വനിത വീട് ആർക്കിടെക്ചർ അവാർഡ് 2025 ലെ മികച്ച വീടായി തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം പൗഡിക്കോണത്തെ സെമി ബിൽഡിങ് എന്നു പേരുള്ള വീടാണ്. ഭൂമി നിരപ്പാക്കാൻ ശ്രമിക്കാതെ, നിലവിലുള്ള ഭൂഘടനയെ സ്റ്റെപ് ഗാർഡൻ ആയും കോർട്‌യാർഡ് ആയും മാറ്റിയെടുത്തതാണ് ആർക്കിടെക്ട് ആർതി ബിനായകിനെ പുരസ്കാരത്തിന് യോഗ്യയാക്കിയത്. റൂഫിൽ കൊടുത്ത ഗാർഡൻ വീടിന്റെ കാർബൺ ഫൂട്പ്രിന്റ് കുറയ്ക്കുകയും തണുപ്പു പകരുകയും ചെയ്യുന്നു. പ്രധാന ജനലുകളെല്ലാം വെയിൽ കുറഞ്ഞ ദിശയിലേക്കാണെന്നതും പോറോതേം കട്ടകളുടെ ഉപയോഗവും വീടിനകത്ത് എസിയില്ലാതെ തന്നെ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

ഭൂമിയുടെ തുടർച്ചയെന്ന രീതിയിലാണ് വീടിനെ വിഭാവനം ചെയ്തിരിക്കുന്നത്. നാടൻ ചെടികൾ നിറഞ്ഞ വീടിനകവും പുറവും കഴിഞ്ഞ് ലാൻഡ്സ്കേപ് പുറത്തോട്ടു കടന്ന് വീടിനു മുകളിലേക്ക് പടർന്നുകിടക്കുന്നു. അങ്ങനെയാണ് വീട് ഒരു പാതി കെട്ടിടവും പാതി ലാൻഡ്സ്കേപും ആയി മാറുന്നത്.

മണ്ണിന്റെ നിറത്തിലുള്ള എക്സ്റ്റീരിയർ ആണെങ്കിലും വലിയ ഒാപ്പണിങ്ങുകളുടെ മേലെ ഒഴുകിക്കിടക്കുന്ന ലാൻഡ്സ്കേപ് അതിന് ഒരു നിശബ്ദതയുടെ ആവരണം കൊടുക്കുന്നു. ഇളംഗ്രേ നിറങ്ങളുള്ള ഇന്റീരിയർ വെളിച്ചത്തെയും നിഴലിനെയും പച്ചപ്പിനെയും കയറ്റിവിട്ട് സുരക്ഷിതമായ ഭവനാന്തരീക്ഷം പ്രദാനം ചെയ്യുന്നു.

ഭൂമിയുടെ അതേ ചരിവിലാണ് വീടിരിക്കുന്നത്. അതേ ചരിവ് നിലനിർത്തുന്ന രീതിയിലാണ് ഗാർഡൻ റൂഫ്.
കൂടുതൽ സമയം ലിവിങ് റൂമിലിരിക്കാൻ ഇഷ്ടപ്പെടുന്ന അച്ഛനമ്മമാരുടെ താൽപര്യത്തിനനുസരിച്ചാണ് മുറികളുടെ കിടപ്പ്. അവരുടെ കിടപ്പുമുറിയുടെ ചുമരുകൾ നിരക്കിനീക്കിയാൽ അത് ഡൈനിങ്ങിനോടും കിച്ചണോടും ചേർന്നുകിടക്കുന്ന വലിയൊരു ലിവിങ് സ്പേസ് ആയി മാറും. അകത്തും പുറത്തുമുള്ള കോർട്‌യാർഡുകളും താഴത്തെ നിലയിലെ മിനിമം ഭിത്തികളും വീടിനകം ജീവനുള്ള ലാൻഡ്സ്കേപ് ആക്കി മാറ്റുന്നു.

Architect: Aarati Binayak, Down to Earth

Project: Semi Building