലെ പുത്തനൊരു അപ്ഡേറ്റും.

സ്പാം ബ്ലോക് ചെയ്യാം

ADVERTISEMENT

ഫോണില്‍ നിരന്തരം സ്പാം കോളുകളും എസ്എംഎസുകളും വരാത്തവര്‍ ആരുമുണ്ടാവില്ല. ഇത്തരം കോളുകളും സ്പാം മെസേജുകളും പൂർണമായി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല എന്നാണോ പരാതി. സര്‍ക്കാരിന്റെ തന്നെ ആപ്ലിക്കേഷനിലൂടെ ഇതിപ്പോള്‍ സിംപിളായി ചെയ്യാം. അതിനുള്ള വഴികൾ കേട്ടോളൂ.

TRAI DND 3.0 എന്ന ആപ്ലിക്കേഷനാണ് ഇതിനായി പ്ലേ സ്റ്റോറിൽ നിന്നു ഡൗൺ‌ലോഡ് ചെയ്യേണ്ടത്. ആപ്ലിക്കേഷന്‍ ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്ത് എല്ലാ പെര്‍മിഷനുകളും അലൗ ചെയ്യണം. ഇനി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യാം. ഡിഎന്‍ഡി (Do not distrurb) റജിസ്ട്രേഷന്‍ സ്റ്റാറ്റസ് എന്നതു സെലക്ടു ചെയ്ത് അത് ആക്റ്റീവാണോ എന്നു നോക്കുക. 

ADVERTISEMENT

അല്ലെങ്കില്‍ ചെയ്ഞ്ച് പ്രിഫറന്‍സ് എന്നതു സെലക്ടു ചെയ്തു രണ്ടാമത്തേത് ഒ ഴികെ ബാക്കിയെല്ലാം  ടിക് ഇട്ട് ഓകെ അമര്‍ത്തുക. ശേഷം വരുന്ന വിൻഡോയിൽ ഡിഎന്‍ഡി കാറ്റഗറിയില്‍ എല്ലാം ടിക് ഇടുക. ബാക്കിയുള്ളവ ഒന്നും ചെയ്യേണ്ട, നേരെ സബ്മിറ്റ് അമര്‍ത്തുക.

അപ്പോൾ തന്നെ ആപ്ലിക്കേഷൻ ആക്റ്റീവായിട്ടുണ്ടാകും എങ്കിലും 72 മണിക്കൂറിനുള്ളിലാണു സകല സ്പാം കോളുകളും ബ്ലോക്ക് ചെയ്യപ്പെടുക. എന്നിട്ടും മാര്‍ക്കറ്റിങ് കോള്‍ പോലുള്ളവ ശല്യപ്പെടുത്തിയാല്‍ അതൊഴിവാക്കാനും മാർഗമുണ്ട്. ഡിഎന്‍ഡി ആക്റ്റിവേറ്റാക്കിയ ശേഷം സ്പാം കോളോ മെസേജോ വരുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് വോയ്സ് യുസിസി എന്നതു സെലക്ട് ചെയ്ത് നമ്പര്‍ നൽകി എന്തു കാറ്റഗറിയിലുള്ള പരസ്യമായിരുന്നു അതെന്നു കൂടി രേഖപ്പെടുത്തിയ ശേഷം കംപ്ലെയിന്റ് അമര്‍ത്തുക.

ADVERTISEMENT

വാട്സാപ്പിലൂടെ വരുന്ന പണത്തട്ടിപ്പ് സംഘങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാനും TRAI DND 3.0 യില്‍ സാധിക്കും. അതിനായി ഫ്രോഡ് കമ്യൂണിക്കേഷന്‍ എന്ന ഓപ്ഷനാണ് എടുക്കേണ്ടത്.

വാട്സാപ്പിലെ പിഡിഎഫ്

വാട്സാപ്പിലൂടെ ഡോക്യുമെന്റ് ഫയലുകൾ അയയ്ക്കുമ്പോൾ പുറത്തൊരു ആപ്ലിക്കേഷനിൽ നിന്ന് പിഡിഎഫ് ക്രിയേറ്റ് ചെയ്ത് അയയ്ക്കുകയാണല്ലോ മിക്കവരും ചെയ്യാറ്. എന്നാൽ വാട്സാപ്പിൽ തന്നെ ഡോക്യുമെന്റ് പിഡിഎഫ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വന്നെത്തി.

വാട്സാപ് ചാറ്റ് വിൻഡോയില്‍ ഡോക്യുമെന്റ് സെലക്ട് ചെയ്താല്‍ സ്കാന്‍ ഡോക്യുമെന്റ് എന്ന ഓപ്ഷൻ കാണാം. അതു സെലക്ട് ചെയ്താൽ ബില്ലും ഡോക്യുമെന്റ്സുമൊക്കെ സ്കാൻ ചെയ്തു പിഡിഎഫ് ആക്കാം. ചരിഞ്ഞിരിക്കുന്ന ചിത്രം വരെ നേരെയാക്കി സ്കാന്‍ ചെയ്യാനാകും. അതിനായി ക്യാപ്ചര്‍ ബട്ടന്‍ പോലും അമര്‍ത്തേണ്ട ആവശ്യം ഇല്ല, തനിയെ തന്നെ ഫോക്കസ് ആയി ചിത്രം ക്യാപ്ചര്‍ ചെയ്യും.

സ്കാന്‍ ചെയ്യുന്ന സമയത്ത് സ്ക്രീനിൽ ടച്ച് ചെയ്താല്‍ ഗ്രേ സ്കെയില്‍, ബ്ലാക്ക് & വൈറ്റ്, ഫോട്ടോ തുടങ്ങിയ ഓപ്ഷന്‍സും കാണാം. മാനുവല്‍ ഓപ്ഷന്‍ ആണെങ്കില്‍ ക്യാപ്ചര്‍ ബട്ടന്‍ അമര്‍ത്തണം. എന്നിട്ട് അരികും മൂലയുമൊക്കെ അഡ്ജസ്റ്റ് ചെയ്യണം. ഇത് സെന്റ് ചെയ്യുമ്പോള്‍ പിഡിഎഫ് ആയി മാറും. ഒന്നിലധികം പേജുകള്‍ ഉണ്ടെങ്കില്‍ അവ ആ ഡോക്യുമെന്റില്‍ മെര്‍ജ് ആയിട്ടുണ്ടാകും.

ADVERTISEMENT