കേരള എൻജിനീയറിങ് എൻട്രൻസ് (കീം) റാങ്ക് പട്ടികയിൽ ഒന്നു മുതൽ ആറു വരെയുള്ള സ്ഥാനങ്ങളിൽ ഒരാൾ താനാകുമെന്ന് ഹരികിഷൻ ബൈജു പ്രതീക്ഷിച്ചിരുന്നു. രണ്ടാം റാങ്ക് കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെങ്കിലും ഒന്നാം സ്ഥാനം കൈവിട്ടു പോയതിൽ ചെറിയ നിരാശ ഉണ്ടെന്നും ചെറുപുഞ്ചിരിയോടെ ഹരികിഷൻ പറഞ്ഞു.
വായനശീലമാണ് വിജയത്തിന് പിന്നിലെ രഹസ്യം. സയൻസ് വിഷയത്തെ ഏറെ താൽപര്യത്തോടെയാണ് എന്നും പഠിക്കാറുള്ളത്. സയന്റിസ്റ്റ് ആകാനാണ് ആഗ്രഹം. ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ ഏറെ ഇഷ്ടമാണ്. ജോലിയിൽ അതേ പാത പിന്തുടരാനാണ് ഹരികിഷന് താൽപര്യം.
പത്താം ക്ലാസ് വരെ യുഎഇയിലെ സ്കൂളിൽ ആണ് ഹരികിഷൻ പഠിച്ചത്. രണ്ട് വർഷം മുൻപാണ് കുടുംബത്തോടൊപ്പം നാട്ടിൽ എത്തിയത്. ഇരിങ്ങാലക്കുട ശാന്തിനഗറിലാണ് താമസം. അച്ഛൻ പോട്ടശ്ശേരി വീട്ടിൽ ബൈജു യുഎഇയിൽ മെക്കാനിക്കൽ എൻജിനീയർ ആണ്. അമ്മ ജീന ദന്ത ഡോക്ടർ. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ആയിരുന്നു പ്ലസ്ടു പഠനം.
സ്കൂളിൽ നിന്നു പൂർണ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഹരികിഷൻ പറയുന്നു. മുംബൈ ഐഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൽ (ബിടെക്, എംടെക്) തുടർപഠനത്തിന് അഡ്മിഷൻ ലഭിച്ചു കഴിഞ്ഞു. 21ന് ക്ലാസ് ആരംഭിക്കും.
പത്ത് വർഷമായി കരാട്ടെ പരിശീലിക്കുന്ന ഹരി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. സഹോദരി ദേവിനന്ദന ഓൾ ഇന്ത്യ ലോ എൻട്രൻസ് പരീക്ഷയിൽ (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) കേരളത്തിൽ ഒന്നാം റാങ്ക് നേടി.