തണൽ, അഭയം, സ്നേഹത്തിന്റെ തെളിനീരരുവി... ഇതെല്ലാമാണ് ‘ചോല’. കൂട്ടുകാരും കുടുംബാംഗങ്ങളും ഇടയ്ക്കിടെ ഒത്തുകൂടുന്നയിടം കൂടിയാണ് ചോല എന്ന വീട്. അതിനാൽ വീടിനോടു ബന്ധമില്ലാത്ത വിധം അതിഥികൾക്കായി ഒരു ബ്ലോക്ക് നൽകിയിട്ടുണ്ട്. ഇത് ഭാവിയിൽ ഹോം സ്റ്റേ ആക്കി മാറ്റാം എന്നൊരു ഉദ്ദേശ്യവുമുണ്ട്. വയസ്സുകാലത്ത് വരുമാനവുമാകുമല്ലോ.

കേരളീയതയും കന്റെംപ്രറിയും: പാലക്കാട് ചാലിശ്ശേരിയിൽ സ്റ്റേറ്റ് ഹൈവേയോട് ചേർന്നുള്ള 50 സെന്റ് റെക്ടിലീനിയർ പ്ലോട്ടിലാണ് വീട്. കിഴക്കു ഭാഗം നിറയെ പാടവും പച്ചപ്പുമാണ്. കേരളത്തിന്റെ തനതായ വാസ്തുനിർമാണശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. തേക്കാത്ത ചെങ്കൽ ചുമരുകൾ, തലയെടുപ്പുള്ള മേൽക്കൂരകൾ, തടിയിലെ സൂക്ഷ്മാംശങ്ങൾ തുടങ്ങിയവ അതിന്റെ പ്രധാന ഘടകങ്ങളാണ്. ഹൈവേയിൽ നിന്നു നോക്കിയാൽ ഒതുങ്ങിയ വീടായി തോന്നുമെങ്കിൽ കിഴക്കു വശത്തെ പാടത്തേക്കും പച്ചപ്പിലേക്കും തുറന്നു സംവദിക്കുന്ന വീടാണിത്. വീട്ടുകാരുടെ വ്യക്തിത്വങ്ങളുടെ പ്രതിഫലനം ഇതിൽ കൂടിച്ചേരുന്നു. കേരളീയ വാസ്തുനിർമാണശൈലിയും സംസ്കാരവും കന്റെംപ്രറി പ്ലാനിൽ ഒരുക്കാനുള്ള ശ്രമമാണ് ഈ ‍ഡിസൈൻ.

sruthy2
ADVERTISEMENT

മൂന്ന് പാളി മേൽക്കൂര: കോൺക്രീറ്റ് ഒഴിവാക്കിയുള്ള മേൽക്കൂരയാണ് ചെയ്തിരിക്കുന്നത്. സ്റ്റീൽ ഫ്രെയിമിൽ ഓട് പാകി. ക്ലേ റൂഫിങ് ടൈൽ, അലുമിനിയം ഷീറ്റ്, ക്ലേ സീലിങ് ‍ൈടൽ എന്നിങ്ങനെ മൂന്ന് ലെയറുകളിലായാണ് മേൽക്കൂര നൽകിയത്. സൺഷേഡിനു ശ്വസിക്കാനും എലി പോലെയുള്ള ജന്തുക്കളെ തടയാനുമായി പെർഫറേറ്റഡ് ജിെഎ സീലിങ്ങും നൽകി. മേൽക്കൂരയുടെ ഭാരം ചുമരുകളിലേക്കു കൊടുക്കുന്ന രീതിയിലാണ് നിർമാണം.

ചുമരിന് പഴയ ഇഷ്ടിക: കന്റെംപ്രറി പശ്ചാത്തലത്തിലേക്ക് ഇണങ്ങുന്ന വിധം തടി കൊണ്ടുള്ള റാഫ്റ്ററുകളും ബ്രാക്കറ്റുകളും കല്ലുകളുമെല്ലാം പുനരുപയോഗിച്ചു. പഴയ ഇഷ്ടിക കൊണ്ടാണ് അകത്തെ ചുമരുകൾ നിർമിച്ചത്. പല വലുപ്പത്തിലുള്ള കട്ടകളായതു കൊണ്ടാണ് അകം ചുമരുകൾ തേച്ചത്. ടെറാക്കോട്ട സീലിങ്, മുള കൊണ്ടുള്ള പാർട്ടീഷൻ, ജയ്സാൽമീർ ഫ്ലോറിങ്, പേപ്പർ ജോയിന്റ് ചെയ്ത തേക്കാത്ത ചെങ്കൽ ചുമരുകൾ, സിമന്റ് ഫിനിഷിലുള്ള ചുമരുകൾ, ഇന്റീരിയർ ഫർണിഷിങ്ങിന് കേരള കൈത്തറി എന്നിങ്ങനെ പ്രകൃതിദത്ത സാമഗ്രികളാണ് കൂടുതലും ഉപയോഗിച്ചത്.

sruthy3
ADVERTISEMENT

പലയിടത്തും കാന്റിലിവർ: കുറച്ചു ഭാഗം tilted block ആയാണ് വീട് ചെയ്തിരിക്കുന്നത്. അതിന്റെ ഉയരം കൂടിയ ഭാഗങ്ങളും പൂമുഖത്തിന്റെ ചില ഭാഗങ്ങളും അതിനു മുകളിലുള്ള ലിവിങ് റൂമുമെല്ലാം കാന്റിലിവർ ആയാണ് നിർമിച്ചിട്ടുള്ളത്.

വലിയ ഓപ്പണിങ്ങുകൾ: പ്രത്യേക രൂപഘടനയാണ് ഈ വീടിന്. പുറത്തെ കാഴ്ചകൾ അകത്തേക്ക് ആനയിക്കാനായി വലിയ ഓപ്പണിങ്ങുകൾ നൽകിയിട്ടുണ്ട് എന്നതാണ് ഒരു സവിശേഷത. ഈ ഓപ്പണിങ്ങുകളിലും തേക്കാത്ത ചുമരുകളിലും വിട്ടുവീഴ്ച ചെയ്യാതെയാണ് സ്ട്രക്ചർ നിർമിച്ചത്.

sruthy4
ADVERTISEMENT

സ്വിമ്മിങ് പൂൾ: വീടിനു പുറത്ത് ലാൻഡ്സ്കേപ്പിൽ സ്വിമ്മിങ് പൂൾ നിർമിച്ചിട്ടുണ്ട്. കല്ല് കെട്ടി നിർമിച്ച പൂൾ കുളത്തിന്റെ പ്രതീതിയുണർത്തുന്നു.

ചിത്രങ്ങൾ: ആർക്കിടെക്ട് പ്രശാന്ത് മോഹൻ

 

Area: 2874 sqft Owner: കെ. അനൂപ് & കെ. ശ്രുതി Location: ചാലിശ്ശേരി, പാലക്കാട്

Design: Art on Architecture, പാലക്കാട് Email: artonarchitecture@gmail.com